തുലാവര്‍ഷം വീണ്ടും സജീവമായി, ശനിയാഴ്ച വരെ മഴ; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തുലാവര്‍ഷം വീണ്ടും സജീവമായി, ശനിയാഴ്ച വരെ മഴ; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ദിത്വാ ചുഴലിക്കാറ്റ് ദുര്‍ബലമായി തുടങ്ങിയതോടെ, വരും ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് അനുകൂലമായി തുടങ്ങാന്‍ സാധ്യത. ഒരാഴ്ചയായി ദുര്‍ബലമായ തുലാവര്‍ഷ മഴ ഇന്നലെ മുതല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങി. ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും പലയിടങ്ങളിലായി മഴയ്ക്കും ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ശബരിമലയില്‍ വ്യാഴാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം ഉടന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം ഉടന്‍

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം ഉടന്‍ പ്രഖ്യാപിക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് പ്രഖ്യാപനം. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.in
ല്‍ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

ബാര്‍ക്ക് റേറ്റിങിലെ തിരിമറി; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പൊലീസ് കേസ്

ബാര്‍ക്ക് റേറ്റിങിലെ തിരിമറി; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പൊലീസ് കേസ്

കൊച്ചി: ടെലിവിഷൻ ചാനലുകളുടെ വ്യൂവർഷിപ് നിർണയിക്കുന്ന ബാർക്ക് ഡാറ്റയിൽ തിരിമറി നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ പൊലീസ് കേസെടുത്തു. 24 ന്യൂസ് ചാനൽ സീനിയർ വൈസ് പ്രസിഡന്‍റ് സി ഉണ്ണികൃഷ്ണൻ നൽകിയ പരാതിയിലാണ് ബാർക്ക് സീനിയർ മാനേജർ പ്രേംനാഥ് ഒന്നാം പ്രതിയും റിപ്പോർട്ടർ ചാനൽ ഉടമ രണ്ടാം പ്രതിയുമായി കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രതികൾക്കെതിരെ വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിൽ ചേർത്തിരിക്കുന്നത്. ഒന്നാം പ്രതിയായ പ്രേംനാഥ് രണ്ടാം പ്രതിയായ ചാനൽ ഉടമയ്ക്ക് റേറ്റിംഗ് മീറ്ററുകൾ സംബന്ധിച്ച രഹസ്യ വിവരങ്ങൾ കൈമാറിയെന്നും 24 ന്യൂസിന്‍റെ റേറ്റിംഗ് കുറച്ച് കാണിച്ച് റിപ്പോർട്ടർ ചാനലിന് റേറ്റിങ് ഉയർത്തിക്കാണിച്ചുവെന്നുമാണ് ആരോപണം.

ഇതേതുടർന്ന് പരാതിക്കാരന്‍റെ ചാനലിന്‍റെ പരസ്യ വരുമാനത്തിൽ 15 കോടി രൂപയോളം നഷ്ടം ഉണ്ടായെന്നും പരാതിയിൽ പറയുന്നു. ഇതേ പരാതിയിൽ സ്വതന്ത്ര അന്വേഷണം നടത്താൻ ബാർക്ക് ഇന്ത്യയും തീരുമാനിച്ചിട്ടുണ്ട്. ഫോറൻസിക് ഓഡിറ്റ് നടത്തി സത്യം കണ്ടെത്താൻ സ്വതന്ത്ര ഏജൻസിയെ ചുമതലപ്പെടുത്തിയതായി ബാർക്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു.

രാഷ്ട്രപതി നാവികസേനാ ദിനാഘോഷത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത്; ബുധനാഴ്ച ഗതാഗത നിയന്ത്രണം

രാഷ്ട്രപതി നാവികസേനാ ദിനാഘോഷത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത്; ബുധനാഴ്ച ഗതാഗത നിയന്ത്രണം

തിരുവനന്തപുരം ശംഖുമുഖത്ത് വെച്ച് ഡിസംബർ 3-ന് നടക്കുന്ന ഇന്ത്യൻ നാവികസേനാ ദിനാഘോഷത്തോട് ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പോലീസ് കർശനമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഈ ചടങ്ങുമായി ബന്ധപ്പെട്ട ​ഗതാഗത നിയന്ത്രണങ്ങൾ ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കും.

ശംഖുമുഖം, വെട്ടുകാട് ഭാഗങ്ങളിലേക്ക് പാസ് (ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകാനുള്ളവർ യാത്രകൾ നേരത്തെ തന്നെ ക്രമീകരിക്കുക. ചെക്കിംഗ് പോയിന്റുകളിൽ നിങ്ങളുടെ ഫ്ലൈറ്റ് ടിക്കറ്റോ യാത്രാ രേഖകളോ കാണിക്കേണ്ടതാണ്.

ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്നവർക്കുള്ള റൂട്ട്: വെൺപാലവട്ടം – ചാക്ക ഫ്ലൈ ഓവർ – ഈഞ്ചക്കൽ – കല്ലുമ്മൂട് – പൊന്നറ പാലം – വലിയതുറ വഴി എയർപോർട്ടിൽ എത്തിച്ചേരുക. (തിരികെയും ഇതേ റൂട്ട് ഉപയോഗിക്കുക).
​പാസ് ഇല്ലാതെ ഓപ്പറേഷൻ ഡെമോ കാണാൻ വരുന്നവർക്കുള്ള പാർക്കിംഗ് ക്രമീകരണങ്ങൾ: പാസ് ഇല്ലാതെ വരുന്നവർക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം അവിടെ നിന്നുള്ള KSRTC ബസിൽ ശംഖുമുഖത്തേക്ക് പോകാവുന്നതാണ്.

