ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം, 7.6 തീവ്രത; സുനാമി മുന്നറിയിപ്പ്, അതീവ ജാഗ്രതാ നിര്‍ദേശം

ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം, 7.6 തീവ്രത; സുനാമി മുന്നറിയിപ്പ്, അതീവ ജാഗ്രതാ നിര്‍ദേശം

മനില: ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കന്‍ ഫിലിപ്പീന്‍സ് പ്രവിശ്യയില്‍ പുലര്‍ച്ചെയുണ്ടായത്. ഇതേത്തുടര്‍ന്ന് തീരമേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വലിയ നാശനഷ്ടമുണ്ടായേക്കാവുന്ന തരത്തില്‍ വന്‍ തിരമാലകള്‍ അടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

മിന്‍ഡാനാവോ മേഖലയിലെ ഡാവോ ഓറിയന്റലിലെ മനായ് പട്ടണത്തിനടുത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ പറഞ്ഞു. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും, രക്ഷാപ്രവര്‍ത്തകര്‍ സജ്ജമായിരിക്കാനും പ്രസിഡന്റ് നിര്‍ദേശിച്ചു.

തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന് ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്‌മോളജി അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡാവോ നഗരത്തിലെ സ്‌കൂളുകളില്‍ നിന്നും കുട്ടികളെ ഒഴിപ്പിച്ചു. ഏകദേശം 5.4 ദശലക്ഷം ആളുകളാണ് ഈ മേഖലയില്‍ താമസിക്കുന്നത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരദേശ പ്രദേശങ്ങളെ അപകടകരമായ സുനാമി തിരമാലകൾ ബാധിച്ചേക്കാമെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു. ദക്ഷിണ ഫിലിപ്പീൻസിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് ഇന്തോനേഷ്യ വടക്കൻ സുലവേസി, പപ്പുവ മേഖലകളിലും സുനാമി മുന്നറിയിപ്പ് നൽകിയതായി ഇന്തോനേഷ്യയുടെ ജിയോഫിസിക്‌സ് ഏജൻസി അറിയിച്ചു. സെപ്റ്റംബര്‍ 30-ന് ഫിലിപ്പീന്‍സിലെ സെബുവിലെ മധ്യ പ്രവിശ്യയിലുണ്ടായ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 74 പേരാണ് മരിച്ചത്.

‘നടന്മാരുടെ വീട്ടിലെ ഇഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാന്‍’; വിചിത്ര വാദവുമായി സുരേഷ് ഗോപി

‘നടന്മാരുടെ വീട്ടിലെ ഇഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാന്‍’; വിചിത്ര വാദവുമായി സുരേഷ് ഗോപി

പാലക്കാട്: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണ് നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രണ്ടു സിനിമാക്കാരെ വലിച്ചിഴയ്ക്കുന്നത് ഇതിനു വേണ്ടിയാണോയെന്ന് സംശയമുണ്ട്. കേന്ദ്രമന്ത്രിയായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. പ്രജാ വിവാദവും സ്വര്‍ണമോഷണ ചര്‍ച്ച മുക്കാനാണ്. എല്ലാം കുല്‍സിതമെന്നും പാലക്കാട് കല്ലേക്കുളങ്ങരയിലെ കലുങ്ക് സംവാദത്തില്‍ സുരേഷ് ഗോപി പറഞ്ഞു.

സ്വര്‍ണത്തിന്റെ കേസ് മുക്കാന്‍ വേണ്ടിയാണോ സിനിമാരംഗത്തെ രണ്ടുപേരെ വീണ്ടും ത്രാസില്‍ കയറ്റി അളക്കാന്‍ കേരള ജനതയ്ക്ക് വിട്ടു കൊടുത്തിരിക്കുന്നത്. അതേക്കുറിച്ച് എന്‍ഐഎയും ഇഡി അന്വേഷിക്കുകയും, തീവ്ര അന്വേഷണവും നടക്കുകയാണ്. കേന്ദ്രമന്ത്രിസഭയില്‍ ഇരുന്നുകൊണ്ട് താന്‍ ഒന്നും പറയാന്‍ പാടില്ല. എങ്കിലും ഈ സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന പ്രക്രിയയാണ് പൊലീസിനെ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി പറഞ്ഞു.

