by Midhun HP News | Dec 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസങ്ങളിൽ കേരളത്തിലെ വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയില്ല. വോട്ടർമാരായ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ വൈകി വരാനോ, നേരത്തേ പോകാനോ അനുവദിക്കും. അല്ലെങ്കിൽ വോട്ടെടുപ്പ് ദിവസം പ്രത്യേക സമയം അനുവദിച്ച് സൗകര്യം നൽകുമെന്ന് കേന്ദ്ര സർക്കാരിന്റെ പഴ്സനേൽ ആൻഡ് ട്രെയ്നിങ് വകുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാന സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടുചെയ്യാൻ ഐടി മേഖലയടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ളിഷ്മെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് വേതനത്തോടുകൂടിയ അവധി അനുവദിക്കണം. ദിവസ വേതനക്കാർ, കാഷ്വൽ ജീവനക്കാർ എന്നിവർക്കും വോട്ടുചെയ്യേണ്ട ദിവസം വേതനത്തോടുകൂടിയ അവധി നൽകണമെന്നാണ് നിർദേശം.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ബൂത്തുകളായ സ്കൂളുകൾക്കും രണ്ടു ദിവസം അവധിയായിരിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറും, വോട്ടെണ്ണൽ ദിവസവും സമ്പൂർണ്ണ മദ്യനിരോധനവുമായിരിക്കും. പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷകളും പോസ്റ്റൽ ബാലറ്റുകളും അയക്കുന്നതിനും സ്വീകരിക്കുന്നതിനുമായി സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകൾ ഡിസംബർ 8 ന് വൈകീട്ട് ആറുമണിവരെ തുറന്നു പ്രവർത്തിപ്പിക്കുമെന്ന് പോസ്റ്റ് മാസ്റ്റർ ജനറൽ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഏഴു ജില്ലാ പഞ്ചായത്തുകളും തിരുവനന്തപുരം, കൊല്ലം, കൊച്ചി കേര്പ്പറേഷനുകളും ഉള്പ്പെടെ, 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്ക് 36,630 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 7 ജില്ലകളിലായി 1.31കോടി വോട്ടർമാരും 15,432 പോളിങ് ബൂത്തുകളുമാണുള്ളത്.
ചൊവ്വാഴ്ച രാവിലെ ആറിന് പോളിങ് ബൂത്തുകളിൽ മോക് പോളിങ് നടത്തും. തുടർന്ന് ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. പ്രശ്നബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫർമാരും വെബ് കാസ്റ്റിങ്ങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തു തലത്തിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കായി മൂന്നു വോട്ടും നഗരസഭയിൽ ഒരു വോട്ടും രേഖപ്പെടുത്താവുന്നതാണ്. ക്രമസമാധാന പാലനത്തിന് 70,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.



by Midhun HP News | Dec 6, 2025 | Latest News, ദേശീയ വാർത്ത
ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ (JMI) യൂണിവേഴ്സിറ്റിയിൽ അനധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നു. ജൂനിയർ എഞ്ചിനീയർ, പേഴ്സണൽ അസിസ്റ്റന്റ് മുതൽ സ്റ്റെനോഗ്രാഫർമാർ, ലൈബ്രറി അറ്റൻഡന്റുകൾ വരെയുള്ള ഗ്രൂപ്പ് എ, ബി, സി തസ്തികകളിലായി 70 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 26.
