പുടിന്റെ ലിമോസിനിൽ മോദിക്ക് ലിഫ്റ്റ്, വേദിയിലെത്തിയിട്ടും ഇറങ്ങാതെ ചർച്ച; അടച്ചിട്ട കാറിൽ 50 മിനിറ്റിലേറെ നീണ്ട ചർച്ചയെന്ത് ?

പുടിന്റെ ലിമോസിനിൽ മോദിക്ക് ലിഫ്റ്റ്, വേദിയിലെത്തിയിട്ടും ഇറങ്ങാതെ ചർച്ച; അടച്ചിട്ട കാറിൽ 50 മിനിറ്റിലേറെ നീണ്ട ചർച്ചയെന്ത് ?

ബെയ്ജിങ്: ബെയ്ജിങ്: ചൈനയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടി വേദിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പോയത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനൊപ്പം. റഷ്യന്‍ പ്രസിഡന്റ് തന്റെ ഔദ്യോഗിക വാഹനമായ എയ്‌റസ് ലിമോസിനില്‍ മോദിക്ക് ലിഫ്റ്റ് നല്‍കുകയായിരുന്നു. ഹോട്ടലില്‍ നിന്നും കാറില്‍ കയറിയ മോദിയും പുടിനും വാഹനത്തിലുടനീളം ചര്‍ച്ചയിലായിരുന്നു.

എന്നാല്‍ വാഹനം ഉച്ചകോടി വേദിയിലെത്തിയിട്ടും ഇരുനേതാക്കളും കാറില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കിയില്ല. റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തില്‍ ഏതാണ്ട് 50 മിനിറ്റോളമാണ് പുടിനും മോദിയും ചര്‍ച്ച നടത്തിയതെന്ന് റഷ്യന്‍ നാഷണല്‍ റേഡിയോ സ്‌റ്റേഷന്‍ വെസ്റ്റിഎഫ്എം റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി നരേന്ദ്രമോദി പരസ്പരം സ്വകാര്യ സംഭാഷണം നടത്തുകയായിരുന്നു എന്നാണ് ക്രംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനൊപ്പം കാറിലിരിക്കുന്ന ചിത്രം നരേന്ദ്രമോദി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എസ്സിഒ ഉച്ചകോടി വേദിയിലെ നടപടി ക്രമങ്ങള്‍ക്ക് ശേഷം, പ്രസിഡന്റ് പുടിനുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കായും യാത്ര ചെയ്തു. പുടിനുമായുള്ള സംഭാഷണങ്ങള്‍ എല്ലായ്‌പ്പോഴും ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. മോദി അഭിപ്രായപ്പെട്ടു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ ഗൗനിക്കാതെ കുശലം പറഞ്ഞ് മോദിയും പുടിനും ഉച്ചകോടി വേദിയിലൂടെ പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധിക തീരുവ ചുമത്തിക്കൊണ്ടുള്ള പ്രതികാര നടപടി റഷ്യയും ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ സുദൃഢമാക്കുകയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലുകളും കൂടിക്കാഴ്ചകളും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആദ്യദിനം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ ഔദ്യോഗിക കാറിലായിരുന്നു മോദി സഞ്ചരിച്ചത്.

ഓണത്തിരക്ക്: അധിക സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

ഓണത്തിരക്ക്: അധിക സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

കൊച്ചി: ഓണത്തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും. സെപ്റ്റംബര്‍ രണ്ടുമുതല്‍ നാലുവരെ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും അവസാന സര്‍വീസ് രാത്രി 10.45നായിരിക്കും. തിരക്കുള്ള സമയങ്ങളില്‍ ആറു സര്‍വീസുകള്‍ അധികമായി നടത്തും.

വാട്ടര്‍ മെട്രോയും തിരക്കുള്ള സമയങ്ങളില്‍ അധിക സര്‍വീസുകള്‍ നടത്തും. 10 മിനിറ്റ് ഇടവിട്ട് സര്‍വീസുകള്‍ നടത്തും. രണ്ടുമുതല്‍ ഏഴുവരെയുള്ള തീയതികളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോടതിയിലേക്ക് രാത്രി 9 വരെ സര്‍വീസ് നടത്താനാണ് തീരുമാനം.

