by Midhun HP News | Nov 6, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂരില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് മെട്രോ വരില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി . അതിന് പല കാരണങ്ങളുണ്ട്. അത് ഒരു സ്വപ്നമായിട്ടാണ് അവതരിപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ കോഫി ടൈം പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
അങ്ങനെ ഒരു കാര്യം അവതരിപ്പിച്ചതിന് എത്രമാത്രം അവഹേളനമാണ് താന്‍ നേരിട്ടത്. ഇലക്ഷന് മുന്‍പായിരുന്നു അങ്ങനെ ഒരു കാര്യം പറഞ്ഞത്. അത് പറഞ്ഞതിന് പിന്നാലെ അന്നും ജയിച്ചില്ല, രണ്ടാമതും ജയിച്ചില്ല. മൂന്നാം തവണ ജയിച്ചപ്പോള്‍ അത് എവിടെ എന്ന് ചോദിക്കുന്നത് എന്ത് തരമാണെന്നും സുരേഷ് ഗോപി ചോദിച്ചു. ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നത് വ്യക്തികളല്ല, രാഷ്ട്രീയക്കാരാണ്. പാലിയേക്കര വഴി പാലക്കാടേക്കും കോയമ്പത്തൂരേക്കും വരണമെന്നാണ് പറഞ്ഞത്. അതിനാണ് അവഹേളിച്ചത്. ഡല്‍ഹി മെട്രോ ഹരിയാനയിലെത്തി. ഹരിയാനയിലെത്തിയപ്പോഴത് ഡല്‍ഹി മെട്രോ അല്ല, ആര്‍ആര്‍ടി ആയിരുന്നു. ഇപ്പോഴും സ്വപ്നം തന്നെയാണ് ആ പദ്ധതി. കേരള സര്‍ക്കാര്‍ ഡിപിആര്‍ തന്നാല്‍ അത് സാധ്യമാക്കും.ഗുരുവായൂര്‍ പൊന്നാനി ആര്‍ആര്‍ടിഎസിന് തുരങ്കം വച്ചത് വിഘടനവാദികളാണെന്നും സുരേഷ് ഗോപി പറഞ്ഞു.
എയിംസിന്റെ കാര്യത്തിലായാലും അത് സംസ്ഥാനത്തിന് മൊത്തം ഗുണകരമാകുന്ന സ്ഥലത്താവണം നിര്‍മിക്കേണ്ടത്ഇടുക്കിയും ആലപ്പുഴയുമാണ് ഏറ്റവും അടിതെറ്റിക്കിടക്കുന്നത്. എയിംസ് ഇടുക്കിയില്‍ സാധ്യമല്ല. അവിടെ ഭൂമിശാസ്ത്രപരമായി ഒരുപാട് പ്രശ്നങ്ങളുണ്ട്. ആലപ്പുഴയാണ് ഏറ്റവും അനുയോജ്യം എന്നാണ് അന്നും ഇന്നും പറയുന്നത്. ആലപ്പുഴയ്ക്ക് എന്തെങ്കിലും കാരണം കൊണ്ട് അനുവദിക്കുന്നില്ലെങ്കില്‍ പിന്നെ തൃശൂരിന്റെ തണ്ടെല്ല് പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കും. തൃശൂരിന് തന്നെ വേണം.
ഒരു പോരാളിയെ പോലെ നിങ്ങള്‍ക്കൊപ്പം നിന്ന് പോരാടും. 2029 എംയിംസിന്റെ തറക്കല്ലിടാതെ വോട്ട് അഭ്യര്‍ത്ഥിച്ചു വരില്ല. 2029 എംയിംസിന്റെ തറക്കല്ലിടാതെ വോട്ട് അഭ്യര്‍ത്ഥിച്ചു വരില്ല. കോര്പ്പറേഷന് സ്റ്റേഡിയ നവീകരണം സ്വകാര്യ ഏജന്‍സിയെ ഒഴിവാക്കാന്‍ രണ്ടു കോടി മടക്കി നല്‍കാം. 20 പേര് അതിന് തയ്യാറായാല്‍ മതി. അതില്‍ ഒരു വിഹിതം താന്‍ നല്‍കാം. തൃശ്ശൂരുകാര് എംപിയുടെ നേതൃത്വത്തില്‍ ധനശേഖരണം നടത്തും. ബിജെപിയുടെ കൗണ്‍സില്‍ ആണ് എത്തുന്നതെങ്കില്‍ കോര്പ്പറേഷന് സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ അവരുടെ നടുവൊടിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്കിന് പിടി ഉഷ വാഗ്ദാനം ചെയ്ത തുക നഷ്ടപ്പെടുത്തിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. 19 കോടിയാണ് നഷ്ടപ്പെടുത്തിയത്. പിന്നീട് ഈ തുക കൊണ്ടാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയം സിന്തറ്റിക്ക് ട്രാക്ക് ആക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.


