ഗായകൻ പി ജയചന്ദ്രന് തൃശൂരിൽ സംഗീത സ്മാരകം നിർമ്മിക്കും; പ്രഖ്യാപനവുമായി മന്ത്രി പി സി വിഷ്ണുനാഥ്

ഗായകൻ പി ജയചന്ദ്രന് തൃശൂരിൽ സംഗീത സ്മാരകം നിർമ്മിക്കും; പ്രഖ്യാപനവുമായി മന്ത്രി പി സി വിഷ്ണുനാഥ്

തൃശൂർ: പ്രശസ്ത ഗായകൻ പി. ജയചന്ദ്രന്റെ സ്മരണയ്ക്കായി തൃശൂരിൽ സംഗീത സ്മാരകം നിർമ്മിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് പ്രഖ്യാപിച്ചു. തൃശൂർ കോർപ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. തൃശൂർ പൂങ്കുന്നത്തുള്ള പി ജയചന്ദ്രന്റെ വസതി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സാംസ്കാരിക വകുപ്പിന്റെ ആസ്ഥാനമായ തൃശൂരിനെ ‘കൾച്ചറൽ ടൂറിസം സിറ്റി’യായി ഉയർത്താനുള്ള സമഗ്രമായ വികസന നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്കാദമികളുടെ തലപ്പത്ത് ഉടൻ നിയമനം
സംസ്ഥാനത്തെ പ്രമുഖ സാംസ്കാരിക അക്കാദമികളെല്ലാം തൃശൂരിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവയുടെ വികസനത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും, ഒഴിഞ്ചുകിടക്കുന്ന അക്കാദമി തലപ്പങ്ങളിലേക്ക് ഉടൻതന്നെ ഭാരവാഹികളെ നിയമിക്കുമെന്നും മന്ത്രി വിഷ്ണുനാഥ് വ്യക്തമാക്കി. പി. ജയചന്ദ്രന്റെ ഭാര്യ ലളിത, മകൾ ലക്ഷ്മി എന്നിവരാണ് പൂങ്കുന്നത്തെ വീട്ടിൽ താമസിക്കുന്നത്. സന്ദർശനവേളയിൽ രാജൻ പല്ലൻ എംഎൽഎയും ജില്ലാ കോൺഗ്രസ് നേതാക്കളും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

സതീശന്‍ ഫണ്ട് അഭ്യര്‍ഥിച്ചതിന് തെളിവുണ്ട്; വിഡിയോ പുറത്തുവിട്ട് എംവി ഗോവിന്ദന്‍

സതീശന്‍ ഫണ്ട് അഭ്യര്‍ഥിച്ചതിന് തെളിവുണ്ട്; വിഡിയോ പുറത്തുവിട്ട് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: പുനര്‍ജനി കേസില്‍ മുഖ്യമന്ത്രി വിഡി സതീശന് ആഭ്യന്തരമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി അസാധാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സതീശന്‍ ഫണ്ട് അഭ്യര്‍ഥിച്ചതിന് തെളിവുണ്ടെന്ന് പറഞ്ഞ എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അന്നത്തെ പ്രതിപക്ഷ നേതാവ് ഫണ്ട് അഭ്യര്‍ഥിക്കുന്നതിന്റെ വിഡിയോയും പ്രദര്‍ശിപ്പിച്ചു. കേസില്‍ സതീശനെതിരെ തെളിവുകള്‍ ഉണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

എംഎല്‍എ എന്ന നിലയില്‍ അനുമതി തേടിയാണ് വിഡി സതീശന്‍ വിദേശയാത്ര നടത്തിയത് എന്നത് സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും ആഭ്യന്തരവകുപ്പിന്റെ അനുമതി ഉണ്ടായിരുന്നില്ലെന്നുമാണ് വസ്തുതാപരമായി പുറത്തുവന്ന വിവരമെന്ന് ഗോവിന്ദന്‍ പറഞ്ഞു. വിദേശ ഫണ്ട് അഭ്യര്‍ഥിക്കാനുള്ള അവകാശം നിലവിലെ നിയമം അനവദിക്കുന്നില്ല. ഇതിനായി വിദേശ യാത്ര നടത്തണമെങ്കില്‍ പ്രത്യേക അനുമതി വേണം. പ്രളയകാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ധനശേഖരണത്തിനായി വിദേശയാത്രക്ക് അനുമതി തേടിയെങ്കിലും കേന്ദ്രം അനുവദിച്ചിരുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

