കൊല്‍ക്കത്തയില്‍ കനത്ത മഴ, വെള്ളക്കെട്ടില്‍ മുങ്ങി നഗരം; 5 മരണം

കൊല്‍ക്കത്തയില്‍ കനത്ത മഴ, വെള്ളക്കെട്ടില്‍ മുങ്ങി നഗരം; 5 മരണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ കനത്ത മഴയിലും പ്രളയക്കെടുതിയിലും അഞ്ചു മരണം. കഴിഞ്ഞ രാത്രി മുതല്‍ തുടരുന്ന കനത്തമഴയെത്തുടര്‍ന്ന് നഗരത്തിന്റെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിലായി. ബെനിയാപുകൂര്‍, കലികാപൂര്‍, നേതാജി നഗര്‍, ഗരിയാഹട്ട്, ഏക്ബാല്‍പൂര്‍ എന്നിവിടങ്ങളിലായിട്ടാണ് മഴക്കെടുതികളില്‍ മരണം സംഭവിച്ചത്.

കൊല്‍ക്കത്തയുടെ മധ്യ, ദക്ഷിണ മേഖലകളെല്ലാം പ്രളയക്കെടുതി രൂക്ഷമാണ്. വെള്ളക്കെട്ടിനെത്തുടര്‍ന്ന് ഗതാഗതവും താറുമാറായി. സബര്‍ബന്‍ റെയില്‍, മെട്രോ സര്‍വീസുകള്‍ തടസ്സപ്പെട്ടു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതിനെത്തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായി.

കനത്ത മഴയും പ്രളയക്കെടുതിയും മൂലം നിരവധി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തിന്റെ തെക്ക്, കിഴക്കന്‍ മേഖലകളിലാണ് അതിശക്ത മഴയുണ്ടായത്. ഗാരിയ കാംദഹാരിയില്‍ ഏതാനും മണിക്കൂറുകള്‍ക്കിടെ 332 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ജോധ്പൂര്‍ പാര്‍ക്കില്‍ 285 മില്ലിമീറ്റര്‍, കാളിഘട്ടില്‍ 280 മില്ലിമീറ്റര്‍, ടോപ്‌സിയയില്‍ 275 മില്ലിമീറ്റര്‍, ബാലിഗഞ്ചില്‍ 264 മില്ലിമീറ്റര്‍ എന്നിങ്ങനെ മഴ പെയ്തു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് മഴ ശക്തമായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വെള്ളക്കെട്ട് കാരണം വിമാനങ്ങള്‍ വൈകിയേക്കാമെന്ന് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. നവരാത്രി, ദുര്‍ഗാ പൂജ ആഘോഷ ഒരുക്കങ്ങള്‍ക്കിടെയാണ് നഗരത്തെ വെള്ളത്തില്‍ മുക്കി കനത്ത മഴ തുടരുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍; വോട്ടര്‍പട്ടിക ഒരിക്കല്‍ കൂടി പുതുക്കും

തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍; വോട്ടര്‍പട്ടിക ഒരിക്കല്‍ കൂടി പുതുക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായെന്നും ഡിസംബര്‍ 20 ന് മുന്‍പ് പുതിയ ഭരണസമിതി ചുമതല ഏല്‍ക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്‍പായി ഒരിക്കല്‍ കൂടി വോട്ടര്‍ പട്ടിക ഒരിക്കല്‍ കൂടി പുതുക്കും. തദ്ദേശ തെരഞ്ഞെടുപ്പ് തീയതികല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുമെന്ന് എ ഷാജഹാന്‍ പറഞ്ഞു. അതേ സമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നീട്ടിവെക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്ത് നല്‍കി.

‘ബന്ദിൽ കുടുങ്ങുമോ തിരുവോണം ബംപർ?’; 26ന് ലോട്ടറി ബന്ദ്

‘ബന്ദിൽ കുടുങ്ങുമോ തിരുവോണം ബംപർ?’; 26ന് ലോട്ടറി ബന്ദ്

കൊച്ചി: ജിഎസ്ടി വർധനമൂലം ലോട്ടറി മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലോട്ടറി ബന്ദ് പ്രഖ്യാപിച്ച് കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ. പുതിയ നിരക്കിലുള്ള നറുക്കെടുപ്പ് ആരംഭിക്കുന്ന സെപ്റ്റംബർ 26നാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

ജിഎസ്ടി വർധിച്ചതിന്റെ പേരിൽ സമ്മാനങ്ങളിലും വിൽപ്പന കമ്മീഷനിലും പ്രൈസ് കമ്മീഷനിലും വലിയ കുറവാണ് വരുത്തിയിട്ടുള്ളത്. അത് വഞ്ചനയാണ്. പേപ്പർ ലോട്ടറിയെ ജിഎസ്ടിയുടെ പരിധിക്കു വെളിയിൽ നിർത്തണമെന്നും അസോസിയേഷൻ വ്യക്തമാക്കി.

