by Midhun HP News | Oct 30, 2025 | Latest News, കേരളം
തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കകരണവുമായി (എസ്ഐആര്‍) മുന്നോട്ട് പോകാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ നിയമ പരമായി നേരിടാന്‍ ഒരുങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍. തദ്ദേശ തെരഞ്ഞെടുപ്പും എസ്.ഐ.ആര്‍ നടപടികളും സമാന്തരമായി നടക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടികള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ബിജെപി ഒഴികെ മറ്റ് പ്രതിനിധികളെല്ലാം എസ്.ഐ.ആര്‍ നടപടികള്‍ മാറ്റിവെക്കണമെന്ന ആവശ്യപ്പെട്ടെങ്കിലും മുന്നോട്ട് പോകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയതോടെയാണ് വിഷയം കോടതിയിലേക്ക് നീങ്ങുന്നത്.
യോഗത്തില്‍ പങ്കെടുത്ത സിപിഎം പ്രതിനിധി എംവി ജയരാജന്‍ ഇന്നലെ തന്നെ ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ സിപിഎം കക്ഷി ചേര്‍ന്നിട്ടുണ്ടെന്നും കേരളത്തിലെ സാഹചര്യം കോടതിയെ അറിയിക്കും എന്നുമായിരുന്നു എം വി ജയരാജന്റെ പ്രതികരണം. വിഷയം അഭിഭാഷകരുമായി ചര്‍ച്ച ചെയ്യുമെന്നും എംവി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.
പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരമാണ് 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്ന് വ്യക്തമാക്കിയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ എസ്‌ഐആര്‍ നീട്ടാനാകില്ലെന്ന നിലപാട് എടുത്തത്. തിയതി മാറ്റാനാകില്ലെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശവും അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇനി ചര്‍ച്ചകള്‍ക്കിടയില്ലെന്ന കമ്മീഷന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് പാര്‍ട്ടികള്‍ നിയമ നടപടി ആലോചിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവും നടപ്പാക്കേണ്ടതെന്നതാണ് രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ട് വച്ച പ്രധാന വിഷയം. ഇത് ആശക്കുഴപ്പം സൃഷ്ടിക്കുമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എം.വി ജയരാജന് പുറമെ സണ്ണി ജോസഫ് (കോണ്‍ഗ്രസ്) സി.പി. ചെറിയ മുഹമ്മദ് (മുസ്‌ലിം ലീഗ്), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ്- എം), ജോയി ഏബ്രാഹാം (കേരള കോണ്‍ഗ്രസ്) പി.ജി. പ്രസന്നകുമാര്‍ (ആര്‍.എസ്.പി) എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
by Midhun HP News | Oct 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കല്ലിയൂരില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. 74 കാരിയായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മകന്‍ അജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. പൊട്ടിയ മദ്യക്കുപ്പിയുടെ ഭാഗം ഉപയോഗിച്ചായിരുന്നു ആക്രമണം.
മുന്‍ സര്‍ക്കാര്‍ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിജയകുമാരി. മുന്‍ കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥനാണ് മകന്‍ അജയകുമാര്‍. രാത്രി വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി. ഈ വിഷയത്തില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.
വീട്ടിലിരുന്ന് മദ്യപിക്കുന്നത് വിജയകുമാരി ചോദ്യം ചെയ്തതോടെ പ്രകോപിതനായ അജയകുമാര്‍ പൊട്ടിയ മദ്യക്കുപ്പിയുടെ ഭാഗമുപയോഗിച്ച് വിജയകുമാരിയുടെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവ സ്ഥലത്തുനിന്ന് തന്നെ വിജയകുമാരി മരിച്ചുവെന്നാണ് വിവരം. ഭാര്യയുമായി അകന്നതിന് ശേഷം അമ്മയോടൊപ്പമാണ് അജയകുമാര്‍ താമസിച്ചിരുന്നത്.
