2 വയസുകാരി രാത്രി മുഴുവൻ വിജനമായ കാപ്പിത്തോട്ടത്തിൽ; കാണാതായ കുട്ടിയെ ഒടുവിൽ കണ്ടെത്തി

2 വയസുകാരി രാത്രി മുഴുവൻ വിജനമായ കാപ്പിത്തോട്ടത്തിൽ; കാണാതായ കുട്ടിയെ ഒടുവിൽ കണ്ടെത്തി

ബം​ഗളൂരു: വഴിതെറ്റിയ രണ്ട് വയസുകാരി ഒരു രാത്രി മുഴുവൻ കഴിഞ്ഞത് വിജനമായ കാപ്പിത്തോട്ടത്തിൽ. കുടക് ജില്ലയിലെ ബി ഷെട്ടി​ഗേരി ​ഗ്രാമത്തിൽ കൊങ്കണയ്ക്കു സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം. തോട്ടം തൊഴിലാളികളായ സുനിൽ, നാ​ഗിനി ദമ്പതികളുടെ മകൾ സുനന്യയെയാണ് കാണാതായത്.

കുട്ടിയെ കാണാതാകുന്നതിനും അഞ്ച് ദിവസം മുൻപാണ് ദമ്പതികൾ കാപ്പിത്തോട്ടത്തിൽ ജോലിക്കായി എത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഇവർ ജോലിക്കു പോകുമ്പോൾ മകളേയും ഒപ്പം കൂട്ടി. തോട്ടത്തിലെ മറ്റു തൊഴിലാളികളുടെ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് രണ്ട് വയസുകാരി വിജനമായ തോട്ടത്തിനകത്ത് അകപ്പെടുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ ​നാട്ടുകാരും വനം വകുപ്പ് ഉദ്യോ​ഗസ്ഥരും ശനിയാഴ്ച രാത്രി മുഴുവൻ തിരച്ചിൽ നടത്തി. എന്നാൽ കുട്ടിയെ കണ്ടെത്തിയില്ല. അതിനിടെ തോട്ടത്തിനുള്ള വനം ജീവനക്കാർ കടുവ കാട്ടുപന്നിയെ വേട്ടയാടി ജഡം ഉപേക്ഷിച്ചതു കണ്ടെത്തി. കടുവയുടെ കാൽപ്പാടുകളും കണ്ടതോടെ പരിഭ്രാന്തി പരന്നു. ഞായറാഴ്ച പുലർച്ചെ മുതൽ വീണ്ടും കുട്ടിക്കായി തിരച്ചിൽ തുടർന്നു.

അതിനിടെ തോട്ടത്തിലെ ഒരു മരത്തിനടിയിൽ കുട്ടി ഭയന്ന് ഇരിക്കുന്നത് കണ്ടെത്തി. കാണാതായി 14 മണിക്കൂർ കഴിഞ്ഞാണ് കുട്ടിയെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയോടെയാണ് കുട്ടിയെ മാതാപിതാക്കളുടെ അരികിലെത്തിച്ചു.

​ഗോണികുപ്പ ഫോറസ്റ്റ് എസ്ഐ പ്രദീപ് കുമാർ, ഡിആർഎഫ്ഒ ജെകെ ശ്രീധർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. കുട്ടി തോട്ടത്തിനകത്ത് ഉറങ്ങിപ്പോയതായിരിക്കാമെന്ന് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി പരിക്കില്ലെന്നു ഉറപ്പാക്കിയാണ് കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് അയച്ചത്.

കത്തികൊണ്ട് കഴുത്തറുത്തു, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി

കത്തികൊണ്ട് കഴുത്തറുത്തു, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ ആണ് മരിച്ചത്. അഞ്ച് മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതിയായിരുന്നു ജിന്‍സണ്‍.

കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന ശേഷം പുതപ്പിട്ട് മൂടിയ ശേഷം കഴുത്തില്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ചോരവാര്‍ന്ന് കിടക്കുന്നത് കണ്ടപ്പോഴാണ് ആശുപത്രിയില്‍ എത്തിച്ചത്. രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടായിലരുന്നുവെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ 14നാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജിന്‍സണ്‍ പ്രതിയാകുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തൂങ്ങിമരിക്കാന്‍ ശ്രമിക്കവെ കയറുപൊട്ടി വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇയാള്‍ മുന്‍പും ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. കൗണ്‍സിലിങ് അടക്കം നല്‍കിയിരുന്നവെന്നും അധികൃതര്‍ പറഞ്ഞു.

