പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണം: കെ.എസ്.എസ്. പി. എ

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണം: കെ.എസ്.എസ്. പി. എ

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി കോട്ടാത്തല മോഹൻ ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ രക്ഷാധികാരി മാമ്പഴക്കര സദാശിവൻ നായർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ ബാബുരാജ്, പരമേശ്വരൻ നായർ, ബാബു രാജേന്ദ്രൻ നായർ, ജില്ലാ വൈസ് പ്രസിഡൻ്റ് വിജയകുമാർ ജോയിൻ്റ് സെക്രട്ടറി മസൂദ്, നാരായണൻ നായർ, ശ്രീകുമാർ, ഡി. പ്രഭാകരൻ, സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

യോഗത്തിൽ നിയോജക മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: പ്രസിഡൻ്റ് ഉദയകുമാർ എം.കെ, വൈസ് പ്രസിഡൻ്റുമാർ: വിൻസൻ്റ്, രാജേന്ദ്രനാചാരി, ശശികുമാർ, സെക്രട്ടറി സുനിൽ കുമാർ. കെ, ജോയിൻ്റ് സെക്രട്ടറിമാർ: ഭുവനേശ്വരി തങ്കച്ചി,ചമ്പയിൽ സുരേഷ്, രത്നരാജ്, ട്രഷറർ: മനോമോഹനൻ

ആശ്രയമറ്റ കുടുംബത്തെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി

ആശ്രയമറ്റ കുടുംബത്തെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി

ആറ്റിങ്ങൽ: ആശ്രയമറ്റ കുടുംബത്തെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. നഗരസഭ 28ആം വാർഡായ കുഴിമുക്കിൽ പുത്തൻവീട്ടിൽ താമസിക്കുന്ന കാഴ്ച ശക്തി നഷ്ടപ്പെട്ട 71 വയസ്സുള്ള ഓമന അമ്മ, മാനസിക വൈകല്യങ്ങൾ നേരിടുന്ന രമ, രമ്യ എന്നിവരെയാണ് കരുണാലയം പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചത്. വാർഡ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട രമ്യ പ്രചരണ പ്രവർത്തനങ്ങൾക്കിടയിൽ ഈ കുടുംബം നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധിച്ചിരുന്നു.

നാട്ടുകാരും ഇവരെ സംരക്ഷിക്കാൻ ഉതകുന്ന പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിക്കുവാനുള്ള സാഹചര്യം ഒരുക്കണമെന്ന് രമ്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ അവരുടെ പുനരധിവാസം ഉറപ്പാക്കും എന്ന് രമ്യ നാട്ടുകാർക്ക് ഉറപ്പു നൽകിയിരുന്നു. ഇലക്ഷൻ കഴിഞ്ഞ ഉടനെ ഇതിനുള്ള ശ്രമം ആരംഭിച്ചു.

ഇതേ സ്ഥലത്ത് ഇവരെ താമസിപ്പിച്ച് സംരക്ഷിക്കുന്നതിനേക്കാൾ നല്ലത് ഇവർക്ക് അനുയോജ്യമായ പുനരധിവാസ കേന്ദ്രം കണ്ടെത്തി അവിടേക്ക് മാറ്റുന്നതാണെന്നു വിലയിരുത്തിയിരുന്നു. ഇതിനെ തുടർന്ന് വിവിധ പുനരധിവാസ കേന്ദ്രങ്ങൾ സന്ദർശിച്ച് ശ്രമിക്കുകയും ഈ കുടുംബത്തിന് അനുയോജ്യമായ പുനരധിവാസി കേന്ദ്രം കരുണാലയം ആണെന്ന് കണ്ടെത്തി അവരോട് സംസാരിച്ച് ഏറ്റെടുക്കൽ ഉറപ്പുവരുത്തുകയായിരുന്നു. വാർഡ് മെമ്പറായി സത്യപ്രതിജ്ഞ ചെയ്ത് ഉടൻ രമ്യ പൂർത്തിയാക്കിയതും ഈ മാനുഷിക സേവനമാണ്.

വാർഡ് മെമ്പർ രമ്യയ്ക്ക് പുറമേ ജോയ്, അനി, അമ്പാടി, വിപിൻ, ബിനു എന്നിവർ അടങ്ങുന്ന സംഘമാണ് കുടുംബത്തിന് ആവശ്യമായ മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങൾ ഉൾപ്പെടെ ലഭ്യമാക്കി പുനരധിവാസ കേന്ദ്രത്തിലേക്ക് എത്തിച്ചത്.

വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; പാലക്കാട് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; പാലക്കാട് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

പാലക്കാട്: വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ച് ചികിത്സയിലിരിക്കെ പാലക്കാട് സ്വദേശി മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടില്‍ രാധാകൃഷ്ണനാണ് മരിച്ചത്.

പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് രാധാകൃഷ്ണന്‍ മരിച്ചത്. ഇലക്ട്രോണിക് സാധനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ഷോപ്പിന്റെ ഉടമയാണ് രാധാകൃഷ്ണന്‍. ജോലിയുടെ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന ആസിഡ് ആണ് അബദ്ധത്തില്‍ കുടിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ലൈംഗികാതിക്രമ കേസ്: പി ടി കുഞ്ഞുമുഹമ്മദ് അറസ്റ്റില്‍

ലൈംഗികാതിക്രമ കേസ്: പി ടി കുഞ്ഞുമുഹമ്മദ് അറസ്റ്റില്‍

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ മുന്‍ എംഎല്‍എയും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസാണ് കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. തിരുവനന്തപുരം എഴാം നമ്പർ ആഡീ. സെഷന്‍സ് കോടതി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് നടപടി.

ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം എന്നായിരുന്നു കോടതി നിര്‍ദേശം. അറസ്റ്റ് ചെയ്താന്‍ ജാമ്യം നല്‍കണം എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ മാസമാണ് ചലച്ചിത്ര പ്രവര്‍ത്തക കുഞ്ഞു മുഹമ്മദിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഈ പരാതി മുഖ്യമന്ത്രി പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട് പൊലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലെ കാര്യങ്ങള്‍ പൊലീസിനോടും പരാതിക്കാരി ആവര്‍ത്തിച്ചു. തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിന്റെ ഭാഗമായി പരാതിക്കാരിയും പി ടി കുഞ്ഞു മുഹമ്മദും താമസിച്ചിരുന്നത് നഗരത്തിലെ തന്നെ ഹോട്ടലിലായിരുന്നു. ഹോട്ടലില്‍ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി.

‘ബാഹുബലി’ കുതിച്ചുയര്‍ന്നു; ബ്ലൂബേഡ് ബ്ലോക്ക് രണ്ട് ഉപഗ്രഹ വിക്ഷേപണം വിജയകരം

ചെന്നൈ: ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. ലോകത്തെ മൊബൈല്‍ കവറേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ മൊബൈല്‍ കവറേജ് ലഭ്യമാക്കുകയാണ് ലക്ഷ്യം. അമേരിക്കന്‍ കമ്പനി എഎസ്ടി സ്‌പേസ് മൊബൈലിന്റെ ബ്ലൂബേര്‍ഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്.

സാധാരണ ഉപഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ബ്ലൂബേര്‍ഡ് ബ്ലോക്ക്-2. ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള ഒരു മൊബൈല്‍ ടവര്‍ പോലെയാണ് ഇവ പ്രവര്‍ത്തിക്കുക. പ്രത്യേക സാറ്റലൈറ്റ് ഫോണുകളോ വലിയ ഡിഷ് ആന്റിനകളോ ഇല്ലാതെ തന്നെ ഉപഭോക്താവിന്റെ കൈവശമുള്ള സാധാരണ 4ജി, 5ജി സ്മാര്‍ട്ട്ഫോണുകളില്‍ നേരിട്ട് ഇന്റര്‍നെറ്റും വോയിസ് കോളുകളും ലഭ്യമാക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്കാകും.

6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് എഎസ്ടി സ്‌പേസ് മൊബൈല്‍. നേരിട്ട് മൊബൈല്‍ ഫോണുകളില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് ഇവര്‍ പദ്ധതിയിടുന്നത്. രണ്ട് മാസത്തിനിടെയുള്ള എല്‍വിഎം 3യുടെ രണ്ടാം വിക്ഷേപണമാണിത്. ഇത്രയും ചെറിയ ഇടവേളയില്‍ എല്‍വിഎം 3 ദൗത്യങ്ങള്‍ നടക്കുന്നതും ഇതാദ്യമായാണ്.

ഏകദേശം 15 മിനിറ്റ് നീണ്ട യാത്രയ്ക്ക് ശേഷം, ബ്ലൂബേര്‍ഡ് ബ്ലോക്ക് -2 എന്ന ബഹിരാകാശ പേടകം വേര്‍പിരിഞ്ഞ് ഏകദേശം 520 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തിലെത്തുമെന്ന് ഇസ്രോ അറിയിച്ചു. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (എന്‍എസ്ഐഎല്‍) യുഎസ് ആസ്ഥാനമായുള്ള എഎസ്ടി സ്പേസ് മൊബൈലും (എഎസ്ടി ആന്‍ഡ് സയന്‍സ്, എല്‍എല്‍സി) തമ്മില്‍ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായായിരുന്നു ദൗത്യം.

ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ചിട്ടുള്ള ഏറ്റവും ഭാരമേറിയ വിദേശ ഉപഗ്രഹങ്ങളില്‍ ഒന്നാണ് ബ്ലൂബേഡ് ബ്ലോക്ക്-ടു. എല്‍ എം വി-ത്രീ-യില്‍ ഐ എസ് ആര്‍ ഒ നടത്തുന്ന ഒമ്പതാമത്തെ വിക്ഷേപണമാണിത്.