തകര്‍ത്തടിച്ച് മിച്ചല്‍ മാര്‍ഷ്; ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് ജയം

തകര്‍ത്തടിച്ച് മിച്ചല്‍ മാര്‍ഷ്; ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് ജയം

പെര്‍ത്ത്: മഴ രസംകൊല്ലിയായ, ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ജയം. മഴയെ തുടര്‍ന്ന് 26 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമാണ് നേടാനായത്. 137 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഓസ്ട്രേലിയ ബാറ്റ് ചെയ്യുന്നതിനിടെ വീണ്ടും മഴ കളി തടസ്സപ്പെടുത്തി. തുടര്‍ന്ന് ഡക് വര്‍ത്ത്- ലൂയിസ് നിയമപ്രകാരം പുതുക്കി നിശ്ചയിച്ച 131 റണ്‍സ് ഓസ്ട്രേലിയ 29 പന്ത് ബാക്കിനില്‍ക്കേ മറികടക്കുകയായിരുന്നു. 21.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയയുടെ വിജയം. ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് തിളങ്ങി. മിച്ചൽ മാർഷ് 46 റൺസ് എടുത്ത് പുറത്താകാതെ നിന്നു.

മഴയെ തുടര്‍ന്ന് രണ്ടു തവണ നിര്‍ത്തിവെച്ച് 26 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാന്‍ കഴിഞ്ഞത്. 31 പന്തില്‍ 38 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ടോപ് സ്‌കോറര്‍. 31 റണ്‍സെടുത്ത അക്ഷര്‍ പട്ടേലുമായി ചേര്‍ന്ന് 40 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പ് രാഹുല്‍ കെട്ടിപ്പടുത്തില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ ഇതിലും മോശമാകുമായിരുന്നു. അവസാന ഓവറുകളില്‍ നിതീഷ് കുമാര്‍ റെഡ്ഡി രണ്ടു സിക്സുകളുടെ അകമ്പടിയോടെ പുറത്താകാതെ നേടിയ 19 റണ്‍സ് ആണ് ഇന്ത്യന്‍ സ്‌കോര്‍ 120 കടത്തിയത്.

എട്ടു മാസത്തിനു ശേഷം രോഹിത്തും കോഹ് ലിയും കളത്തിലിറങ്ങുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ ആ ആവേശത്തിന്റെ ആയുസ്സ് അധികം നീണ്ടില്ല. തകര്‍ച്ചയോടെയാണ് ഇന്ത്യയുടെ ഇന്നിങ്സ് ആരംഭിച്ചത്. ഓപ്പണറായി ഇറങ്ങിയ രോഹിത്ത് 14 പന്തില്‍ 8 റണ്‍സെടുത്തും മൂന്നാമനായി ഇറങ്ങിയ കോഹ് ലി എട്ടു പന്ത് നേരിട്ട് സംപൂജ്യനായും പുറത്തായി. രോഹിത്തിനെ ഹെയ്‌സല്‍വുഡ് പുറത്താക്കിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനാണ് കോഹ് ലിയുടെ വിക്കറ്റ്. സൂപ്പര്‍ താരങ്ങള്‍ പുറത്തായതോടെ, തുടര്‍ന്ന് കരകയറാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.

ഇരുവര്‍ക്കും പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (18 പന്തില്‍ 10) പുറത്തായി. നഥാന്‍ എല്ലിസിനാണ് വിക്കറ്റ്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 3നു 27 എന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടു വര്‍ഷത്തിനിടെ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ പവര്‍പ്ലേ സ്‌കോറാണിത്. 2023ല്‍ ചെന്നൈയില്‍ ഓസീസിനെതിരെ ഇതേ സ്‌കോര്‍ നിലയിലാണ് ഇന്ത്യ പവര്‍പ്ലേ അവസാനിപ്പിച്ചത്.

