സ്‌കൂളുകളും ഡിജിറ്റല്‍ പേയ്മെന്‍റിലേക്ക്, ഫീസ് യുപിഐ വഴി, നീക്കവുമായി കേന്ദ്രം

സ്‌കൂളുകളും ഡിജിറ്റല്‍ പേയ്മെന്‍റിലേക്ക്, ഫീസ് യുപിഐ വഴി, നീക്കവുമായി കേന്ദ്രം

ഡല്‍ഹി: വിദ്യാഭ്യാസ സമ്പ്രദായം ആധുനികവല്‍ക്കരിക്കുന്നതിനും കൂടുതല്‍ സുതാര്യമാക്കുന്നതിനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ ഫീസ് പേയ്മെന്റ് പ്രക്രിയയില്‍ മാറ്റം വരുത്താന്‍ പോകുന്നു. ഫീസ്, പരീക്ഷാ ഫീസ്, മറ്റ് സാമ്പത്തിക ഇടപാടുകള്‍ എന്നിവയ്ക്കായി എല്ലാ സ്‌കൂളുകളും യുപിഐ അടക്കമുള്ള ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളിലേക്ക് മാറണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശിച്ചു. സ്‌കൂളുകളുടെ ഭരണപരമായ പ്രക്രിയകള്‍ ലളിതമാക്കുന്നതിനൊപ്പം മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇത് ഏറെ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

ഇതിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കത്തയച്ചു. ഫീസ് പേയ്മെന്റുകളില്‍ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും ഭരണപരമായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും പണമിടപാടുകള്‍ക്ക് പകരം ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ സ്വീകരിക്കാനാണ് കത്തില്‍ ശുപാര്‍ശ ചെയ്യുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ പിശകുകളുടെ സാധ്യത കുറയ്ക്കുകയും കൂടുതല്‍ സുരക്ഷിതമായ റെക്കോര്‍ഡ് സൂക്ഷിക്കല്‍ പ്രക്രിയയിലേക്ക് നയിക്കുകയും ചെയ്യുമെന്നും മന്ത്രാലയം പ്രസ്താവിച്ചു.

ഈ സംവിധാനം നടപ്പിലാക്കിയാല്‍ ഫീസ് അടയ്ക്കാന്‍ മാതാപിതാക്കള്‍ ഇനി എല്ലാ മാസവും സ്‌കൂളുകള്‍ സന്ദര്‍ശിക്കേണ്ടി വരില്ല. അവര്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകള്‍ വഴി യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് ഉപയോഗിച്ച് വീട്ടില്‍ നിന്ന് ഫീസ് അടയ്ക്കാന്‍ കഴിയും. ഇത് സമയം ലാഭിക്കുകയും പണമടയ്ക്കല്‍ പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കുകയും ചെയ്യും. എന്‍സിആര്‍ടി, സിബിഎസ്ഇ, കെവിഎസ്, എന്‍വിഎസ് തുടങ്ങിയ സ്വയംഭരണ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ പണമടയ്ക്കല്‍ സംവിധാനങ്ങള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശബരിമലയിലെ സ്വർണക്കവർച്ച അന്വേഷിക്കാൻ ഇഡിയും

ശബരിമലയിലെ സ്വർണക്കവർച്ച അന്വേഷിക്കാൻ ഇഡിയും

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കവർച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു. കൊച്ചി മേഖലാ ഓഫീസിലെ ഉദ്യോ​ഗസ്ഥർ പ്രാഥമിക വിവരശേഖരണം തുടങ്ങി. ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം. ക്രൈംബ്രാഞ്ച് എഫ്ഐആറും ദേവസ്വം വിജിലൻസ് റിപ്പോർട്ടും ഇഡി സംഘം പരിശോധിക്കും. ഇതിനായി എഫ്ഐആർ അടക്കമുള്ള വിശദാംശങ്ങൾ തേടി ഉടൻ ക്രൈംബ്രാഞ്ചിന് കത്തു നൽകും.

എഫ്ഐആർ വിശദാംശങ്ങൾ പരിശോധിച്ചശേഷമാകും എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്യുക. സംഭവത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നത് അടക്കമാണ് പരിശോധിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രണ്ട് എഫ്ഐആറുകളാണ് കേസുമായി ബന്ധപ്പെട്ട് രജിസറ്റർ ചെയ്തിട്ടുള്ളത്. ദേവസ്വം വിജിലൻസിന് ലഭിച്ച മൊഴികളും ഇഡി പരിശോധിക്കും. ക്രൈബ്രാഞ്ച് പ്രതിപ്പട്ടികയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റി അടക്കം 10 പേരും ഇഡി കേസിൽ പ്രതികളാകും.

