by Midhun HP News | Jul 27, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയര്‍ന്ന പോസ്റ്റുകള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ്. പ്രധാനമന്ത്രിക്കെതിരെ അപമാനകരവും അധിക്ഷേപകരവുമായ പോസ്റ്റുകളും വിഡിയോകളും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രതിഷേധത്തിനിടെ അപ്ലോഡ് ചെയ്ത നിരവധി പോസ്റ്റുകളിലാണ് പൊലീസ് വിശദീകരണം തേടിയത്. പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഡല്‍ഹി പൊലീസിന്റെ സോഷ്യല്‍ മീഡിയ നിരീക്ഷണ വിഭാഗമാണ് ഇത്തരം പോസ്റ്റുകള്‍ കണ്ടെത്തിയത്. പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പല പോസ്റ്റുകളും ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. ഇത്തരം പോസ്റ്റുകള്‍ പങ്കുവെച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്തതിന് ശേഷം ശക്തമായ നിരീക്ഷണം തുടരാനാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനം. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വ്യാജ (ഡീപ്‌ഫേക്ക്), എഐ-നിര്‍മിത ഉള്ളടക്കങ്ങള്‍ പങ്കുവെച്ചതായി ആരോപിക്കപ്പെടുന്ന ഏകദേശം 450 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെയും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ഈ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ അതത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന്, 36 ദിവസം നീണ്ടുനിന്ന പ്രതിഷേധം ശനിയാഴ്ച സിജെപി പിന്‍വലിച്ചിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് 5 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും, തുടര്‍ന്ന് അവ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അതീവ സുരക്ഷാമേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് എഫ്‌ഐആറാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

by Midhun HP News | Jul 27, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പബ്ലിക് എക്‌സാമിനേഷന്‍സ് ( പ്രിവെന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) അമെന്‍ഡ്‌മെന്റ് ബില്‍ എന്ന പേരിലുള്ള ബില്‍, കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു ബിൽ അവതരണം.
പ്രതിപക്ഷവും രാജ്യത്തെ യുവാക്കളും ആവശ്യപ്പെട്ട ബില്ലാണ് സർക്കാർ അവതരിപ്പിക്കുന്നതെന്നും, പ്രതിപക്ഷം ഈ ബില്ലുമായി സഹകരിക്കണമെന്നും സ്പീക്കർ അഭ്യർത്ഥിച്ചു. തുടർന്ന് ശബ്ദ വോട്ടോടെ ബിൽ അവതരിപ്പിക്കാൻ അനുമതി നൽകി. ബില്ലിന്മേൽ ഒരു മണി വരെ നിർദേശങ്ങൾ സമർപ്പിക്കാമെന്ന് സ്പീക്കർ ഓം ബിർല അറിയിച്ചു. വളരെ പ്രധാനപ്പെട്ട ബില്ലാണ്. നിങ്ങൾ ആവശ്യപ്പെട്ട ചർച്ചയാണ് നടക്കാൻ പോകുന്നത്. നിങ്ങൾക്ക് പറയാനുള്ള നിർദേശങ്ങളെല്ലാം സഭയിൽ വെക്കാവുന്നതാണെന്നും സ്പീക്കർ വ്യക്തമാക്കി.
പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും നേരെ പൊലീസ് നടത്തിയ അക്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. ജനാധിപത്യത്തിന്റെ മാതാവ് എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. എന്നാല്‍ രാജ്യതലസ്ഥാനത്ത് നിഷ്‌കളങ്കരായ വിദ്യാര്‍ഥികളുടെ രക്തമൊഴുകിയെന്ന് രാജ്യസഭയില്‍ സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ബഹളം രൂക്ഷമായതിനെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും രണ്ടുമണി വരെ നടപടികള്‍ നിര്‍ത്തിവെച്ചു. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയും വരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബില്‍ സുഗന്ധതൈലം പൂശല്‍ മാത്രമാണെന്നും, വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കരണം കൊണ്ടുവരുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയി അഭിപ്രായപ്പെട്ടു.
പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലില്‍, ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അതിവേഗ വിചാരണ ഉറപ്പാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പത്തുവര്‍ഷം തടവും പത്ത് കോടി രൂപ പിഴയും ഉള്‍പ്പെടെയുള്ള കടുത്ത വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വിചാരണക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കും. കേസുകളില്‍ മൂന്നുമാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കണമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നു.

by Midhun HP News | Jul 27, 2026 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: അഴൂർ ഗവണ്മെന്റ് സ്കൂൾ ആണ് വ്യത്യസ്തമായ ഒരു ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. രാസ ലഹരിയെ അകറ്റൂ കായിക ലഹരി ആസ്വദിക്കൂ എന്ന സന്ദേശം ഉയർത്തിക്കൊണ്ട് സംഘടിപ്പിച്ച തൂഫാൻ മാച്ചിൽ ഒന്നാം സ്ഥാനം ടീം ബ്രസീൽ സ്വന്തമാക്കി. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കീർത്തി സൈജു, ബ്ലോക്ക് മെമ്പർ ആർ അനിൽ, വാർഡ് മെമ്പർ സിന്ധു, പഞ്ചായത്ത് വൈസ് പ്രെഡിഡന്റ് രഞ്ജിത് ലാൽ, എച്ച് എം മിനി എസ്, സീനിയർ ടീച്ചർ ബീന എസ്, ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറും കേരള ഫുട്ബോൾ ടീം കോച്ചുമായ ആന്റണി ജോർജ്,എസ് ആർ ജി കൺവീനവർ ഹരികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