ഇന്ത്യന്‍ ഇന്നിങ്സിന്റെ 9-ാം ഓവറിലാണ് മഴ ആദ്യം പെയ്തത്. എന്നാല്‍ ശക്തമാകാതിരുന്നതോടെയാണ് കളി പുനഃരാരംഭിച്ചു. എന്നാല്‍ 12-ാം ഓവറില്‍ വീണ്ടും മഴ എത്തിയതോടെ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇന്ത്യന്‍ സമയം 10.10നു നിര്‍ത്തിവച്ച മത്സരം, 12.20നാണ് പുനഃരാരംഭിച്ചത്. എന്നാല്‍ 12 മിനിറ്റു കഴിഞ്ഞപ്പോള്‍ വീണ്ടും മഴ എത്തിയതോടെ കളി നിര്‍ത്തി. ഇതിനിടെ ഇന്ത്യയ്ക്ക് ഒരു വിക്കറ്റും നഷ്ടമായി. ശ്രേയസ്സ് അയ്യരെ (11) ഹെയ്സ്ല്‌വുഡാണ് പുറത്താക്കിയത്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ച്ചയായ 16-ാം ഏകദിനത്തിലാണ് ഇന്ത്യയ്ക്കു ടോസ് നഷ്ടമാകുന്നത്.

പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ പുരസ്‌കാരം ജി സുധാകരന്

പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ പുരസ്‌കാരം ജി സുധാകരന്

തിരുവനന്തപുരം: പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ പുരസ്‌കാരം മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന് സമ്മാനിക്കും. പ്രശസ്തി പത്രവും 25000 രൂപ ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം. ആര്‍ എസ് പി മുന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്റെ സ്മരണക്കായി സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിസ്തുലമായ സംഭാവന നല്‍കുന്ന പ്രതിഭകള്‍ക്ക് വേണ്ടി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരത്തിനാണ് മുന്‍ മന്ത്രി ജി സുധാകരന്‍ അര്‍ഹനായത്.

ഒക്ടോബര്‍ 31 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്‍ അനുസ്മരണം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ജി സുധാകരന് അവാര്‍ഡ് സമ്മാനിക്കും.

ചടങ്ങില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യ പ്രഭാഷണം നടത്തുമെന്നും പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി പാര്‍വ്വതി ചന്ദ്രചൂഡന്‍ അറിയിച്ചു. സിപിഎമ്മുമായി ഇടഞ്ഞ് നില്‍ക്കുന്നതിനിടെയാണ് ജി സുധാകരന് ആര്‍എസ്പിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുടെ പേരിലുള്ള പുരസ്‌കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ നിലവിലെ രാഷ്ട്രീയ സ്ഥിതി​ഗതികളുമായി അവാർഡിനെ കൂട്ടിക്കെട്ടേണ്ടതില്ലെന്ന് ഷിബു ബേബിജോൺ പറഞ്ഞു.

ഗര്‍ഭിണിയെ മുന്‍ ലിവ്-ഇന്‍ പങ്കാളി കുത്തിക്കൊന്നു; അക്രമിയെ യുവതിയുടെ ഭര്‍ത്താവ് കൊലപ്പെടുത്തി

ഗര്‍ഭിണിയെ മുന്‍ ലിവ്-ഇന്‍ പങ്കാളി കുത്തിക്കൊന്നു; അക്രമിയെ യുവതിയുടെ ഭര്‍ത്താവ് കൊലപ്പെടുത്തി

ഡല്‍ഹി: മുന്‍ ലിവ്-ഇന്‍ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ 22 കാരിയുടെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഡല്‍ഹിയിലെ നബി കരീം പ്രദേശത്താണ് സംഭവം. 22 കാരിയായ ശാലിനി, 34 കാരന്‍ അശു എന്ന ശൈലേന്ദ്ര എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ ശാലിനിയുടെ ഭര്‍ത്താവ് ആകാശ് (23) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. നബി കരീം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ക്രുപ്രസിദ്ധ കുറ്റവാളിയാണ് ശൈലേന്ദ്ര എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ശനിയാഴ്ച രാത്രി 10:15 ഓടെയായിരുന്നു സംഭവം. ഡല്‍ഹി ഖുതുബ് റോഡ് മേഖലയില്‍ താമസിക്കുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ ആയിരുന്നു ആകാശും ശാലിനിയും ആക്രമിക്കപ്പെട്ടത്. ഓട്ടോറിക്ഷയില്‍ ഇരുന്നിരുന്ന ശാലിനിയെയും ആകാശിനെയും ശൈലേന്ദ്ര ആക്രമിക്കുകയായിരുന്നു. ആകാശിനെ ആക്രമിച്ച ശേഷം ശൈലേന്ദ്ര ശാലിനിക്ക് നേരെ തിരിയുകയായിരുന്നു. ശാലിനിയെ രക്ഷിക്കാന്‍ ആകാശ് ശ്രമിച്ചെങ്കിലും അവര്‍ക്ക് പലതവണ കുത്തേറ്റു. ഇതിനിടെ ആകാശ് ശൈലേന്ദ്രയെ കീഴ്‌പ്പെടുത്തി കത്തി പിടിച്ചുവാങ്ങി കുത്തുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

