‘ദേശീയ ഗാനമായിരുന്നെങ്കില്‍ എന്ത് ഭംഗിയായേനെ’, ഗണഗീതത്തില്‍ റിപ്പോര്‍ട്ട് തേടി വി ശിവന്‍കുട്ടി

‘ദേശീയ ഗാനമായിരുന്നെങ്കില്‍ എന്ത് ഭംഗിയായേനെ’, ഗണഗീതത്തില്‍ റിപ്പോര്‍ട്ട് തേടി വി ശിവന്‍കുട്ടി

തിരുവനന്തപുരം: എറണാകുളം – ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയത്. ഏത് സാഹചര്യത്തിലാണ് കുട്ടികളെ കൊണ്ട് പോയി പാട്ട് പാടിപ്പിച്ചത് എന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനാണ് റിപ്പോര്‍ട്ട് തേടിയത് എന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

സിബിഎസ് സി സ്‌കൂളിലെ കുട്ടികളാണ് ഗാനം ആലപിച്ചത്. എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ എന്ന നിലയിലാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ പരിപാടിയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയതിന്റെ യുക്തിയില്‍ സംശയം പ്രകടിപ്പിച്ച മന്ത്രി, ഗണഗീത്തിന് പകരം ദേശീയ ഗാനം പാടിയിരുന്നു എന്ത് ഭംഗിയായേനെ എന്നും പ്രതികരിച്ചു.

വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി ഭരണഘടനാ തത്വങ്ങളുടെയും മതനിരപേക്ഷതയുടെയും നഗ്‌നമായ ലംഘനമാണെന്ന് മന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഈ നീക്കം ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. നമ്മുടെ കുട്ടികളെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമാണ്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചുകടത്തല്‍ തിരിച്ചറിഞ്ഞുകൊണ്ട്, മതനിരപേക്ഷത തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ മുഴുവന്‍ ജനങ്ങളും ശക്തമായി പ്രതിഷേധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

ആര്‍എസ്എസിന്റെ നിയന്ത്രണത്തിവുള്ള എളമക്കരയിലെ ഭാരതീയ വിദ്യാനികേതനിലെ വിദ്യാര്‍ഥികളാണ് ഇന്നലെ നടന്ന എറണാകുളം – ബംഗളൂരു വന്ദേ ഭാരതിന്റെ ആദ്യ സര്‍വീസിനിടെ ഗണഗീതം പാടിയത്. ഇതിന്റെ വിഡിയോ ദക്ഷിണ റെയില്‍വെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വിഷയം സജീവ ചര്‍ച്ചയായത്. കുട്ടികള്‍ സ്വന്തം നിലയിലാണ് ഗാനം അലപിച്ചത് എന്നാണ് സ്‌കൂളുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം.

മന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

മന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി. വെഞ്ഞാറമൂട് വാമനപുരത്ത്‌ വെച്ചാണ് അപകടമുണ്ടായത്‌. അപകടത്തിൽ മന്ത്രിയും ഒപ്പമുണ്ടായിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കാര്‍, മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കവെ എതിരേ വന്ന മന്ത്രിയുടെ കാറില്‍ ഇടിക്കുകയായിരുന്നു.

ഇടിച്ച വാഹനത്തിലെ ഡ്രൈവറെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ വന്ന ജി സ്റ്റീഫന്‍ എംഎല്‍എയുടെ വാഹനത്തില്‍ കയറി മന്ത്രി ബാല​ഗോപാൽ തിരുവനന്തപുരത്തേക്ക് പോയി.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നാളെയും മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല.

ബം​ഗളൂരു- എറണാകുളം വന്ദേഭാരത് ‘സൂപ്പർ ഹിറ്റ്’; മടക്ക യാത്ര ടിക്കറ്റുകൾ തീർന്നത് അതിവേ​ഗം!

ബം​ഗളൂരു- എറണാകുളം വന്ദേഭാരത് ‘സൂപ്പർ ഹിറ്റ്’; മടക്ക യാത്ര ടിക്കറ്റുകൾ തീർന്നത് അതിവേ​ഗം!

ബം​ഗളൂരു: കെഎസ്ആർ ബം​ഗളൂരു- എറണാകുളം വന്ദേഭാരത് റിസർവേഷൻ തുടങ്ങി. അതിവേ​ഗം ടിക്കറ്റുകളും വിറ്റു തീർന്നു. എറണാകുളത്തു നിന്നുള്ള മടക്ക യാത്ര ടിക്കറ്റുകളാണ് അതിവേ​ഗം തീർന്നത്. ഇരു വശത്തേക്കുമുള്ള ടിക്കറ്റ് നിരക്കിൽ വ്യത്യാസമുണ്ട്. ബം​ഗളൂരുവിൽ നിന്നു എറണാകുളം വരെ ചെയർകാറിൽ (സിസി) ഭക്ഷണം ഉൾപ്പെടെ 1655 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ (ഇസി) 3015 രൂപയുമാണ് നിരക്ക്.

