by Midhun HP News | Sep 24, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി ട്രാന്‍സ്‌ലേഷന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഏത് ഭാഷയിലും ഉപയോക്താക്കള്‍ ആശയവിനിമയം നടത്താനും മനസിലാക്കാനും സഹായിക്കുന്നതാണ് ഫീച്ചര്‍. ഫീച്ചര്‍ വാട്‌സ്ആപ്പ് ചാറ്റുകളില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സന്ദേശമാണോ വിവര്‍ത്തനം ചെയ്യേണ്ടത്, ആ സന്ദേശത്തിന് മുകളില്‍ ദീര്‍ഘനേരം ഹോള്‍ഡ് ചെയ്താല്‍ ഒപ്ഷന്‍ ലഭ്യമാകും. പിന്നീട് ഏത് ഭാഷയിലേക്കാണോ ട്രാന്‍സ്‌ലേറ്റ് ചെയ്യേണ്ടതെന്ന് എന്ന് സെലക്ട് ചെയ്താല്‍ മാത്രം മതി.
ഫീച്ചര്‍ ലഭ്യമാകാന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദിഷ്ട ഭാഷകള്‍ ഡൗണ്‍ലോഡ് ചെയ്യാം. പുതിയ ഫീച്ചര്‍ വരുന്നതോടെ വിവര്‍ത്തനങ്ങള്‍ക്ക് മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ല. ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല.
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ആറ് ഭാഷകളിലേക്ക് സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയും. ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, പോര്‍ച്ചുഗീസ്, റഷ്യന്‍, അറബിക് ഭാഷകളിലാണ് നിലവില്‍ ഫീച്ചര്‍ ലഭ്യമാകുക. അതേസമയം, ഫ്രഞ്ച്, ജാപ്പനീസ്, മന്ദാരിന്‍, ടര്‍ക്കിഷ്, കൊറിയന്‍ എന്നിവയുള്‍പ്പെടെ 19-ലധികം ഭാഷകളുടെ പിന്തുണയോടെ ഫീച്ചര്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും.
ഫീച്ചര്‍ എല്ലാവര്‍ക്കും കാണാന്‍ കഴിയില്ല. എന്നാല്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മുഴുവന്‍ ചാറ്റ് ത്രെഡുകളും ഓട്ടോമാറ്റിക് ട്രാന്‍സ്ലേഷന്‍ ലഭ്യമാണ്.ഒരിക്കല്‍ ഓണാക്കിയാല്‍, ആ സംഭാഷണത്തിലെ ഭാവിയിലെ ഓരോ സന്ദേശവും എളുപ്പത്തില്‍ അതാത് ഭാഷയില്‍ ദൃശ്യമാകും. ഗ്രൂപ്പ് ചാറ്റുകള്‍ക്കോ, വിദേശ രാജ്യങ്ങളിലെ പ്രൊഫഷണല്‍ ചര്‍ച്ചകള്‍ക്കോ ഫീച്ചര്‍ സൗകര്യപ്രദമാണ്.

ആഗോളതലത്തില്‍ ഫീച്ചര്‍ എപ്പോള്‍ നടപ്പിലാക്കുമെന്ന് വാട്സ്ആപ്പ് ഒരു നിശ്ചിത സമയപരിധി നല്‍കിയിട്ടില്ല, പക്ഷേ ആന്‍ഡ്രോയിഡിലും ഐഒഎസിലും ഫീച്ചര്‍ ഇതിനകം തന്നെ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.


by Midhun HP News | Sep 24, 2025 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂരില്‍ കുറുനരിയുടെ ആക്രമണത്തില്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്. മാട്ടൂലിലും ചേലേരിയിലുമാണ് കുറുനരി ആക്രമണമുണ്ടായത്. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചുപേരെ ജില്ലാ ആശുപത്രിയിലും ഒരാളെ പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

മാട്ടൂരില്‍ വീട്ടുവരാന്തയിലിരുന്ന കുട്ടിക്കു നേരെയാണ് കുറുനരിയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ കാലിലാണ് കുറുനരി കടിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കുറുനരി കുട്ടിയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രദേശത്ത് കുറുനരിയുടെ ശല്യം വ്യാപകമാണ്.


by Midhun HP News | Sep 24, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: യു എ ഇയിൽ ഡ്രോണുകൾ ഉപയോഗിക്കാത്ത മേഖലകൾ വളരെ കുറവാണ് എന്ന് തന്നെ പറയാം. പാഴ്‌സൽ വിതരണം ചെയ്യുന്നത് മുതൽ വീടുകളുടെ മുകൾ വശം വൃത്തിയാക്കുന്നത് വരെ ഇപ്പോൾ ഡ്രോണുകൾ ഉപയോഗിച്ചാണ്. ഒരു പടി കൂടി കടന്ന് തീപിടുത്തം ഉണ്ടായാൽ അവിടെയും ഡ്രോണുകൾ ഉപയോഗിക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ദുബൈ അധികൃതർ.
കഴിഞ്ഞ ദിവസം മാൾ ഓഫ് ദി എമിറേറ്റ്‌സിനടുത്തുള്ള അൽ ബർഷ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായി. 14 നിലകളുള്ള കെട്ടിടമായിരുന്നു അത്. വിവരം ലഭിച്ചതിനെത്തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി.
ഉടൻ തന്നെ കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും തീ അണക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. ഉയരമുള്ള കെട്ടിടമായതിനാൽ ഡ്രോൺ ഉപയോഗിച്ചും അധികൃതർ തീ അണക്കാൻ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട് നിന്ന് പരിശ്രമങ്ങൾക്ക് ഒടുവിൽ തീ പൂർണമായും കെടുത്തി. അത്യാധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ‘ഷഹീൻ’ എന്ന ഡ്രോണുകളാണ് തീ അണയ്ക്കാൻ ഉപയോഗിച്ചത്. ഇവയ്ക്ക് 200 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങളിലെ തീ അണയ്ക്കാൻ കഴിയുമെന്നും 1,200 ലിറ്റർ വെള്ളം പമ്പ് ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.



