by Midhun HP News | Jul 30, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: 814 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിയായ സ്വകാര്യ എയര്‍ലൈന്‍സിലെ മുന്‍ പൈലറ്റ് ഗുരുഗ്രാം പൊലീസിന്റെ പിടിയില്‍. ദൗലത്താബാദിലെ ലാന്‍ഡ്മാര്‍ക്ക് സൊസൈറ്റി അപാര്‍ട്ട്മെന്റിലെ താമസക്കാരനായ 33കാരന് കോഴിക്കോട് വെസ്റ്റ്ഹില്‍ പോഷ് ഹില്‍ റോഡ് റെഡ് റോസില്‍ അര്‍ഷാദ് അലിയാണ് സെക്ടര്‍ 39 ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്.
എന്‍ഡിപിഎസ് ആക്ട് പ്രകാരം അര്‍ഷാദ് അലിക്കെതിരെ രാജേന്ദ്ര പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത എംഡിഎംഎക്ക് രാജ്യാന്തര വിപണിയില്‍ 35 ലക്ഷം രൂപ വിലവരുമെന്ന്് പൊലീസ് പറഞ്ഞു. മുന്‍പ് ഒരു സ്വകാര്യ എയര്‍ലൈനില്‍ പൈലറ്റായി പ്രവര്‍ത്തിച്ച അര്‍ഷാദ് അലി നിലവില്‍ ഒരു കമ്പനിയിലും പ്രവര്‍ത്തിക്കുന്നില്ല.
നോയിഡയിലെ സുഹൃത്തില്‍ നിന്നാണ് അഞ്ചു ലക്ഷം രൂപ നല്കി എംഡിഎംഎ വാങ്ങിയതെന്നാണ് ഇയാള്‍ പൊലീസിന് നല്കിയ മൊഴി. തുടക്കത്തില്‍ സ്വന്തം ആവശ്യത്തിനായി എംഡിഎംഎ വാങ്ങിയത്. സാമ്പത്തിക നേട്ടം മനസിലാക്കിയാണ് ലഹരിമരുന്നു വില്പനയിലേക്കു കടന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ലഹരിമരുന്നു വില്പനയ്ക്കു ശേഷം ബാക്കി തുക നല്‍കാനായിരുന്നു ധാരണ.
ലഹരിമരുന്ന ശൃംഖലയുടെ ഉറവിടം കണ്ടെത്താനും സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുന്നതുള്‍പ്പെടയുള്ള അന്വേഷണത്തിനായി അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കേസുമായി ബന്ധപ്പെട്ട് തുടര്‍ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും പൊലീസ് പറഞ്ഞു.