തസ്തികകൾ & ഒഴിവുകളുടെ എണ്ണം
പ്രൈവറ്റ് സെക്രട്ടറി – 01 ഒഴിവ്
പേഴ്സണൽ അസിസ്റ്റന്റ് – 15 ഒഴിവുകൾ (12 ഇംഗ്ലീഷ് + 3 ഹിന്ദി)
സ്റ്റെനോഗ്രാഫർ – 10 ഒഴിവുകൾ (8 ഇംഗ്ലീഷ് + 2 ഹിന്ദി)
ലാൻഡ് റെക്കോർഡ് സൂപ്രണ്ട് – 01 ഒഴിവ്
ലാൻഡ് റെക്കോർഡ് കീപ്പർ – 01 ഒഴിവ്
ഇന്റേണൽ ഓഡിറ്റ് ഓഫീസർ – 02 ഒഴിവുകൾ (1 ഡെപ്യൂട്ടേഷൻ + 1 ഡയറക്ട്)
സുപീരിയടെന്റ് എഞ്ചിനീയർ (സിവിൽ) – 01 ഒഴിവ്
എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) – 01 ഒഴിവ് (ഡെപ്യൂട്ടേഷൻ)
അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ/ഇലക്ട്രിക്കൽ) – 02 ഒഴിവുകൾ (1 സിവിൽ + 1 ഇലക്ട്രിക്കൽ)
ജൂനിയർ എഞ്ചിനീയർ (സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ) – 15 ഒഴിവുകൾ (10 സിവിൽ + 3 ഇലക്ട്രിക്കൽ + 2 മെക്കാനിക്കൽ)
സെമി പ്രൊഫഷണൽ അസിസ്റ്റന്റ് – 04 ഒഴിവുകൾ
ലൈബ്രറി അറ്റൻഡന്റ് – 06 ഒഴിവുകൾ
സെക്യൂരിറ്റി അസിസ്റ്റന്റ് – 09 ഒഴിവുകൾ
പ്രോഗ്രാം ഓഫീസർ – 01 ഒഴിവ്
കുക്ക് – 01 ഒഴിവ്
വിദ്യാഭ്യാസ യോഗ്യത
പേഴ്സണൽ അസിസ്റ്റന്റ് / സ്റ്റെനോഗ്രാഫർ: ബിരുദം + സ്റ്റെനോഗ്രാഫി & ടൈപ്പിംഗിൽ പ്രാവീണ്യം (ഇംഗ്ലീഷ്/ഹിന്ദി) + കമ്പ്യൂട്ടറുകളിലെ പരിജ്ഞാനം.
ജൂനിയർ എഞ്ചിനീയർ: എഞ്ചിനീയറിങിൽ ബിരുദം ഒരു വർഷത്തെ പരിചയം അല്ലെങ്കിൽ എഞ്ചിനീയറിങിൽ ഡിപ്ലോമ 3 വർഷത്തെ പരിചയം.
ലൈബ്രറി അറ്റൻഡന്റ്: 10+2 പാസ് + ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ് + 1 വർഷത്തെ പരിചയം.
സെക്യൂരിറ്റി അസിസ്റ്റന്റ്: ഇന്റർമീഡിയറ്റ് (10+2) പാസ് + ഹിന്ദി/ഉറുദു/ഇംഗ്ലീഷ് പരിജ്ഞാനം. മുൻ ആർമി/പാരാ മിലിട്ടറി ഉദ്യോഗസ്ഥർ അഭികാമ്യം.
കുക്ക്: പത്താം ക്ലാസ് പാസായ + ഐടിഐ (ബേക്കറി) അല്ലെങ്കിൽ പാചകത്തിൽ ഡിപ്ലോമ + 3 വർഷത്തെ പരിചയം.
ലാൻഡ് റെക്കോർഡ് തസ്തികകൾ: ബിരുദം + റവന്യൂ/ലാൻഡ് റെക്കോർഡുകളിൽ പ്രത്യേക പരിചയം.
കൂടുതൽ വിവരങ്ങൾക്ക് https://www.jmi.ac.in/ സന്ദർശിക്കുക.
by Midhun HP News | Dec 6, 2025 | Latest News, കേരളം
പാലക്കാട്: അട്ടപ്പാടി വനമേഖലയില് കാട്ടാന ആക്രമണത്തില് വനം വകുപ്പ് ജീവനക്കാരന് മരിച്ചു. ഫോറസ്റ്റ് ബീറ്റ് അസിറ്റന്റ് കാളിമുത്തുവാണ് മരിച്ചത്. അട്ടപ്പാടി മുള്ളി വന മേഖലയില് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.