ശാലിനിയുടെ സഹോദരന്‍ രോഹിതും നാട്ടുകാരും ചേര്‍ന്ന് മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശാലിനിയും ശൈലേന്ദ്രയും മരിച്ചിരുന്നു. വിശദ പരിശോധനയിലാണ് ശാലിനി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. കുത്തബ് റോഡിന് സമീപമുള്ള തിരക്കേറിയ സ്ഥലത്തായിരുന്നു സംഭവം നടന്നത്.

ആകാശ് – ശാലിനി ദമ്പതികള്‍ക്കിടയില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും, ഈ സമയം യുവതി ശൈലേന്ദ്രയുമായി ലിവ് ഇന്‍ ബന്ധത്തിലായിരുന്നു എന്നും ഇവരുടെ മാതാവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട്, പ്രശ്‌നങ്ങള്‍ തീര്‍ത്ത് ശാലിനി ആകാശിനൊപ്പം മടങ്ങുകയായിരുന്നു. ശാലിനിയുടെ ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ യുവതിയുടെ മാതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നീരൊഴുക്ക് കൂടി, 139.30 അടി കവിഞ്ഞു; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

നീരൊഴുക്ക് കൂടി, 139.30 അടി കവിഞ്ഞു; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

തൊടുപുഴ: ഇടുക്കിയില്‍ തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. ഡാമിലെ ജലനിരപ്പ് ഇപ്പോള്‍ 139.30 അടിയായി. അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിക്കൊണ്ടിരിക്കുകയാണ്.

സെക്കന്റില്‍ 8800 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. വൃഷ്ടിപ്രദേശത്തെ കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 24 മണിക്കൂറിനിടെ ആറടിയോളമാണ് ഉയര്‍ന്നത്. റബള്‍ കര്‍വ് പ്രകാരമുള്ള സംഭരണശേഷി പിന്നിട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ ആദ്യം മൂന്നു ഷട്ടറുകള്‍ തുറന്നു. നീരൊഴുക്ക് കൂടുന്നത് കണക്കിലെടുത്ത് പിന്നീട് 13 ഷട്ടറുകളും ഉയര്‍ത്തുകയായിരുന്നു.

ഇടുക്കിയില്‍ പേമാരിപ്പെയ്ത്ത്, കുമളിയില്‍ മലവെള്ളപ്പാച്ചില്‍, വീടുകളിലും കടകളിലും വെള്ളം കയറി

ഇടുക്കിയില്‍ പേമാരിപ്പെയ്ത്ത്, കുമളിയില്‍ മലവെള്ളപ്പാച്ചില്‍, വീടുകളിലും കടകളിലും വെള്ളം കയറി

അടിമാലി: കുമളിയില്‍ ഇന്നലെ രാത്രി പെയ്ത കനത്ത മഴയെത്തുടര്‍ന്നുള്ള മലവെള്ളപ്പാച്ചിലില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ കനത്ത നാശം. കുമളി ടൗണിലും സമീപപ്രദേശങ്ങളിലും നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. ഒന്നാം മൈല്‍ ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്.

അടിമാലി: കുമളിയില്‍ ഇന്നലെ രാത്രി പെയ്ത കനത്ത മഴയെത്തുടര്‍ന്നുള്ള മലവെള്ളപ്പാച്ചിലില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ കനത്ത നാശം. കുമളി ടൗണിലും സമീപപ്രദേശങ്ങളിലും നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. ഒന്നാം മൈല്‍ ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്.

കുമളി ചെളിമടയ്ക്ക് സമീപം കെ കെ റോഡില്‍ മരം കടപുഴകി വീണതിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കുമളി പത്തുമുറി റൂട്ടില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. കുമളി പ്രദേശത്തെ തോടുകളും നീര്‍ച്ചാലുകളുമെല്ലാം നിറഞ്ഞു കഴിഞ്ഞൊഴുകുകയാണ്.