by Midhun HP News | Oct 19, 2025 | Latest News
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നു സുപ്രധാന രേഖകളും ഹാർഡ് ഡിസ്കും സ്വർണവും പണവും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. എട്ട് മണിക്കൂറിലധികം നീണ്ട പരിശോധനയ്ക്കു പിന്നാലെയാണ് ഇവ അന്വേഷണ സംഘം പിടിച്ചെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വസ്തുവകകളും രേഖകളും സംഘം പരിശോധിച്ചു. അതേസമയം പിടിച്ചെടുത്ത സ്വർണം തങ്ങൾ ഉപയോഗിക്കുന്ന സ്വർണാഭരണങ്ങളാണെന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ കുടുംബം പറയുന്നു.
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് പ്രത്യേക അന്വേഷണ സംഘം ഉണ്ണകൃഷ്ണൻ പോറ്റിയുടെ വീട്ടിലെത്തിയത്. പരിശോധനയ്ക്കു ശേഷം അർധരാത്രി പന്ത്രണ്ടരയോടെയാണ് മടങ്ങിയത്. പുളിമാത്ത് വില്ലേജ് ഓഫീസർ, പഞ്ചായത്ത് വാർഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് നാലാം ദിവസവും തുടരുകയാണ്. തട്ടിപ്പിനു കൂട്ടുനിന്നു എന്നു കണ്ടെത്തിയ അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ മുരാരി ബാബുവിനെ ഉടൻ കസ്റ്റഡിയിലെടുത്തും. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത ശേഷം ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ തെളിവെടുപ്പിനായി കൊണ്ടു പോകും.
ഉണ്ണികൃഷ്ണന്‍ പോറ്റി 2004 മുതല്‍ 2008വരെ ശബരിമല കീഴ്ശാന്തിയുടെ പരികര്‍മിയായിരുന്നെന്നും ശബരിമലയെ കുറിച്ച് കൃത്യമായ അറിവുള്ളയാളാണെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. ശബരിമല ശ്രീകോവില്‍ മേല്‍ക്കൂരയിലും ചുറ്റുഭാഗത്തും 1998ല്‍ സ്വര്‍ണം പതിച്ചതായി അറിവുള്ളയാളെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
ദ്വാരപാലക ശില്‍പങ്ങളും പില്ലറുകളും പല സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ച് ആചാരലംഘനം നടത്തുകയും തുടര്‍ന്ന് ശബരിമലയില്‍ എത്തിക്കുകയുമായിരുന്നു. ദുരുപയോഗം ചെയ്ത സ്വര്‍ണത്തിന് പകരം സ്വര്‍ണംപൂശുന്നതിനായി വിവിധ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി അവരില്‍ നിന്ന് വലിയ അളവ് സ്വര്‍ണം വാങ്ങി അത് മുഴുവനായി കൈവശപ്പെടുത്തുകയും ചെയ്തു. കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി പ്രതിയെ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ കൊണ്ടുപോകേണ്ടതുണ്ട്. പ്രതി സമൂഹത്തില്‍ സ്വാധീനമുള്ളയാളും തെളിവ് നശളിപ്പിക്കാനും കേസിന്റെ അന്വേഷണം തടസ്സപ്പെടുത്താനും കഴിവുള്ളയാളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ 13 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. രാവിലെ 10.30നാണ് പോറ്റിയെ പ്രത്യേക അന്വേഷണ സംഘം റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലെത്തിച്ചത്. അഭിഭാഷകകരെ ഉള്‍പ്പെടെ പുറത്തിറക്കി രഹസ്യമായാണു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇതു പൂര്‍ണമായും വിഡിയോയില്‍ ചിത്രീകരിച്ചു. ശബരിമലയിലെ 2 കിലോ സ്വര്‍ണം കവര്‍ന്നു എന്നതാണു കേസ്.