എം.സി റോഡ് വഴി വരുന്നവർ: ​എം.ജി കോളേജ് ഗ്രൗണ്ട്

കൊല്ലം, ആറ്റിങ്ങൽ, പോത്തൻകോട്, ശ്രീകാര്യം ഭാഗങ്ങളിൽ നിന്ന്: ​കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, കാര്യവട്ടം ക്യാമ്പസ്.

​കാട്ടാക്കട, തിരുമല ഭാഗങ്ങളിൽ നിന്ന്: ​പൂജപ്പുര ഗ്രൗണ്ട്, വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം.

പാറശാല, നെയ്യാറ്റിൻകര, പാപ്പനംകോട്, കരമന ഭാഗങ്ങളിൽ നിന്ന്: ​കിള്ളിപ്പാലം ബോയ്സ് ഹൈസ്കൂൾ, ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ട്, ഹോമിയോ കോളേജ് ഗ്രൗണ്ട്, പുത്തരിക്കണ്ടം മൈതാനം.

നെടുമങ്ങാട്, പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽ നിന്ന്: ​കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ട്, LMS കോമ്പൗണ്ട്, യൂണിവേഴ്സിറ്റി ഓഫീസ് ക്യാമ്പസ്, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, സംസ്കൃത കോളേജ് ഗ്രൗണ്ട്.

വർക്കല, കഠിനംകുളം, പെരുമാതുറ ഭാഗങ്ങളിൽ നിന്ന്: ​പുത്തൻതോപ്പ് പള്ളി, സെന്റ് സേവ്യേഴ്സ് കോളേജ്.

കോവളം, പൂന്തുറ, ഈപ്പൂട്, ചാക്ക ഭാഗങ്ങളിൽ നിന്ന്: ​ലുലു മാൾ പാർക്കിംഗ്, ആനയറ വേൾഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്രം ഗ്രൗണ്ട്.

​നിർദ്ദിഷ്ട സ്ഥലങ്ങളിൽ പാർക്ക് ചെയ്ത ശേഷം അവിടെ നിന്നുള്ള കെഎസ്ആർടിസി ബസ് സർവീസ് ഉപയോഗിച്ച് ശംഖുമുഖത്തേക്കും, പരിപാടിക്ക് ശേഷം തിരികെയും പോകാവുന്നതാണ്.

6 സിക്‌സും, 10 ഫോറും; 46 പന്തില്‍ തൂക്കിയത് 102 റണ്‍സ്; കത്തിക്കയറി മലയാളി താരം

6 സിക്‌സും, 10 ഫോറും; 46 പന്തില്‍ തൂക്കിയത് 102 റണ്‍സ്; കത്തിക്കയറി മലയാളി താരം

അഹമ്മദാബാദ്: മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ തീപ്പൊരി സെഞ്ച്വറി ബലത്തില്‍ കൂറ്റന്‍ ജയം ആഘോഷിച്ച് കര്‍ണാടക. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ തമിഴ്‌നാടിനെ കര്‍ണാടക 145 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തമിഴ്‌നാടിന്റെ പോരാട്ടം 14.2 ഓവറില്‍ വെറും 100 റണ്‍സില്‍ അവസാനിച്ചു.

46 പന്തില്‍ 6 സിക്‌സും 10 ഫോറും സഹിതം ദേവ്ദത്ത് പടിക്കല്‍ 102 റണ്‍സ് അടിച്ചെടുത്തു പുറത്താകാതെ നിന്നു. ബിആര്‍ ഭരത് നാല് വീതം സിക്‌സും ഫോറും സഹിതം 23 പന്തില്‍ 53 റണ്‍സെടുത്തു ടീമിനു മികച്ച തുടക്കം നല്‍കി. ദേവ്ദത്തിനൊപ്പം രവിചന്ദ്രന്‍ സ്മരന്‍ 29 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 46 റണ്‍സുമായി പുറത്താകാതെ നിന്നു.

ജയം തേടിയിറങ്ങിയ തമിഴ്‌നാടിനു പൊരുതാന്‍ പോലും സാധിച്ചില്ല. 29 റണ്‍സെടുത്ത തുഷാര്‍ രഹേജയാണ് തമിഴ്‌നാടിന്റെ ടോപ് സ്‌കോറര്‍. നരായണ്‍ ജഗദീശന്‍ 21 റണ്‍സെടുത്തു. മാറ്റാരും കാര്യമായി ക്രീസില്‍ നിന്നില്ല.

കര്‍ണാടകയ്ക്കായി ശ്രേയസ് ഗോപാല്‍ 3 വിക്കറ്റെടുത്തു. പ്രവീണ്‍ ദുബെയും 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച നാല് വിക്കറ്റുകള്‍ ശുഭംഗ് ഹെഗ്‌ഡെയും വിജയ്കുമാര്‍ വൈശാഖും 2 വിക്കറ്റുകള്‍ വീഴ്ത്തി പങ്കിട്ടു.