by Midhun HP News | Oct 10, 2025 | Latest News, കേരളം
അഭിനയത്തേക്കാൾ കൂടുതൽ നൃത്തവേദികളിലാണ് നടി നവ്യയിപ്പോൾ സജീവമായിരിക്കുന്നത്. നൃത്തത്തോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും മാതംഗി എന്ന തന്റെ നൃത്തവിദ്യാലയത്തെക്കുറിച്ചുമൊക്കെ നവ്യ പൊതുവേദികളിലടക്കം വാചാലയാകാറുണ്ട്. റത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രിയാണ് നവ്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
നവ്യയ്ക്കൊപ്പം സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ നവ്യ. നൃത്തത്തെക്കുറിച്ച് നവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. “നൃത്തം എന്ന കല കയ്യിലുള്ളതു കൊണ്ടും, നവ്യ നായർ എന്ന പേര് നില നിന്ന കൊണ്ടും എന്നെ കാണാൻ ഓഡിയൻസ് എപ്പോഴുമെത്തും.

അതുകൊണ്ട് എനിക്കിപ്പോൾ കൈ നിറയെ പ്രോഗ്രാമുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ജീവിക്കാൻ എനിക്ക് അഭിനയിച്ച് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. അതുള്ളപ്പോൾ എനിക്ക് അഭിനയത്തെ ഒരു പാഷനായിട്ട് മാറ്റി വയ്ക്കാം. എനിക്ക് ഇഷ്ടമുള്ളപ്പോൾ ആഗ്രഹിക്കുമ്പോൾ അത് ചെയ്യാം. വലിയ അതിമോഹങ്ങളൊന്നും എനിക്ക് ജീവിതത്തിലില്ല”. – നവ്യ പറഞ്ഞു.
ഒരുത്തീ താൻ തിരഞ്ഞെടുത്ത സിനിമകളിലൊന്നാണെന്നും വരാനിരിക്കുന്ന പാതിരാത്രി എന്ന ചിത്രവും അത്തരത്തിലുള്ളതാണെന്ന് നവ്യ പറയുന്നു. ഇങ്ങോട്ട് വരുന്ന സിനിമകളിൽ നിന്ന് മാത്രമേ തനിക്ക് സിനിമ സെലക്ട് ചെയ്യാൻ കഴിയുകയുള്ളൂവെന്നും നടി പറഞ്ഞു. തനിക്ക് വൈബ്രന്റായ കഥാപാത്രങ്ങൾ ഇഷ്ടമാണെന്നും അത്തരത്തിലുള്ള സിനിമകൾ തന്നെ തേടിയെത്തിയാൽ ചെയ്യുമെന്നും നവ്യ കൂട്ടിച്ചേർത്തു.
പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാത്രി. ചിത്രത്തിൽ പൊലീസുകാരിയായാണ് നവ്യ എത്തുന്നത്. ആൻ അഗസ്റ്റിൻ, സണ്ണി വെയ്ൻ, ശബരീഷ് വർമ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.


by Midhun HP News | Oct 10, 2025 | Latest News, കേരളം
കോട്ടയം: സ്ത്രീയെ കബളിപ്പിച്ച് 45 ലക്ഷവും സ്വർണവും തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പാസ്റ്റർ ‘നമ്പൂതിരി’ അറസ്റ്റിൽ. കോട്ടയം നാട്ടകം മുളങ്കുഴ ജോസ് ആർക്കേഡിൽ ടി പി ഹരിപ്രസാദ് ആണ് അറസ്റ്റിലായത്. കൊല്ലം കപ്പലണ്ടിമുക്കിലെ ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
മണർകാട് സ്വദേശിനിയുടെ പണവും സ്വർണവുമാണ് ഇയാൾ തട്ടിയെടുത്തത്. പിന്നീട് കോട്ടയം കുറുമ്പനാടം സ്വദേശിനിയായ യുവതിക്കൊപ്പം തമിഴ്നാട്, ബംഗളൂരു എന്നിവിടങ്ങളിലും കേരളത്തിലെ മറ്റ് ജില്ലകളിലും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. 2023 മുതൽ ഇയാൾ കോട്ടയം മുളങ്കുഴ കേന്ദ്രമായി പെന്തക്കോസ്ത് മിഷൻ ഓഫ് ഇന്ത്യ എന്ന പേരിൽ പ്രാർഥനാ സ്ഥാപനം നടത്തിയിരുന്നു. ഈ സ്ഥാപനത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ നിരവധി പേരുടെ പണവും സ്വർണ ഉരുപ്പടികളും തട്ടിയെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.