by Midhun HP News | Oct 19, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കേരള കര്‍ണാടക തീരങ്ങള്‍ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തീവ്ര ന്യൂനമര്‍ദ്ദമായി മാറി ശക്തിപ്രാപിക്കാന്‍ സാധ്യത. മാന്നാര്‍ കടലിടുക്കിനു മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കന്‍ ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്ന തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ പലയിടത്തും മിന്നല്‍പ്രളയങ്ങള്‍ക്കും സാധ്യതയുണ്ട്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും ലക്ഷദ്വീപിലും ഞായറാഴ്ച തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 21-ഓടെ തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി, തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യഭാഗങ്ങളിലും അതിനോട് ചേര്‍ന്ന പടിഞ്ഞാറന്‍-മദ്ധ്യ ബംഗാള്‍ ഉള്‍ക്കടലിലുമുള്ള ഭാഗങ്ങളിലും തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. കേരളത്തില്‍ ഒക്ടോബര്‍ 24 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക തീരങ്ങളിലും അതിനോട് ചേര്‍ന്ന കടല്‍ പ്രദേശങ്ങളിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
കന്യാകുമാരി പ്രദേശം, മാലിദ്വീപ്, തെക്കു കിഴക്കന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്ന ഭാഗങ്ങള്‍, ഗള്‍ഫ് ഓഫ് മന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. നാളെ ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.


by Midhun HP News | Oct 18, 2025 | Latest News, ജില്ലാ വാർത്ത
വര്‍ക്കലയില്‍ പ്രണയബന്ധവുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ തലയ്ക്ക് അടിയേറ്റ് കാമുകന്റെ സുഹൃത്ത് കൊല്ലപ്പെട്ടു. കൊല്ലം ചിറ്റുമല സ്വദേശി അമലാണ് ക്രൂര മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
ഒരാഴ്ച മുമ്പായിരുന്നു സംഭവം. കാമുകനായിരുന്ന യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇതേക്കുറിച്ച് സംസാരിക്കാന്‍ വര്‍ക്കല കണ്ണമ്പയിലുള്ള വീട്ടില്‍ എത്തിയപ്പോൾ ആയിരുന്നു സംഘർഷവും കൊലപാതകവും നടന്നത്. പ്രണയബന്ധം തകർന്നതിനെ തുടർന്ന് കഴിഞ്ഞ കുറെ കാലങ്ങളായി ഇത് കുടുംബങ്ങളും തമ്മിൽ ഫോൺ വഴി തർക്കങ്ങൾ നടന്നുവരികയായിരുന്നു. ഇത് സംസാരിച്ച് പരിഹരിക്കുന്നതിന് വേണ്ടിയാണ് അമലും സുഹൃത്തായ യുവാവും ബന്ധുക്കളും കണ്ണമ്പയിലെ പെൺകുട്ടിയുടെ വീടിന് സമീപത്ത് എത്തിയത്. തുടർന്നു വാക്കു തർക്കം ഉണ്ടാവുകയും പെൺകുട്ടിയുടെ ബന്ധുക്കൾ അമലിനെ ക്രൂരമായി മർദ്ദിക്കുകയും ആയിരുന്നു.
തുടർന്ന് വീട്ടിലേക്ക് മടങ്ങിയ അമൽ പിറ്റേന്ന് രാവിലെ കൂടുതൽ അവശനാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. തെങ്ങിൽ നിന്ന് വീണ് പരിക്കുപറ്റി എന്നാണ് ആശുപത്രിയിൽ ബന്ധുക്കൾ പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ ഡോക്ടർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ പതിനേഴാം തീയതിയാണ് അമൽ മരണപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവും ബന്ധുക്കളുമായ
വർക്കല കണ്ണംബ സ്വദേശി സുരേഷ്, രാജേഷ്, അജിത്ത് എന്നിവരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.


