താമരശ്ശേരി സംഘര്‍ഷം: 320 ലേറെ പേര്‍ക്കെതിരെ കേസ്

താമരശ്ശേരി സംഘര്‍ഷം: 320 ലേറെ പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: താമരശ്ശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിന് മുന്നിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 320 ലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഘര്‍ഷത്തില്‍ നാല് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വധശ്രമത്തിന് 30 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് ആക്രമിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.

തൊഴിലാളികളെ കണ്ടെയ്‌നര്‍ ലോറിക്കുള്ളില്‍ പൂട്ടിയിട്ടു. കൊല്ലണമെന്ന ഉദ്ദേശത്തോടെ തീ വെച്ചുവെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നു. ആക്രമണത്തില്‍ അഞ്ചു കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. അറവുമാലിന്യ കേന്ദ്രത്തിലെ സംഘര്‍ഷത്തില്‍ 30 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ നേതാവാണ് ഒന്നാം പ്രതി. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി ടി മെഹറൂഫ് ആണ് ഒന്നാം പ്രതി.

താമരശ്ശേരി പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് 300 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കലാപം, വഴി തടയല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ മര്‍ദ്ദിച്ചതിലും കേസുണ്ട്. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

താമരശ്ശേരി ഫ്രഷ് കട്ടിനു മുന്നില്‍ നടന്ന അക്രമത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്നും, ആസൂത്രിത ആക്രമണമാണ് നടത്തിയതെന്നും ഡിഐജി യതീഷ് ചന്ദ്ര വ്യക്തമാക്കിയിരുന്നു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കിയാണ് അക്രമം നടത്തിയത്. വൈകിട്ടാണ് ആസൂത്രിത അക്രമം ഉണ്ടായത്. അക്രമത്തിനു പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായും, കര്‍ശന നടപടി ഉണ്ടാകുമെന്നും ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു.

രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു, പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളിനീക്കി, സുരക്ഷാ വീഴ്ച

രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു, പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളിനീക്കി, സുരക്ഷാ വീഴ്ച

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല യാത്രയില്‍ സുരക്ഷാ വീഴ്ച. രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയം ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോണ്‍ക്രീറ്റ് ചെയ്ത ഹെലിപാഡില്‍ താഴ്ന്നത്. പൊലീസും അഗ്‌നിരക്ഷ സേനയും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളിനീക്കുകയായിരുന്നു.

രാഷ്ട്രപതി ദ്രൗപദി മുര്‍മു സുരക്ഷിതമായി താഴെ ഇറങ്ങിയിരുന്നു. രാഷ്ട്രപതി ഇറങ്ങിയ ശേഷമാണ് ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത്. ഇന്നു രാവിലെയാണ് കോണ്‍ക്രീറ്റ് ഇട്ടിരുന്നത്. പ്രതികൂല കാലാവസ്ഥ പരിഗണിച്ചാണ് രാഷ്ട്രപതിയുടെ യാത്രാ പദ്ധതിയില്‍ മാറ്റം വരുത്തിയത്. ഇതനുസരിച്ചാണ് പ്രമാടത്ത് അടിയന്തരമായി ഹെലിപ്പാഡ് ഒരുക്കിയത്.

രാവിലെ 8.30 ഓടെയാണ് രാഷ്ട്രപതി കയറിയ ഹെലികോപ്റ്റര്‍ പ്രമാടത്ത് ഇറങ്ങിയത്. നേരത്തെ 10. 20 ന് നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലയ്ക്കലിലെ കാലാവസ്ഥ പരിഗണിച്ച് പ്രമാടത്ത് ഇറക്കാന്‍ വൈകീട്ടാണ് തീരുമാനമെടുത്തത്. ഇതുപ്രകാരം ഇന്നലെ വൈകീട്ടും ഇന്നു പുലര്‍ച്ചെയുമായി മൂന്ന് ഹെലിപ്പാഡുകള്‍ സജ്ജമാക്കുകയായിരുന്നു. ഇതില്‍ രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററാണ് താണുപോയത്. പ്രമാടത്ത് മന്ത്രി വി എന്‍ വാസവന്‍, ആന്റോ ആന്റണി എംപി, കെ യു ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ പ്രേംകൃഷ്ണന്‍, പൊലീസ് സൂപ്രണ്ട് തുടങ്ങിയവര്‍ പ്രമാടത്ത് ഇറങ്ങിയെ രാഷ്ട്രപതിയെ സ്വീകരിച്ചു. പ്രമാടത്തു നിന്നും റോഡ് മാര്‍ഗം രാഷ്ട്രപതി പമ്പയിലെത്തും. പമ്പാനദിയില്‍ കൈകാലുകള്‍ കഴുകിയശേഷം പമ്പ ഗണപതി കോവിലില്‍ ദര്‍ശനം നടത്തും. തുടര്‍ന്ന് കെട്ടു നിറച്ച് ഇരുമുടിയുമായി പ്രത്യേക ഗൂര്‍ഖാ വാഹനത്തിലാണ് രാഷ്ട്രപതി സന്നിധാനത്തെത്തുക. രാവിലെ 11. 50 ന് രാഷ്ട്രപതിയെ സന്നിധാനത്ത് തന്ത്രി സ്വീകരിക്കും.