ഈ മാസം 11 മുതലാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. മടക്ക സർവീസിന്റെ ടിക്കറ്റുകളാണ് അതിവേ​ഗം വിറ്റു തീർന്നത്. 8 കോച്ചുകളുള്ള ട്രെയിനിൽ 7 ചെയർ കാറുകൾ. ഒരു എക്സിക്യൂട്ടീവ് ചെയർകാർ എന്നിവയിലാണ് 600 പേർക്ക് യാത്ര ചെയ്യാം. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.

ചെയർകാറിൽ അടിസ്ഥാന നിരക്കായി 1144 രൂപയ്ക്കൊപ്പം 40 രൂപ റിസർവേഷൻ, 45 രൂപ സൂപ്പർ ഫാസ്റ്റ്, 62 രൂപ ജിഎസ്ടി, 364 രൂപ കേറ്ററിങ് നിരക്ക് എന്നിവ കൂടി നൽകണം. ഇസിയിൽ കാറ്ററിങ് നിരക്ക് 419 രൂപയാണ്. ഭക്ഷണം വേണ്ടാത്തവർക്ക് കേറ്ററിങ് നിരക്കിൽ ഇളവ് ലഭിക്കും.

എറണാകുളം ജങ്ഷൻ- കെഎസ്ആർ ബം​ഗളൂരു വന്ദേഭാരതിന്റെ ചെയർകാറിൽ 1615 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2980 രൂപയുമാണ് നിരക്ക്. കാറ്ററിങ് ചാർജ് യഥാക്രമം 323 രൂപയും 384 രൂപയുമാണ്.

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം: സംസ്‌കൃത വകുപ്പ് മേധാവിക്കെതിരെ കേസ്

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം: സംസ്‌കൃത വകുപ്പ് മേധാവിക്കെതിരെ കേസ്

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപത്തില്‍ പൊലീസ് കേസെടുത്തു. കാര്യവട്ടം ക്യാമ്പസിലെ സംസ്‌കൃതം വിഭാഗം മേധാവി ഡോ. സി എന്‍ വിജയകുമാരിക്കെതിരെയാണ് ശ്രീകാര്യം പൊലീസ് കേസെടുത്തത്. ഗവേഷക വിദ്യാര്‍ത്ഥി വിപിന്‍ വിജയന്റെ പരാതിയിലാണ് കേസ്.

എസ് സി – എസ് എസ് ടി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അധ്യാപിക ജാതി പറഞ്ഞ് ആക്ഷേപിക്കുകയും തീസസില്‍ ഒപ്പിടുകയും ചെയ്തില്ലെന്നാണ് വിദ്യാര്‍ത്ഥിയുടെ പരാതി. സംസ്‌കൃത വിഭാഗം മേധാവി ഗവേഷണ പ്രബന്ധം തടഞ്ഞത് വ്യക്തി വിരോധം കൊണ്ടാണെന്നുമായിരുന്നു ആക്ഷേപം.

കേരള സര്‍വകലാശാല ഓറിയന്റല്‍ സ്റ്റഡീസ് വിഭാഗം ഡീനാണ് ഡോ.സി എന്‍ വിജയകുമാരി. ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന് വിഷയത്തില്‍ പ്രാവീണ്യമില്ലെന്ന് സംസ്‌കൃതം വിഭാഗം മേധാവി വിലയിരുത്തിയിരുന്നു. ഒക്ടോബര്‍ അഞ്ചിന് വിപിന്റെ പ്രബന്ധത്തെക്കുറിച്ചുള്ള ഓപ്പണ്‍ ഡിഫന്‍സ് നടന്നിരുന്നു.

എന്നാല്‍ മൂല്യനിര്‍ണയ സമിതി ചെയര്‍മാന്‍ അംഗീകരിച്ച വിപിന്റെ പി എച്ച് ഡി പ്രബന്ധം നിലവാരമില്ലാത്തതാണെന്നും ഗവേഷകന് സംസ്‌കൃതം അറിയില്ലെന്നും കാണിച്ച് ഡീന്‍ ഡോ. സി.എന്‍.വിജയകുമാരി വൈസ് ചാന്‍സലര്‍ക്ക് കത്തു നല്‍കിയിരുന്നു. മൂല്യനിര്‍ണയ കമ്മിറ്റി ചെയര്‍മാന്റെ ശുപാര്‍ശ റദ്ദാക്കണമെന്നാണ് പരാതിയിലുള്ളത്.