by Midhun HP News | Oct 18, 2025 | Latest News, കേരളം
തിരുവല്ലം ∙ ഓടുന്നതിനിടെ, കെഎസ്ആർടിസി ബസിന്റെ വാതിൽ തുറന്നു യാത്രക്കാരി എൻജിനീയറിങ് വിദ്യാർഥിനി പുറത്തേക്കു തെറിച്ചുവീണു. തലയ്ക്കു പരുക്കേറ്റ യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ. ഇന്നലെ രാവിലെ പാറവിള–പാച്ചല്ലൂർ റോഡിലുണ്ടായ അപകടത്തിൽ പാറവിള നിവാസി പാപ്പനംകോട് ശ്രീചിത്ര എൻജിനീയറിങ് കോളജ് എംടെക് വിദ്യാർഥിനി മറിയ(22)ത്തിനാണ് പരുക്കേറ്റത്. പാറവിളയിൽനിന്നു കയറിയ വിദ്യാർഥിനി, ബസ് ആദ്യ വളവു തിരിഞ്ഞതും പിൻവാതിൽ തുറന്നു പുറത്തേക്കു വീഴുകയായിരുന്നു.
ബസ് അധികൃതർ ഉടൻ വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചു. അടിമലത്തുറയിൽ നിന്നു തമ്പാനൂരിലേക്കു പോയ വിഴിഞ്ഞം ഡിപ്പോയുടെ ബസിലാണ് അപകടം. ബസിൽ യാത്രക്കാർ ഏറെയുണ്ടായിരുന്നു. ബാഗോ മറ്റോ തട്ടിയാവാം വാതിൽ തുറന്നതെന്നു കരുതുന്നതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു. സംഭവത്തിൽ തിരുവല്ലം പൊലീസ് കേസെടുത്തു.
അന്വേഷണം തുടങ്ങി
വാഹനത്തിന്റെ വാതിൽ സുരക്ഷിതമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കണ്ടക്ടർ ജാഗ്രത കാട്ടേണ്ടിയിരുന്നുവെന്ന് വിഴിഞ്ഞം ഡിപ്പോ അധികൃതർ പറയുന്നു. സിഎംഡി സ്ക്വാഡ് സൗത്ത് ഇൻസ്പെക്ടർ തലത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചെന്നും ഇവർ അറിയിച്ചു.


by Midhun HP News | Oct 18, 2025 | Latest News, ദേശീയ വാർത്ത
ബെംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ( IIM B) രണ്ട് നാല് വർഷ കോഴ്സുകൾ പുതുതായി തുടങ്ങുന്നു. 2026-27 അധ്യയന വർഷത്തിലാണ് പുതിയ കോഴ്സുകൾ ആരംഭിക്കുന്നത്. ഡേറ്റാ സയൻസ്, ഇക്കണോമിക്‌സ് എന്നിവയിലാണ് പുതിയ നാല് വർഷത്തെ മുഴുവൻ സമയ റെസിഡൻഷ്യൽ ബിഎസ്‌സി (ഓണേഴ്‌സ്) കോഴ്സ് ആരംഭിക്കുന്നത്.
ഈ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. നവംബർ 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
ഇക്കണോമിക്സിൽ മൈനറോടുകൂടി ഡേറ്റാ സയൻസിൽ ബി എസ് സി ഓണേഴ്സ് ബിരുദവും ഡേറ്റാ സയൻസിൽ മൈനറോടെ ഇക്കണോമിക്സിൽ ബി എസ് സി ഓണേഴ്സ് ബിരുദവുമാണ് ലഭിക്കുക. ഐഐഎം ബെംഗളൂരിന്റെ പുതുതായി ആരംഭിക്കുന്ന ജിഗാനി ക്യാമ്പസിലാണ് ഈ പ്രോഗ്രാമുകൾ നടത്തുക,
യോഗ്യതയും പ്രവേശന പ്രക്രിയയും
അപേക്ഷകർ 2026 ഓഗസ്റ്റ് ഒന്നിന് 20 വയസ്സ് തികഞ്ഞവരായിരിക്കണം, ഗണിതം ഒരു വിഷയമായി എടുത്ത് പന്ത്രണ്ടാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ്സിൽ ഗണിതത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം.
