ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചു; രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം

ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചു; രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം

ഷാർജ: ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഓഫീസ് സ്ഥിരീകരിച്ചു. അദ്ദേഹത്തോടുള്ള ആദര സൂചകമായി രാജ്യത്ത് ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.

സെപ്റ്റംബർ 22 (തിങ്കളാഴ്ച) നാണ് ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഷാർജയിലെ കിംഗ് ഫൈസൽ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടന്നു. തുടർന്ന് ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദിന്റെ മൃതദേഹം അൽ ജുബൈൽ സെമിത്തേരിയിൽ സംസ്‌കരിച്ചു.

1965 മുതൽ 1972 വരെ ഷാർജ ഭരണാധികാരിയായിരുന്ന ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സഖർ അൽ ഖാസിമിയുടെ മകനും ഇപ്പോഴത്തെ ഭരണാധികാരിയായ ശൈഖ് ഡോ. സുൽത്താന്റെ സഹോദരനുമായിരുന്നു ശൈഖ് സുൽത്താൻ.

ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം; ആറു വയസുകാരിക്ക് ദാരുണാന്ത്യം

ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം; ആറു വയസുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: ചേലക്കരയില്‍ കൂട്ട ആത്മഹത്യാശ്രമത്തില്‍ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. തൃശൂര്‍ ചേലക്കര മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊന്നിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മകള്‍ ആറ് വയസ്സുകാരി അണിമയാണ് മരിച്ചത്.

ഷൈലജ (43), മകന്‍ അക്ഷയ് (4) എന്നിവര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പ്രദീപ് രണ്ടാഴ്ച മുമ്പ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം എന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രാത്രി വൈകിയിട്ടും വീട്ടിനുള്ളില്‍നിന്നും ആരെയും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീട് കുത്തിത്തുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മൂവരേയും അബോധാവസ്ഥയില്‍ മുറിക്കുള്ളില്‍ കണ്ടെത്തിയത്.

വിഴിഞ്ഞത്ത് വന്‍കവര്‍ച്ച; വീട് കുത്തിത്തുറന്ന് 90 പവന്‍ കവര്‍ന്നു

വിഴിഞ്ഞത്ത് വന്‍കവര്‍ച്ച; വീട് കുത്തിത്തുറന്ന് 90 പവന്‍ കവര്‍ന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വന്‍മോഷണം. വെണ്ണിയൂര്‍ സ്വദേശി ശില്‍ബര്‍ട്ടിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ 90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്തകാലത്ത് സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും വലിയ കവര്‍ച്ചയാണിത്.

ഇന്നലെ രാത്രിയാണ് സംഭവം. ഗില്‍ബര്‍ട്ട് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ്. തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ മരണം സംഭവിച്ചതിനെ തുടര്‍ന്ന് ഗില്‍ബര്‍ട്ടും കുടുംബവും അവിടേയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്. മരിച്ച വീടായതിനാല്‍ സഹോദരിയുടെ വീട്ടിലേക്ക് ഗില്‍ബര്‍ട്ടും കുടുംബവും കൂട്ടുകിടക്കാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. വീട്ടില്‍ ആളില്ല എന്ന് മനസിലാക്കിയാണ് മോഷണം നടന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും രൂപയുമാണ് കവര്‍ന്നത്. ഇന്ന് രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടന്‍ തന്നെ കുടുംബം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപവീതം ലഭിക്കും.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷനെത്തും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്രവിഹിതം കേന്ദ്രസര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അനുവദിച്ചു.

ഈ വിഹിതം കേന്ദ്രസര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യേണ്ടത്. ഈ സര്‍ക്കാര്‍ ഇതുവരെ 42,841 കോടി രൂപയാണ് ക്ഷേമ പെന്‍ഷനായി ചെലവിട്ടത്. ഓണത്തിന് രണ്ടു മാസത്തെ പെന്‍ഷന്‍ 3200 രൂപ വീതം വിതരണം ചെയ്തിരുന്നു.

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: മണ്ണന്തല മരുതൂരില്‍ വാഹനാപകടം. കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപ്പേര്‍ക്ക് പരിക്ക്. ബസിലെയും ലോറിയിലെയും ഡ്രൈവര്‍മാര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എംസി റോഡില്‍ രാവിലെ അഞ്ചര മണിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. എതിര്‍ദിശയില്‍ നിന്ന് വന്ന ചരക്കുലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. പാലത്തിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.

ഡ്രൈവര്‍മാര്‍ ഇരിക്കുന്ന ഭാഗത്താണ് കൂട്ടിയിടി ഉണ്ടായത്. അരമണിക്കൂര്‍ നേരം ഡ്രൈവര്‍മാര്‍ ബസില്‍ കുടുങ്ങി കിടന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും എത്തിയാണ് ഇവരെ പുറത്തെടുത്തത്. ബസില്‍ 26 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരുടെ പരിക്ക് ഒന്നും ഗുരുതരമല്ല.

ഡ്രൈവര്‍മാരുടെ പരിക്കാണ് സാരമായിട്ടുള്ളത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ലോറി ഡ്രൈവറുടെ പരിക്ക് ഒഴികെ മറ്റുള്ളവരുടെ പരിക്ക് ഒന്നും ഗുരുതരമല്ലെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് അറിയിച്ചത്. പ്രദേശത്ത് ഗതാഗത തടസം ഉണ്ടായി. മറ്റുവഴികളിലൂടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.