by Midhun HP News | Sep 23, 2025 | Latest News, കേരളം
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ശനിയാഴ്ച വരെയുള്ള മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഗംഗാതട പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയ്ക്ക് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇതു ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. ഇതിന് പിന്നാലെ വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാമത്തെ ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകാന്‍ പോകുന്നതെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ചയോടെ മധ്യ കിഴക്കന്‍ – വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായാണ് മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നത്. വെള്ളിയാഴ്ചയോടെ വടക്കന്‍ ആന്ധ്രാ – തെക്കന്‍ ഒഡിഷ തീരത്തിന് സമീപം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ച് ശനിയാഴ്ചയോടെ വടക്കന്‍ ആന്ധ്രാ – തെക്കന്‍ ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. വയറില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ട് പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ പൊലീസ് പിടികൂടുകയും പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നു രാവിലെയും സംഘര്‍ഷമുണ്ടായതെന്നാണ് നിഗമനം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.



by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്ത്യയില്‍ ഇതുവരെ എത്തിയതില്‍ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ കണ്ടെയ്നര്‍ കപ്പല്‍ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നങ്കൂരമിട്ട് പുതിയ ദേശീയ റെക്കോര്‍ഡ് സൃഷ്ടിച്ചു. വിഴിഞ്ഞത്തെ അഞ്ഞൂറാമത്തെ കപ്പല്‍ ആയി ഇന്ന് പുലര്‍ച്ചെ എത്തിയ എംഎസ്സി വെറോണയാണ് ഈ റെക്കോര്‍ഡ് കൂടി വിഴിഞ്ഞത്തിനു സമ്മാനിച്ചത്. 17.1 മീറ്റര്‍ ഡ്രാഫ്റ്റ് ഉള്ള കപ്പല്‍ ഇന്നു പുലര്‍ച്ചെ 4 മണിയോടെയാണ് വിഴിഞ്ഞത്ത് സുഗമമായി ബെര്‍ത്ത് ചെയ്തത്.

17 മീറ്റര്‍ ആയിരുന്നു ഇതിനു മുന്നേയുള്ള ഇന്ത്യന്‍ തുറമുഖങ്ങളിലെ ഡ്രാഫ്റ്റ് റെക്കോര്‍ഡ്. ഇതുവരെ വിഴിഞ്ഞം കൈകാര്യം ചെയ്ത 500 കപ്പലുകളില്‍ 30 എണ്ണം അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ വെസല്‍സ് ആണ്. 2024 ഡിസംബറില്‍ ആരംഭിച്ച വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നാലെ വെറും പത്ത് മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതുവരെ കൈകാര്യം ചെയ്ത ചരക്ക് 11 ലക്ഷം ടിഇയു പിന്നിട്ടു.

ലോക ചരക്കു കപ്പല്‍ ഗതാഗതത്തില്‍ വിഴിഞ്ഞത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നതിന്റെ തെളിവാണ് ഈ ചുരുങ്ങിയ കാലയളവില്‍ വന്നെത്തിയ 500 കപ്പലുകള്‍ എന്ന് തുറമുഖമന്ത്രി വിഎന്‍ വാസവന് ഫെയ്സ്ബുക്കില്‍ കുറിച്ചു.

by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവന്തപുരം: റോഡപകടങ്ങളില്‍ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണെങ്കിലും അപകട മരണനിരക്കില്‍ ദേശീയ ശരാശരിയെക്കാള്‍ താഴെ. രാജ്യത്ത് നൂറ് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മുപ്പത്തിയാറ് പേര് മരിക്കുന്നുവെന്നാണ് ദേശീയ ശരാശരിയെങ്കില്‍ കേരളത്തില്‍ ഇത് 8.5 ആണെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ ഉയര്‍ന്ന ആരോഗ്യസംരക്ഷണ സംവിധാനമാണ് മരണനിരക്ക് കുറയുന്നതിന് പ്രധാന കാരണമായി പറയുന്നത്. 2023ല്‍ 48,091 അപകടങ്ങളാണ് ഉണ്ടായത്.അതില്‍ 4,080 പേരാണ് മരിച്ചതെന്ന് കണക്കുകളില്‍ പറയുന്നു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അപകട മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. അപകട മരണനിരക്കില്‍ മിസോറാം ആണ് മുന്നില്‍. 90.6 ആണ് മരണനിരക്ക്. രണ്ടാം സ്ഥാനത്ത് ബിഹാര്‍ ആണ്. മരണനിരക്ക് 80.6. മൂന്നാം സ്ഥാനത്തുള്ള ഝാര്‍ഖണ്ഡില്‍ അപകടമരണനിരക്ക് 78.5 ആണ്.

2023-ല്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തമിഴ്നാട്ടില്‍ ആണ്. 67,123 അപകടങ്ങളില്‍ 18,347 പേര് മരിച്ചു. മരണനിരക്ക് 27.3. അപകടങ്ങളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തുള്ള ഉത്തര്‍പ്രദേശില്‍ 44,534 അപകടങ്ങളില്‍ 23,652 പേര് മരിച്ചു.
സംസ്ഥാനത്ത്, മലപ്പുറവും കൊച്ചിയുമാണ് അപകടങ്ങളുടെ എണ്ണത്തില്‍ മുന്നില്‍. യഥാക്രമം 3,253, 2,803 എന്നിങ്ങനെയാണ് അപകടങ്ങള്‍. എന്നാല്‍ അപകട മരണങ്ങളില്‍ കൊല്ലമാണ് മുന്നില്‍. പത്ത് ശതമാനം പേര് മരിച്ചതായാണ് കണക്കുകള്‍. രണ്ടാമത് മലപ്പുറമാണ്. കേരളത്തിലെ ഏത് റോഡുകളില്‍ അപകടം ഉണ്ടായാലും മണിക്കൂറിനുള്ളില്‍ തന്നെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളില്‍ ഏത്തിക്കാന്‍ കഴിയുന്നതാണ് മരണനിരക്ക് കുറയാനുള്ള കാരണം.


by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് വിതരണം 25 മുതല്‍ ആരംഭിക്കും. ഇതിനായി 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപ വീതം ലഭിക്കുന്നത്.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്ഷന് കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്ഷന് പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്. ഈ സര്‍ക്കാര്‍ ഇതുവരെ 42,841 കോടി രൂപയാണ് ക്ഷേമ പെന്ഷന് വിതരണത്തിനായി ചെലവിട്ടതെന്നും മന്ത്രി പറഞ്ഞു.


Recent Comments