by Midhun HP News | Jan 18, 2026 | Latest News, കേരളം
മലപ്പുറം: കേരള കുംഭമേളയ്ക്കു നാളെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കൊടിയുയര്‍ത്തും. ഇതിനുള്ള കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയില്‍നിന്ന് ഇന്നു ഘോഷയാത്രയായി എത്തിക്കും. നാളെ രാവിലെ പതിനൊന്നിനാണ് ഗവര്‍ണര്‍ തിരുനാവായയില്‍ എത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സന്യാസിമാര്‍ നിളാ സ്‌നാനത്തിനായി തിരുനാവായയില്‍ എത്തിച്ചേരും. ഫെബ്രുവരി മൂന്നു വരെയാണ് മഹാമാഘ ഉത്സവം എന്ന പേരില്‍ കുംഭമേള നടക്കുന്നത്. തമിഴ്‌നാട്ടിലെ ത്രിമൂര്‍ത്തി മലയില്‍നിന്ന് ശ്രീചക്രവുമായുള്ള രഥയാത്രയും നാളെ തിരുനാവായയിലേക്കു പുറപ്പെടും.
ഇന്ന് മൗനി അമാവാസി ദിനത്തില്‍ തിരുനാവായയില്‍ കാലചക്രം ബലി എന്ന പൂജ നടക്കും. വൈകിട്ട് ആറു മുതല്‍ രാത്രി 11 വരെയാണ് പൂജ. ആചാര്യന്‍ കുഞ്ഞിരാമന്‍ പണിക്കരാണ് നേതൃത്വം നല്‍കുന്നത്. നൂറിലേറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിളാതീരത്ത് ഈ പൂജ നടക്കുന്നത്. ഇന്നു രാവിലെ ആറു മുതല്‍ ശ്മശാന ശ്രാദ്ധം എന്ന പിതൃകര്‍മം നടക്കും. ഐവര്‍മഠത്തിലെ ആചാര്യന്‍ കോരപ്പത്ത് രമേശാണ് നേതൃത്വം നല്‍കുന്നത്.
ഇന്നലെ തിരുനാവായയില്‍ വേദശ്രാദ്ധ കര്‍മം നടന്നു. ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാട് ആചാര്യനായി. കൂശ്മാണ്ഡി ഹോമവും ഇന്നലെ നടത്തി. യജുര്‍വേദ മന്ത്രങ്ങളോടെയാണ് കൂശ്മാണ്ഡി ഹോമം നടത്തിയത്. ശബരിമല മുന്‍ മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി നേതൃത്വം നല്‍കി. നാളെ മുതല്‍ നവകോടി നാരായണ ജപാര്‍ച്ചന തുടങ്ങും. ക്ഷേത്രങ്ങളില്‍ നിന്ന് ദീപവുമായി എത്തുന്ന ഭക്തസമിതികള്‍ക്കു മാഘവൃക്ഷവും അശ്വത്ഥ വൃക്ഷത്തൈയും പ്രസാദമായി നല്‍കും. വിവിധ പരമ്പരകളുടെ പ്രത്യേക അനുഷ്ഠാനങ്ങളും സത്സംഗങ്ങളും വിദ്വല്‍ സദസ്സുകളും കളരി യോഗ അനുഷ്ഠാനങ്ങളും കലാവതരണങ്ങളും മേളയുടെ ഭാഗമായി നടക്കും. ഇന്ന് മൗനി അമാവാസി ദിനത്തിലും നാളെ മാഘപ്രതിപദത്തിലും 22ന് ഗണേശ ജയന്തിക്കും 23ന് വസന്ത പഞ്ചമിക്കും 25ന് രഥ സപ്തമിക്കും 26ന് ഭീഷ്മാഷ്ടമിക്കും 27ന് മഹാനന്ദാനവമിക്കും 28ന് ഗുപ്തവിജയദശമിക്കും 29ന് ജയ ഏകാദശിക്കും ഫെബ്രുവരി ഒന്നിന് തൈപ്പൂയത്തിനും മൂന്നിന് മകത്തിനും പ്രത്യേക പൂജകള്‍ നടക്കും.
