ന്യൂനമര്‍ദ്ദപാത്തി: ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴ, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദപാത്തി: ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴ, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്തമഴയ്ക്ക് സാധ്യത. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ മുന്നറിയിപ്പ് നല്‍കിയത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ചൊവ്വാഴ്ചയും കണ്ണൂരിലും കാസര്‍കോടും തീവ്രമഴ തുടരും. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ബുധനാഴ്ചയും വ്യാഴാഴ്ചയും മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂന മര്‍ദ്ദപാത്തിയാണ് പ്രധാനമായി മഴയെ സ്വാധീനിക്കുന്നത്. പടിഞ്ഞാറന്‍ തീരമേഖലയില്‍ കാലവര്‍ഷകാറ്റ് അടുത്ത 3 ദിവസം ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

കൈ കഴുകാന്‍ വെള്ളം കോരി നല്‍കിയില്ല; മകന്‍ അമ്മയുടെ കൈ തല്ലിയൊടിച്ചു

കൈ കഴുകാന്‍ വെള്ളം കോരി നല്‍കിയില്ല; മകന്‍ അമ്മയുടെ കൈ തല്ലിയൊടിച്ചു

കൊല്ലം കൈകഴുകാന്‍ വെള്ളം കോരി നല്‍കാത്തതിന്റെ പേരില്‍ അമ്മയുടെ കൈ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി നസറുദ്ദീനാണ് അറസ്റ്റിലായത്. തോട്ടുങ്ങല്‍ സ്വദേശി കുല്‍സം ബീവിയുടെ ഇടതുകൈയ്യാണ് ജൂണ്‍ 16ന് മകന്‍ വിറകുകൊള്ളികൊണ്ട് തല്ലിയൊടിച്ചത്.

സംഭവദിവസം വൈകിട്ട് നാലരയോടെ വീട്ടിലെത്തിയ നസറുദ്ദീന്‍ ഭക്ഷണം വിളമ്പി നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഇറച്ചിക്കറിയില്‍ നെയ്യ് കൂടുതലാണെന്നു പറഞ്ഞ് അമ്മയെ അസഭ്യം പറഞ്ഞു. കട്ടിലില്‍നിന്ന് വലിച്ചിഴച്ച് അമ്മയെ കിണറ്റിന്‍ കരയില്‍ കൊണ്ടുചെന്ന് വെള്ളം കോരി നല്‍കാന്‍ ആവശ്യപ്പെട്ടു. അനുസരിക്കാന്‍ താമസിച്ചു എന്നു പറഞ്ഞായിരുന്നു ആക്രമണം.

ജാമ്യമില്ലാത്ത വകുപ്പ് ചേര്‍ത്താണ് ഇയാളെ കടയ്ക്കല്‍ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഇയാള്‍ വീട്ടില്‍ സ്ഥിരം പ്രശ്‌നമുണ്ടാക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ പരാതിയിലായിരുന്നു അറസ്റ്റ്.

പൊതുപരീക്ഷ പരിഷ്‌കരണം: ഉന്നതതല സമിതിയായി, ഡോ. കെ രാധാകൃഷ്ണന്‍ അധ്യക്ഷന്‍

പൊതുപരീക്ഷ പരിഷ്‌കരണം: ഉന്നതതല സമിതിയായി, ഡോ. കെ രാധാകൃഷ്ണന്‍ അധ്യക്ഷന്‍

ന്യൂഡല്‍ഹി: പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ട പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായുള്ള ഏഴംഗ സമിതിയെയാണ് ഇതിനായി കേന്ദ്രം ചുമതലപ്പെടുത്തിയത്.

നീറ്റ്, യുജിസി നെറ്റ് ക്രമക്കേടുകളെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. പ്രതിഷേധം പുകയുന്നതിനിടെ, പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024 കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച, വഞ്ചന തുടങ്ങിയവ തടയാന്‍ കടുത്ത നടപടികള്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയമമാണ് ഇന്നലെ പ്രാബല്യത്തില്‍ വന്നത്. ഫെബ്രുവരിയില്‍ പാസാക്കിയ നിയമമാണ് പുതിയ സാഹചര്യത്തില്‍ കേന്ദ്രം നടപ്പാക്കിയത്.

പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ മൂന്ന് മുതല്‍ പത്തുവര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും നിര്‍ദേശിക്കുന്നതാണ് പുതിയ നിയമം. ഇതിന് പിന്നാലെയാണ് ദേശീയ തലത്തില്‍ നടക്കുന്ന വിവിധ പൊതുപരീക്ഷകള്‍ കുറ്റമറ്റ രീതിയില്‍ നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ പരിഷ്‌കരണം നിര്‍ദേശിക്കാന്‍ പുതിയ സമിതിയെ കൂടി കേന്ദ്രം നിയോഗിച്ചത്.

