നവരാത്രി, ദീപാവലി…; ഒക്ടോബര്‍ മാസത്തില്‍ നിരവധി ബാങ്ക് അവധി, പട്ടിക ഇങ്ങനെ

നവരാത്രി, ദീപാവലി…; ഒക്ടോബര്‍ മാസത്തില്‍ നിരവധി ബാങ്ക് അവധി, പട്ടിക ഇങ്ങനെ

നിരവധി ആഘോഷങ്ങളാണ് ഒക്ടോബര്‍ മാസത്തില്‍ വരാന്‍ പോകുന്നത്. നവരാത്രി ആഘോഷം തുടങ്ങിക്കഴിഞ്ഞു. ദീപാവലിയും ഒക്ടോബര്‍ മാസം തന്നെയാണ് വരുന്നത്. അതുകൊണ്ട് തന്നെ രാജ്യത്ത് ഒക്ടോബര്‍ മാസത്തില്‍ നിരവധി ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ആഘോഷത്തിന്റെ പ്രാധാന്യം അനുസരിച്ച് സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ഗാന്ധി ജയന്തിക്കും മഹാനവമിക്കും ദീപാവലിക്കും ബാങ്കുകള്‍ക്ക് അവധിയാണ്. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി വരുന്നത്.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഒക്ടോബര്‍ മാസത്തില്‍ ബാങ്ക് അവധികള്‍ വരുന്നത്.

അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

ഒക്ടോബര്‍ 1- ബുധനാഴ്ച- നവരാത്രി ആഘോഷം (ആയുധ പൂജ, മഹാനവമി)- ത്രിപുര, കര്‍ണാടക, ഒഡിഷ, തമിഴ്‌നാട്, സിക്കിം, അസം, അരുണാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ്, കേരള, നാഗാലാന്‍ഡ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, മേഘാലയ

ഒക്ടോബര്‍ 2- വ്യാഴാഴ്ച- ഗാന്ധി ജയന്തി, വിജയദശമി- ദേശീയ അവധി

ഒക്ടോബര്‍ 3- വെള്ളിയാഴ്ച- ദുര്‍ഗാപൂജ- സിക്കിമില്‍ അവധി

ഒക്ടോബര്‍ 5- ഞായറാഴ്ച

ഒക്ടോബര്‍ 6- തിങ്കളാഴ്ച- ലക്ഷ്മി പൂജ- ത്രിപുരയിലും പശ്ചിമ ബംഗാളിലും അവധി

ഒക്ടോബര്‍ 7- ചൊവ്വാഴ്ച- മഹര്‍ഷി വാല്‍മീകി ജയന്തി-

കര്‍ണാടക, ഒഡിഷ, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ്

ഒക്ടോബര്‍ 10- വെള്ളിയാഴ്ച- കര്‍വാ ചൗത്ത്- ഹിമാചല്‍ പ്രദേശില്‍ ബാങ്കുകള്‍ക്ക് അവധി

ഒക്ടോബര്‍ 11- രണ്ടാം ശനിയാഴ്ച

ഒക്ടോബര്‍ 12- ഞായറാഴ്ച

ഒക്ടോബര്‍ 18- ശനിയാഴ്ച- Kati Bihu- അസമില്‍ അവധി

ഒക്ടോബര്‍ 19- ഞായറാഴ്ച

ഒക്ടോബര്‍ 20- തിങ്കളാഴ്ച- ദീപാവലി

ഒക്ടോബര്‍ 21- ചൊവ്വാഴ്ച- ദീപാവലി, ഗോവര്‍ധന്‍ പൂജ- മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡിഷ, സിക്കിം, മണിപ്പൂര്‍, ജമ്മു കശ്മീര്‍

ഒക്ടോബര്‍ 22- ബുധനാഴ്ച- ദിപാവലി, ഗോവര്‍ധന്‍ പൂജ, Vikram Samvant New Year Day- ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ഉത്തരാഖണ്ഡ്, സിക്കിം, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നി സംസ്ഥാനങ്ങളില്‍ അവധി

ഒക്ടോബര്‍ 23- വ്യാഴാഴ്ച- Bhaidooj, Chitragupt Jayanti, Laxmi Puja- ഗുജറാത്ത്, സിക്കിം, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്

ഒക്ടോബര്‍ 25- നാലാം ശനിയാഴ്ച

ഒക്ടോബര്‍ 26- ഞായറാഴ്ച

ഒക്ടോബര്‍ 27- തിങ്കളാഴ്ച- ചാത്ത് പൂജ- പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നി സംസ്ഥാനങ്ങളില്‍ അവധി

ഒക്ടോബര്‍ 28- ചൊവ്വാഴ്ച- ചാത്ത് പൂജ- ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നി സംസ്ഥാനങ്ങളില്‍ അവധി

ഒക്ടോബര്‍ 31- വെള്ളിയാഴ്ച- സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്മദിനം- ഗുജറാത്തില്‍ അവധി