കേരള കുംഭമേളയ്ക്കു റവന്യു വകുപ്പും പൊലീസും ചേര്‍ന്ന് വന്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ 9 തഹസില്‍ദാര്‍മാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരായി ഇവിടേക്ക് നിയമിച്ചു. 300 പൊലീസ് സേനാംഗങ്ങള്‍ ഇവിടെയെത്തും. 150 പേര്‍ വീതമടങ്ങുന്ന 2 ബാച്ചുകളായി തിരിഞ്ഞാണ് ഇവരുടെ സുരക്ഷാസേവനം. തിരക്കു കൂടുന്ന ദിവസം കൂടുതല്‍ സേനാംഗങ്ങളെ എത്തിക്കും.


by Midhun HP News | Jan 18, 2026 | Latest News, കേരളം
തൃശൂര്‍: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം അഞ്ചാം ദിനത്തിലേക്ക് കടന്നു. ഇന്ന് എട്ടു മത്സരങ്ങളാണ് നടക്കാനുള്ളത്. കലോത്സവത്തിലെ സ്വര്‍ണ്ണക്കപ്പിനായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. നിലവില്‍ കണ്ണൂര്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
990 പോയിന്റാണ് കണ്ണൂരിനുള്ളത്. 983 പോയിന്റുമായി ആതിഥേയരായ തൃശൂര്‍ രണ്ടാമസ്ഥാനത്താണ്. 982 പോയിന്റുമായി പാലക്കാട് മൂന്നാമതുമാണ്. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് ഇപ്പോള്‍ 981 പോയിന്റുമായി നാലാം സ്ഥാനത്താണ്.


by Midhun HP News | Jan 18, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ടിക്കറ്റ് റദ്ദാക്കാന്‍ പുതിയ പരിഷ്‌കരണത്തിന് ഉത്തരവിട്ട് ഇന്ത്യന്‍ റെയില്‍വെ. വന്ദേഭാരതിന്റെ സ്ലീപ്പര്‍ ട്രെയിനുകള്‍ക്കാണ് ഇത് ബാധകം. ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 8 മണിക്കൂര്‍ പോലുമില്ലാതെ ടിക്കറ്റ് റദ്ദാക്കിയാല്‍ ഒരു രൂപ പോലും റീഫണ്ടായി ലഭിക്കില്ല. പുതുക്കിയ ഉത്തരവ് അനുസരിച്ച് ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കിയാല്‍ 50 ശതമാനം കാന്‍സലേഷന്‍ ചാര്‍ജായി ഈടാക്കും.
ഇതിന് മുമ്പ് കണ്‍ഫേം ടിക്കറ്റുകള്‍, ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടയില്‍ റദ്ദാക്കിയാല്‍ 25 ശതമാനം കാന്‍സലേഷന്‍ ചാര്‍ജ് ഇടാക്കിയതിന് ശേഷം ബാക്കി റീഫണ്ട് നല്‍കുന്നതായിരുന്നു. വന്ദേഭാരതിന്റെ സ്ലീപ്പര്‍ ട്രെയിനുകളില്‍ ആര്‍എസി ഉണ്ടാവില്ലെന്നും മിനിമം ചാര്‍ജ് ഈടാക്കുന്ന ദൂരം 400 കിലോമീറ്റര്‍ ആയിരിക്കുമെന്ന് റെയില്‍വെ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഫ്ളാഗ് ഓഫ് ചെയ്തിരുന്നു. ഗുവാഹത്തി-കൊല്‍ക്കത്ത റൂട്ടിലാണ് ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. 11-3 ടയര്‍ എസി കോച്ചുകള്‍, നാല് 2-ടയര്‍ എസി കോച്ചുകള്‍, ഒരു ഫസ്റ്റ് എസി എന്നിങ്ങനെ 16 കോച്ചുകളാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുള്ളത്. ആകെ 823 യാത്രക്കാര്‍ക്ക് ഒരേ സമയം സഞ്ചരിക്കാനാകും.


by Midhun HP News | Jan 18, 2026 | Latest News, ജില്ലാ വാർത്ത
മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡ് വിജയം തുടരുന്നു. ലെവാന്റയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കുതിപ്പ് തുടര്‍ന്നത്. പുതിയ പരിശീലകനായി ഡഗൗട്ടിലെത്തിയ ആല്‍വരോ ആര്‍ബലോവയുടെ റയല്‍ കോച്ചെന്ന നിലയിലുള്ള ആദ്യ ജയം കൂടിയാണിത്.