ഇനിയും ഇത്തരത്തില്‍ കഥകള്‍ വരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഇതു പ്രജകളുടെ രാജ്യമാണെന്നും വോട്ടുചെയ്യാന്‍ മാത്രമല്ല, മുഷ്ടിചുരുട്ടി ഉയര്‍ത്തിപ്പിടിച്ച് ചോദിക്കാനാകണമെന്നും നേരത്തെ ചെത്തല്ലൂരില്‍ നടന്ന കലുങ്ക് സൗഹൃദ സംഗമത്തില്‍ സുരേഷ് ഗോപി അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞതവണ കിറ്റുമായി വന്നു പറ്റിച്ചെങ്കില്‍ അതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ഇത്തവണ കിറ്റുമായി എത്തുന്നവരുടെ മുഖത്തേക്ക് വലിച്ചെറിയണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

ഭഗവാന്റെ ചെമ്പിനെക്കുറിച്ച് കണക്കെടുക്കട്ടെ. അയ്യപ്പനെക്കുറിച്ച് ഇതുവരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല. താന്‍ കര്‍മ്മിയാണ്. അയ്യപ്പന്‍ മനുഷ്യനാണ്. മൂത്ത സഹോദരനായിട്ടാണ് അയ്യപ്പനെ താന്‍ കാണുന്നത്. ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പന്‍. ചെമ്പ്, സ്വര്‍ണം രസതന്ത്രം വലിയ മാറ്റമാണ് കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. പാലക്കാട് കേരളത്തിന്റെ അന്നപാത്രമാണ്. ഇനി അന്നപാത്രമെന്ന് പറഞ്ഞത് ഇവിടുത്തെ നപുംസകങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോയെന്നും സുരേഷ് ഗോപി ചോദിച്ചു.

സ്‌കൂള്‍ ഒളിംപിക്‌സ് 21 മുതൽ തിരുവനന്തപുരത്ത്; സഞ്ജു ബ്രാന്‍ഡ് അംബാസഡര്‍

സ്‌കൂള്‍ ഒളിംപിക്‌സ് 21 മുതൽ തിരുവനന്തപുരത്ത്; സഞ്ജു ബ്രാന്‍ഡ് അംബാസഡര്‍

തിരുവനന്തപുരം: ഒളിംപിക്‌സ് മാതൃകയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേള ഈ മാസം 21 മുതല്‍ 28 വരെ തിരുവനന്തപുരത്തെ 12 വേദികളിലായി അരങ്ങേറും. അണ്ടര്‍ 14, 17, 19 വിഭാഗങ്ങളിലുള്ളവരും സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും ഉള്‍പ്പെടെ 20,000ത്തോളം കായിക പ്രതിഭകള്‍ മേളയില്‍ പങ്കെടുക്കും. ഗെയിംസ്, അത്‌ലറ്റിക്‌സ് എന്നിവയില്‍ 39 വിഭാഗങ്ങളിലായാണ് പോരാട്ടം.

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ സ്‌കൂള്‍ ഒളിംപിക്‌സിന്റെ ബ്രാന്‍ഡ് അംബാസഡറാണ്. തിരുവനന്തപുരത്തേയും സമീപ പ്രദേശങ്ങളിലേയും 12 സ്റ്റേഡിയങ്ങളിലായി പകലും രാത്രിയും മത്സരങ്ങള്‍ അരങ്ങേറും. പ്രധാന വേദിയായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജര്‍മന്‍ ഹാങര്‍ പന്തലുപയോഗിച്ച് താത്കാലിക ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ നിര്‍മിച്ച് 12 ഓളം കായിക ഇനങ്ങള്‍ ഒരുമിച്ച് സംഘടിപ്പിക്കും.

