by Midhun HP News | Oct 31, 2025 | Latest News, കേരളം
കോട്ടയം: വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒറ്റപ്പാലം സ്വദേശിയായ അമല്‍ സൂരജാണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം.
ഇന്ന് പുലര്‍ച്ചെ നാട്ടുകാരാണ് കാര്‍ കനാലില്‍ മറിഞ്ഞു കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈക്കം അഗ്‌നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ആദ്യം മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിരുന്നില്ല. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഒറ്റപ്പാലം സ്വദേശിയായ അമല്‍ സൂരജാണെന്ന് വ്യക്തമായത്.


by Midhun HP News | Oct 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനിടെ എസ്ഐആര്‍ നടത്തിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട്. ഇന്ന് എസ്ഐആറിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് ഇന്നലെ തുടക്കം കുറിച്ചിരുന്നു. രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് എസ്‌ഐആറിന് തുടക്കം കുറിച്ചത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആദ്യ എന്യൂമറേഷന്‍ ഫോം ഗവര്‍ണര്‍ക്ക് നല്‍കിയാണ് എസ്ഐആറിന് തുടക്കം കുറിച്ചത്. യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. വേഗത്തിലുള്ളതും പിശകുകളില്ലാത്തതുമായ പുനരവലോകനത്തിനായി ജനങ്ങളോട് സഹകരിക്കാനും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ശക്തമായി എസ്‌ഐആര്‍ എതിര്‍ക്കുന്നതിനിടയാണ് എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. എസ്ഐആറുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെയാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പട്ടിക വിതരണം ചെയ്യുക. ബിഎല്‍ഒമാര്‍ വിതരണം ചെയ്യുന്ന ഫോം വോട്ടര്‍മാര്‍ 2003 ലെ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്ത് പേരുകള്‍ ഉണ്ടോയെന്ന് ഉറപ്പാക്കണം. പേരുകള്‍ ഉണ്ടെങ്കില്‍ വോട്ടര്‍മാര്‍ മറ്റ് രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ല. ഡിസംബര്‍ ഒമ്പതിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി 8 വരെയാകും തിരുത്തലിനുള്ള സമയം. ഫെബ്രുവരി 7 നാകും അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക.


by Midhun HP News | Oct 30, 2025 | Latest News, കേരളം
ആറ്റിങ്ങൽ : ആറ്റിങ്ങലിൽ ഹരിതകർമ സേനാംഗങ്ങളെ ആക്രമിച്ചു വസ്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ചിറയിൻകീഴ് ശാർക്കര റെയിൽവേ ഗേറ്റിന് സമീപം മണ്ണാർക്കുടിയിൽ രാജു (65) വിനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 30ന് രാവിലെ 9 മണിയോടെ ആറ്റിങ്ങൽ പാലസ് റോഡിൽ ഒരു ജുവല്ലറിക്ക് സമീപം ഹരിതകർമ സേനാംഗങ്ങൾ ചാക്കിൽ സൂക്ഷിച്ചു വച്ചിരുന്ന വസ്തുക്കൾ തട്ടിയെടുക്കാൻ നോക്കവേ തടയാൻ ശ്രമിച്ച ഹരിതകർമ സേനാംഗങ്ങളായ യുവതികളെ പ്രതി ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ പരാതിപ്പെടുകയും ഉടൻ തന്നെ ആറ്റിങ്ങൽ എസ് എച്ച് ഒ അജയൻ ജെ യുടെ നിർദേശപ്രകാരം എസ്.ഐമാരായ ജിഷ്ണു എം എസ്, സിതാര മോഹൻ, സലിം എ, എ എസ് ഐ ശ്യം ലാൽ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്‌തു കോടതിയിൽ ഹാജരാക്കി, കോടതി പ്രതിയെ റിമാൻഡ് ചെയ്തു
by Midhun HP News | Oct 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി – അരീക്കൽ ആയൂർ വേദ ആശുപത്രി ഒരുക്കുന്ന ഏഴാമത് പ്രേംനസീർ സംസ്ഥാന പത്ര -ദൃശ്യമാധ്യമ പുരസ്ക്കാരങ്ങൾ കേരള പിറവി ദിനമായ നവംബർ ഒന്നിന് വൈകിട്ട് 6 ന് തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റീസ് ബി. കെമാൽ പാഷ സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അറിയിച്ചു.
ജൂറി ചെയർമാനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ: പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഡോ: സ്മിത് കുമാർ, ജയിൽഉപദേശക സമിതി മെമ്പറും മുൻ ജയിൽ ഡി.ഐ.ജി.യുമായ എസ്. സന്തോഷ്, ആകാശവാണി മുൻ ഡയറക്ടർ രാധാകൃഷ്ണൻ, മാധ്യമപ്രവർത്തക ബീന രഞ്ജിനി, മുതിർന്ന മാധ്യമപ്രവർത്തകരായ പ്രേംചന്ദ്, കലാപ്രേമി ബഷീർ, ദൂരദർശൻ വാർത്താ അവതാരക ഹേമലത, പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ: വിജയ് മോഹൻ, ഗായകൻ ജി. വേണുഗോപാൽ, പ്രൊഫ: അലിയാർ, പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം, എം.എച്ച്. സുലൈമാൻ എന്നിവർ സംബന്ധിക്കും.
ഡോ: വാഴമുട്ടം ചന്ദ്രബാബുവിൻ്റെ കേരള പിറവി സംഗീതാർച്ചന, പ്രേംസിംഗേഴ്സിൻ്റെ ഗാനസന്ധ്യ, ഷംനാദ് ഭാരത് നയിക്കുന്ന ഭാരത് വോയ്സ് മ്യൂസിക്കൽ സംഗീത നിശ എന്നിവയും ഉണ്ടാകും.


