സംസ്ഥാനത്ത് ആന്‍ജിയോഗ്രാം ഉപകരണങ്ങളുടെ വിതരണം നിലച്ചു

സംസ്ഥാനത്ത് ആന്‍ജിയോഗ്രാം ഉപകരണങ്ങളുടെ വിതരണം നിലച്ചു

സര്‍ക്കാര്‍ കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആന്‍ജിയോഗ്രാം ഉപകരണങ്ങളുടെ വിതരണം നിലച്ചു. ആഗസ്ത് വരെയുള്ള കുടിശ്ശിക നല്‍കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ന് മുതല്‍ ഉപകരണ വിതരണം നിര്‍ത്തിവെക്കുന്നതായി വിതരണക്കാര്‍ അറിയിച്ചു. നിലവില്‍ 8 മാസത്തെ കുടിശ്ശികയായ 158 കോടിയോളം രൂപയാണ് വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ളത് കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ്.

ആഗസ്റ്റ് വരെയുള്ള കുടിശ്ശിക ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തന്ന് തീര്‍ക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇത് പാലിക്കാതായതോടെയാണ് സെപ്റ്റംബര്‍ 1 മുതല്‍ സംസ്ഥാനത്തൊട്ടാകെ ആന്‍ജിയോപ്ലാസ്റ്റി ,ആന്‍ജിയോഗ്രാം ഉപകരണങ്ങളുടെ വിതരണം നിര്‍ത്തുന്നതെന്ന് വിതരണക്കാരുടെ സംഘടാന പ്രതിനിധികള്‍ വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്താനുള്ള ഉപകരണങ്ങളില്ലത്തിനെ തുടര്‍ന്ന് ഹൃദയശസ്ത്ക്രിയ നിര്‍ത്തിവെച്ചിരുന്നു. ഉപകരണ വിതരക്കാര്‍ക്ക് നല്‍കാന്‍ കാരുണ്യഫണ്ടില്‍ നിന്ന് അടിയന്തരമായി രണ്ട് കോടി രൂപ കൈമാറുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.എന്നാല്‍ രണ്ടു കോടി കിട്ടിയതുകൊണ്ട് പ്രതിസന്ധി തീരില്ലെന്നും വിതരണക്കാര്‍ വ്യക്തമാക്കിയിരുന്നു.

കെഎസ്ആര്‍ടിസി ബസിൽ മോഷണം; നഷ്ടമായത് 20 പവന്റെ സ്വര്‍ണം

കെഎസ്ആര്‍ടിസി ബസിൽ മോഷണം; നഷ്ടമായത് 20 പവന്റെ സ്വര്‍ണം

തിരുവനന്തപുരം പോത്തന്‍കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ മോഷണം. കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത വീട്ടമ്മയുടെ 20 പവന്‍ സ്വര്‍ണമാണ് മോഷ്ടാവ് കവര്‍ന്നത്. പോത്തന്‍കോട് വാവറമ്പലം സ്വദേശി ഷമീന ബീവിയുടെ ബാഗില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്.

നെടുമങ്ങാട് പനവൂരില്‍ താമസിക്കുന്ന മരുമകളുടെ വീട്ടില്‍ പോയി തിരികെ വരുന്ന വഴിക്കാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. ബസില്‍ വന്ന് പോത്തന്‍കോട് ബസ് സ്റ്റാന്റില്‍ ഇറങ്ങി സാധനങ്ങള്‍ വാങ്ങാന്‍ ബാഗ് തുറന്നപ്പോഴാണ് സ്വര്‍ണം നഷ്ടമായ വിവരം ഷമീന ബീവി മനസിലാക്കിയത്.

ആറ് വളകള്‍, രണ്ട് ജോഡി കമ്മല്‍, അഞ്ച് മോതിരം എന്നിവയാണ് മോഷണം പോയത്. ബാഗില്‍ പേഴ്സിനകത്ത് ബോക്സില്‍ വച്ചായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ബാഗിന്റെയും അതിനകത്തെ പേഴ്സിന്റെയും സിബ് തുറന്ന ശേഷമാണ് സ്വര്‍ണമെടുത്തിരിക്കുന്നത്. സംഭവത്തില്‍ നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തന്‍കോട് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.