by Midhun HP News | Jul 30, 2026 | Latest News, ദേശീയ വാർത്ത
കാണ്‍പൂര്‍: കാണ്‍പുര്‍ ഐഐടിയിലെ സൈബര്‍ സെക്യൂരിറ്റി കോഴ്സിലേക്ക് പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന്, തന്റെ ‘പ്രതിഭ തെളിയിക്കാനാ’യി സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിദ്യാര്‍ഥി. വെബ്സൈറ്റ് ഹാക്ക് ചെയ്ത ശേഷം ‘സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു, എനിക്ക് വേണ്ടത് നീതിപൂര്‍വ്വമായ ഒരു അവസരം മാത്രമാണ്’ എന്ന സന്ദേശവും യുവാവ് അതില്‍ രേഖപ്പെടുത്തി.
തന്റെ കഴിവിനനുസരിച്ചുള്ള അവസരം ലഭിച്ചില്ലെന്ന് ആരോപിച്ച് ഹാക്കിങ്ങിന്റെ സ്ക്രീന്‍ഷോട്ടുകള്‍ വിദ്യാര്‍ഥി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ എക്സിലും റെഡ്ഡിറ്റിലും പങ്കുവെച്ചു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഐഐടിയെ ദ്രോഹിക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും, സൈബര്‍ സെക്യൂരിറ്റി രംഗത്തെ തന്റെ യോഗ്യതയും പ്രായോഗിക കഴിവും തെളിയിക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും വിദ്യാര്‍ഥി വ്യക്തമാക്കി.
അപേക്ഷാ ഫീസ് അടച്ച് ആവശ്യമായ രേഖകളും മുന്‍കാല സൈബര്‍ സെക്യൂരിറ്റി പ്രവൃത്തികളുടെ തെളിവുും സമര്‍പ്പിച്ചിട്ടും പ്രവേശന പ്രക്രിയയുടെ ഭാഗമായുള്ള ‘ഹാക്കത്തോണില്‍’ പങ്കടുക്കാന്‍ തന്നെ തെരഞ്ഞെടുത്തില്ലെന്നാണ് വിദ്യാര്‍ഥിയുടെ പരാതി. 13-ാം വയസ്സു മുതല്‍ താന്‍ കോഡിങ് പഠിക്കുന്നുണ്ടെന്നും പരമ്പരാഗത എന്‍ജിനീയറിങ് കോഴ്സുകള്‍ക്ക് പകരം സൈബര്‍ സെക്യൂരിറ്റിയാണ് താന്‍ തിരഞ്ഞെടുതെന്നതും വിദ്യാര്‍ഥി ചൂണ്ടിക്കാട്ടി.
സാധാരണ ഇത്തരം കേസുകളില്‍ പൊലീസില്‍ പരാതി നല്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് പതിവെങ്കിലും, കാണ്‍പുര്‍ ഐഐടി വിഷയത്തില്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. നിയമനടപടി സ്വീകരിക്കുന്നതിന് പകരം, വിദ്യാര്‍ഥിയുടെ കഴിവ് പരിശോധിക്കാന്‍ ഐഐടി ഡയറക്ടര്‍ പ്രൊഫ. മണീന്ദ്ര അഗര്‍വാള്‍ തീരുമാനിക്കുകയായിരുന്നു.
വിദ്യാര്‍ഥിക്ക് യഥാര്‍ഥ കഴിവുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍, സ്ഥാപനത്തിന്റെ C3iHub (സൈബര്‍ സെക്യൂരിറ്റി സെന്റര്‍) കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനോ അടുത്ത ഘട്ടത്തില്‍ പ്രവേശനം നല്‍കാനോ പരിഗണിക്കുമെന്ന് പ്രൊഫ. അഗര്‍വാള്‍ വ്യക്തമാക്കി. അതേസമയം, സ്വന്തം കഴിവ് തെളിയിക്കാന്‍ സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ ലംഘിക്കുന്നത് തെറ്റായ മാര്‍ഗമാണെന്നും, മറ്റ് വിദ്യാര്‍ഥികള്‍ ഇത്തരം നടപടികളിലേക്ക് കടക്കരുതെന്നും ഐഐടി അധികൃതര്‍ മുന്നറിയിപ്പ് നല്കി.