മേളയ്ക്ക് മുന്നോടിയായി ഒരാഴ്ച മുന്‍പ് വിളംബര്‍ ഘോഷയാത്ര നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കായിക പ്രതിഭകളുടെ മാര്‍ച്ച് പാസ്റ്റ്, രാജ്യാന്തര കായിക പ്രതിഭകള്‍ സംഗമിക്കുന്ന ദീപശിഖാ പ്രയാണം എന്നിവയുമുണ്ടാകും. മാഹാരാജാസ് ഗ്രൗണ്ടില്‍ നിന്നു ആരംഭിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കുന്ന രീതിയിലാകും ദീപശിഖാ പ്രയാണം. മാര്‍ച്ച് പാസ്റ്റില്‍ 4500 പേര്‍ പങ്കെടുക്കും. തൈക്കാട് മൈതാനത്തില്‍ പ്രധാന അടുക്കളയും ഭക്ഷണം കഴിക്കാനുള്ള സ്ഥലവും ഒരുക്കും.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സിലബസില്‍ യുഎഇയിലെ ഏഴ് സ്‌കൂളുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും പങ്കെടുക്കും. തങ്കു എന്ന മുയലാണ് ഇത്തവണത്തെ സ്‌കൂള്‍ ഒളിംപിക്‌സിന്റെ ഭാഗ്യ ചിഹ്നം.

JEE, NEET,CUET 2026: ഇനി മുതൽ ആധാർ വിലാസം ആധാരമാക്കി പരീക്ഷാകേന്ദ്രം

JEE, NEET,CUET 2026: ഇനി മുതൽ ആധാർ വിലാസം ആധാരമാക്കി പരീക്ഷാകേന്ദ്രം

ദേശീയതല പ്രവേശന പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങൾ നിർണ്ണയിക്കുന്ന രീതി മാറ്റുന്നതിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ‌ടി‌എ) പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു.

2026-27 അക്കാദമിക് സെഷൻ മുതൽ, ജെഇഇ മെയിൻ, നീറ്റ്-യുജി, സിയുഇടി-യുജി തുടങ്ങിയ പരീക്ഷകൾക്ക് എഴുതുന്ന പരീക്ഷാർത്ഥികൾക്ക് ഇനി അവരുടെ ഇഷ്ടപ്പെട്ട പരീക്ഷാ നഗരങ്ങൾ തെരഞ്ഞെടുക്കാൻ കഴിയില്ല.

ഇതുവരെ വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് ഇഷ്ടപ്പെട്ട നഗരങ്ങളിൽ പരീക്ഷ എഴുതാൻ ചോയ്സ് നൽകാമായിരുന്നു. എന്നാൽ, ഇനി മുതൽ പരീക്ഷാർത്ഥിയുടെ ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുക എന്ന് എൻടിഎ അറിയിച്ചു.

വിലാസാധിഷ്ഠിത പരീക്ഷാ കേന്ദ്രം
പരീക്ഷാകേന്ദ്രങ്ങൾ സംബന്ധിച്ച പുതിയ തീരുമാനം, സുതാര്യത വർദ്ധിപ്പിക്കുന്നതിനും ദുരുപയോഗം തടയുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.

ആൾമാറാട്ടവും വഞ്ചനയും തടയുന്നതിനും നീതിപൂർവകമായ പരീക്ഷാ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് ഈ മാറ്റം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് എൻടിഎ വിശദീകരിച്ചു.

മുമ്പ്, അപേക്ഷകൾ പൂരിപ്പിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് മൂന്നോ നാലോ നഗരങ്ങൾ തെരഞ്ഞെടുക്കാമായിരുന്നു.

പുതിയ സംവിധാനത്തിന് കീഴിൽ, ചെറിയ പട്ടണങ്ങളിൽ നിന്നും ഗ്രാമപ്രദേശങ്ങളിൽ നിന്നുമുള്ള പരീക്ഷാർത്ഥികൾക്ക് ആധാറിൽ രജിസ്റ്റർ ചെയ്ത വിലാസങ്ങൾക്ക് സമീപം കേന്ദ്രങ്ങൾ നൽകും, ഇത് എല്ലാ വിദ്യാർത്ഥികൾക്കും പരീക്ഷ എഴുതാൻ കൂടുൽ സഹായകരമാകും.

ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യണം
സ്വന്തം സ്ഥലത്ത് നിന്ന് മാറി നിന്ന് പഠിക്കുന്ന വിദ്യാർത്ഥികളിൽ ഈ മാറ്റം ആശങ്ക ഉളവാക്കിയിട്ടുണ്ട്, കാരണം ആധാർ വിശദാംശങ്ങൾ മാറിയാൽ യാത്ര ബുദ്ധിമുട്ട് നേരിടേണ്ടി വരും.

അപേക്ഷാ കാലയളവിന് വളരെ മുമ്പുതന്നെ ആധാർ വിവരങ്ങൾ പരിശോധിച്ച് അപ്‌ഡേറ്റ് ചെയ്യണമെന്ന് എൻ‌ടി‌എ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു,

അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ ഇതിൽ ഒരു മാറ്റവും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് പുതുക്കിയ നയം 2026 ജനുവരിയിലെ ജെഇഇ മെയിൻ സെഷനിൽ പ്രാബല്യത്തിൽ വരും, അതിനുശേഷം നടക്കുന്ന മറ്റ് പരീക്ഷകൾക്കും ഇത് ബാധകമാകും.

വിലാസം അടിസ്ഥാനമാക്കിയുള്ള പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിനൊപ്പം, കൺഫർമേഷൻ പ്രക്രിയയും എൻടിഎ കർശനമാക്കിയിട്ടുണ്ട്.

പരീക്ഷാർത്ഥികളുടെ പേര്, ജനന തീയതി, ആധാർ കാർഡിലെ മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ അവരുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ ഉള്ളതുപോലെയാകണം.

ചെറിയ പൊരുത്തക്കേടുകളോ അക്ഷരത്തെറ്റുകളോ പോലും അപേക്ഷ റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാം. അതിനാൽ ഇത് തമ്മിൽ പരിശോധിച്ച് ഇതിൽ ഏതെങ്കിലും തിരുത്ത് ആവശ്യമാണെങ്കിൽ ഉടനടി പരിഹരിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

കാറ്റഗറി സർട്ടിഫിക്കറ്റുകൾ
എസ്‌സി, എസ്ടി, ഒബിസി, ഇഡബ്ല്യുഎസ്, പിഡബ്ല്യുഡി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ അവരുടെ കാറ്റഗറി സർട്ടിഫിക്കറ്റുകൾ ആധാർ, ക്ലാസ് 10 രേഖകൾ എന്നിവയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഏതെങ്കിലും പൊരുത്തക്കേട് സംവരണത്തിനുള്ള അയോഗ്യതയിലേക്കോ നിരസിക്കലിലേക്കോ നയിച്ചേക്കാം.

പരീക്ഷാ പ്രക്രിയ സുഗമമാക്കുന്നതിനും പരീക്ഷാർത്ഥി പരിശോധനയിൽ നീതി പുലർത്തുന്നതിനും വേണ്ടിയുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമെന്നാണ് ഈ മാറ്റങ്ങളെ എൻടിഎവിശേഷിപ്പിച്ചത്. രേഖകൾ തമ്മിൽ പൊരുത്തക്കേടുണ്ടായാൽ പരീക്ഷ എഴുതാനുള്ള അവരുടെ സാധ്യത ഇല്ലാതാക്കുമെന്ന് എൻടിഎ മുന്നറിയിപ്പ് നൽകുന്നു.

ഐ എൻ സി ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ഐ എൻ സി ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണപാളി കവർച്ചക്കെതിരെയും, ഇതിന് ഉത്തരവാദികളായ ദേവസ്വം മന്ത്രിയും, ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എച്ച് ബഷീറിന്റെ അധ്യക്ഷതയിൽ ഡി സി സി മെമ്പർ ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, ബൂത്ത്, വാർഡ് പ്രസിഡന്റ്മാർ, പോഷക സംഘടന നേതാക്കൾ ഉൾപ്പെടെ പങ്കെടുത്തു.