by Midhun HP News | Sep 24, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: നീറ്റ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടി മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന് പഠിക്കാനിരിക്കേ, മഹാരാഷ്ട്രയില്‍ 19 വയസുള്ള വിദ്യാര്‍ഥി ജീവനൊടുക്കിയതിന്റെ ഞെട്ടലില്‍ നാട്. മെഡിക്കല്‍ കോളജ് പ്രവേശനത്തിനായി പോകാനിരുന്ന ദിവസമാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്.

അനുരാഗ് അനില്‍ ബോര്‍ക്കര്‍ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. വിദ്യാര്‍ഥി എഴുതിയതെന്ന് കരുതുന്ന, ഒരു ഡോക്ടര്‍ ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അടുത്തിടെ നടന്ന നീറ്റ് യുജി 2025 പരീക്ഷയില്‍ 99.99 പെര്‍സെന്റൈലോടെ മികച്ച വിജയമാണ് അനുരാഗ് നേടിയത്. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒബിസി വിഭാഗത്തില്‍ 1475 ആണ് അനുരാഗിന്റെ റാങ്ക്. എംബിബിഎസ് കോഴ്‌സിന് ചേര്‍ന്ന് പഠിക്കുന്നതിനായി പ്രവേശനത്തിനായി ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ആകസ്മികമായ മരണം.
ഗോരഖ്പൂരിലേക്ക് പോകുന്നതിന് മുമ്പ് സ്വന്തം വീട്ടിലാണ് അനുരാഗ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. വീട്ടിനുള്ളില്‍ അനുരാഗിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. കുറിപ്പിന്റെ ഉള്ളടക്കം ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.


by Midhun HP News | Sep 24, 2025 | Latest News, കേരളം
തിരുവനന്തപുരം: കൊച്ചി കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. എച്ച്എംടി യുടെ കൈവശമുള്ള 27 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പി രാജീവ് അറിയിച്ചു.
2023 ലെ മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് വാര്‍ഷികയോഗത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടര്‍ച്ചയായാണ് മന്ത്രിസഭാ തീരുമാനം. ഇതിന്റെ ഭാഗമായി ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവര്‍ക്കൊപ്പം കളമശ്ശേരിയിലെ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ തയ്യാറാക്കിയത്. കേരള ഹൈക്കോടതി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 27 ഏക്കര്‍ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുള്‍പ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ജുഡീഷ്യല്‍ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്.
ഭരണഘടനയിലെ പ്രധാന തത്വങ്ങളായ തുല്യതക്കും, സ്വാതന്ത്ര്യത്തിനും, ജീവനുമുള്ള മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന 14, 19, 21 ആര്‍ട്ടിക്കിളുകള്‍ സങ്കല്‍പ്പിച്ച് മൂന്ന് ടവറുകളിലായാണ് ജൂഡീഷ്യല്‍ സിറ്റിയുടെ രൂപകല്‍പന.
പ്രധാന ടവറില്‍ 7 നിലകളും മറ്റ് രണ്ട് ടവറുകളില്‍ 6 നിലകള്‍ വീതവും ഉണ്ടാകും. ചീഫ് ജസ്റ്റിസിന്റേതുള്‍പ്പെടെ 61 കോടതി ഹാളുകള്‍, രജിസ്ട്രാര്‍ ഓഫീസ്. ഓഡിറ്റോറിയം, വിവിധ കമ്മിറ്റികള്‍ക്കുള്ള മുറികള്‍, ഭരണ വിഭാഗത്തിനുള്ള സൗകര്യങ്ങള്‍, ലൈബ്രറി ബ്ലോക്ക്, ആര്‍ബിട്രേഷന്‍ സെന്റര്‍, റിക്രൂട്ട്‌മെന്റ് സെല്‍, ഐ.ടി വിഭാഗം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങി അതിവിപുലമായ സൗകര്യങ്ങള്‍ ഉണ്ടാകും. ഇതിനു പുറമേ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, അഭിഭാഷകരുടെ ചേംബറുകള്‍, പാര്‍ക്കിംഗ് സൗകര്യം, മഴവെള്ള സംഭരണി എന്നിവയും രൂപകല്‍പന ചെയ്തിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കലും കെട്ടിട നിര്‍മ്മാണവുമുള്‍പ്പെടെ 1000 കോടിയില്‍പരം രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയാണിത്. പ്രാരംഭ നടപടികള്‍ക്കും കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനുമായി ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി. എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുള്ള പ്രാപ്യത, യാത്രാസൗകര്യം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുത്ത് ജുഡീഷ്യല്‍ സിറ്റിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കളമശ്ശേരിയാണെന്ന് ഹൈക്കോടതി ജഡ്ജിമാര്‍ക്കൊപ്പം നടത്തിയ സ്ഥലപരിശോധനക്കുശേഷം വിലയിരുത്തിയിരുന്നു. നിലവിലുള്ള ഹൈക്കോടതി, സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍മ്മാണത്തെക്കുറിച്ച് ഹൈക്കോടതിയില്‍ നിന്ന് നിര്‍ദ്ദേശം ഉയര്‍ന്നതെന്നും പി രാജിവ് അറിയിച്ചു.
Recent Comments