അഫ്ഗാനെ ദുരന്ത ഭൂമിയാക്കി വന്‍ ഭൂചലനം; 600ലേറെ മരണം, കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു

അഫ്ഗാനെ ദുരന്ത ഭൂമിയാക്കി വന്‍ ഭൂചലനം; 600ലേറെ മരണം, കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലണ്ടായ വന്‍ ഭൂചലനത്തില്‍ 600ല്‍ അധികം മരണം. 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 1000ലേറെ പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടുണ്ടായ ഭൂകമ്പം കുനാര്‍ പ്രവിശ്യയിലെ നിരവധി സ്ഥലങ്ങളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ശക്തമായ ഭൂകമ്പത്തില്‍ നിരവധി ഗ്രാമങ്ങള്‍ നശിച്ചു.

കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 622 ആയി ഉയർന്നു, ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായി അഫ്ഗാനിസ്ഥാൻ സർക്കാർ നടത്തുന്ന റേഡിയോ ആൻഡ് ടെലിവിഷൻ (ആർടിഎ) റിപ്പോർട്ട് ചെയ്തു.

രാത്രി 11:47 ന് ഉണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നംഗഹാര്‍ പ്രവിശ്യയിലെ ജലാലാബാദ് നഗരത്തിന് 27 കിലോമീറ്റര്‍ കിഴക്ക്-വടക്കുകിഴക്കായിട്ടായിരുന്നുവെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 250ല്‍ അധികംപേര്‍ മരിച്ചുവെന്നാണ് താലിബാനെ ഉദ്ധരിച്ചു വന്ന റിപ്പോര്‍ട്ടുകള്‍. നൂറിലേറെപ്പേര്‍ മരിച്ചുവെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുനാര്‍ പ്രവിശ്യയിലെ നുര്‍ ഗാല്‍, സാവ്കി, വാട്പുര്‍, മനോഗി, ചപ ദാര ജില്ലകളിലാണ് മരണം ഉണ്ടായിരിക്കുന്നതെന്ന് അഫ്ഗാനിസ്ഥാന്റെ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം തുര്‍ക്കിയുടെ വാര്‍ത്താ ഏജന്‍സിയായ അനഡോലുവിനോട് അറിയിച്ചു.

ഭൂമിക്കടിയില്‍ 8 കി.മീ. ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ആഴം കുറഞ്ഞ ഭൂകമ്പങ്ങള്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കാന്‍ സാധ്യതയുണ്ട്. നൂര്‍ ഗുല്‍, സോക്കി, വാട്പൂര്‍, മനോഗി, ചപദാരെ എന്നീ ജില്ലകളില്‍ കുറഞ്ഞത് 250 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കുനാര്‍ ദുരന്ത നിവാരണ അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

അതിഭീകര ഭൂകമ്പങ്ങള്‍ക്ക് സാധ്യതയേറിയ മേഖലയാണ് അഫ്ഗാനിസ്ഥാന്‍. പ്രത്യേകിച്ച്, ഇന്ത്യന്‍ യുറേഷ്യന്‍ ടെക്ടോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുന്ന ഹിന്ദുക്കുഷ് പര്‍വതമേഖലകളില്‍. 2023 ഒക്ടോബര്‍ ഏഴിന് അഫ്ഗാനിലുണ്ടായ ഭൂകമ്പത്തില്‍ 4000ല്‍ അധികംപേര്‍ മരിച്ചുവെന്നാണ് താലിബാന്‍ ഭരണകൂടം അറിയിച്ചിരുന്നത്. അതേസമയം, 6.3 തീവ്രത രേഖപ്പെടുത്തിയ അന്നത്തെ ഭൂകമ്പത്തില്‍ 1500ഓളം പേരാണ് മരിച്ചതെന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത്.

ആറ്റിങ്ങൽ നഗരസഭയുടെ ഓണാഘോഷവും ടൂറിസം വാരാഘോഷവും

ആറ്റിങ്ങൽ നഗരസഭയുടെ ഓണാഘോഷവും ടൂറിസം വാരാഘോഷവും

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷവും ടൂറിസം വാരാഘോഷവും ആരംഭിച്ചു. ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ഓണാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനച്ചടങ്ങ് എം.പി എ.എ. റഹീം നിർവഹിക്കും. ദീപാലങ്കാരത്തിന്റെ ഉദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിക്കും.