ഓണത്തോട് അനുബന്ധിച്ച് യാത്രാത്തിരക്ക് പരിഹരിക്കാന്‍ ദക്ഷിണ റെയില്‍വേയും 97 ഓളം പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഈ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍. ഇതിന്റെ ഭാഗമായി മൂന്നു പുതിയ സ്പെഷ്ല്‍ ട്രെയിനുകള്‍ കൂടി റെയില്‍വേ അനുവദിച്ചു.

ഈ ട്രെയിനുകളുടെ റിസര്‍വേഷന്‍ ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം നോര്‍ത്ത് വണ്‍വേ എക്സ്പ്രസ് സ്പെഷല്‍, തിരുവനന്തപുരം നോര്‍ത്ത് സൂറത്ത് വണ്‍വേ എക്സ്പ്രസ് സ്പെഷ്ല്‍, മംഗലാപുരം സെന്‍ട്രല്‍ തിരുവനന്തപുരം നോര്‍ത്ത് എന്നിവയാണ് പുതുതായി അനുവദിച്ച ട്രെയിനുകള്‍.

പുത്തൻതോപ്പിൽ കടലിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

പുത്തൻതോപ്പിൽ കടലിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കഠിനംകുളം പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പ്ലസ് വൺ വിദ്യാർഥിയായ കണിയാപുരം സിങ്കപ്പൂർ മുക്ക്, ഫെങ്ങുവിള മാധവത്തിൽ ഗിരീഷ് കുമാറിന്റെയും സജിതകുമാരിയുടെയും മകൻ അഭിജിത്ത്(16)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.രാവിലെ പുത്തൻതോപ്പ് കടലിൽ മത്സ്യബന്ധന വലയിൽ കുരുങ്ങിയാണ് അഭിജിത്തിൻ്റെ മൃതദേഹം ലഭിച്ചത്. മര്യനാട് എത്തിച്ച മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തൻതോപ്പ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. കടലിൽ മുങ്ങിത്താണ മൂന്നു പേരിൽ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. അഭിജിത്തിനൊപ്പം നബീൽ എന്ന വിദ്യാർഥിയും തിരയിൽപെട്ട് കാണാതായിട്ടുണ്ട്. നബീലിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

മൂന്നു ദിവസം മുമ്പെത്തി; വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മൂന്നു ദിവസം മുമ്പെത്തി; വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ബി.ഫാം വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി സ്വദേശി ആയിഷ റഷ (21) ആണ് മരിച്ചത്. മംഗളൂരുവില്‍ ബിഫാം വിദ്യാര്‍ഥിനിയാണ് ആയിഷ.

മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്നു ദിവസം മുന്‍പാണ് ആണ്‍സുഹൃത്ത് ബഷീറുദ്ദീന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. കോഴിക്കോട്ടെ ജിമ്മില്‍ ട്രെയിനറാണ് ബഷീറുദ്ദീന്‍. ഇയാള്‍ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തതായും മര്‍ദിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. ആയിഷ കോഴിക്കോട്ടെത്തിയെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ സുഹൃത്ത് എരഞ്ഞിപ്പാലം സ്വദേശി ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

ഇന്നലെ രാത്രിയാണ് ആയിഷ മരിച്ചത്. ബഷീറുദ്ദീന്‍ ആണ് ആയിഷയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം ഭാര്യയെന്നാണ് ഇയാള്‍ ആശുപത്രി അധികൃതരോട് പറഞ്ഞതെന്നും പിന്നീട് സുഹൃത്തെന്ന് പറഞ്ഞതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ആശുപത്രിയില്‍നിന്ന് അധികൃതര്‍ നടക്കാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ഥ മരണകാരണം എന്താണ് എന്നുള്ളത് വ്യക്തമാവുകയുള്ളൂ. കുറച്ച് കാലമായി വിദ്യാര്‍ഥിനി ഇവിടെ താമസിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ഷാജൻ സ്‌കറിയയെ മർദ്ദിച്ച സംഭവം: 4 പേർ പിടിയിൽ

