by Midhun HP News | Oct 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം റൂറൽ പോലീസ് കൺസ്യൂമർ സഹകരണ സ്റ്റോറിന്റെ ആഭിമുഖ്യത്തിൽ ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് വമ്പിച്ച വിലക്കുറവിൽ ദീപാവലി പടക്ക ഉൽപ്പന്നങ്ങൾ ആറ്റിങ്ങൽ പൂവൻപാറ പാലത്തിന് സമീപം (Near bright hotel) പോലീസ് കൺസ്യൂമർ സൊസൈറ്റിയിൽ നിന്നും ലഭിക്കുന്നതാണ്.
3500 രൂപ വിലയുള്ള 50 ഐറ്റങ്ങൾ അടങ്ങുന്ന ബോക്സ് 1000/- രൂപയ്ക്കും, 1500/ – രൂപ വിലയുള്ള 35 ഐറ്റങ്ങൾ അടങ്ങുന്ന ബോക്സ് 500/- രൂപയ്ക്കും ഇവിടെ നിന്നും ലഭിക്കുന്നതാണ്. അതിനുപുറമേ എല്ലാവിധത്തിലുള്ള ദീപാവലി പടക്ക ഉത്പന്നങ്ങളും ജീവനക്കാർക്ക് ലഭ്യമാകുന്ന ഏറ്റവും വിലകുറഞ്ഞ അതേ നിരക്കിൽ പൊതുജനങ്ങൾക്കും ലഭിക്കുന്നതാണ്.


by Midhun HP News | Oct 13, 2025 | Latest News, കേരളം
കൊല്ലം മയ്യനാട് സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. താന്നി സ്വദേശികളായ അലന്‍ ജോസഫ് (20), വിനു രാജ് (20) എന്നിവരാണ് മരിച്ചത്.
യുവാക്കളുടെ ബൈക്ക് നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ മയ്യനാട്താന്നി റോഡില്‍ ശാസ്താംകോവില്‍ സ്‌കൂളിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


by Midhun HP News | Oct 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു. കൊല്ലം സ്വദേശി പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഈ മാസം അമിബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
സംസ്ഥാനത്ത് ഇന്നും ഇന്നലെയുമായി രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് ആറ് വയസ്സുകാരിക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെ പാലക്കാട് കൊടുമ്പ് സ്വദേശിയായ 62കാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അപസ്മാര ലക്ഷണങ്ങള്‍ കൂടി പ്രകടിപ്പിച്ചതോടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാ ഫലം വന്നപ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് തിരിച്ചറിഞ്ഞത്. വയോധികനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിലവില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയാണ്.


by Midhun HP News | Oct 13, 2025 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ : 13, 14 തീയതികളിൽ നഗരൂർ-കല്ലമ്പലം റോഡിലും, പുതുശ്ശേരിമുക്ക്-പോങ്ങനാട് റോഡിലും ടാറിങ് നടക്കുന്നതിനാൽ പകൽ എട്ടുമുതൽ അഞ്ചുവരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. പുളിമാത്ത്, നഗരൂർ, കരവാരം പഞ്ചായത്തുകൾക്കായുള്ള കുടിവെള്ള പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായുള്ള റോഡ് റീസ്റ്റോറേഷന്റെ ഭാഗമായാണ് ടാറിങ്.


by Midhun HP News | Oct 13, 2025 | Latest News
ഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എന്‍ വി അഞ്ജാരിയ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജി അജയ് രസ്‌തോഗിയുടെ നേതൃത്വത്തിലുള്ള സമിതിയെയും നിയോഗിച്ചിട്ടുണ്ട്. സമിതിയിൽ തമിഴ്നാട് കേഡറിലുള്ള രണ്ട് ഐപിഎസ് ഓഫീസർമാരുണ്ടാകും. അവർ തമിഴ്നാട് സ്വദേശികൾ ആകരുതെന്നും, ഐജി റാങ്കിൽ ഉള്ളവരാകണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ടിവികെ അധ്യക്ഷനും നടനുമായ വിജയ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും, വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് ടിവികെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി എസ്ഐടി രൂപീകരിക്കുന്ന ഹൈക്കോടതി വിധിയെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന ഹര്‍ജിയില്‍ എതിര്‍ത്തിരുന്നു.
അന്വേഷണം സിബിഐക്ക് കൈമാറാന്‍ വിസമ്മതിച്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഒക്ടോബര്‍ 3-ന് പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തും സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തിയിരുന്നു. ഇതില്‍ വാദം കേള്‍ക്കുന്നതിനിടെ, ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച രീതിയെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

കരൂര്‍ മധുര ബെഞ്ചിന്റെ അധികാരപരിധിയില്‍ വരുമ്പോള്‍ ചെന്നൈയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിന് എങ്ങനെ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയുമെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. നടന്‍ വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം സെപ്റ്റംബര്‍ 27 ന് തമിഴ്‌നാട്ടിലെ കരൂരില്‍ സംഘടിപ്പിച്ച റാലിയിലാണ് ആള്‍ക്കൂട്ട ദുരന്തം ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Recent Comments