തദ്ദേശ തെരഞ്ഞെടുപ്പ് സംവരണ വാർഡ് നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ

തദ്ദേശ തെരഞ്ഞെടുപ്പ് സംവരണ വാർഡ് നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സംവരണവാർഡ് നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ.
ഗ്രാമപഞ്ചായത്തുകളിൽ 13 മുതൽ 16 വരെയും, ബ്ലോക്ക് പഞ്ചായത്തിൽ 18നും ജില്ലാപഞ്ചായത്തിൽ 21നും,
16ന് മുനിസിപ്പാലിറ്റികളിലെയും നറുക്കെടുപ്പ് നടക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശസ്ഥാപ്നങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നടത്തും. മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താനായി വിളിച്ചു ചേർത്ത കലക്ടർമാരുടെ യോഗത്തിലാണ് സംസ്ഥാനപ്പ് കമീഷണർ
എ ഷാജഹാൻ ഇക്കാര്യം അറിയിച്ചത്.

ഏഷ്യാകപ്പിൽ ലങ്കയെ മറികടന്ന് പാകിസ്ഥാൻ; ഫൈനൽ പ്രതീക്ഷ നിലനിർത്തി

ഏഷ്യാകപ്പിൽ ലങ്കയെ മറികടന്ന് പാകിസ്ഥാൻ; ഫൈനൽ പ്രതീക്ഷ നിലനിർത്തി

അബുദാബി: ഏഷ്യാ കപ്പ് ടി 20 ക്രിക്കറ്റ് സൂപ്പർ ഫോർ റൗണ്ടിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാന് 5 വിക്കറ്റ് വിജയം. ലങ്ക മുന്നോട്ടുവെച്ച 134 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാന്‍ മറികടന്നു. ജയത്തോടെ പാകിസ്ഥാൻ ഫൈനൽ പ്രതീക്ഷ സജീവമാക്കി.

കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ശ്രീലങ്കയുടെ ഫൈനല്‍ മോഹങ്ങള്‍ ഏറെക്കുറെ അവസാനിച്ചു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് നേടിയത്. കമിന്ദു മെൻഡിസിന്റെ അർധ ‍സെഞ്ചറിയാണ് (44 പന്തിൽ 50 റൺസ്) ലങ്കയെ നാണക്കേടിൽനിന്ന് രക്ഷിച്ചത്. പാകിസ്ഥാനു വേണ്ടി ഷഹീൻ അഫ്രീദി 3 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് സഹിബ്‌സാദ ഫര്‍ഹാനും ഫഖര്‍ സമാനും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. അഞ്ചോവറില്‍ ടീം 43 റൺസെടുത്തു. എന്നാല്‍ ആറാം ഓവറില്‍ ഓപ്പണർമാർ പുറത്തായതോടെ പാകിസ്ഥാൻ പരുങ്ങലിലായി. സയിം അയൂബും(2), നായകന്‍ സല്‍മാന്‍ ആഗയും(5) തുടർച്ചയായി പുറത്തായതോടെ പാകിസ്ഥാൻ 57-4 എന്ന നിലയിലേക്ക് വീണു.

സ്പിന്നർ മഹീഷ് തീക്ഷണയാണ് രണ്ടു ഓപ്പണർമാരെയും വീഴ്ത്തി ലങ്കൻ പ്രത്യാക്രമണത്തിന് തുടക്കമിട്ടത്. വാനിന്ദു ഹസരംഗ കൂടി താളം കണ്ടെത്തിയതോടെ പാകിസ്ഥാൻ വിയർത്തു. ആറാം വിക്കറ്റില്‍ ഒന്നിച്ച ഹുസ്സൈന്‍ താലത്തും മുഹമ്മദ് നവാസും ടീമിനെ ജയത്തിലെത്തിച്ചു. ഹുസ്സൈന്‍ താലത്ത് 32 റണ്‍സും നവാസ് 38 റണ്‍സുമെടുത്തു. മുഹമ്മദ് ഹാരിസ് 13 റണ്‍സെടുത്തു.

Summary

ആലംകോട് മുസ്ലിം ജമാഅത്തിൽ അസ്സയ്യിദ് ഉദാറത്ത് പൂക്കോയ തങ്ങളുടെ 111-ാം ആണ്ട് നേർച്ച ഇന്ന് (സെപ്റ്റംബർ 24) മുതൽ

ആലംകോട് മുസ്ലിം ജമാഅത്തിൽ അസ്സയ്യിദ് ഉദാറത്ത് പൂക്കോയ തങ്ങളുടെ 111-ാം ആണ്ട് നേർച്ച ഇന്ന് (സെപ്റ്റംബർ 24) മുതൽ