ആദ്യ പകുതിയ ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് റയല്‍ രണ്ട് ഗോളുകളും വലയിലിട്ടത്. 58ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലിട്ട് കിലിയന്‍ എംബാപ്പെയാണ് റയലിനെ മുന്നിലെത്തിച്ചത്. കിലിയൻ എംബാപ്പെ റയൽ ജേഴ്സിയിൽ നേടുന്ന 50ാം ഗോൾ കൂടിയാണിത്. 65ാം മിനിറ്റില്‍ അസെന്‍സിയോയിലൂടെ ലീഡുയര്‍ത്തി ലോസ് ബ്ലാങ്കോസ് ജയമുറപ്പിക്കുകയായിരുന്നു.
മറ്റ് മത്സരങ്ങളില്‍ റയല്‍ ബെറ്റിസ് 2-0ത്തിനു വിയാറലയലിനെ വീഴ്ത്തി. മയ്യോര്‍ക്ക 3-2നു അത്‌ലറ്റിക്ക് ബില്‍ബാവോയേയും ഓസാസുന ഇതേ സ്‌കോറിനു ഒവെയ്‌ഡോയേയും വീഴ്ത്തി.


by Midhun HP News | Jan 18, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയ പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് കുറച്ച് സംസ്ഥാന സര്‍ക്കാര്‍. 15- 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് തുക ഏകദേശം 50 ശതമാനം നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്. വൈകാതെ തന്നെ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
2025ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ച നിരക്കാണ് സംസ്ഥാന സര്‍ക്കാര്‍ കുറച്ചത്. 15 മുതല്‍ 20 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് തുക അമ്പത് ശതമാനമായി കുറച്ചതായി ഗതാഗത വകുപ്പ് മന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പുതിയ വിജ്ഞാപനമനുസരിച്ചുള്ള നിരക്കുകള്‍ നടപ്പില്‍ വരുത്തുന്നതിനായി പുതിയ സോഫ്റ്റ്വെയര്‍ വൈകാതെ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വാഹനങ്ങളുടെ പഴക്കം അനുസരിച്ച് മൂന്ന് കാറ്റഗറിയായി തിരിച്ചാണ് ഫീസ് ഈടാക്കുന്നത്. 10 മുതല്‍ 15 വര്‍ഷം വരെ, 15 മുതല്‍ 20, 20 വര്‍ഷത്തിലധികം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. മോട്ടോര്‍ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഇടത്തരം ഹെവി ഗുഡ്സ്, പാസഞ്ചര്‍ എന്നിങ്ങനെ എല്ലാ വാഹനങ്ങളുടെയും ഫിറ്റ്നസ് പുതുക്കുന്നതിന് അവയുടെ പഴക്കത്തെ അടിസ്ഥാനപ്പെടുത്തി പുതുതായി നിശ്ചയിക്കപ്പെട്ട നിരക്കായിരിക്കും ഈടാക്കുക.
പുതുക്കിയ ഫീസ് നിരക്കുകള്‍ ഇങ്ങനെ,
മോട്ടോര്‍ സൈക്കിള്‍
15 മുതല്‍ 20 വര്‍ഷം- 500
20 വര്‍ഷത്തിലേറെ- 1000
മുച്ചക്ര വാഹനങ്ങള്‍
15 മുതല്‍ 20 വര്‍ഷം- 1650
20 വര്‍ഷത്തിലേറെ- 3500
കാറുകള്‍
15 മുതല്‍ 20 വര്‍ഷം- 3750
20 വര്‍ഷത്തിലേറെ- 7500
ഇടത്തരം വാഹനങ്ങള്‍
13 മുതല്‍ 15 വര്‍ഷം- 1000
15 മുതല്‍ 20 വര്‍ഷം- 5000
20 വര്‍ഷത്തില്‍ കൂടുതല്‍- 10,000
ഹെവി വാഹനങ്ങള്‍
13 മുതല്‍ 15 വര്‍ഷം- 2000
15 മുതല്‍ 20 വര്‍ഷം- 6500
20 വര്‍ഷത്തില്‍ കൂടുതല്‍- 12,500
Recent Comments