by Midhun HP News | Oct 30, 2025 | Latest News, ജില്ലാ വാർത്ത
ഇനി മുതൽ നമ്മുടെ ഫോണുകളിലേക്കെത്തുന്ന കോളുകളുടെ നമ്പർ മാത്രമല്ല ഒപ്പം പേരുകളും പ്രത്യക്ഷപ്പെടും. കോളർ ഐഡി സംവിധാനം ലഭ്യമാക്കുന്നതിനായി ടെലിക്കോം വകുപ്പ് നൽകിയ നിർദ്ദേശത്തിന് ട്രായ് അംഗീകാരം നൽകി. കോളർ നെയിം പ്രസന്റേഷൻ(സിഎൻഎപി) എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം അടുത്ത വർഷം മാർച്ച് മാസത്തോടെ രാജ്യത്ത് നടപ്പാക്കാൻ ടെലികോം സേവനദാതാക്കൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.
ഫീച്ചർ നിലവിൽ വരുന്നതോടെ പരിചയമില്ലാത്ത നമ്പറുകളുടെ ഒപ്പം പേരുകളും തെളിഞ്ഞ് വരും. ട്രൂ കോളർ പോലുള്ള തേർഡ് പാർട്ടി അപ്പുകളാണ് നമ്മൾ ഇപ്പോൾ പേരുകൾ കണ്ടെത്താനായി ഉപയോഗിക്കുന്നത്. എന്നാൽ പുതിയ സേവനം നിലവിൽ വരുന്നതോടെ അപരിചതമായ നമ്പറുകൾ അറ്റൻഡ് ചെയ്യണോ വേണ്ടയോ എന്ന് എളുപ്പത്തിൽ തീരുമാനിക്കാനാകും.
സ്പാം കോളുകൾ, സാമ്പത്തിക തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ തടയാനും ഇത് ഏറെ ഗുണം ചെയ്യും. ഫീച്ചർ ആവശ്യമില്ലാത്തവർക്ക് അത് ഒഴിവാക്കാനുള്ള സംവിധാനവും ഉണ്ടാകും.സിം എടുക്കുമ്പോൾ നൽകിയ കെവൈസി രേഖകളിലെ, സർക്കാർ അംഗീകരിച്ച പേരുകളായിരിക്കും സ്‌ക്രീനിൽ തെളിഞ്ഞ് വരുക. അതിനാൽ തേർഡ് പാർട്ടി അപ്പുകളിലെപോലെ സ്വന്തം ഇഷ്ട്ടപ്രകാരമുള്ള പേരുകൾ നൽകാനാവില്ല. ആദ്യ ഘട്ടത്തിൽ 4G , 5G ഉപയോക്താക്കൾക്കായിരിക്കും ഈ സേവനം ലഭ്യമാവുക. മറ്റ് നെറ്റ് വർക്കുകളിൽ ഇവ നടപ്പിലാകുന്നതിനായുള്ള സാധ്യതകളും പരിശോധിക്കും.


Recent Comments