by Midhun HP News | Nov 6, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ഡീയസ് ഈറെ എന്ന ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതിനോടകം ചിത്രം 50 കോടി കളക്ഷനാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. റിലീസ് ചെയ്ത് ഏഴാം ദിവസമാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഇതോടെ പ്രണവിന്റെ കരിയറിലെ മൂന്നാമത്തെ 50 കോടി പടമായി മാറി ഡീയസ് ഈറെ.
ഇതിന് മുൻപ് പ്രണവ് നായകനായെത്തിയ ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ചിത്രങ്ങളും 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. എന്നാൽ പ്രണവിന് മുൻപ് ഹാട്രിക് 50 കോടി സ്വന്തമാക്കിയ ഒരാൾ കൂടിയുണ്ട്, സാക്ഷാൽ മോഹൻലാൽ തന്നെ. ഈ വർഷമിറങ്ങിയ മൂന്ന് സിനിമകളും 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയാണ് മോഹൻലാൽ ചരിത്രമെഴുതിയത്.
അതിൽ ഒരു ഇൻഡസ്ട്രിയൽ ഹിറ്റും ഉൾപ്പെടുന്നുണ്ട്. 260 കോടിയോളം നേടി എംപുരാൻ റെക്കോർഡ് ഇട്ടപ്പോൾ തുടരും കേരളത്തിൽ നിന്ന് മാത്രമായി 100 കോടി നേടി ഇൻഡസ്ട്രിയിൽ മറ്റൊരു ചരിത്രം സൃഷ്ടിച്ചു. ഈ രണ്ട് സിനിമകളുടെയും വിജയം ഹൃദയപൂർവത്തിലൂടെയും മോഹൻലാൽ ആവർത്തിച്ചു. വെറുമൊരു ഫാമിലി സിനിമയിലൂടെ മാത്രം 75 കോടിയാണ് മോഹൻലാൽ സ്വന്തമാക്കിയത്. ഇപ്പോഴിതാ അച്ഛന് പിന്നാലെ മകനും കൂടി ഈ വിജയം സ്വന്തമാക്കിയതോടെ ആരാധകരും ആവേശത്തിമർപ്പിലാണ്. വർഷത്തിൽ ഒരു സിനിമ മാത്രം കമ്മിറ്റ് ചെയ്യുന്ന പ്രണവ് ഓരോ തവണയും സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം, ഡീയസ് ഈറേ ആദ്യ ദിനം 5 കോടിക്ക് അടുത്ത് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.
സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 4.50 കോടി കളക്ഷൻ സിനിമ ഇന്ത്യയിൽ നിന്ന് നേടിയിട്ടുണ്ട്. പ്രീമിയർ ഷോകളിൽ നിന്ന് മാത്രം സിനിമയ്ക്ക് 80 ലക്ഷത്തിലധികം നേടാനായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ പ്രണവിന്റെ പ്രകടനത്തിന് നിറയെ കയ്യടികളാണ് ലഭിക്കുന്നത്. ഭ്രമയുഗം എന്ന സൂപ്പർ ഹിറ്റിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഡീയസ് ഈറെ.


by Midhun HP News | Nov 6, 2025 | Latest News, ദേശീയ വാർത്ത
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് വിരാമം. സൂപ്പർ സ്റ്റാറുകളായ രജനികാന്തും കമൽ ഹാസനും ഒന്നിച്ചുള്ള ഒരു ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി ഏറെ നാളുകളായി പ്രേക്ഷകർ കാത്തിക്കാൻ തുടങ്ങിയിട്ട്. രജനികാന്ത് നായകനായെത്തുന്ന പുതിയ സിനിമയുടെ നിർമാതാവാണ് കമൽ ഹാസൻ. “തലൈവർ 173” എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ സി ആണ്.
രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസൻ നിർമ്മിക്കുന്ന ഈ ചിത്രം 2027 പൊങ്കൽ റിലീസ് ആയാണ് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ 44 ആം വർഷം ആഘോഷിക്കുന്ന വേളയിലാണ് ഈ രജനികാന്ത്- കമൽ ഹാസൻ- സുന്ദർ സി ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.