ഓണാഘോഷ പരിപാടികളുടെ ഭാഗമായി 2-ാം തീയതി രാവിലെ 10.30 ന് കൗൺസിലർമാരുടെയും ജീവനക്കാരുടെയും “ഓണം പൊന്നോണം” സംഘടിപ്പിക്കും. വൈകിട്ട് 6ന് നാടകോത്സവം കണ്ണൂർ വാസുട്ടി ഉദ്ഘാടനം ചെയ്യും. 7മണിക്ക് നാടകം.

3-ാം തീയതി വൈകിട്ട് 5.30 ന് സർഗ്ഗസന്ധ്യയും 7 മണിക്ക് “ഓണശ്രീ 2025” പരിപാടിയും അരങ്ങേറും. 4-ാം തീയതി വൈകിട്ട് 5 മണിക്ക് കരോക്കെ ഗാനമേള, 6 മണിക്ക് കഥാപ്രസംഗം, 7 മണിക്ക് ഗാനമേളയും ഉണ്ടായിരിക്കും. 5-ാം തീയതി വൈകിട്ട് 6 മണിക്ക് “നൃത്തശില്പം” 7 മണിക്ക് ഗാനമേളയും അരങ്ങേറും.

6-ാം തീയതി വൈകിട്ട് 6 മണിക്ക് കഥാപ്രസംഗവും 7 മണിക്ക് നാടകവും അവതരിപ്പിക്കും. 7-ാം തീയതി രാത്രി 7 മണിക്ക് “ഡാൻസ് വിത്ത് മി” പരിപാടിയും 8-ാം തീയതി രാത്രി 7 മണിക്ക് നാടൻ പാട്ടുകളുമാണ് പ്രധാന ആകർഷണം. 9-ാം തീയതി രാത്രി 7 മണിക്ക് നാടകവും ഉണ്ടായിരിക്കും.

ആഘോഷങ്ങളുടെ സമാപന ഘോഷയാത്ര 10-ാം തീയതി വൈകിട്ട് 3.30 ന് ഐ.ടി.ഐ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കച്ചേരി ജംഗ്ഷൻ വഴി ഡയറ്റ് സ്കൂൾ അങ്കണത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഒ.എസ്. അംബിക എം.എൽ.എ അധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും സമ്മാനദാനവും അടൂർ പ്രകാശ് എം.പി നിർവഹിക്കും.

സ്നേഹ റെസിഡന്റ്‌സ് അസോസിയേഷൻ അവനവഞ്ചേരിയുടെ ആഭിമുഖ്യത്തിൽ പൊതുയോഗവും ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു

സ്നേഹ റെസിഡന്റ്‌സ് അസോസിയേഷൻ അവനവഞ്ചേരിയുടെ ആഭിമുഖ്യത്തിൽ പൊതുയോഗവും ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു

സ്നേഹ റെസിഡന്റ്‌സ് അസോസിയേഷൻ അവനവഞ്ചേരിയുടെ ആഭിമുഖ്യത്തിൽ പൊതുയോഗവും ഓണക്കിറ്റ് വിതരണവും നടന്നു. പോയിന്റ് മുക്ക് റെസിഡന്റ്‌സ് അസോസിയേഷൻ ഓഫീസിൽ നടന്ന ചടങ്ങ് ആറ്റിങ്ങൽ ഡി വൈ എസ് പി മഞ്ജുലാൽ.എസ്. ഉദ്ഘാടനം ചെയ്തു. എസ് ആർ എ പ്രസിഡൻ്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ബി ആർ പ്രസാദ് സ്വാഗതം പറഞ്ഞു.

എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഒപ്പം അംഗങ്ങൾക്ക് ഓണക്കിറ്റും വിതരണം ചെയ്തു. ചടങ്ങിൽ സ്നേഹ സൗഭാഗ്യ നറുക്കെടുപ്പ് നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എക്സിക്യൂട്ടീവ് അംഗം പ്രകാശ് ആശംസ അർപ്പിച്ചു. പ്രോഗ്രാം കൺവീനർ എം താഹ നന്ദിയും അറിയിച്ചു.