ഷാജൻ സ്‌കറിയയെ മർദ്ദിച്ച സംഭവം: 4 പേർ പിടിയിൽ

തൊടുപുഴ: തനിക്കെതിരെ നടന്നത് കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതക ശ്രമമാണെന്ന് വ്യക്തമാക്കി മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ. താന്‍ നല്‍കുന്ന വാര്‍ത്തകള്‍ നിയമപരിരക്ഷയ്ക്ക് ഉള്ളില്‍ നിന്നുമാണ്. തന്നെ നിയമപരമായി നേരിടാന്‍ സാധിക്കാത്തവര്‍ കായികമായി നേരിടാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്. തൊടുപുഴയില്‍ അക്രമികള്‍ എത്തിയത് തന്നെ കൊല്ലണം എന്ന നിര്‍ബന്ധ ബുദ്ധിയോടെ ആയിരുന്നു. -ഷാജൻ പറഞ്ഞു.

കേസിലെ നാല് പ്രതികള്‍ പിടിയിലായിട്ടുണ്ട്. ബംഗളുരുവിൽ നിന്നുമാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഒരാളെ കൂടി ഇനിയും പിടികൂടാനുണ്ട്. വധശ്രമത്തിന്റെ മുഖ്യ ആസൂത്രകനായ മാത്യൂസ് കൊല്ലപ്പുള്ളിയും കസ്റ്റഡിയിലുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതികളിലേക്ക് പോലീസ് എത്തിയത് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അടക്കം ട്രാക്ക്‌ചെയ്താണ്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന വ്യക്തിയാണ് മാത്യുസ് കൊല്ലപ്പള്ളി. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ വച്ചാണ് ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദമേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതികളെ കുറിച്ചുള്ള പൂര്‍ണവിവരവും പുറത്തുവന്നു. ഷാജന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ചുപേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തെന്നും ഒളിവിലുളള പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന ആവശ്യം മാധ്യമ സമൂഹത്തില്‍ നിന്നും ശക്തമായി ഉയര്‍ന്നിട്ടുണ്ട്.

ശനിയാഴ്ച രാത്രി തൊടുപുഴ മങ്ങാട്ടുകവലയില്‍ വെച്ചാണ് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ഷാജന്‍ സ്‌കറിയയെ അഞ്ചംഗ സംഘം ആക്രമിച്ചത്. ഷാജന്‍ സ്‌കറിയ സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനം ഇടിച്ച ശേഷമായിരുന്നു അതിക്രമം. വാഹനത്തിന് അകത്തിരിക്കുന്ന ഷാജന്‍ സ്‌കറിയയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമം തടയാന്‍ ശ്രമിക്കുന്നതായും ഇതില്‍ കാണാം. ഷാജന്‍ സ്‌കറിയ നല്‍കിയ വിവരങ്ങളുടെയും ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍ വന്ന പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.

അക്രമണത്തില്‍ പങ്കെടുത്ത മാത്യൂസ് കൊല്ലപ്പള്ളി സംഭവശേഷം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതായും ഷാജനെതിരെ ഇനിയും ആക്രമണം നടത്തുമെന്ന ഭീഷണി മുഴക്കിയതായും പോലീസ് കണ്ടെത്തി. മണിക്കൂറുകള്‍ക്കകം ഈ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇത് പ്രതികളെ തിരിച്ചറിയാന്‍ നിര്‍ണായകമായെന്ന് പോലീസ് പറയുന്നു. തിരുവനന്തപുരത്ത് നിന്ന് തൊടുപുഴയിലെത്തിയതും വിവാഹത്തില്‍ പങ്കെടുത്തതും കൃത്യമായി മനസ്സിലാക്കി പിന്തുടര്‍ന്നാണ് ആക്രമണം നടത്തിയത്. അക്രമണത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നാണ് പോലീസും വ്യക്തമാക്കുന്ന കാര്യം.