മലയാള സിനിമയിലെ ‘മധു’ വസന്തത്തിന് ഇന്ന് 92-ാം പിറന്നാൾ; ആശംസകൾ നേർന്ന് സിനിമാ ലോകം

മലയാള സിനിമയിലെ ‘മധു’ വസന്തത്തിന് ഇന്ന് 92-ാം പിറന്നാൾ; ആശംസകൾ നേർന്ന് സിനിമാ ലോകം

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് മധു. മലയാള സിനിമയുടെ കാരണവർക്ക് ഇന്ന് 92-ാം പിറന്നാൾ ആണ്. പ്രിയ നടന് ആശംസകൾ അറിയിക്കുകയാണ് സിനിമാ ലോകവും ആരാധകരും. ക്ഷോഭിക്കുന്ന യുവാവായും കടുപ്പക്കാരനും സ്നേഹ സമ്പന്നനുമായ അച്ഛനും അപ്പൂപ്പനായുമെല്ലാം തിളങ്ങിയ അദ്ദേഹത്തിന്‌ സിനിമയുടെ കാര്യത്തിൽ ഇന്നും ചെറുപ്പമാണ്‌.

സിനിമയെക്കുറിച്ചും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചുമൊക്കെ കൃത്യമായ അഭിപ്രായങ്ങളുണ്ട് അദ്ദേഹത്തിന്. അതുകൊണ്ടു തന്നെയാണ് പുതിയ തലമുറ പോലും അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ ഏറ്റെടുക്കുന്നത്. പ്രായാധിക്യത്തെ തുടര്‍ന്ന് തിരക്കേറിയ ജീവിതത്തില്‍ നിന്ന് മാറി വീട്ടില്‍ വിശ്രമത്തിലാണ് മധു ഇപ്പോള്‍. ഹിന്ദി അധ്യാപകനായാണ് മധുവിന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് നാടക രംഗത്തേക്ക് എത്തി.

രാമു കാര്യാട്ട് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. പുറക്കാട്ട് കടപ്പുറത്ത് കറുത്തമ്മയെ തേടിയലഞ്ഞ പരീക്കുട്ടിയെന്ന ദുരന്ത കാമുകനിലൂടെ മലയാള സിനിമാസ്വാദകരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടുകയായിരുന്നു മധു എന്ന നടന്‍. നായകന്‍, വില്ലന്‍, സഹനടന്‍ എന്നീ റോളുകളിലെല്ലാം മധു തിളങ്ങി. ചെമ്മീനിലെ പരീക്കുട്ടി, ഭാര്‍ഗവീ നിലയത്തിലെ സാഹിത്യകാരന്‍, ഉമ്മാച്ചുവിലെ മായന്‍, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടന്‍പ്രേമത്തിലെ ഇക്കോരന്‍, വിത്തുകളിലെ ഉണ്ണി, ഏണിപ്പടികളിലെ കേശവപ്പിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ് … അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ.

ഓളവും തീരവും, ഏണിപ്പടികള്‍, ഭാര്‍ഗവീ നിലയം, ഇതാ ഒരു മനുഷ്യന്‍, ഹൃദയം ഒരു ക്ഷേത്രം, ജീവിതം, പ്രായിക്കര പാപ്പാന്‍, നരന്‍ എന്നിങ്ങനെ നാനൂറിലേറെ ചിത്രങ്ങളില്‍ മധു അഭിനയിച്ചു. സംവിധായകന്‍, നിര്‍മാതാവ് എന്നീ റോളുകളിലും മധു തിളങ്ങി. 12 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 15 ചിത്രങ്ങള്‍ നിര്‍മിച്ചു. 2004 ല്‍ സംസ്ഥാന സര്‍ക്കാര്‍ ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. 2013 ല്‍ പത്മശ്രീ പുരസ്‌കാരവും ലഭിച്ചു.

പൊതുപണം ഉപയോഗിച്ച് നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന് സുപ്രീംകോടതി

പൊതുപണം ഉപയോഗിച്ച് നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പൊതുപണം ഉപയോഗിച്ച് നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.

പൊതു ഖജനാവില്‍ നിന്നും പണം ഉപയോഗിച്ച് മണ്‍മറഞ്ഞ രാഷ്ട്രീയ നേതാക്കളുടെ പ്രതിമ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്‍കാല നേതാക്കളെ മഹത്വവല്‍ക്കരിക്കാന്‍ എന്തിനാണ് പൊതു ഖജനാവിലെ പണം ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു. ഇത്തരത്തിലുള്ള നടപടികള്‍ അനുവദിക്കാനാവില്ലെന്നും സുപ്രീംകോടതി ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

തിരുനെല്‍വേലി ജില്ലയിലെ വള്ളിയൂര്‍ വെജിറ്റബില്‍ മാര്‍ക്കറ്റിന് സമീപം മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനായിരുന്നു ഡിഎംകെ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ പ്രതിമകളും മറ്റും സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായി സ്ഥലത്ത് 30 ലക്ഷം രൂപ മുടക്കി കമാനം നിര്‍മ്മിച്ചിട്ടുണ്ടെന്നും, ഇതിനെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അതിനാല്‍ പ്രതിമ സ്ഥാപിക്കുന്നതിനുള്ള അനുമതി കൂടി നല്‍കണമെന്നും തമിഴ്‌നാട് സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് മണ്‍മറഞ്ഞ രാഷ്ട്രീയ നേതാക്കളെ ഗ്ലോറിഫൈ ചെയ്യാന്‍ പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. തമിഴ്നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളുകയും ചെയ്തു.