by Midhun HP News | Oct 10, 2025 | Latest News, ദേശീയ വാർത്ത
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യ തോറ്റെങ്കിലും മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. താരം ഏകദിന ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്താണ് കളം വിട്ടത്. 8ാം സ്ഥാനത്തിറങ്ങി 77 പന്തില്‍ താരം അടിച്ചുകൂട്ടിയത് 94 റണ്‍സ്. കന്നി ഏകദിന സെഞ്ച്വറി വെറും 6 റണ്‍സില്‍ നഷ്ടമായതാണ് നിരാശപ്പെടുത്തിയത്.
ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ (പുരുഷ, വനിത) 8ാം സ്ഥാനത്തോ അതിനു താഴെയോ ഇറങ്ങി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിക്കുന്ന താരമായി റിച്ച മാറി. റെക്കോര്‍ഡില്‍ ഓസ്‌ട്രേലിയയുടെ നതാന്‍ കോള്‍ടന്‍ നെയ്‌ലിനെയാണ് റിച്ച പിന്തള്ളിയത്. 2019ലെ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കോള്‍ടര്‍ നെയ്ല്‍ നേടിയ 92 റണ്‍സാണ് റിച്ച പഴങ്കഥയാക്കിയത്.
വനിതാ വിഭാഗത്തില്‍ ഈ റെക്കോര്‍ഡ് നേരത്തെ മറ്റൊരു ഇന്ത്യന്‍ താരമായ പൂജ വസ്ത്രാക്കറുടെ പേരിലാണ്. 2022ലെ ലോകകപ്പില്‍ താരം പാകിസ്ഥാനെതിരെ 67 റണ്‍സ് നേടിയതായിരുന്നു വനിതാ വിഭാഗത്തില്‍ ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ്. ഒരു ലോകകപ്പ് പോരാട്ടത്തില്‍ 8ാം സ്ഥാനത്തിറങ്ങി 80നു മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ താരമായും (പുരുഷ, വനിത) റിച്ച മാറി. 2019ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ എട്ടാം സ്ഥാനത്തിറങ്ങി രവീന്ദ്ര ജഡേജ അര്‍ധ സെഞ്ച്വറി പിന്നിട്ടിരുന്നു. താരം പക്ഷേ 77റണ്‍സാണ് കണ്ടെത്തിയത്.



by Midhun HP News | Oct 10, 2025 | Latest News, ദേശീയ വാർത്ത
ലഖ്നൗ: ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് വിദ്യാർഥിനികൾ അകന്നു നിൽക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. ഇത്തരം ബന്ധങ്ങൾ കൊടിയ ചൂഷണങ്ങൾക്ക് ഇടയാക്കുമെന്ന് ആനന്ദി ബെൻ പറഞ്ഞു. വാരാണസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്റെ 47-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവേയാണ് ആനന്ദിബെൻ പട്ടേലിന്റെ പ്രസ്താവന.
‘‘എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് പെൺമക്കൾ ശ്രദ്ധാപൂർവ്വം ചിന്തിക്കണം. ലിവ് ഇൻ റിലേഷൻഷിപ്പുകൾ ഇപ്പോൾ ട്രെൻഡാണ്. എന്നാൽ, നിങ്ങൾ അതിൽ നിന്ന് വിട്ടുനിൽക്കണം. എന്താണ് സംഭവിക്കുകയെന്ന് നിങ്ങൾ കണ്ടിട്ടുണ്ട്. 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാം’’– ഗവർണർ പറഞ്ഞു.

ലിവ്-ഇൻ ബന്ധങ്ങൾ ഇപ്പോൾ പ്രചാരത്തിലായിരിക്കാം, പക്ഷേ അത് ചെയ്യരുത്. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ എടുക്കുക. കഴിഞ്ഞ 10 ദിവസമായി, അത്തരം കേസുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തനിക്ക് ലഭിക്കുന്നുണ്ട്. അവരെ കാണുമ്പോഴെല്ലാം നമ്മുടെ പെൺമക്കൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ തിരഞ്ഞെടുപ്പുകൾ നടത്തുന്നതെന്ന് ചിന്തിച്ചുപോകുന്നു.” ആനന്ദിബെൻ പട്ടേൽ പറഞ്ഞു. സർവകലാശാല പരിപാടിയിൽ വച്ച് ലിവ് ഇൻ റിലേഷൻഷിപ്പുകളെക്കുറിച്ച് ഗവർണർ വിവാദ പരാമർശങ്ങൾ നടത്തുന്നത് ഇതു രണ്ടാം തവണയാണ്. ലിവ് ഇൻ റിലേഷൻഷിപ്പുകളുടെ പ്രത്യാഘാതങ്ങൾ അനാഥാലയങ്ങൾ സന്ദർശിച്ചാൽ മനസ്സിലാകുമെന്നായിരുന്നു അന്നു ഗവർണർ പറഞ്ഞത്. 15-നും 20-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ കുഞ്ഞുങ്ങളെയും കയ്യിലേന്തി നിൽക്കുന്നത് കാണാൻ സാധിക്കുമെന്ന് ഗവർണർ പറഞ്ഞു.