ആറ്റിങ്ങൽ മൂന്ന് മുക്ക് സ്വകാര്യ ലോഡ്ജിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ മൂന്ന് മുക്ക് സ്വകാര്യ ലോഡ്ജിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ മൂന്ന് മുക്ക് സ്വകാര്യ ലോഡ്ജിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹം കോഴിക്കോടുള്ള സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞു. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; രണ്ടുദിവസത്തിനിടെ കൂപ്പുകുത്തിയത് 4080 രൂപ

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; രണ്ടുദിവസത്തിനിടെ കൂപ്പുകുത്തിയത് 4080 രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. ഇന്ന് പവന് 2480 രൂപയാണ് കുറഞ്ഞത്. 93,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 310 രൂപയാണ് കുറഞ്ഞത്. 11,660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടുദിവസത്തെ ഇടിവിന് ശേഷം ഇന്നലെ രാവിലെ തിരിച്ചുകയറിയ സ്വര്‍ണവില ഉച്ചയോടെ വീണ്ടും അതേപോലെ തിരിച്ചിറങ്ങി. ഇന്നലെ രാവിലെ 97,360 രൂപയായി വര്‍ധിച്ച് 17ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരത്തിനൊപ്പം എത്തിയ ശേഷമാണ് ഇടിഞ്ഞത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില. രണ്ടുദിവസത്തിനിടെ 4080 രൂപയാണ് കുറഞ്ഞത്.

അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

‘ഇന്ത്യക്ക് ട്രോഫി കൈമാറാം’, നിബന്ധനകള്‍ വെച്ച് നഖ്‌വി, ഐസിസിയെ സമീപിക്കാന്‍ ബിസിസിഐ

‘ഇന്ത്യക്ക് ട്രോഫി കൈമാറാം’, നിബന്ധനകള്‍ വെച്ച് നഖ്‌വി, ഐസിസിയെ സമീപിക്കാന്‍ ബിസിസിഐ

ഡല്‍ഹി: ഏഷ്യാ കപ്പില്‍ വിജയികളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ട്രോഫി കൈമാറുന്നതില്‍ ബിസിസിഐ ആവശ്യം നിരാകരിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) തലവന്‍ മുഹ്‌സിന്‍ നഖ്‌വി. അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണയോടെ ട്രോഫി ഉടന്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ നഖ്‌വിക്ക് കത്തെഴുതിയെങ്കിലും തന്റെ കൈയില്‍നിന്ന് തന്നെ ട്രോഫി ഇന്ത്യന്‍ ടീം വാങ്ങണമെന്ന നിലപാടില്‍ നഖ്‌വി ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ അത് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന ബിസിസിഐ വിഷയം ഐസിസിക്ക് മുന്നിലെത്തിക്കാനും തീരുമാനിച്ചു.

ട്രോഫി ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ സെക്രട്ടറിയും എസിസിയിലെ പ്രതിനിധിയുമായ രാജീവ് ശുക്ല കഴിഞ്ഞയാഴ്ചയാണ് എസിസി പ്രസിഡന്റ് നഖ്‌വിക്ക് കത്തെഴുതിയത്. ഇതേ ആവശ്യം ഉന്നയിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിലെ അംഗ രാജ്യങ്ങളായ ശ്രീലങ്ക, അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുകളും കത്ത് നല്‍കിയിരുന്നു. എന്നാല്‍ തന്റെ നിബന്ധനകള്‍ അംഗീകരിച്ചാല്‍ അടുത്ത മാസം പത്തിന് ദുബായില്‍ ഒരു പരിപാടി സംഘടിപ്പിക്കാമെന്നാണ് നഖ്വി പറഞ്ഞത്.

‘ബിസിസിഐയുമായി നിരവധി കത്തുകള്‍ കൈമാറി, നവംബര്‍ 10 ന് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനുംം മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്കും ബിസിസിഐ ഒഫീഷ്യല്‍ രാജീവ് ശുക്ലയ്ക്കും ട്രോഫി കൈമാറുന്നതിന് തയ്യാറാണെന്ന് എസിസി അറിയിച്ചിട്ടുണ്ട്’ നഖ്വി കറാച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.എന്നാല്‍ ട്രോഫി തന്നില്‍നിന്ന് തന്നെ വാങ്ങണമെന്ന നിലപാടില്‍ നഖ്‌വി ഉറച്ച് നില്‍ക്കുന്നുണ്ടെന്നു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.