ആറ്റിങ്ങൽ: ആലംകോട് മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ ഉള്ള അസ്സയ്യിദ് ഉദാറത്ത് പൂക്കോയ തങ്ങളുടെ 111-ാമത് ആണ്ടുനേർച്ച 2025 സെപ്റ്റംബർ 24, 25, 26 തീയതികളിൽ ആലംകോട് മുസ്ലിം ജമാഅത്ത് പള്ളിയങ്കണത്തിൽ വച്ച് നടക്കുന്നു . ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും ഹിഫ്ള് പൂർത്തിയാക്കിയ വിദ്യാർത്ഥികളേയും എ.യു. കോളേജിൽ നിന്നും റാങ്ക് നേടിയ വിദ്യാർത്ഥിനികളെയും ആദരിക്കൽ, മത പ്രഭാഷണം, പ്രാർത്ഥന സമ്മേളനം തുടങ്ങിയ പരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. ബുധനാഴ്ച വൈകുന്നേരം 7 ന് ആലംകോട് മുസ്ലീം ജമാഅത്ത് മുദരിസ് നിഹാൽ ഹാദി അൽ മുഹ്ദി ഉദ്ഘാടനം നിർവഹിക്കും.

ആലംകോട് ജമാഅത്ത് പ്രസിഡന്റ് നാസറുദ്ദീൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും. രാത്രി 8 മുതൽ സയ്യിദ് ഹസ്ബുള്ള ബാഫഖി തങ്ങൾ, കൊല്ലം പ്രഭാഷണവും പ്രാർത്ഥനയും നടത്തും. 25നു വൈകുന്നേരം 7 ന് മതപ്രഭാഷണത്തിന് കടുവയിൽ മുസ്ലീം ജമാഅത്ത് ചീഫ് ഇമാം അബുറബീഅ് സ്വദഖത്തുള്ള ബാഖവി നേതൃത്വം വഹിക്കും. സെപ്റ്റംബർ 26ന് വൈകുന്നേരം 7 ന് ആലംകോട് മുസ്ലീം ജമാഅത്ത് ചീഫ് ഇമാം അൽഹാഫിസ് കുമ്മനം നിസ്സാമുദ്ദിൻ അസ്ഹരി മതപ്രഭാഷണത്തിനും പ്രാർത്ഥന സമ്മേളനത്തിനും നേതൃത്വം നൽകും.

ഹിഫ്ള് കോളേജ് പ്രിൻസിപ്പൽ ഹാഫിള് അബ്ദുള്ള നഈമി, സദർ മുഅല്ലിം ഹുസൈൻ ജൗഹരി ജമാഅത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് അന്നദാന വിതരണം നടക്കും.

നടൻ ദുൽഖർ സൽമാനെതിരെ കസ്റ്റംസ് വിശദമായ അന്വേഷണത്തിലേക്ക്

നടൻ ദുൽഖർ സൽമാനെതിരെ കസ്റ്റംസ് വിശദമായ അന്വേഷണത്തിലേക്ക്

ദുൽഖറിന്റെ ഒരു വാഹന രജിസ്ട്രേഷനിൽ സംശയമുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. പരിവാഹൻ സൈറ്റിൽ ക്രമക്കേട് നടത്തിയെന്നാണ് സംശയം. മറ്റൊരാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 28 വർഷമാണ് വാഹനത്തിന്റെ പഴക്കം. എന്നാൽ ഫിറ്റ്നസ് കാണിക്കുന്നത് 2038 വരെയാണെന്നും കസ്റ്റംസ് പറയുന്നത്. ഇറക്കുമതി തീരുവ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന നാലു വാഹനങ്ങൾ ദുൽഖർ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ദുൽഖറിന്റെ രണ്ടു വാഹനങ്ങൾ കൂടി ഹാജരാക്കാൻ നോട്ടീസ് നൽകും. ഓപറേഷൻ നുംഖൂറിന്റെ ഭാഗമായി നൂറ്റിനാൽപതിലധികം വാഹനങ്ങൾ കേരളത്തിൽ പിടികൂടാനുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. കേരളത്തിലേക്ക് കടത്തിയ മുഴുവൻ വാഹനങ്ങളുടെയും പട്ടിക കസ്റ്റംസ് തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്ന് ഇനിയും കണ്ടെത്താനുള്ളത് 140ൽ അധികം വാഹനങ്ങളാണെന്നും കസ്റ്റംസ് പറയുന്നു.