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  ടിവികെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല

കരൂര്‍: തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ്‌യുടെ ടിവികെ പാര്‍ട്ടി നല്‍കിയ ഹര്‍ജി ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് പരിഗണിക്കില്ല. കരൂര്‍ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തെ വിശ്വസിക്കുന്നില്ലെന്നും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ടിവികെയുടെ ആവശ്യം. എന്നാല്‍ ഇന്നത്തെ പ്രത്യേക സിറ്റിംഗ് റദ്ദാക്കിയതായി ജഡ്ജിമാര്‍ അറിയിക്കുകയായിരുന്നു. ഹര്‍ജി വെള്ളിയാഴ്ച അവധിക്കാല ബെഞ്ച് പരിഗണിക്കാനാണ് സാധ്യത.

മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് ഹര്‍ജി ഉച്ചയ്ക്ക് 2.30ന് പരിഗണിക്കുമെന്നായിരുന്നു ടിവികെ അഭിഭാഷകര്‍ അറിയിച്ചിരുന്നത്. റാലിക്കിടെ വിജയ്ക്ക് നേരെ കല്ലേറുണ്ടായെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ടിവികെ ഗൂഢാലോചന ആരോപിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരൂരില്‍ നിന്ന് ശനിയാഴ്ച രാത്രി തന്നെ ചെന്നൈയിലെ വീട്ടിലെത്തിയ വിജയ് ഓണ്‍ലൈന്‍ ആയി നേതാക്കളുടെ യോഗം വിളിക്കുകയും ഹര്‍ജി നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഏത് അന്വേഷണവും ടിവികെയെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാകും എന്ന നിഗമനത്തില്‍ ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി സമീപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. അപകടത്തില്‍ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വിജയ്യെ പ്രതിചേര്‍ത്താലും ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്നാണ് പുറത്തുവരുന്ന വിവരം. തങ്ങളുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് സ്ഥാപിക്കാന്‍ പൊലീസ് കിണഞ്ഞു പരിശ്രമിക്കും. സംഭവത്തില്‍ ആനന്ദ് ഉള്‍പ്പെടെയുള്ള ടിവികെ നേതാക്കള്‍ക്കെതിരെ കേസെടുത്തെങ്കിലും കോടതി നിര്‍ദേശത്തിന് പിന്നാലെയാകും അറസ്റ്റിലേക്ക് കടക്കുക.

വിജയ്‌യെ പ്രതി ചേര്‍ക്കുന്നതും പതിയെ മതിയെന്നാണ് തീരുമാനം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമായി റിട്ടേഡ് ജസ്റ്റിസ് അരുണാ ജഗദീശന്‍ അപകടസ്ഥലം സന്ദര്‍ശിച്ച് ഇന്നലെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഉടന്‍ തന്നെ ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

ഗ്യാസ് കമ്പനിയുടെ സേവനത്തിൽ തൃപ്തരല്ലെങ്കിൽ ഇനി മാറാം എളുപ്പത്തില്‍

ഗ്യാസ് കമ്പനിയുടെ സേവനത്തിൽ തൃപ്തരല്ലെങ്കിൽ ഇനി മാറാം എളുപ്പത്തില്‍

ന്യൂഡൽഹി: എൽപിജി ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങളിൽ തൃപ്തരല്ലെങ്കിൽ ഇഷ്ടമുള്ള പുതിയ കമ്പനി തെരഞ്ഞെടുക്കാൻ അവസരം. മൊബൈൽ നമ്പർ പോർട്ടുചെയ്യുന്നതിന് സമാനമായാണ് എൽപിജിക്ക് പോർട്ടബിലിറ്റി സംവിധാനം വരുന്നത്. ഇതിന്റെ ഭാഗമായി പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ഓഹരി ഉടമകളിൽ നിന്നും ഉപഭോക്താക്കളിൽനിന്നും അഭിപ്രായങ്ങൾ തേടി.

ഏഴ് മാസത്തിന് ശേഷം മമ്മൂട്ടി വീണ്ടും സിനിമാസെറ്റിലേക്ക്

ഏഴ് മാസത്തിന് ശേഷം മമ്മൂട്ടി വീണ്ടും സിനിമാസെറ്റിലേക്ക്

കൊച്ചി: ഏഴ് മാസം നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും കാമറയ്ക്കുമുമ്പിലേക്ക്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ഷൂട്ടിനായി ഉടന്‍ മമ്മൂട്ടി ഹൈദരാബാദിലെത്തും.

‘പ്രിയപ്പെട്ട മമ്മൂക്ക വരുന്നു… മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കുവാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാര്‍ത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു. മമ്മുക്ക ഹൈദ്രാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും.പ്രാര്‍ത്ഥനകളില്‍ കൂട്ടുവന്നവര്‍ക്കും, ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും പറഞ്ഞു’കൊണ്ട് ആന്റോ ജോസഫ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചു.