വിഡി സതീശന്‍ പദ്ധതിക്കായി വിദേശത്തുനിന്ന് ഫണ്ട് പിരിച്ചിട്ടുണ്ട്. എന്നാല്‍ ഫണ്ട് പിരിക്കാന്‍ അനുവാദം വാങ്ങിയിട്ടില്ല. അത്യന്തം ഗൗരവമുള്ള വിഷയത്തില്‍ ആഭ്യന്തരമന്ത്രി തന്നെ വാര്‍ത്താ സമ്മേളനം നടത്തി ക്ലീന്‍ ചിറ്റ് നല്‍കുകയാണ്. ഇത് അസാധാരണമായ നടപടിയാണ്. സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതില്‍ തിടുക്കമുണ്ടായി എന്നതാണ് രമേശിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വ്യക്തമായത്. ഇന്നലെ ചെന്നിത്തല അഴിമതിക്കെതിരെ വിസില്‍ അടിക്കുന്നതാണ് കണ്ടതെങ്കില്‍ ഇന്ന് വിജിലന്‍സ് അഴിമതിക്കേസില്‍ സതീശന് ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് കണ്ടത് ഗോവിന്ദന്‍ പറഞ്ഞു. വിദേശഫണ്ട് സ്വീകരിച്ച കേസ് ആയതിനാല്‍ കേന്ദ്ര ഏജന്‍സി കൂടി അന്വേഷിക്കേണ്ട കേസ് ആണിതെന്നും ഗോവിന്ദന്‍ പറഞ്ഞു.

നീലയല്ല, ഇനി കാവി നിറം, ഇന്ത്യന്‍ ഹോക്കി ടീമിന് പുതിയ ജഴ്‌സി; വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍

നീലയല്ല, ഇനി കാവി നിറം, ഇന്ത്യന്‍ ഹോക്കി ടീമിന് പുതിയ ജഴ്‌സി; വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍

ഡല്‍ഹി: പുരുഷ, വനിതാ ലോകകപ്പുകള്‍ക്കു മുന്നോടിയായി ഇന്ത്യന്‍ ദേശീയ ടീമിന്റെ പുതിയ ജഴ്‌സി ഹോക്കി ഇന്ത്യ പുറത്തിറക്കി. പരമ്പരാഗതമായ നീല നിറത്തിന് പകരം കുങ്കുമ നിറത്തിലുള്ള ജഴ്‌സിയാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ നിറം മാറ്റത്തിനെതിരെ വ്യാപകമായ വിമര്‍ശനവും ചര്‍ച്ചകളുമാണ് ഉയരുന്നത്. പരമ്പരാഗതമായി നീല ജഴ്‌സിയില്‍ കളത്തിലിറങ്ങുന്ന ഇന്ത്യന്‍ സംഘത്തിന് പുതിയ നിറത്തിലുള്ള ജഴ്‌സി നല്‍കുന്നതിന്റെ യുക്തി എന്താണെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു.

ഇന്ത്യന്‍ ഹോക്കി മുന്‍ ക്യാപ്റ്റന്‍ വിരേന്‍ റാസ്‌ക്വിന്‍ഹ ഈ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. ‘ഇന്ത്യന്‍ ഹോക്കിക്കായി ഹോക്കി ഇന്ത്യ മികച്ച പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഈ തീരുമാനം തികച്ചും നിരാശാജനകമാണ്. ഇന്ത്യന്‍ ടീമിന്റെ പാരമ്പര്യവും സ്വത്വവും എപ്പോഴും നീല നിറമായിരുന്നു. വര്‍ഷങ്ങളോളം ആ നീല ജഴ്‌സി അഭിമാനത്തോടെ അണിഞ്ഞയാളാണ് ഞാന്‍. ആരാധകരും ഇന്ത്യന്‍ ടീമിനെ നീല ജഴ്‌സിയില്‍ കാണാനാണ് ആഗ്രഹിക്കുന്നത്. ഇതില്‍ ഓറഞ്ച് നിറം കൊണ്ടുവന്നതിന്റെ യുക്തി എന്താണ്?’ -ഹോക്കി ഇന്ത്യയുടെ വിഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് റാസ്‌ക്വിന്‍ഹ എക്‌സില്‍ കുറിച്ചു.

ഹോക്കി പുരുഷ ലോകകപ്പ് ഓഗസ്റ്റ് 14 മുതല്‍ 30 വരെ ബെല്‍ജിയത്തിലും നെതര്‍ലന്‍ഡ്‌സിലുമായി നടക്കും. ഇംഗ്ലണ്ട്, വെയില്‍സ്, പാകിസ്ഥാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. വനിതാ ലോകകപ്പ് ഓഗസ്റ്റ് 15 മുതല്‍ 30 വരെയാണ്. ഓഗസ്റ്റ് 16ന് ചൈനയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരാണ് ഗ്രൂപ്പ് ഡിയിലെ മറ്റ് ടീമുകള്‍. ടീം തീവ്ര പരിശീലനത്തിലാണെന്നും മികച്ച പ്രകടനം പുറത്തെടുത്ത് രാജ്യത്തിന് അഭിമാനമാകാന്‍ സാധിക്കുമെന്നും വനിതാ ടീം ക്യാപ്റ്റന്‍ സലീമ ടെറ്റെ പ്രതീക്ഷ പങ്കുവച്ചു.

പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു; ഇടക്കാല സ്റ്റേ

പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു; ഇടക്കാല സ്റ്റേ

കൊച്ചി: സംസ്ഥാനത്തെ പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ചുകൊണ്ട് പുറപ്പെടുവിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. സർക്കാരിന്റെ വിവാദ ഉത്തരവ് നടപ്പിലാക്കുന്നത് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് ജസ്റ്റിസ് ബച്ചുകുര്യൻ തോമസാണ് പുറപ്പെടുവിച്ചത്. പൊലീസ് സംഘടനകളുടെ ഘടനയിൽ മാറ്റം വരുത്തിക്കൊണ്ട് 2026 ജൂലൈ 27-ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് കേരള പൊലീസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

പോലീസ് സേനയ്ക്കുള്ളിലെ ജനാധിപത്യപരമായ സംഘടനാ സ്വാതന്ത്ര്യം കവർന്നെടുക്കാനും ഏകാധിപത്യപരമായി അഡ്ഹോക്ക് കമ്മിറ്റികളെ കുടിയിരുത്താനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഉത്തരവ് നടപ്പിലാക്കുന്നത് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു.

സെന്‍ട്രല്‍ നോ യുവര്‍ കസ്റ്റര്‍ 2.0, തത്കാല്‍ ടിക്കറ്റ് ബുക്കിങ്…; അറിയാം ഓഗസ്റ്റ് ഒന്നുമുതലുള്ള മാറ്റങ്ങള്‍

സെന്‍ട്രല്‍ നോ യുവര്‍ കസ്റ്റര്‍ 2.0, തത്കാല്‍ ടിക്കറ്റ് ബുക്കിങ്…; അറിയാം ഓഗസ്റ്റ് ഒന്നുമുതലുള്ള മാറ്റങ്ങള്‍

കൊച്ചി: ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഓരോ മാസവും നിരവധി മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ഓഗസ്റ്റ് മാസവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ഓഗസ്റ്റില്‍ ഇന്ത്യന്‍ സാമ്പത്തികരംഗത്ത് വരുന്ന മാറ്റങ്ങള്‍ ചുവടെ:

ഐടിആര്‍ ഫയലിങ്

ശമ്പളക്കാരായ വ്യക്തികള്‍ക്കും ഓഡിറ്റ് ഇല്ലാത്ത വ്യക്തിഗത നികുതിദായകര്‍ക്കും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ജൂലൈ 31ന് ശേഷം ഐടിആര്‍-1, ഐടിആര്‍-2 എന്നി ഫോമുകള്‍ ഉപയോഗിച്ച് ആരെങ്കിലും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുകയാണെങ്കില്‍ അവര്‍ വൈകിയതിനുള്ള പിഴ ഒടുക്കേണ്ടതായി വരും. അവസാന തീയതിക്ക് ശേഷം സമര്‍പ്പിക്കുന്നവര്‍ക്ക് മൊത്തം നികുതി ബാധകമായ വരുമാന സ്ലാബ് അനുസരിച്ചാണ് സാമ്പത്തിക പിഴ വരുന്നത്. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, ഔദ്യോഗിക പോര്‍ട്ടല്‍ വഴി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇതുമൂലം പോര്‍ട്ടലില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാതെ വരുന്നതായും ചില കോണുകളില്‍ നിന്ന് പരാതികള്‍ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും അവസാന തീയതി നീട്ടുമെന്ന പ്രതീക്ഷയും ചിലര്‍ വെച്ചു പുലര്‍ത്തുന്നുണ്ട്.

ഇനി തത്കാല്‍ ടിക്കറ്റ് ബുക്കിങ് എളുപ്പം

റെയില്‍വേ സ്‌റ്റേഷനുകളില്‍ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നിന്ന് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഇനി എളുപ്പമാകും. യാത്രക്കാര്‍ക്ക് തത്കാല്‍ ടിക്കറ്റ് എളുപ്പം ബുക്ക് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയ ടോക്കണ്‍ സംവിധാനം വരുന്നു. തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ചില റെയില്‍വേ സോണുകളില്‍ മാത്രമാണ് നടപ്പാക്കുന്നത്. നീണ്ട ക്യൂ ഒഴിവാക്കാനും ബുക്കിങ് പ്രക്രിയ കൂടുതല്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. റെയില്‍വേ സ്റ്റേഷനില്‍ എത്തി റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴി നേരിട്ട് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് മാത്രമാണ് പുതിയ വ്യവസ്ഥ ബാധകമാകുക. ഐആര്‍സിടിസി വഴിയുള്ള ഓണ്‍ലൈന്‍ തത്കാല്‍ ബുക്കിങ് സംവിധാനം മാറ്റമില്ലാതെ തുടരും.