അയ്യപ്പസംഗമം നടത്തണമെന്ന സമ്മര്‍ദവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം

അയ്യപ്പസംഗമം നടത്തണമെന്ന സമ്മര്‍ദവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം

തിരുവനന്തപുരം: ശബരിമല വിഷയവും അയ്യപ്പ ഭക്തരുടെ വിശ്വാസവും സിപിഎമ്മും ബിജെപിയും കൈയടക്കുന്ന സാഹചര്യത്തില്‍, എന്‍എസ്എസുമായി(നായര്‍ സര്‍വീസ് സൊസൈറ്റി) വളരെ അടുപ്പമുള്ള ഒരു വിഭാഗം സമാന മാരഗ്ഗം തേടണമെന്ന സമ്മർദ്ദം കോൺഗ്രസിനുള്ളിൽ ഉയരുന്നു. എന്നാൽ ഇത് എങ്ങനെ വേണമെന്നതിൽ ഇത് വരെ തീരുമാനം ആയിട്ടില്ല.

ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിച്ചത്, കോണ്‍ഗ്രസിന് ഹിന്ദു വോട്ടുകള്‍ ആവശ്യമില്ലെന്ന മാനസികാവസ്ഥയെയാണ് കാണിക്കുന്നതെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പരാമര്‍ശമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ശബരിമലയുടെ വികസനത്തിനായി എന്താണ് ചെയ്തതെന്ന് കോണ്‍ഗ്രസ് അയ്യപ്പ ഭക്തരോട് വിശദീകരിക്കണമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ മുന്‍ വനം മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തന്റെ ഭരണകാലത്ത് നിലയ്ക്കല്‍ ബേസ് വികസിപ്പിക്കുന്നതിനും കുടിവെള്ള പ്രശ്നത്തിനും ഓക്‌സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കുന്നതിനും ഭൂമി അനുവദിച്ചതായി അദ്ദേഹം ഓര്‍മിപ്പിച്ചു. ഇത് നമ്മള്‍ ജനങ്ങളോട് പറയണം, അദ്ദേഹം പറഞ്ഞു.

പല നേതാക്കളും എൻഎസ്എസ് പ്രസ്താവനയെ ഒരു മുന്നറിയിപ്പായി കാണുന്നു. ‘വാസ്തവത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം നില്‍ക്കാനുള്ള എന്‍എസ്എസിന്റെ തീരുമാനം കോണ്‍ഗ്രസിന് മരണവാറണ്ട് പോലെയാണ്. നമ്മള്‍ ഒരു രാഷ്ട്രീയ വിസ്മൃതിയുടെ വക്കിലാണ്, ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. 1997-ല്‍ മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരില്‍ നിന്ന് പോപ്പ് ഭഗവദ്ഗീത സ്വീകരിക്കുന്നത് പോലെയാണ് മുഖ്യമന്ത്രി അയ്യപ്പ വിഗ്രഹം സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോളിങ് കുറവാണെന്ന് സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് നമ്മുടെ നേതാക്കള്‍ വീണ്ടും എന്‍എസ്എസിനെ പ്രകോപിപ്പിക്കുകയാണ്. കോണ്‍ഗ്രസിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുഷ്‌കരമായ സമയങ്ങളില്‍ പിന്തുണച്ചിരുന്നതിനാല്‍ നമ്മള്‍ എന്‍എസ്എസിനെ വിശ്വാസത്തിലെടുക്കണമായിരുന്നു. സിപിഎം മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ പ്രതിപക്ഷത്ത് അയ്യപ്പ ഭക്തരുടെ കാര്യം ശ്രദ്ധിക്കുന്ന പാര്‍ട്ടിയായി ഇപ്പോള്‍ ബിജെപി ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഒരു മുന്‍ കെപിസിസി പ്രസിഡന്റ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രധാനമന്ത്രി നരസിംഹ റാവു മന്നം സമാധിയില്‍ ഷൂ ധരിച്ച് പ്രവേശിച്ച സംഭവം വിവാദമായപ്പോള്‍ എ കെ ആന്റണി അത് കൈകാര്യം ചെയ്തതെങ്ങനെയാണെന്ന് ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നമുക്ക് പക്വതയുള്ള നേതാക്കളില്ല, ഇപ്പോഴത്തെ നേതൃത്വം മുതിര്‍ന്ന നേതാക്കള്‍ക്ക് വിലകൊടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് നിര്‍ണായക തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പുള്ള സുവര്‍ണ്ണാവസരം പാര്‍ട്ടി പാഴാക്കിയെന്നും ഹിന്ദുക്കളുടെ വികാരങ്ങള്‍ കോണ്‍ഗ്രസ് പരിഗണിച്ചില്ലെങ്കില്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും യുഡിഎഫ് നേതാക്കളില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ നായര്‍ സമുദായത്തിലെ മൂന്ന് നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരിക്കുന്നതിനാല്‍ എന്‍എസ്എസ് പിന്തുണ നിര്‍ണായകമാണെന്നാണ് ഒരു പ്രമുഖ യുഡിഎഫ് നേതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്.