by Midhun HP News | Jul 27, 2026 | Latest News, ദേശീയ വാർത്ത
അബുദാബി: യുഎഇയിലെ വ്യവസായ, ഊര്‍ജ്ജ മേഖലകളില്‍ തൊഴില്‍ മേഖലകളില്‍ വന്‍മാറ്റം. മേഖലയില്‍ നൂതന സാങ്കേതിക വൈദഗ്ധ്യത്തില്‍ ആവശ്യം വര്‍ദ്ധിക്കുമ്പോഴുണ്ടാകുന്ന മാറ്റമാണ് തൊഴില്‍ മേഖലയില്‍ പ്രതിഫലിക്കുന്നത്. സാങ്കേതിക അറിവുകളുള്ള ജീവനക്കാര്‍ക്ക് ആവശ്യക്കാരേറുന്നു. നിലവിലുള്ള തൊഴിലുകളില്‍ 20 ശതമാനവും റോബോട്ടിക്‌സ് ഓപ്പറേഷന്‍ സൂപ്പര്‍വൈസര്‍, എഐ സിസ്റ്റംസ് ക്വാളിറ്റി അഷുറന്‍സ് ടെക്‌നീഷ്യന്‍ തുടങ്ങിയവ പുതിയ തരം തസ്തികകളായി മാറുമെന്ന് യുഎഇ ഉന്നതവിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയം പുറത്തുവിട്ട ‘എമിറേറ്റ്‌സ് സ്‌കില്‍സ് ഇന്‍ഡിക്കേറ്റേഴ്‌സ്’ പ്രകാരം നിലവിലുള്ള 87 ശതമാനം ജോലികളിലും അഡ്വാന്‍സ്ഡ് എന്‍ജിനീയറിങ്, സെയില്‍സ് മേഖലകളിലും വിദഗ്ധര്‍ക്ക് ആവശ്യക്കാരേറും. നിര്‍മ്മിത ബുദ്ധിയും നാലാം വ്യവസായ വിപ്ലവവുമാണ് ഈ മാറ്റത്തിന് വേഗം കൂട്ടുന്നത്.
അതേസമയം, പരമ്പരാഗത ഭരണനിര്‍വ്വഹണ, ഓഫീസ് സഹായ തസ്തികകള്‍ ഉള്‍പ്പെടുന്ന 13 ശതമാനം ജോലികളും ഡിജിറ്റല്‍ വല്‍ക്കരണവും ഓട്ടോമേഷനും കാരണം വരുംദിവസങ്ങളില്‍ കുറഞ്ഞുവരും. ആഗോള വിപണിയില്‍ യുഎഇയുടെ മത്സരശേഷി നിലനിര്‍ത്തുന്നതിനായി വിദ്യാഭ്യാസ രംഗത്തെയും തൊഴില്‍ വിപണിയുടെ ആവശ്യകതകളെയും പരസ്പരം ബന്ധിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്നും അധികൃതര്‍ പറഞ്ഞു.

by Midhun HP News | Jul 27, 2026 | Latest News, കേരളം
കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ഓഡിറ്റില്‍ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി. സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ വഴിപാട്, ഡിജിറ്റല്‍ ഇടപാടുകളിലുമാണ് കോടതിയുടെ വിമര്‍ശനം. സംസ്ഥാന ഓഡിറ്റ് വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ നാളെ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി, ഇതുവരെയുള്ള കണ്ടെത്തലുകള്‍ അറിയിക്കാന്‍ നിര്‍ദേശിച്ചു.
അവിടത്തെ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമായ വിവരങ്ങള്‍ ദേവസ്വം കൈമാറിയില്ലെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചിരുന്നു. 43 വര്‍ഷമായിട്ടും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാര്‍ഷിക പരിശോധന നടത്തിയിട്ടില്ല. കണ്‍കറന്റ് ഓഡിറ്റ് നടത്തണമെന്നാണ് ചട്ടം. എന്നാല്‍ ഓഡിറ്റ് വിഭാഗം ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കാന്‍ പല തടസ്സവാദങ്ങളും ഉന്നയിക്കുകയാണെന്നും ഓഡിറ്റ് വിഭാഗം അറിയിച്ചു.
പ്രധാനപ്പെട്ട വഴിപാട് രസീതികള്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ അത് കൃത്യമായി ഓഡിറ്റ് ചെയ്യുന്നതിന് അതിന്റെ ലോഗിനും പാസ് വേര്‍ഡും നല്‍കുന്നില്ല. ക്ഷേത്രത്തിലെ സ്വര്‍ണം, വെങ്കല പാത്രങ്ങള്‍, കുങ്കുമ പൂവ് തുടങ്ങി വിലിടിപ്പുള്ള ഭൗതിക വസ്തുക്കള്‍, വഴിപാടായി ലഭിക്കുന്ന വസ്തുക്കള്‍ തുടങ്ങി പലതിന്റെയും രജിസ്റ്റര്‍ കൃത്യമായിട്ടില്ലെന്നും ഓഡിറ്റ് വിഭാഗം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദമായ പരിശോധന വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.

Recent Comments