അനുസ്മരണ യോഗം സംഘടിപ്പിച്ചു

അനുസ്മരണ യോഗം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏര്യയാ കമ്മിറ്റി അംഗമായിരുന്ന കെ. സുകുമാരപിള്ളയുടെ അഞ്ചാം ചരമവാർഷിക അനുസ്മരണ യോഗം സംഘടിപ്പിച്ചു.

അനുസ്മരണ യോഗം സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ രാമു ഉദ്ഘാടനം ചെയ്തു. ഏര്യാ കമ്മിറ്റി സെക്രട്ടറി ആർ സുഭാഷ് അനുസ്മരണ പ്രഭാഷണം നടത്തി. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം പ്രദീപ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ആർ രാജു, സി ദേവരാജൻ, സി.ജി വിഷ്ണു ചന്ദ്രൻ, ലോക്കൽകമ്മിറ്റി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ, ലോക്കൽകമ്മിറ്റി അംഗം എസ് സതീഷ് കുമാർ, ബ്രാഞ്ച് സെക്രട്ടറി അശോക് കുമാർ എന്നിവർ പങ്കെടുത്തു.

മുദാക്കൽ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

മുദാക്കൽ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

ചിറയിൻകീഴ് മേഖലയിലെ മുദാക്കൽ യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യൂണിറ്റ് ഭാരവാഹി തെരഞ്ഞെടുപ്പിൽ ജില്ലാ ജനറൽ സെക്രട്ടറി വെള്ളറട രാജേന്ദ്രൻ വരണാധികാരിയായി പുതിയ യൂണിറ്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റായി മുദാക്കൽ സജുവിനെയും പുതിയ ഭരണസമിതി കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.

ആറ്റിങ്ങൽ ഐ.ഡി.എ ശാഖയുടെ ദന്ത പരിശോധനാ ക്യാമ്പ് നടന്നു

ആറ്റിങ്ങൽ ഐ.ഡി.എ ശാഖയുടെ ദന്ത പരിശോധനാ ക്യാമ്പ് നടന്നു

ആറ്റിങ്ങൽ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ശാഖ സി.ഡി.എച്ച് വിംഗിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കായി ബോധവത്കരണ പരിപാടിയും ദന്ത പരിശോധനാ ക്യാമ്പും വായിലെ ക്യാൻസർ സ്ക്രീനിംഗും സംഘടിപ്പിച്ചു. ആർ.കെ ചവാൻ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് ഓഫീസിൽ വെച്ച് ഒക്ടോബർ 11 ന് നടന്ന പരിപാടിയിൽ ഡോ. മീര മുരളി ബോധവത്കരണ ക്ലാസ്സ് എടുത്തു. ഡോ. തൗഫീന എച്ച്, ഡോ. മീര മുരളി, ഡോ. സുദിൻ എസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

കടയ്ക്കാവൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

കടയ്ക്കാവൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് സിദ്ധിവിലാസത്തിൽ ഷാൻ, അനീഷ ദമ്പതികളുടെ മകൾ സിദ്ദിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.

മാതാപിതാക്കൾ നിയമപരമായി വേർപിരിഞ്ഞതിനെ തുടർന്ന് സിദ്ദി മാതാവ് അനീഷയോടൊപ്പമായിരുന്നു താമസം. ട്യൂഷൻ സെന്ററിൽ നിന്നും വിനോദയാത്ര പോകുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ വിലക്കിയിരുന്നതായി അടുത്ത ബന്ധുക്കൾ പറഞ്ഞു.

കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ അമ്മ കത്രിക ഉപയോഗിച്ച് കയർ മുറിച്ചുമാറ്റി കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. കടയ്ക്കാവൂർ പോലീസ് തുടർ നിയമനടപടികൾക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി 8.40 ഓടു കൂടിയായിരുന്നു സംഭവം.

മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

കൊച്ചി: നെടുമ്പാശ്ശേരിയില്‍ കാര്‍ ഇടിച്ചു മൂന്നു പേര്‍ മരിച്ച സംഭവത്തില്‍, അപകടമുണ്ടാക്കിയ മിനി കൂപ്പറില്‍ പ്രതി സുഹൈലിനെ കൂടാതെ മറ്റു മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നതായി പൊലീസ്. സുഹൈല്‍, നിനവ് എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമീര്‍, ജോയല്‍ എന്നിവരാണ് പിടിയിലായത്. അപകടമുണ്ടായതിനു പിന്നാലെ മറ്റൊരു കാറില്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

മദ്യപിച്ച് അമിത വേഗതയില്‍ കാര്‍ ഓടിച്ചത് തടയാത്തതിന് ഇവര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. കാര്‍ ഓടിച്ചത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന് സുഹൈല്‍ പൊലീസിന് മൊഴി നല്‍കി. അപകട സമയത്തെ വാഹനത്തിന്റെ വേഗം നിര്‍ണയിക്കാനായി പൊലീസ് ശാസ്ത്രീയ പരിശോധന നടത്തും. പ്രതി സുഹൈലിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.

പത്തൊമ്പതുകാരനായ പ്രതി സുഹൈൽ സജീവ് മൂന്നു ബാറുകളിൽ കയറി മദ്യപിച്ച ശേഷമാണ് അമിതവേ​ഗതയിൽ വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മദ്യത്തിന് പുറമെ, സുഹൈൽ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന മറ്റുള്ളവരുടെ പങ്കും അന്വേഷണപരിധിയിലുണ്ട്.

അതിനിടെ, പ്രതി സുഹൈല്‍ സജീവ് മദ്യപിച്ച ബാറുകള്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു. 19 വയസ്സുള്ളയാള്‍ക്ക് മദ്യം നല്‍കിയതിനാണ് കേസെടുത്തത്. കടവന്ത്ര ദിയ റീജന്‍സി, പാലാരിവട്ടം മണ്‍സൂണ്‍ എംപ്രസ്, നെടുമ്പാശ്ശേരി മാരിയറ്റ് എന്നീ ബാറുകള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ബാര്‍ ലൈസന്‍സ് റദ്ദാക്കുകയോ, കനത്ത പിഴ ചുമത്തുകയോ ചെയ്‌തേക്കും. ബാര്‍ ഉടമകള്‍ക്കെതിരെ കേസെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ക്കും എറണാകുളം എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയിൽ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ഇജാസ്, ഗോപിക, ദേവിക എന്നിവരാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ മിനി കൂപ്പർ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂവരും മരിച്ചു. മരിച്ച മൂന്നുപേരും തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു. പാർട് ടൈം ജോലിക്കൊപ്പം കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിൽ ഉപരിപഠനം നടത്തിവരികയായിരുന്നു മൂവരും.