സ്വർണപ്പാളി വേർതിരിച്ചുവെന്ന് കരുതപ്പെടുന്ന സ്മാർട്ട് ക്രിയേഷന്റെ ചെന്നൈ ഓഫീസിൽ ഹൈക്കോടതി നിയോ​ഗിച്ച പ്രത്യേക അന്വേഷണ സംഘം പരിശോധന പുരോഗമിക്കുകയാണ്. ശബരിമല സ്വർണക്കൊള്ളയിൽ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും. മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിന് മുമ്പ് നോട്ടീസ് നൽകി വിളിച്ചുവരുത്താനാണ് ആലോചിക്കുന്നത്. സ്വർണം പൂശി നൽകിയ ഗോവർദ്ധനിൽ നിന്ന് എസ്ഐടി വിവരങ്ങൾ തേടും. സ്വർണ്ണ കൊള്ളയിൽ ഹൈദരബാദിലും പ്രത്യേക സംഘം അന്വേഷണം നടത്തും. അതിനിടെ സന്നിധാനത്തെ പരിശോധന പൂർത്തിയാക്കിയ ഹൈക്കോടതി കമ്മീഷൻ റിട്ട ജസ്റ്റിസ് കെ ടി ശങ്കരൻ ഇന്ന് ആറന്മുളയിലെത്തും.

ശബരിമലയിലെ സ്വര്‍ണം നഷ്ടമായതില്‍ 2019 ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും ക്രൈംബ്രാഞ്ച് പ്രതിയാക്കിയിട്ടുണ്ട്. സിപിഎം നേതാവ് എ പത്മകുമാര്‍ പ്രസിഡന്റായ ദേവസ്വം ബോര്‍ഡാണ് പ്രതിക്കൂട്ടിലായത്. കെ പി ശങ്കരദാസ്, പാറവിള എന്‍ വിജയകുമാര്‍ എന്നിവരായിരുന്നു ബോര്‍ഡ് അംഗങ്ങള്‍. എട്ടാം പ്രതിസ്ഥാനത്താണ് ദേവസ്വം ബോര്‍ഡുള്ളത്. സ്വര്‍ണ കട്ടിളപ്പാളി ചെമ്പെന്ന് വിശേഷിപ്പിച്ച് വീണ്ടും സ്വര്‍ണം പൂശാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ക്രൈംബ്രാഞ്ചിന്റെ രണ്ടു കേസുകളിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി. കട്ടിളപ്പാളി കേസില്‍ പോറ്റിയുടെ കൂട്ടാളി കല്‌പേഷ് ആണ് രണ്ടാം പ്രതി. ആദ്യ കേസിലെ പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥര്‍ രണ്ടാമത്തെ കേസിലും പ്രതികളാണ്.

സ്വര്‍ണവില 92,000ലേക്ക്

സ്വര്‍ണവില 92,000ലേക്ക്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. സ്വര്‍ണവില 92,000ലേക്ക് അടുക്കുകയാണ്. ഇന്ന് പവന് 240 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 91,960 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 11,495 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

എട്ടിനാണ് സ്വര്‍ണവില 90,000 ആദ്യമായി കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

‘ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കൺവീനറുടെ സന്തതസഹചാരി’; ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

‘ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കൺവീനറുടെ സന്തതസഹചാരി’; ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. കോൺ​ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്. പേരാമ്പ്ര ഡിവൈഎസ്‌പി സുനിൽ, വടകര ഡിവൈഎസ്‌പി ഹരിപ്രസാദ്, ഷാഫിയെ തല്ലിയ പൊലീസുകാരൻ എന്നിവരുടെ പേരിൽ നടപടി വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പ്രവീൺകുമാർ അറിയിച്ചു.

എൽഡിഎഫ് കൺവീനറുടെ സന്തതസഹചാരിയായ ആറോളം പൊലീസുകാരുണ്ട്. ഇവരിലൊരാളാണ് എംപിയെ ആക്രമിച്ചതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ കോഴിക്കോട് റൂറൽ എസ്‍പി കെ ഇ ബൈജുവിന്റെ വീടിനു മുന്നിൽ കോൺഗ്രസ് ഉപരോധമിരിക്കുമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു.

പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപി രണ്ടുദിവസത്തിനകം ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. കോഴിക്കോട് സ്വകാര്യാശുപത്രിയിലാണ് ഷാഫി ചികിത്സയിലുള്ളത്. മൂക്കിന് പരിക്കേറ്റ ഷാഫിയെ ശസ്ത്രക്രിയക്ക്‌ വിധേയനാക്കിയിരുന്നു.

തിരഞ്ഞത് ഇരുന്നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ; പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ‌

തിരഞ്ഞത് ഇരുന്നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ; പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ‌

കണ്ണൂർ: പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ‌. കണ്ണൂർ സ്വദേശി ഫൈസൽ ആണ് പിടിയിലായത്. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയെത്തുടർന്നാണ് ബാലുശ്ശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.കുറ്റ്യാടി പത്തിരിപ്പറ്റ എന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. മോട്ടോർ സൈക്കിളിൽ എത്തിയാണ് ഇയാൾ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. ഇരുന്നൂറിലേറെ സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെൽ സഹായത്തോടെയുമാണ് പ്രതിയെ കണ്ടെത്തിയത്. ‌