എന്‍ടിഎ നടത്തുന്നത് അടക്കമുള്ള പൊതുപരീക്ഷകളിലെ പിഴവുകള്‍ കണ്ടെത്തുന്നതിനും പരിഷ്‌കാരം നിര്‍ദേശിക്കുന്നതിനുമായി നിയോഗിച്ച സമിതി രണ്ടുമാസത്തിനകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

കൈ ജനലിൽ കെട്ടിയ നിലയിൽ; തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ

കൈ ജനലിൽ കെട്ടിയ നിലയിൽ; തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ

തിരുവനന്തപുരം വെള്ളറടയിൽ എട്ടാംക്ലാസ് വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അരുളാനന്ദകുമാർ-ഷൈനി ദമ്പതിമാരുടെ മകൻ അബി എന്ന അഖിലേഷ് കുമാറി(13)നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയോടാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കൈ ജനലിൽ കെട്ടിയ നിലയിലാണ്. കൂടാതെ കാൽപാ​ദങ്ങൾ തറയിൽ മുട്ടി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ഉൾപ്പെടെ ആരോപിക്കുന്നു. വീടിന്റെ രണ്ടാം നിലയിലാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ മൂന്നു പേരാണ് ഉള്ളത്. കുട്ടിയുടെ അമ്മ, അച്ഛൻ, മുത്തച്ഛൻ എന്നിവരാണ് വീട്ടിലുള്ളത്. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അച്ഛൻ ജോലിക്കും, അമ്മ പള്ളിയിലും പോയിരുന്നു. മുത്തച്ഛൻ പറയുന്നത് മീൻ മേടിക്കുന്നതിനായി മാർക്കറ്റിൽ പോയി എന്നാണ്.

കുട്ടിയുടെ മുറിക്കുള്ളിൽ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. നെയ്യാറ്റിൻകര ഡിവൈഎസ്പി അടക്കം സംഭവസ്ഥലത്ത് എത്തി. ജനൽ കമ്പിയിൽ ഷാളിൽ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. മരിച്ച അഖിലേഷ് കുമാർ വാഴിച്ചൽ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ്.

ആറ്റിങ്ങൽ നഗരത്തിൽ തെരുവ് നായ്ക്കൾക്കിടയിൽ അപൂർവ്വ ചെള്ള് രോഗം പടർന്നു പിടിക്കുന്നു; രക്ഷകർത്താക്കൾ ആശങ്കയിൽ

ആറ്റിങ്ങൽ നഗരത്തിൽ തെരുവ് നായ്ക്കൾക്കിടയിൽ അപൂർവ്വ ചെള്ള് രോഗം പടർന്നു പിടിക്കുന്നു; രക്ഷകർത്താക്കൾ ആശങ്കയിൽ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണത്തിൽ തെരുവ് നായ്ക്കൾക്കിടയിൽ അപൂർവ്വ ചെള്ള് രോഗം പടർന്നു പിടിക്കുന്നു. നായ്ക്കളുടെ ശരീരത്തിലെ രോമങ്ങൾ മുഴുവൻ പൊഴിഞ്ഞു തൊലിമാത്രമാകുന്ന അവസ്ഥയിൽ എത്തുന്ന അപൂർവ്വ ചെള്ള് രോഗമാണ് പടർന്നു പിടിക്കുന്നത്. ആറ്റിങ്ങൽ പട്ടണത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ചെള്ളുകടിയേറ്റു.

കടിയേറ്റ കുട്ടികൾക്ക് ശാരീരിക ആസ്വാസ്ഥ്യവും ചൊറിച്ചിലും മൂലം കുട്ടികൾക്ക് ആറ്റിങ്ങലിലെ പീഡിയാട്രീഷ്യന്റെ സേവനം തേടേണ്ടി വന്നു. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ യു പി വിഭാഗത്തിൽ പഠിക്കുന്ന രണ്ടു കുട്ടികൾക്കും ചെള്ള് കടിയേറ്റു. ചെള്ള് രോഗമുള്ള തെരുവ് നായ്ക്കൾ രാത്രി കാലങ്ങളിൽ സ്കൂൾ കോമ്പോണ്ടിൽ പ്രവേശിക്കുകയും ക്ലാസ്സ്‌ മുറികളിലും, സ്കൂൾ വരാന്തകളിലും കിടക്കുന്നതുമൂലം രാവിലെ ക്ലാസ്സുകളിൽ എത്തുന്ന കുട്ടികൾക്ക് ചെള്ള് കടി ഏൽക്കുന്നു.

കടി ഏൽക്കുന്ന കുട്ടികൾക്ക് ചെള്ള് പനി അടക്കമുള്ള രോഗങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് രക്ഷകർത്താക്കൾ. അപൂർവ്വ ചെള്ള് രോഗം പടരുമ്പോൾ ആറ്റിങ്ങൽ നഗരസഭയും, ആരോഗ്യവിഭാഗവും യാതൊരു നടപടിയും എടുക്കുന്നില്ല എന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. സ്കൂളുകളിൽ തെരുവുനായ്ക്കൾ കയറാതെ നോക്കുന്നതിനും, ക്ലാസ്സ്‌ മുറികൾ കഴുകി വൃത്തിയാക്കുന്നതിലും, രോഗം പിടിപെട്ട നായ്ക്കളെ പരിശോധിച്ച് രോഗം പടരുന്നത് തടയുന്നതിലും യാതൊരു നടപടിയും നഗരസഭ ഇതുവരെ കൈകൊണ്ടിട്ടില്ല എന്ന പരാതിയും ഉണ്ട്.