കടുവ സെന്സസിന്റെ ഭാഗമായി കാട്ടില് പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. കാളിമുത്തു അടങ്ങുന്ന സംഘത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായപ്പോള് ഉദ്യോഗസ്ഥ സംഘം ചിതറിയോടിയിരുന്നു. ഇതിന് പിന്നാലെ കാളിമുത്തുവിനെ കാണാതാവുകയും ചെയ്തു. തുടര്ന്ന് ആര്ആര്ടി സംഘത്തിന്റെ ഉള്പ്പെടെ സഹായത്തോടെ നടത്തിയ തെരച്ചിലാണ് കാളിമുത്തുവിനെ മരിച്ച നിലയില് കണ്ടെത്തിയത്.
കാട്ടാന ആക്രമണത്തിലാണ് മാരിമുത്തു കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. കാട്ടാന ആക്രമണത്തില് മറ്റൊരു ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. എന്നാല് ഇയാളുടെ ആരോഗ്യ നിലയ്ക്ക് പ്രശ്നമില്ലെന്നാണ് റിപ്പോര്ട്ട്. പുതൂര് ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് കടുവ സെന്സെസിന് വേണ്ടി മുള്ളി വന മേഖലയില് എത്തിയത്. മൂന്നുപേരടങ്ങുന്ന സംഘമാണ് സെന്സസിനായി പോയിരുന്നത്. അച്യുതന്, കണ്ണന് എന്നിവരാണ് കൂടെയുണ്ടായിരുന്നത്.
കാളിമുത്തുവിന്റെ മൃതശരീരം വനത്തിന് പുറത്തേക്ക് എത്തിച്ചു. അഗളി ആശുപത്രിയില് സൂക്ഷിച്ച ശേഷം പോസ്റ്റ്മോര്ട്ടത്തിനായി കൊണ്ടുപോയി. കഴിഞ്ഞയാഴ്ച അട്ടപ്പാടിയിൽ കടുവ സെൻസസിന് പോയ വനപാലക സംഘം കാട്ടിൽ കുടുങ്ങിയിരുന്നു. പുതൂർ മൂലക്കൊമ്പ് മേഖലയിലാണ് കടുവ സെൻസസിന് പോയ അഞ്ചംഗ വനപാലക സംഘം കുടുങ്ങിയത്. ഇവരിൽ രണ്ടുപേർ വനിതകളായിരുന്നു. ഒരു രാത്രിക്ക് ശേഷമാണ് ഇവരെ കണ്ടെത്തിയത്.



by Midhun HP News | Dec 6, 2025 | Latest News, ദേശീയ വാർത്ത
ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (FACT) ഡ്രാഫ്റ്റ്സ്മാൻ തസ്തികയിൽ നിയമനം നടത്തുന്നു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ,സിവിൽ, കെമിക്കൽ വിഭാഗങ്ങളിൽ ആണ് ഒഴിവുകൾ ഉള്ളത്. താത്കാലിക നിയമനം ആണ് നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 16-12-2025.
വിദ്യാഭ്യാസ യോഗ്യത
ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമയും ഓട്ടോകാഡ്/സിഎഡി സോഫ്റ്റ്വെയർ ഉപയോഗിച്ച് ഡ്രാഫ്റ്റിംഗ് ജോലികൾ ചെയ്യാനും അറിഞ്ഞിക്കണം.
കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
മതിയായ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾ ഇല്ലെങ്കിൽ ഒരു വർഷത്തെ പരിചയമോ,മുൻ പരിചയം ഇല്ലാത്തവരെയും പരിഗണിക്കും.
പ്രായപരിധി
പരമാവധി പ്രായം: 01.12.2025 ന് 35 വയസ്സ്.
സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.
എത്ര ഒഴിവുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. എഞ്ചിനീയറിങ് ഡ്രാഫ്റ്റിംഗ് സോഫ്റ്റ്വെയറിലെ പ്രായോഗിക നൈപുണ്യ പരീക്ഷ വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ ആയിരിക്കും അന്തിമ ലിസ്റ്റിൽ ഉൾപ്പെടുത്തുക. നിയമനം ലഭിക്കുന്നവർക്ക് 25,000 – 26,530 രൂപ വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.fact.co.in/ സന്ദർശിക്കുക.