by Midhun HP News | Jul 30, 2026 | Latest News, ദേശീയ വാർത്ത
ഷാര്‍ജ: വാനനിരീക്ഷകരും സന്ദര്‍ശകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആകാശ പ്രതിഭാസങ്ങളിലൊന്നായ പെര്‍സീഡ് ഉല്‍ക്കാവര്‍ഷം കാണാന്‍ അവസരമൊരുക്കി ഷാര്‍ജ മെലീഹ നാഷനല്‍ പാര്‍ക്ക്. യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ടതും ജനപ്രിയവുമായ നക്ഷത്ര നിരീക്ഷണ കേന്ദ്രങ്ങളിലൊന്നായ അല്‍ ഫയ ആര്‍ക്കിയോളജി സൈറ്റിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വര്‍ഷത്തിലെ ഏറ്റവും മനോഹരമായ ജ്യോതിശാസ്ത്ര സംഭവങ്ങളില്‍ ഒന്നാണ് പെര്‍സീഡ് ഉല്‍ക്കാവര്‍ഷം. മണിക്കൂറില്‍ 90 വരെ നക്ഷത്രങ്ങള്‍ ആകാശത്തിന്റെ ഇരുട്ടിനെ തുളച്ചുകയറുന്ന ഒരു മനോഹരമായ പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.
‘സ്വിഫ്റ്റ്-ടട്ടില്‍’ എന്ന വാല്‍നക്ഷത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് പെര്‍സീഡ്സ് പ്രതിഭാസമുണ്ടാകുന്നത്. ഗ്രീക്ക് പുരാണത്തിലെ വീരനായകനായ പെര്‍സീയുസ് എന്ന നക്ഷത്രസമൂഹത്തില്‍ നിന്ന് പുറപ്പെടുന്നതുപോലെ തോന്നിക്കുന്നതിനാലാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. വര്‍ണാഭമായ പ്രകാശവലയങ്ങള്‍ അവശേഷിപ്പിച്ചു കടന്നുപോകുന്ന ഈ ഉല്‍ക്കകള്‍ വാനനിരീക്ഷകര്‍ക്ക് എന്നും വലിയ കൗതുകമാണ്. 2026 ഓഗസ്റ്റ് 13 ന് രാത്രി 9:00 മുതല്‍ പുലര്‍ച്ചെ 1:00 വരെ പെര്‍സീഡ് ഉല്‍ക്കാവര്‍ഷം കാണാം.
ഉല്‍ക്കാവര്‍ഷ നിരീക്ഷണത്തിനു പുറമേ പ്രത്യേക പ്രസന്റേഷനുകള്‍, ക്വിസ് മത്സരങ്ങള്‍, സമ്മാനങ്ങള്‍, ചന്ദ്രനെയും മറ്റു ഗ്രഹങ്ങളെയും ദൂരദര്‍ശിനിയിലൂടെ കാണാനുള്ള പ്രത്യേക സെഷനുകള്‍ എന്നിവയും സന്ദര്‍ശകര്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. ആസ്ട്രോ ഫോട്ടോഗ്രഫിയില്‍ പരിശീലനം ലഭിച്ച വിദഗ്ധരുടെ സഹായത്തോടെ ഈ ആകാശകാഴ്ചകളുടെ ചിത്രങ്ങള്‍ പകര്‍ത്താനും സൗകര്യമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി 068 021 111 എന്ന ഫോണ്‍ നമ്പറിലോ mleihamanagement@discovermleiha.ae എന്ന ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

by Midhun HP News | Jul 30, 2026 | Latest News, കേരളം
കൊല്ലം: കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന് മരിച്ചു. ബിമാ മന്‍സിലില്‍ ബഷീര്‍ ആണ് മരിച്ചത് 68 വയസ്സായിരുന്നു. പുലര്‍ച്ചെ കുളത്തൂപ്പുഴ ജങ്ഷനിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ബഷീര്‍ നിലത്ത് വീണു. പുലര്‍ച്ചെയായതിനാല്‍ റോഡില്‍ ആരും ഉണ്ടായിരുന്നില്ല. ഏറെ വൈകിയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ബഷീര്‍ ചുമട്ടുതൊഴിലാളിയാണ്. പണിക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

by Midhun HP News | Jul 30, 2026 | Latest News, കേരളം
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനത്തിന് പ്രിയമേറുന്നു. ഓഗസ്റ്റിലെ ബുക്കിങ് പൂര്‍ണമായി. ഓഗസ്റ്റ് നാലിനാണ് വെര്‍ച്വല്‍ ദര്‍ശനം ആരംഭിക്കുക.ബുക്ക് ചെയ്തവര്‍ ദര്‍ശനം റദ്ദാക്കിയെങ്കില്‍ മാത്രമേ ഇനി മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കൂ. സെപ്റ്റംബറിലെ ബുക്കിങിന് ഓഗസ്റ്റ് 15നു ശേഷം സൈറ്റ് തുറക്കും. ചൊവ്വ, വ്യാഴം ദിവസങ്ങളിലായി ആഴ്ചയില്‍ രണ്ടുതവണ മാത്രമാണ് വെര്‍ച്വല്‍ ദര്‍ശനം.

Recent Comments