ഐഐഎം ബെംഗളുരൂ ബിരുദ പ്രവേശന പരീക്ഷ (അണ്ടർ ഗ്രാജ്വേറ്റ് അഡ്മിഷൻ ടെസ്റ്റ് – IIMB UGAT-ഐഐഎംബി യുജിഎടി) ഡിസംബർ 13 ന് നടക്കും,2026 ജനുവരിയിൽ നേരിട്ടുള്ള അഭിമുഖങ്ങൾ നടക്കും.


അന്തിമ പ്രവേശന പട്ടിക 2026 ഫെബ്രുവരി 28-നകം പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം (NEP) പ്രകാരമാണ് ഈ പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്‌തിട്ടുള്ളത്, സ്വതന്ത്ര ചിന്തയും വിമർശന ബുദ്ധിയും വളർത്തുന്ന ആഴമുള്ള അക്കാദമിക രീതിയോടൊപ്പം പരിശീലനത്തോടെയുള്ള പഠനത്തെയും പ്രയോഗക്ഷമതെയും സംയോജിപ്പിച്ചാണ് ഈ കോഴ്സ് ഘടനയുടെ ഉള്ളടക്കം.
പ്രോഗ്രാം ഘടനയും പാഠ്യപദ്ധതിയും
ഡേറ്റാ സയൻസിലെ ബിഎസ്‌സി (ഓണേഴ്‌സ്) പ്രോഗ്രാം
പ്രായോഗിക ബിസിനസ് ആപ്ലിക്കേഷനുകളുമായി സംയോജിപ്പിച്ചിരിക്കുന്ന സ്റ്റോക്കാസ്റ്റിക് പ്രക്രിയകൾ, അൽഗോരിതങ്ങൾ, ഡേറ്റാ ഘടനകൾ, മനഃശാസ്ത്രം എന്നിവയിൽ അടിത്തറ നൽകുന്നു.
വിശകലന കഴിവുകൾ, പ്രോബ്ലം സോൾവിങ്, ഇന്റേൺഷിപ്പുകൾ, നേതൃത്വ വികസനം എന്നിവയിലൂടെ പ്രായോഗിക പഠനം എന്നിവയ്ക്ക് പാഠ്യപദ്ധതി ഊന്നൽ നൽകുന്നു. ഇക്കണോമിക്സ് മൈനാറായി പഠിച്ച് ഡേറ്റാ സയൻസിൽ ഓണേഴ്സ് ബിരുദം നേടാം.
ഡേറ്റാ സയൻസിൽ ഓണേഴ്സ് കോഴ്സ് സംബന്ധിച്ച വിശദവിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ബിഎസ്‌സി (ഓണേഴ്‌സ്) ഇൻ ഇക്കണോമിക്‌സ് പ്രോഗ്രാം
ഇക്കണോമിക് തിയറി, സ്റ്റാറ്റിസ്റ്റിക്കൽ രീതികൾ, ഇക്കണോമെട്രിക്സ്, ബിഹേവിയറൽ ഇൻസൈറ്റുകൾ എന്നിവയക്ക് പുറമെ ഡേറ്റാ സയൻസ് മൈനറും ഉൾപ്പെടുന്നു.
ഇന്റേൺഷിപ്പുകളുടെയും അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന സാധ്യതകളും വിശകലന ശേഷി, വിമർശനാത്മക ചിന്ത, പ്രൊഫഷണൽ നൈപുണ്യ വികസനം എന്നിവയിൽ കോഴ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇക്കണോമിക്സിൽ ബി എസ് സി (ഓണേഴ്‌സ്) ബിരുദം നേടാം.
ബിഎസ്‌സി (ഓണേഴ്‌സ്) ഇൻ ഇക്കണോമിക്‌സ് സംബന്ധിച്ച വിശദവിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോഴ്സുകൾക്ക് അപേക്ഷിക്കുന്നതിന് :https://ug.iimb.ac.in/
Recent Comments