by Midhun HP News | Dec 6, 2025 | Latest News, ദേശീയ വാർത്ത
ഡല്ഹി: വിമാന സര്വീസുകള് അവതാളത്തിലായതിനെ തുടര്ന്ന് ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ച സാഹചര്യത്തില് റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യുന്ന പ്രക്രിയ ഞായറാഴ്ച വൈകുന്നേരത്തോടെ പൂര്ത്തിയാക്കാന് പ്രമുഖ വിമാന കമ്പനിയായ ഇന്ഡിഗോയോട് ആവശ്യപ്പെട്ട് കേന്ദ്രസര്ക്കാര്. യാത്രക്കാരുടെ ബാഗേജുകള് രണ്ടു ദിവസത്തിനകം മടക്കിനല്കിയെന്ന് ഉറപ്പാക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്ദേശിച്ചു.
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്ഡിഗോയുടെ 1,000ലധികം വിമാന സര്വീസുകളാണ് ഇതിനോടകം റദ്ദാക്കപ്പെട്ടത്. ജീവനക്കാരുടെ ക്ഷാമം മൂലം സര്വീസുകള് മുടങ്ങുന്നത് ശനിയാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരു ദിവസം കഴിഞ്ഞ് ഞായറാഴ്ച റീഫണ്ട് പ്രക്രിയയില് എന്തെങ്കിലും കാലതാമസം ഉണ്ടാവുകയോ നിര്ദേശം പാലിക്കാതെ വരികയോ ചെയ്താല് നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി. റദ്ദാക്കിയതോ തടസ്സപ്പെട്ടതോ ആയ എല്ലാ വിമാന സര്വീസുകളുടെയും റീഫണ്ട് പ്രക്രിയ ഞായറാഴ്ച രാത്രി 8 മണിയോടെ പൂര്ത്തിയാക്കണമെന്നാണ് മന്ത്രാലയത്തിന്റെ പ്രസ്താവനയില് പറയുന്നത്.
റദ്ദാക്കല് മൂലം യാത്രയെ ബാധിച്ച യാത്രക്കാരില് നിന്ന് റീഷെഡ്യൂളിങ് ചാര്ജുകള് ഈടാക്കരുതെന്നും വിമാനക്കമ്പനികള്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ശനിയാഴ്ച മാത്രം വിവിധ വിമാനത്താവളങ്ങളില് 400ലധികം വിമാന സര്വീസുകളാണ് റദ്ദാക്കിയത്. പ്രത്യേക പാസഞ്ചര് സപ്പോര്ട്ടും റീഫണ്ട് ഫെസിലിറ്റേഷന് സെല്ലുകളും രൂപീകരിക്കാനും ഇന്ഡിഗോയ്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്. കൃത്യസമയത്ത് യാത്ര ചെയ്യാന് കഴിയാതെ ബുദ്ധിമുട്ടിലായ യാത്രക്കാരെ മുന്കൂട്ടി ബന്ധപ്പെടുന്നുണ്ടെന്നും റീഫണ്ടുകളും ബദല് യാത്രാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സെല്ലുകള് ഉറപ്പാക്കണമെന്നും കേന്ദ്രസര്ക്കാര് വ്യക്തമാക്കി.
സര്വീസുകള് സാധാരണ പോലെയാകുന്നത് വരെ ഓട്ടോമാറ്റിക് റീഫണ്ട് സംവിധാനം സജീവമായി തുടരും. യാത്രക്കാരില് നിന്ന് സ്വീകരിച്ച ബാഗേജ് കണ്ടെത്തി അടുത്ത 48 മണിക്കൂറിനുള്ളില് അവര്ക്ക് തിരികെ നല്കുന്നുണ്ടന്ന് വിമാന കമ്പനി ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.



Recent Comments