ഹോണടിച്ചതിന്റെ പേരില്‍ തര്‍ക്കം; പേരാമംഗലത്ത് മൂന്ന് പേര്‍ക്ക് കുത്തേറ്റു

ഹോണടിച്ചതിന്റെ പേരില്‍ തര്‍ക്കം; പേരാമംഗലത്ത് മൂന്ന് പേര്‍ക്ക് കുത്തേറ്റു

തൃശൂര്‍: ഹോണടിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. തൃശൂര്‍ പേരാമംഗലത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മുണ്ടൂര്‍ സ്വദേശി ബിനീഷ് (46), മകന്‍ അഭിനവ് (19), സുഹൃത്ത് അഭിജിത്ത് (29) എന്നിവര്‍ക്കാണ് കുത്തേറ്റത്. മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ കേച്ചേരി സ്വദേശി കൃഷ്ണ കിഷോര്‍ ആണ് മൂന്നുപേരെയും ആക്രമിച്ചത്. പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന.

രണ്ടുബൈക്കുകളിലായാണ് അച്ഛനും മകനും സുഹൃത്തും യാത്ര ചെയ്തിരുന്നത്. കൃഷ്ണ കിഷോറും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. കൃഷ്ണ കിഷോര്‍ ഓടിച്ച ബൈക്കിന് പിന്നാലെ വന്നത് അഭിനവും ബിനീഷുമായിരുന്നു. അഭിനവ് രണ്ടുതവണ ഹോണടിച്ചതില്‍ ഇയാള്‍ പ്രകോപിതനാകുകയായിരുന്നു.

ഓവര്‍ടേക്ക് ചെയ്ത് പോയ ഇവരെ കൃഷ്ണ കിഷോര്‍ ബുള്ളറ്റില്‍ വന്ന് തടഞ്ഞുനിര്‍ത്തുകയും വാക്കേറ്റം ഉണ്ടാകുകയുമായിരുന്നു. ഇതിനിടെ കൃഷ്ണ കിഷോര്‍ കത്തിയെടുത്ത് അഭിനവിനെയും അച്ഛന്‍ ബിനീഷിനെയും അഭിജിത്തിനെയും കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം മറ്റൊരു സുഹൃത്തിന്റെ കാറിലാണ് പ്രതി കടന്നുകളഞ്ഞത്. പേരാമംഗലം പൊലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

റവന്യു ജില്ലാ കലോത്സവം; വഞ്ചിപ്പാട്ടിനു എ ഗ്രേഡ് നേടി ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികൾ

റവന്യു ജില്ലാ കലോത്സവം; വഞ്ചിപ്പാട്ടിനു എ ഗ്രേഡ് നേടി ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികൾ

റവന്യു ജില്ലാ കലോത്സവം വഞ്ചിപ്പാട്ടിനു എ ഗ്രേഡ് നേടി ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികൾ.

ശബരിമല തീര്‍ഥാടകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശബരിമല തീര്‍ഥാടകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പമ്പയില്‍ നിന്ന് ശബരിമലയിലേക്കുള്ള യാത്രയില്‍ ഈ സീസണില്‍ ഇതുവരെ 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മലകയറ്റത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് തീര്‍ത്ഥാടകരുടെ മരണങ്ങള്‍ ഏറെയും. വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാണെങ്കിലും ആയാസകരമായ യാത്രയില്‍ ഭക്തര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

കുത്തനെയുള്ള നീലിമലയും അപ്പാച്ചിമേടുമെല്ലാം വേഗത്തില്‍ കയറുന്നത് ചിലര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ മല കയറുന്നവര്‍ അവരുടെ ആരോഗ്യം മനസിലാക്കി ശ്രദ്ധയോടെ ഓരോ ചുവടുംവെയ്ക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ശബരിമല തീര്‍ഥാടന വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

നിലവില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സയിലിരിക്കുന്നവര്‍ ദര്‍ശനത്തിനായി എത്തുമ്പോള്‍ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ്

സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്

മുങ്ങിക്കുളിക്കുന്നവര്‍ മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

മല കയറുമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി ദര്‍ശനത്തിന് എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ നടത്തം ഉള്‍പ്പെടെയുള്ള ലഘു വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങേണ്ടതാണ്

സാവധാനം മലകയറുക. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക

മല കയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ മല കയറുന്നത് നിര്‍ത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

പഴങ്ങള്‍ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക

പഴകിയതോ തുറന്നുവച്ചതോ ആയ ആഹാരം കഴിക്കരുത്

മലമൂത്രവിസര്‍ജ്ജനം തുറസായ സ്ഥലങ്ങളില്‍ നടത്തരുത്. ശൗചാലയങ്ങള്‍ ഉപയോഗിക്കുക. ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.

മാലിന്യങ്ങള്‍ വലിച്ചെറിയരുത്. അവ വേസ്റ്റ് ബിന്നില്‍ മാത്രം നിക്ഷേപിക്കുക

പാമ്പുകടിയേറ്റാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. പാമ്പ് വിഷത്തിനെതിരെയുള്ള മരുന്ന് ആശുപത്രികളില്‍ ലഭ്യമാണ്.

ശബരിമലയിലും യാത്രാ വഴികളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയും എമര്‍ജന്‍സി മെഡിക്കല്‍ യൂണിറ്റുകളും അടക്കം സജീകരിച്ചിട്ടുണ്ട്.

ലഘു ഭക്ഷണം കഴിച്ച് മാത്രം മല കയറണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം.