by Midhun HP News | Dec 17, 2025 | Latest News
തിരുവനന്തപുരം: സാങ്കേതിക സര്വകലാശാല വൈസ് ചാന്സലറായി ഡോ. സിസ തോമസ് ചുമതലയേറ്റു. താല്ക്കാലിക വിസി ഡോ. കെ ശിവപ്രസാദില് നിന്നാണ് ചുമതല ഏറ്റെടുത്തത്. ഇപ്പോള് കിട്ടിയ സ്വീകരണത്തില് സന്തോഷം. പഴയതൊന്നും ഓര്ക്കേണ്ടതില്ല. സര്ക്കാരുമായി സഹകരിച്ചു പ്രവര്ത്തിക്കുമെന്ന് സിസ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോള് സ്വീകരണം ലഭിച്ച് ചുമതലയേല്ക്കാന് കഴിഞ്ഞതില് വലിയ സന്തോഷം തോന്നുന്നു. കഴിഞ്ഞതെല്ലാം കഴിഞ്ഞു. പഴയ കാര്യം ഇനി ചികഞ്ഞെടുക്കേണ്ട കാര്യമുണ്ടോ ?. എന്തെങ്കിലും അപാകതകള് സംഭവിച്ചിട്ടുണ്ടെങ്കില് മുന്നോട്ടുള്ള പോക്കില് അത് തിരുത്തി പോകാനുള്ള ശ്രമം നടത്തും. ഇത് എല്ലാവരുടേയും കൂടിയുള്ള സ്ഥാപനമാണ്. എന്തിനാണ് ഇതിനെ വ്യക്തിപരമായി കാണുന്നതെന്ന് ഡോ. സിസ തോമസ് ചോദിച്ചു.
ഇവിടെ സിസ തോമസ് എന്ന വ്യക്തി ഒന്നുമല്ല. അങ്ങനെയല്ല കാണേണ്ടത്. ഇത് സ്ഥാപനം എന്ന നിലയില് മനുഷ്യര്ക്കെല്ലാമുള്ള ഒന്നായി കണ്ടു മുന്നോട്ടു പോകാം. സര്ക്കാരില് നിന്നും പ്രശ്നങ്ങള് വരാന് സാധ്യതയില്ല. തനിക്കെതിരെ മിനിറ്റ്സ് മോഷ്ടിച്ചു എന്ന് വരെ ആരോപണം വന്നു. മിനിറ്റ്സ് ഒന്നും താന് എടുത്തോണ്ട് പോയിട്ടില്ല. അത്തരം പ്രസ്താവനകളില് വിഷമം തോന്നുന്നു. എന്തിനാണ് മോഷ്ടാവായി ചിത്രീകരിക്കുന്നത് എന്നും ഡോ. സിസ തോമസ് ചോദിച്ചു.
കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ കഴിഞ്ഞ ദിവസമാണ് ഗവർണറും സർക്കാരും സമവായത്തില് എത്തിയത്. ഉത്തരവ് പുറത്തിറങ്ങി 12 മണിക്കൂറിനകം ഡോ. സിസ തോമസ് ചുമതലയേറ്റെടുത്തു. ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. സജി ഗോപിനാഥനെ നിയമിക്കാനും തീരുമാനം ആയിട്ടുണ്ട്. അദ്ദേഹം രണ്ടു ദിവസത്തിനകം ചുമതലയേറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. നാലു വർഷത്തേക്കാണ് ഇരുവരുടേയും നിയമനം. വിസി നിയമന കാര്യം സുപ്രീം കോടതിയെ ധരിപ്പിക്കും. വ്യാഴാഴ്ചയാണ് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുന്നത്.



by Midhun HP News | Dec 17, 2025 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
മുംബൈ: അര്ജന്റെന് ഫുട്ബോള് ഇതിഹാസം ലയണല് മെസിയുടെ ഇന്ത്യ സന്ദര്ശനം ആരാധകര്ക്ക് സന്തോഷ നിമിഷങ്ങളാണ് സമ്മാനിച്ചത്. ഗോട്ട് ടൂര് 2025 എന്ന പേരില് മൂന്നു ദിവസത്തെ പര്യടനത്തിനു പിന്നാലെ ഇന്ത്യന് ആരാധകര്ക്ക് മെസ്സി നന്ദിയും അറിയിച്ചു.
എന്നാല് സന്ദര്ശനവേളയില് മെസിക്ക് മുകേഷ് അംബാനിയുടെ മകന് അനന്ത് അംബാനി നല്കിയ സമ്മാനത്തെ കുറിച്ചാണ് സോഷ്യമീഡിയയിലെ ചര്ച്ച. 10.91 കോടി രൂപ വില വരുന്നൊരു അത്യാഡംബര വാച്ചാണ് അനന്ത് അംബാനി, മെസിക്ക് സമ്മാനിച്ചതെന്നാണ് റിപ്പോര്ട്ടുകള്.
റിച്ചാര്ഡ് മില്ലെയുടെ ആര്എം 003-വി2(Richard Mille RM 003V2) എന്ന മോഡലാണ് അനന്ത് അംബാനി സമ്മാനിച്ചത്. ഇതൊരു ലിമിറ്റഡ് എഡിഷന് മോഡലാണ്. ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ ‘വന്താര’യിലെ മെസിയുടെ ചിത്രങ്ങളില് അദ്ദേഹത്തിന്റെ കൈകളില് ഈ വാച്ചുണ്ട്. ലോകത്ത് റിച്ചാര്ഡ് മില്ലെ പുറത്തിറക്കിയ 12 പീസ് വാച്ചുകളില് ഒന്നാണിത്. ഇതിന് ഒരു കറുത്ത കാര്ബണ് കേസും ഒരു ഓപ്പണ്-സ്റ്റൈല് ഡയലും ഉണ്ട്.
മെസിക്കൊപ്പമുള്ള ചിത്രത്തില് അനന്ത് അംബാനി ധരിച്ചത് അപൂര്വമായ മറ്റൊരു വാച്ചാണ്. റിച്ചാര്ഡ് മില്ലെ ആര്എം 056 സഫയര് ടൂര്ബില്ലണ് ആയിരുന്നു അത്. ഇതും അപൂര്വം ചിലരുടെ കൈവശമുള്ള വാച്ചാണിത്. ഏകദേശം 5 മില്യണ് യുഎസ് ഡോളര് അതായത് ഏകദേശം 45.59 കോടി രൂപ വിലവരും.



by Midhun HP News | Dec 17, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്ട്ടിന് ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവര്ക്കെതിരെ നിയമനടപടി സ്വീകരിക്കാന് പൊലീസ്. അതിജീവിതയുടെ പേരടക്കം വെളിപ്പെടുത്തുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോ പ്രചരിപ്പിക്കുന്നവര്ക്കെതിരെ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പൊലീസ് നീക്കം.
കേസില് വിധി വന്നതിന് ശേഷമാണ് ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്. കേസിന്റെ വിചാരണ കാലയളവില് മാര്ട്ടിന് ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഈ വിഡിയോ ചിത്രീകരിച്ചത്. വിചാരണ കോടതി തള്ളിയ വാദങ്ങളാണ് ഈ വിഡിയോയുടെ ഉള്ളടക്കം. കേസില് താന് നല്കിയ മൊഴിയിലും ഇതേ കാര്യങ്ങള് പറഞ്ഞിരുന്നുവെന്നാണ് മാര്ട്ടിന് വിഡിയോയില് പറയുന്നത്. ഇതില് അതിജീവിതയുടെ പേരും വെളിപ്പെടുത്തുന്നുണ്ട്.
കേസില് അറസ്റ്റിലായ രണ്ടാം പ്രതി മാര്ട്ടിന് സുപ്രീംകോടതി ജാമ്യം നല്കിയിരുന്നു. മറ്റൊരു ഗൂഢാലോചന വാദമാണ് മാര്ട്ടിന് ഇതില് പറയുന്നത്. കേസിലെ ഒന്നാം പ്രതി പള്സര് സുനി ഉള്പ്പെടെ മറ്റ് പലരുമായും ചേര്ന്ന് എട്ടാം പ്രതിയും വിചാരണ കോടതി കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനെതിരെ നടത്തിയ ഗൂഢാലോചനയെന്നാണ് മാര്ട്ടിന് വിഡിയോയില് പറയുന്നത്.
കേസില് മാര്ട്ടിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വര്ഷം കഠിന തടവിന് വിധിച്ചിരുന്നു. പ്രമുഖരടക്കം പലരും വിഡിയോ പ്രചരിപ്പിക്കുന്നതായി പൊലീസ് കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ കേസ് രജിസ്റ്റര് ചെയ്തേക്കും.



by Midhun HP News | Dec 17, 2025 | Latest News, ദേശീയ വാർത്ത
ഡല്ഹി: വിവാദമായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബില് ( VB-G RAM G Bill ) ഇന്നു തന്നെ പാര്ലമെന്റില് പാസ്സാക്കാന് നീക്കം. ബില് സ്റ്റാന്ഡിങ്ങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കറുടെ അധ്യക്ഷതയില് നടന്ന യോഗത്തില് സര്ക്കാര് തള്ളി. പുതിയ ആണവോര്ജ ബില്ലിനു (ശാന്തി ബില്) ശേഷം തൊഴിലുറപ്പ് പദ്ധതി ബില് പാര്ലമെന്റില് പരിഗണിച്ച് പാസ്സാക്കിയെടുക്കാനാണ് നീക്കം.
പുതിയ ബില്ലില് എന്ഡിഎ സഖ്യകക്ഷിയായ ടിഡിപിയും ജെഡിയുവും ആശങ്ക അറിയിച്ചതായാണ് റിപ്പോര്ട്ട്. ബില് പാര്ലമെന്റിന്റെ സ്റ്റാന്ഡിങ് കമ്മിറ്റിക്ക് വിടണമെന്നാണ് ടിഡിപി ആവശ്യപ്പെടുന്നത്. ബില്ലിനെ എതിര്ക്കുമെന്ന് അകാലിദളും അറിയിച്ചിട്ടുണ്ട്. ബില്ലിനെതിരെ പാര്ലമെന്റിലെ പ്രതിഷേധത്തിന് രൂപം നല്കാന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്ജുന് ഖാര്ഗെയുടെ അധ്യക്ഷതയില് ഇന്ത്യ സഖ്യ നേതാക്കള് രാവിലെ യോഗം ചേര്ന്നിരുന്നു.
വിവാദ ബില്ലില് ഭേദഗതികള് നിര്ദേശിക്കാന് പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. വികസിത് ഭാരത് ഗ്യാരന്റി ഫോര് റോസ്ഗാര് ആന്റ് അജീവിക മിഷന് ( ഗ്രാമീണ്) (വിബിജി റാം ജി) ബില് 2025 എന്ന പേരിലുള്ള ബില് ഇന്നലെയാണ് കേന്ദ്ര ഗ്രാമവികസനമന്ത്രി ശിവരാജ് സിങ് ചൗഹാന് പാര്ലമെന്റില് അവതരിപ്പിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദു ചെയ്താണ് പുതിയ നിയമം കൊണ്ടു വരാനുള്ള ബില് കേന്ദ്രസര്ക്കാര് അവതരിപ്പിച്ചത്.
ഗാന്ധിജിയുടെ പേര് ഒഴിവാക്കി അവതരിപ്പിച്ച ബില്ലിനെതിെര വൻ പ്രതിഷേധമാണ് ലോക്സഭയിൽ ഇന്നലെ നടന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം ഉയർത്തിക്കാണിച്ചായിരുന്നു പ്രതിഷേധം. ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യ സങ്കല്പം പ്രാവര്ത്തികമാക്കാന് ശ്രമിക്കുന്ന സര്ക്കാരാണിതെന്നും മഹാത്മാഗാന്ധി ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിലാണെന്നും കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന് പ്രതിഷേധത്തിന് മറുപടിയായി പറഞ്ഞു. എംപിമാർക്ക് വിതരണം ചെയ്ത കരടുപ്രകാരം, തൊഴിൽ ദിനങ്ങൾ പ്രതിവർഷം 100ൽ നിന്നു കുറഞ്ഞതു 125 ദിവസമാകും. ബിൽ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്റെ 40% ഇനി സംസ്ഥാനം വഹിക്കേണ്ടി വരുമെന്നും വ്യവസ്ഥ ചെയ്യുന്നു.



by Midhun HP News | Dec 17, 2025 | Latest News, ദേശീയ വാർത്ത
ഡല്ഹി: ജീവനക്കാര്ക്ക് അവരുടെ പിഎഫ് തുക എടിഎം, യുപിഐ എന്നിവ വഴി പിന്വലിക്കാന് കഴിയുന്ന ഫീച്ചര് ഉടന് തന്നെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് യാഥാര്ഥ്യമാക്കുമെന്ന് കേന്ദ്ര തൊഴില് മന്ത്രി മന്സുഖ് മാണ്ഡവ്യ. നിലവില് ഇപിഎഫ് തുകയുടെ 75 ശതമാനം ഉടനടി പിന്വലിക്കാന് സാധിക്കും. ഇത്തരത്തില് പിഎഫ് തുക എടിഎം വഴി പിന്വലിക്കുന്നത് മാര്ച്ചിന് മുന്പ് യാഥാര്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പിഎഫ് തുക പിന്വലിക്കലുകളെ യുപിഐയുമായി ബന്ധിപ്പിക്കുമെന്നും മാണ്ഡവ്യ കൂട്ടിച്ചേര്ത്തു. നിലവില് ഇപിഎഫ് വരിക്കാര്ക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ട് തുക പിന്വലിക്കാന് നിരവധി ഫോമുകള് ഫയല് ചെയ്യേണ്ട സ്ഥിതിയാണ്. നിലവിലെ ഇപിഎഫ് പിന്വലിക്കല് നടപടിക്രമം എളുപ്പമാക്കുമെന്നും മാണ്ഡവ്യ കൂട്ടിച്ചേര്ത്തു.
ഇപിഎഫില് കിടക്കുന്ന പണം വരിക്കാരുടേതാണ്. എന്നാല് നിലവില് പിന്വലിക്കലുകള്ക്ക് വ്യത്യസ്ത ഫോമുകള് വഴി അപേക്ഷിക്കേണ്ടതുണ്ട്. ഇത് പല അംഗങ്ങള്ക്കും ഒരു ബുദ്ധിമുട്ടായി മാറുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള് കണക്കിലെടുത്ത് മന്ത്രാലയം ഇപിഎഫ് പിന്വലിക്കലുകള് എളുപ്പമാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇത് പരിഹരിക്കുന്നതിനായി ഇപിഎഫ്ഒ 13 പിന്വലിക്കല് വിഭാഗങ്ങളെ ലളിതമായ ഒരു ഘടനയിലേക്ക് ലയിപ്പിച്ചു. ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്, ജീവനക്കാരന്റെ സ്വന്തം വിഹിതവും പലിശയ്ക്കും പുറമേ, തൊഴിലുടമയുടെ വിഹിതവും ഉള്പ്പെടുത്തി പിന്വലിക്കാവുന്ന തുക വിപുലീകരിച്ചു എന്നതാണ്. നേരത്തെ, പിന്വലിക്കലുകള് പ്രധാനമായും ജീവനക്കാരന്റെ വിഹിതം മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. വിവിധ കാരണങ്ങളുടെ അടിസ്ഥാനത്തില് പിന്വലിക്കുന്നതിനുള്ള പരിധി 50 ശതമാനം മുതല് 100 ശതമാനം വരെയായാണ് നിശ്ചയിച്ചിരുന്നത്.



Recent Comments