by Midhun HP News | Oct 30, 2025 | Latest News, കേരളം
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുന്ന നാലുദിവസം നേരിയ/ ഇടത്തരം മഴയ്‌ക്കോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത. ആന്ധ്രാപ്രദേശില്‍ കര കയറിയ മോന്‍താ തീവ്ര ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി വീണ്ടും ശക്തി കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം അറബിക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം തുടരുകയാണ്. വരും മണിക്കൂറുകളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിലൂടെ വടക്ക് – വടക്കു കിഴക്കന്‍ ദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് കര തൊട്ടതോടെ ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തീരത്ത് കാറ്റ് വീണ്ടും ദുര്‍ബലമാകും. ഇതോടൊപ്പം ഈര്‍പ്പവും കുറയും. വരും ദിവസങ്ങളില്‍ പൊതുവെ മഴ ദുര്‍ബലമായിരിക്കും. ഒറ്റപെട്ട മഴയ്ക്ക് മാത്രമാണ് സാധ്യത ഉള്ളത്. എന്നാല്‍ പകല്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 2.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) തീരത്ത് 0.9 മുതല്‍ 1.0 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാന്‍ സാധ്യത. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
by Midhun HP News | Oct 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി വര്‍ധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 1600 രൂപയില്‍ 400 രുപയാണ് കൂട്ടിയത്. പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കു നല്‍കാനുള്ള ഒരു ഗഡു ഡിഎ കുടിശിക 4% നവംബറിലെ ശമ്പളത്തിനൊപ്പം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീ സുരക്ഷയ്ക്കു സഹായം നല്‍കുന്ന പുതിയ പദ്ധതി പ്രകാരം ആയിരം രൂപ വീതം അര്‍ഹരായ സ്ത്രീകള്‍ക്കു നല്‍കും. 33 ലക്ഷത്തിലേറെ സ്ത്രീകള്‍ക്കു സഹായം കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പം യുവാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയും പ്രഖ്യാപിച്ചു. പ്രതിവര്‍ഷ കുടുംബവരുമാനം ഒരു ലക്ഷം രൂപയ്ക്കു താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപയായി വര്‍ധിപ്പിക്കും. ഇതുവരെയുള്ള കുടിശിക നല്‍കും. പ്രീപ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും പ്രതിമാസ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. ഗസ്റ്റ് ലക്ചര്‍മാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വരെ വര്‍ധിപ്പിക്കും. റബര്‍ കര്‍ഷകര്‍ക്കു നല്‍കിവരുന്ന റബറിന്റെ താങ്ങുവില കിലോയ്ക്ക് 180 രൂപയില്‍നിന്ന് 200 രൂപയാക്കി ഉയര്‍ത്തും. നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. നെല്ലിന്റെ സംഭരണ വില 28.20ല്‍നിന്ന് 30 രൂപയായി വര്‍ധിപ്പിക്കാനും തീരുമാനിച്ചു.
യുവതലമുറയ്ക്ക് കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ് നടപ്പാക്കും. വിദ്യാര്‍ഥികള്‍ക്ക് മികച്ച ജോലി ലഭിക്കാന്‍ സ്റ്റൈപ്പന്‍ഡ് അല്ലെങ്കില്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി ആരംഭിക്കും. പ്രതിവര്‍ഷ കുടുംബ വരുമാനം ഒരുലക്ഷത്തില്‍ താഴെയുള്ള പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി എന്നീ പഠനങ്ങള്‍ക്കു ശേഷം വിവിധ നൈപുണ്യ കോഴ്‌സുകളില്‍ പഠിക്കുന്നവരോ വിവിധ ജോലി-മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയ 18-30 വയസ്സുള്ളവര്‍ക്ക് പ്രതിമാസം ആയിരംരൂപ ധനസഹായം നല്‍കും. കണക്ട് ടു വര്‍ക്ക് എന്ന ഈ പദ്ധതിയില്‍ അഞ്ചുലക്ഷം പേര്‍ക്ക് ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി സര്‍ക്കാര്‍ പ്രതിവര്‍ഷം 600 കോടി രൂപ ചെലവിടേണ്ടിവരും.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിട്ടതില്‍ വിവാദങ്ങളും ആശങ്കകളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ നടപടി പുനപരിശോധിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ഏഴ് അംഗങ്ങളുള്ള ഉപസമിതി രൂപീകരിച്ചു. ഉപസമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ പിഎം ശ്രീയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കും. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ കത്തുമൂലം അറിയിക്കും. കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി രാജീവ്, വി ശിവന്‍ കുട്ടി, പി പ്രസാദ്, എകെ ശശീന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവരാണ് സമിതിയില്‍ ഉണ്ടാകുക.


by Midhun HP News | Oct 29, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പുലരി ടി.വി. ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബിന്ദു നന്ദനയ്ക്ക് മികച്ച ഡോക്യുമെൻ്ററി സംവിധായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ചായമൻസ – അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ സംവിധാനത്തിനാണ് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം കേസരി മെമ്മോറിയൽ ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ അവാർഡ് പ്രഖ്യാപനം നടന്നു. പ്രമുഖ സംവിധായകൻ ടി. എസ് സുരേഷ് ബാബു ജൂറി ചെയർമാനായുള്ള സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. നിരൂപകൻ സുനിൽ സി ഇ, ചലച്ചിത്ര താരം മായ വിശ്വനാഥ്, സംവിധായകൻ ടി എസ് സുരേഷ് ബാബു, ദീപ സുരേന്ദ്രൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
എഴുത്തുകാരനും സംവിധായകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് സ്ക്രിപ്റ്റ് എഴുതി സംവിധാനം നിർവഹിച്ചത് കവയിത്രി കൂടിയായ ബിന്ദുനന്ദനയാണ്. ഡിസംബർ 7ന് തിരുവനന്തപുരം ഏരീസ്പ്ലക്സ് എസ് എൽ സിനിമാസിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം നടക്കും. സാമൂഹിക സാംസ്കാരിക സിനിമാരംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
Recent Comments