ശബരിമലയില്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ വിശദാന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളിയുടെ ഭാരം കുറഞ്ഞത് അടക്കമുള്ള വിവാദത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. ശബരിമലയിലെ സ്വര്‍ണപ്പാളിയില്‍ സ്വര്‍ണം പൂശിയതില്‍ അടക്കം സംശയങ്ങളുണ്ട്. അതിനാല്‍ ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണം വേണം. അന്വേഷണത്തിന് രഹസ്യസ്വഭാവം വേണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ജില്ലാ ജഡ്ജി റാങ്കില്‍ കുറയാത്ത ആളാകണം അന്വേഷണം നടത്തേണ്ടത്. അതിന് ദേവസ്വം ബോര്‍ഡിന് പേര് ശുപാര്‍ശ ചെയ്യാം. എന്നാല്‍ കോടതിയാകും അന്വേഷണ കമ്മീഷനെ നിശ്ചയിക്കുക. സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. ദേവസ്വം ബോര്‍ഡ് അടക്കം ആരുമായും അന്വേഷണത്തിലെ വിവരങ്ങള്‍ കൈമാറരുത്. രഹസ്യസ്വഭാവത്തിലുള്ള റിപ്പോര്‍ട്ട് കോടതിക്ക് നേരിട്ട് സമര്‍പ്പിക്കാനും ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ശബരിമല ശ്രീകോവിലിലെ ദ്വാരകപാലക ശില്‍പം പൊതിഞ്ഞ ചെമ്പടങ്ങുന്ന സ്വര്‍ണ്ണപാളികളുടെ ഭാരം 4 കിലോയോളം കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളില്‍ ദേവസ്വം കമ്മീഷണര്‍ കോടതിയില്‍ ഹാജരായി വിവരങ്ങള്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ശബരിമലയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടത്. സ്വര്‍ണപ്പാളി അടക്കമുള്ള കാര്യങ്ങളില്‍ ഒരുപാട് ദുരൂഹതകളുണ്ട്. 2019 ല്‍ സ്വര്‍ണപ്പാളി സ്വര്‍ണം പൂശുന്നതിനായി കൊണ്ടുപോകുമ്പോള്‍ 42 കിലോ ഉണ്ടായിരുന്നത് തിരികെ കൊണ്ടു വന്നപ്പോള്‍ 38 കിലോയായി മാറിയെന്ന് കോടതി നിരീക്ഷിച്ചു.

2009 ല്‍ ആദ്യഘട്ടത്തില്‍ സ്വര്‍ണം പൂശിയപ്പോള്‍ 30 കിലോ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട കണക്കുകളിലടക്കം അവ്യക്തത നിലനില്‍ക്കുന്നുണ്ട്. സന്നിധാനത്തെ രജിസ്ട്രികള്‍ ഒന്നും പൂര്‍ണമല്ല. ശബരിമല സന്നിധാനത്തെ ആഭരണങ്ങള്‍, ഭക്തരില്‍ നിന്നും വഴിപാടായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ളവ, സ്വത്തുവകകള്‍ തുടങ്ങിയവ സംബന്ധിച്ച് കൃത്യമായ രേഖകളില്ലെന്ന് ചീഫ് വിജിലന്‍സ് ഓഫീസര്‍ നേരിട്ട് ഹാജരായി കോടതിയെ അറിയിച്ചിരുന്നു. തിരുവാഭരണങ്ങള്‍, തിരുവാഭരണ രജിസ്റ്റർ ഉൾപ്പെടെ പരിശോധിക്കണം, സ്‌ട്രോങ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം. സ്വത്തു വകകള്‍ സംബന്ധിച്ച് റിപ്പോർട്ടിൽ കൃത്യമായ കണക്കുണ്ടാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ രജിസ്റ്ററുകളില്‍ വ്യക്തതയില്ലെന്ന് കോടതി വിമര്‍ശിച്ചു. സ്വര്‍ണാഭരണങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ രേഖകളും രജിസ്റ്ററുകളും ഇല്ലെന്ന് ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ കോടതിയെ അറിയിച്ചിരുന്നു. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ കാണാനില്ല. സ്‌ട്രോങ് റൂം രജിസ്റ്ററിലെ സ്വര്‍ണനാണയങ്ങളുടെയും ആഭരണങ്ങളുടെയും കണക്കിലും വ്യക്തതയില്ലെന്ന് ദേവസ്വം വിജിലന്‍സ് ഓഫീസര്‍ അറിയിച്ചു. അപ്പോഴാണ് ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് കോടതി അഭിപ്രായപ്പെട്ടത്. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ദ്വാരപാലക ശില്പത്തിന്റെ ലോഹപ്പാളി തിരികെ എത്തിയതായി ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. ഇത് തിരികെ സ്ഥാപിക്കാന്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിന് അനുമതി നല്‍കി.