by Midhun HP News | Oct 10, 2025 | Latest News, കേരളം
തിരുവനന്തപുരം: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച 9 വയസുകാരിയുടെ സഹോദരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സയിലൂടെയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. 9കാരിയുടെ മരണത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കു വെട്ടേറ്റിരുന്നു. പിന്നാലെ മന്ത്രി ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
താലൂക്ക് ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് 9 വയസുകാരി മരിച്ചത്. ഛർദ്ദിയും ക്ഷീണവും കാരണം കുട്ടിയുടെ ബോധ നിലയിൽ മാറ്റമില്ലാത്തതിനെ തുടർന്നാണ് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കുട്ടിയുടെ സഹോദരൻ ദിവസങ്ങളോളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നുവെന്നും അവിടുത്തെ വിദഗ്ധ ചികിത്സയിലൂടെയാണ് ആ കുട്ടി രക്ഷപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.


മന്ത്രിയുടെ കുറിപ്പ്
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രിയപ്പെട്ട ഡോക്ടർ, വിപിനെതിരെ ഇന്നലെ ഉണ്ടായ ആക്രമണത്തിന്റെ ആഘാതം ഇപ്പോഴും മനസ്സിൽ നിന്നും മായുന്നില്ല. വൈകുന്നേരം ഡോ. വിപിനുമായി ഫോണിൽ സംസാരിച്ചു. ഐസിയുവിൽ നിന്ന് റൂമിലേക്ക് ഡോക്ടറെ മാറ്റിയിട്ടുണ്ട്. ഭീകരമായ അനുഭവമാണ് ആ പാവം ഡോക്ടർ നേരിട്ടത്. ആ നടുക്കത്തിൽ നിന്ന് ഡോക്ടർ മോചിതനായിട്ടില്ല.
ആസൂത്രിതമായ ആക്രമണത്തിൽ ഏറ്റവും ശക്തമായ നിയമ നടപടി തന്നെ ഉറപ്പാക്കപ്പെടും. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും പോലീസിന് കൈമാറാൻ നിർദ്ദേശം നൽകിയിരുന്നു.
കോടിക്കണക്കിന് ആളുകളുടെ ആശ്രയമാണ് കേരളത്തിലെ സർക്കാർ ആശുപത്രികൾ. സർക്കാർ ആശുപത്രികൾക്കും ആശുപത്രികളിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും എതിരെ തീർത്തും തെറ്റായ പ്രചരണങ്ങൾ നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ചിലർ നടത്തിക്കൊണ്ടിരിക്കുന്നത്.
അനേയ എന്ന 9 വയസ്സുകാരിയുടെ മരണം ദുഃഖകരമാണ്. താമരശ്ശേരി ആശുപത്രിയിൽ ഛർദ്ദിലും ക്ഷീണവുമായി ഒപിയിൽ എത്തിച്ച കുട്ടിയെ നിരീക്ഷണത്തിൽ ആക്കുകയും ഐവി ഫ്ലൂയിഡ് നൽകുകയും ചെയ്തു. ക്ഷീണം വർദ്ധിച്ചതിനെ തുടർന്നും ബോധനിലയിൽ മാറ്റം ഉണ്ടായതിനെ തുടർന്നും ഉച്ച കഴിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് ചെയ്തത്. വഴിമധ്യേ മരണം സംഭവിച്ചു എന്നാണ് റിപ്പോർട്ട്. കുട്ടിയുടെ സഹോദരനും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ദിവസങ്ങളോളം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അവിടത്തെ വിദഗ്ധ ചികിത്സയിലൂടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിൽ ഒരുതരത്തിലും ന്യായീകരണമില്ല. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുമ്പോൾ കോടിക്കണക്കിന് ആൾക്കാർ ആശ്രയിക്കുന്ന സംവിധാനങ്ങളെയാണ് ആക്രമിക്കുന്നത്. അവരുടെ ആശ്രയത്തെയാണ് അക്രമത്തിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. രോഗത്തിന് മുൻപിൽ നിസ്സാഹരായി പോകുന്ന ആളുകളെ ചികിൽസിക്കാനും ചേർത്തുപിടിക്കാനും ഭയരഹിതമായും ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും പ്രവർത്തിക്കാനും ആരോഗ്യപ്രവർത്തകരെ ശക്തമായി പിന്തുണക്കേണ്ടതുണ്ട്. അവരെ നമുക്ക് ചേർത്ത് പിടിക്കാം.

Recent Comments