അഞ്ചു പതിറ്റാണ്ടുകളായി തുടരുന്ന രജനികാന്ത്- കമൽ ഹാസൻ സുഹൃത് ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും നേർകാഴ്ച്ചയാണ് ഈ പ്രൊജക്റ്റ്. തമിഴിലെ നാഴികക്കല്ലായി മാറിയേക്കാവുന്ന ഈ ചിത്രം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. ഇപ്പോൾ നെൽസൺ ഒരുക്കുന്ന ജയിലർ 2 ൽ അഭിനയിക്കുന്ന രജനികാന്ത്, അതിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരിക്കും “തലൈവർ 173″ൽ ജോയിൻ ചെയ്യുക. ഇത് ആദ്യമായാണ് കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ രജനികാന്ത് നായകനായി എത്തുന്നത്. അരമനൈ സിനിമാറ്റിക് യൂണിവേഴ്സ് വഴി ഏറെ ജനപ്രീതി നേടിയ സുന്ദർ സി, നാല്പതോളം ചിത്രങ്ങളാണ് തമിഴിൽ ഒരുക്കിയിട്ടുള്ളത്.
കമൽ ഹാസൻ നായകനായ ‘അൻപേ ശിവം’ എന്ന ചിത്രവും സുന്ദർ സി ക്ക് വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. നടനും ഗായകനും കൂടിയായ സുന്ദർ സിയുടെ അടുത്ത റിലീസ് നയൻതാര നായികയായ ‘മൂക്കുത്തി അമ്മൻ 2’ ആണ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.


by Midhun HP News | Nov 6, 2025 | Latest News, ജില്ലാ വാർത്ത
ട്രെയിനില്‍ നിന്ന് അക്രമി ചവിട്ടിതള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍. ശ്രീക്കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളാകാത്തതിനാല്‍ ഡോക്ടര്‍മാര്‍ പ്രതീക്ഷയിലാണ്. രണ്ടു ദിവസം ഈ സ്ഥിതി തുടര്‍ന്നാല്‍ പതിയെ മെച്ചപ്പെടുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ ഐ.സി.യുവില്‍ വെന്റിലേറ്ററിലാണ് ശ്രീക്കുട്ടി ഉള്ളത്.
അബോധാവസ്ഥയിലാണെങ്കിലും ഇടയ്ക്ക് കൈകാലുകള്‍ അനക്കാന്‍ ശ്രമിച്ചു. ഇന്നലെ രാവിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കിരണിന്റെ നേതൃത്വത്തില്‍ സര്‍ജറി, ന്യൂറോ മെഡിസിന്, ന്യൂറോ സര്‍ജറി, ക്രിട്ടിക്കല്‍ കെയര്‍, ഇ.എന്‍.ടി,ഓര്‍ത്തോ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ശ്രീക്കുട്ടിയുടെ ആരോഗ്യനില വിലയിരുത്തി. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറ് ഇളകി മറിഞ്ഞുള്ള ആക്സോണല്‍ ഇന്‍ജുറിയുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.


by Midhun HP News | Nov 6, 2025 | Latest News, കേരളം
കേരള പബ്ലിക് സർവീസ് കമ്മീഷൻ നിരവധി ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. റിസർച്ച് ഓഫീസർ,എക്സിക്യുട്ടീവ് ഓഫീസര്‍ / അഡീഷണല്‍ ഡിസ്ട്രിക്ട് എക്സിക്യുട്ടീവ് ഓഫീസര്‍,ഫിഷറീസ് ഓഫീസര്‍ എന്നി തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 3. ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ റിസർച്ച് ഓഫീസർ തസ്തികയിലാണ് നിയമനം നടത്തുന്നത്. 51,400 മുതൽ 1,10,300 രൂപ വരെ ശമ്പളം ലഭിക്കും. പ്രായപരിധി 20-36 വയസ് വരെ. പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും.
യു.ജി.സി അംഗീകൃത സര്‍വകലാശാലയിൽ നിന്നോ കേന്ദ്രസര്‍ക്കാര്‍ സ്ഥാപിത നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നോ കേരള സര്‍ക്കാര്‍ സ്ഥാപിത ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നോ ലഭിച്ച ഇക്കണോമിക്സിലോ സ്റ്റാറ്റിസ്റ്റിക്സിലോ മാത്തമറ്റിക്സിലോ കൊമേഴ്സിലോ ഉള്ള ബിരുദാനന്തര ബിരുദം.
മാത്തമറ്റിക്സ് വിഷയമാണെങ്കില്‍ കുറഞ്ഞത് ബിരുദതലത്തിലെങ്കിലും സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. കൊമേഴ്സ് ആണെങ്കില്‍ കുറഞ്ഞത് ബിരുദതലത്തിലെങ്കിലും സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ ബിസിനസ് സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ അരിത്തമെറ്റിക് സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. (ജനറല്‍ റിക്രൂട്ട്മെന്റ് – സംസ്ഥാനതലം കാറ്റഗറി നമ്പര്‍ :414/2025)
കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിൽ ഡിസ്ട്രിക്ട് എക്സിക്യുട്ടീവ് ഓഫീസര്‍ / അഡീഷണല്‍ ഡിസ്ട്രിക്ട് എക്സിക്യുട്ടീവ് ഓഫീസര്‍ തസ്തികയിൽ നിയമനം നടത്തുന്നു. രണ്ട് ഒഴിവുകൾ ആണ് ഉള്ളത്. 50,200 – 1,05,300 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായ പരിധി 18-41 വയസാണ്. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1984-നും 01.01.2007 നുമിടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ) മറ്റു പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പട്ടികജാതി / പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും.
യോഗ്യതകള്‍:- (I) ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ച ബി.എ./ബി.എസ്.സി./ബി.കോം. ബിരുദം അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത.
(II) എം.എസ്.ഡബ്ല്യു. / എം.എ. (സോഷ്യോളജി) / തൊഴില്‍ നിയമത്തില്‍ സ്പെഷ്യലൈസേഷനോടു കൂടിയ എല്‍.എല്‍.ബി. ബിരുദം.
(കാറ്റഗറി നമ്പര്‍ : 415/2025)
ഫിഷറീസ് വകുപ്പിൽ ഫിഷറീസ് ഓഫീസര്‍ തസ്തികയിൽ നിയമനം നടത്തുന്നു. 35,600 – 75,400 രൂപ വരെ ശമ്പളമായി ലഭിക്കും. ഒഴിവുകളുടെ എണ്ണം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രായപരിധി 18-36 വയസ് വരെ. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1989-നും 01.01.2007-നും ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നാക്ക സമുദായത്തില്‍പ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.
യോഗ്യതകള്‍: ഫിഷറീസ് സയൻസ് /ബി.എഫ്.എസ്.സി നോട്ടിക്കൽ സയൻസ് / ഇൻഡസ്ട്രിയൽ ഫിഷറീസ്/ മാരികൾച്ചർ / മറൈൻ ബയോളജി /കോസ്റ്റൽ അക്വാകൾച്ചർ /അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് /അക്വാകൾച്ചർ /അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി/ കാപ്ച്ചർ ആൻഡ് കൾച്ചർ ഫിഷറീസ്/ അക്വാകൾച്ചർ ആൻഡ് ഫിഷറി ബയോളജി/ അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ /ഫിഷ് പ്രോസസ്സിങ് ടെക്നോളജി ആൻഡ് അക്വാകൾച്ചർ /അക്വാകൾച്ചർ എൻജിനീയറിങ് /സൂവോളജി എന്നിവയിലേതെങ്കിലും ഒരു വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
അല്ലെങ്കിൽ ഫിഷറീസ് സയൻസ് / ഇൻഡസ്ട്രിയൽ ഫിഷറീസ്/ മാരികൾച്ചർ / മറൈൻ ബയോളജി /കോസ്റ്റൽ അക്വാകൾച്ചർ /അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് /അക്വാകൾച്ചർ /അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി/ കാപ്ച്ചർ ആൻഡ് കൾച്ചർ ഫിഷറീസ്/ അക്വാകൾച്ചർ ആൻഡ് ഫിഷറി ബയോളജി/ അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ /ഫിഷ് പ്രോസസ്സിങ് ടെക്നോളജി ആൻഡ് അക്വാകൾച്ചർ /അക്വാകൾച്ചർ എൻജിനീയറിങ് /സൂവോളജി എന്നിവയിലേതെങ്കിലും ഒരു വിഷയത്തിൽ ഒരു അംഗീകൃത സർവകലാശയിൽ നിന്നുള്ള ബിരുദാന്തര ബിരുദം.
(കാറ്റഗറി നമ്പര്‍ : 416/2025)
Recent Comments