മധ്യവയസ്കനെ കാണ്മാനില്ല

മധ്യവയസ്കനെ കാണ്മാനില്ല

ആറ്റിങ്ങൽ അവനവഞ്ചേരിയിൽ നിന്നും 56കാരനെ കാണ്മാനില്ല. ഹാഷിം എസ് എന്നയാളെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്
കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
9995286915

തലസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം, തീയിടല്‍; പിന്നില്‍ ബിജെപി എന്ന് കോണ്‍ഗ്രസ്

തലസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം, തീയിടല്‍; പിന്നില്‍ ബിജെപി എന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ കേരളസന്ദര്‍ശനത്തിനിടെയുണ്ടായ പ്രതിഷേധങ്ങളെച്ചൊല്ലി കോണ്‍ഗ്രസും ബിജെപിയും തമ്മിലുണ്ടായ പോര് തെരുവിലേക്ക്. തിരുവനന്തപുരം ജില്ലയിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി ആക്രമണം ഉണ്ടായി. ഡിസിസി ഓഫീസിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. ആനാവൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസും ആണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

ശനിയാഴ്ച കൊല്ലത്ത് മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് യുവമോര്‍ച്ച മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ പ്രതിഷേധം നടത്തി.

ഇന്നലെ ബാലരാമപുരത്ത് മന്ത്രി ഒജെ ജനീഷിനെതിരായ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ചെയ്തു. ഇതില്‍ തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജുവിന് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാത്രി കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്.

ഡിസിസി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരമാവധി ശേഖരിച്ച് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ആഭ്യന്തര മന്ത്രി ഡിസിസി ഓഫീസില്‍ നേരിട്ട് എത്തി കാര്യങ്ങള്‍ വിലയിരുത്തി. സംസ്ഥാനത്ത് പാര്‍ട്ടി ഓഫീസുകള്‍ ആരും ആക്രമിക്കാറില്ലെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അക്രമികളെ കയറൂരി വിടുകയാണ് ബിജെപി നേതൃത്വമെന്നും ഇതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ കോണ്‍ഗ്രസ് മാര്‍ച്ചുകള്‍ നടത്തുമെന്നും ഡിസിസി ഓഫീസ് സന്ദര്‍ശിച്ച ശേഷം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പറഞ്ഞു.

‘കൂടുതല്‍ സുരക്ഷ വേണ്ട’; അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ ശാസിച്ച് മുഖ്യമന്ത്രി

‘കൂടുതല്‍ സുരക്ഷ വേണ്ട’; അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ ശാസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സുരക്ഷയ്ക്കായി അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നിലായി മറ്റൊരു പൊലീസ് വാഹനം കൂടി ഓടിയ പശ്ചാത്തലത്തിലാണ് ഡിസിപിയെ വിളിച്ച് മുഖ്യമന്ത്രി നേരിട്ട് നിര്‍ദേശം നല്‍കിയത്. ഔദ്യോഗിക യാത്രക്ക് കൂടുതല്‍ വാഹനങ്ങള്‍ വിന്യസിക്കരുതെന്ന് നിര്‍ദേശിക്കുകയായിരുന്നു.

കവടിയാറില്‍ വയോജന ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിക്കെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ സുരക്ഷാ അകമ്പടി കൂട്ടിയത്. പൈലറ്റ് വാഹനത്തിന് മുന്നില്‍ ഒരു പൊലീസ് ജീപ്പ് കൂടി ഓടിയിരുന്നു. കാറില്‍ നിന്നും ഇറങ്ങിയ ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന ഡിസിപിയെ വിളിച്ച് അകമ്പടി കൂട്ടിയതില്‍ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് മേധാവി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ നടക്കുന്ന വേദികളിലും പരിസരങ്ങളിലും കൂടുതല്‍ പൊലീസിനെ വിന്യസിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ യാത്രാവേളകളില്‍ എസ്‌കോര്‍ട്ട് പൈലറ്റ് വാഹനങ്ങള്‍ മാത്രം മതിയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതേസമയം, പൊലീസ് ജീപ്പ് ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നവംബർ 1 മുതൽ

ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നവംബർ 1 മുതൽ

ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നവംബർ 1 മുതൽ 8 വരെ നടക്കും. വൈകുന്നേരം 6ന് നടക്കുന്ന ഭദ്രദീപ പ്രകാശനം നിർവഹിക്കുന്നത് ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ മഠാധിപതിയായ പൂജ്യ സ്വാമി ശ്രീശക്തി ശാന്താനന്ദ മഹർഷി ആണ്. വിഷ്ണു തെക്കേടം, പ്രദീപ് നാരായണൻ, ദിനേശ് മേപ്പാട് തുടങ്ങിയവരും പങ്കെടുക്കും.

ബാങ്കുകള്‍ ആഴ്ചയില്‍ അഞ്ച് ദിവസം മതിയോ?; പരിശോധിക്കാന്‍ ഉന്നതസമിതി

ബാങ്കുകള്‍ ആഴ്ചയില്‍ അഞ്ച് ദിവസം മതിയോ?; പരിശോധിക്കാന്‍ ഉന്നതസമിതി

ഡല്‍ഹി: ബാങ്കുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കി കുറക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു. മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് അഞ്ച് പേരും സംഘടനകളെ പ്രതിനിധീകരിച്ച് 7 പേരുമാണ് സമിതിയില്‍ ഉള്ളത്.

എന്നാല്‍, ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ബാങ്കുകള്‍ പ്രവര്‍ത്തിച്ചാല്‍ മതി എന്ന തീരുമാനത്തോട് സര്‍ക്കാരിന് അനുകൂല നിലപാട് അല്ല ഉള്ളത്. നേരത്തെ ബാങ്ക് മാനേജ്‌മെന്റും യൂണിയനും തമ്മിലുണ്ടാക്കിയ ഉഭയകക്ഷി കരാറില്‍ പ്രവൃത്തിദിനം അഞ്ചായി കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഇതു നടപ്പാക്കാനാവില്ല. അതുകൊണ്ടുതന്നെ ധനമന്ത്രാലയത്തിന്റെ പ്രതിനിധികളില്ലാതെ ഇത്തരമൊരു സമിതി രൂപീകരിച്ചതുകൊണ്ട് കാര്യമില്ലെന്നാണ് വിലയിരുത്തല്‍.

ഉന്നതസമിതി രൂപീകരിക്കുമെന്നുള്ള ഉറപ്പിന്മേലാണ് കഴിഞ്ഞ ദിവസം ബാങ്ക് യൂണിയനുകള്‍ പണിമുടക്കില്‍ നിന്ന് പിന്മാറിയത്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ രജനീഷ് കര്‍ണാടകാണ് ഉന്നതലസമിതിയുടെ ചെയര്‍മാന്‍.

സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധിയായിരിക്കും.