യുദ്ധകാലത്തു മൊട്ടിട്ടൊരു പ്രണയം കേരളത്തിൽ പൂവണിഞ്ഞു

യുദ്ധകാലത്തു മൊട്ടിട്ടൊരു പ്രണയം കേരളത്തിൽ പൂവണിഞ്ഞു

റഷ്യൻ–യുക്രെയ്ൻ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ തളിർക്കുമ്പോൾ ഇതേ യുദ്ധകാലത്തു മൊട്ടിട്ടൊരു പ്രണയം കേരളത്തിൽ പൂവണിഞ്ഞു. യുക്രെയ്നിലെ കീവ് സ്വദേശിനി യൂലിയ ക്ലിചുവും ചേർത്തല എസ്എൻപുരം മംഗലശേരി വീട്ടിൽ വിനായക മൂർത്തിയുമാണ് ഇന്നലെ ചേർത്തല കളവംകോടം ശക്തീശ്വര ക്ഷേത്രത്തിൽ മിന്നും മാലയും ചാർത്തിയത്. മിസൈലുകളെയും ബോംബുകളെയും തോൽപിച്ച തീവ്രപ്രണയകാലത്തിനൊടുവിലാണ് രണ്ടുദിവസം മുൻപ് ശിവഗിരിയിൽ ഇവർ ആചാര പ്രകാരം വിവാഹം നടത്തി.

ഇംഗ്ലിഷ് അധ്യാപകനായ വിനായക മൂർത്തി ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഇംഗ്ലിഷ് പഠിപ്പിക്കുമ്പോഴാണ് 2021ൽ കീവിലെ യൂലിയയെ പരിചയപ്പെടുന്നത്. അധികം വൈകാതെ യൂലിയയെ കാണാൻ വിനായക മൂർത്തി യുക്രെയ്നിലേക്കു പുറപ്പെട്ടു. അവിടെ സ്കൂളിൽ അധ്യാപകനായി ജോലി ലഭിച്ചു. പക്ഷേ അപ്പോഴേക്ക് യുക്രെയ്നെതിരെ റഷ്യയുടെ യുദ്ധം തുടങ്ങിയിരുന്നു.

യൂലിയയുടെ അനുജത്തിയുടെ പിറന്നാൾ ദിനത്തിൽ ആഘോഷം കഴിഞ്ഞ് യൂലിയയുടെ കുടുംബവും വിനായക മൂർത്തിയും രാത്രി വീട്ടിലേക്ക് മടങ്ങിവരും വഴി വീടനടുത്തുള്ള വിമാനത്താവത്തിൽ റഷ്യ ബോംബിട്ടു. വീട് ഉപേക്ഷിച്ച് എല്ലാവരും പോയ കൂട്ടത്തിൽ ഇവരും ദൂരെയുള്ള ഗ്രാമത്തിലെത്തി.

അവിടെ കഴിഞ്ഞ് 12–ാം ദിവസം സമീപത്തെ ആണവനിലയം റഷ്യ തകർക്കുമെന്ന അഭ്യൂഹം പരന്നതോടെ യൂലിയയുടെ പിതാവ് അനുജത്തിമാരെയും അമ്മയെയും വിനായക മൂർത്തിയുടെ കൂടെ പോളണ്ടിലേക്കു ട്രക്കിൽ കയറ്റിവിട്ടു. പക്ഷേ ഇടയ്ക്കുവച്ച് വിനായക മൂർത്തിക്കു നിയമ പ്രശ്നങ്ങൾ മറികടക്കാൻ റുമാനിയയിൽ ഇന്ത്യൻ എംബസിയിൽ പോകേണ്ടിവന്നു. യൂലിയ അമ്മയോടും അനുജത്തിമാരോടും കൂടെ പോളണ്ടിൽ എത്തി.

പിന്നീട് യൂലിയ ജർമനിയിൽ അധ്യാപികയായി. വിനായക മൂർത്തി നാട്ടിലേക്കു മടങ്ങി. ഇതിനിടെ യൂലിയ വിനായക മൂർത്തിയെ കാണാൻ ഒരുമാസം കേരളത്തിലെത്തി താമസിച്ചു മടങ്ങി. ഇതിനിടെ വിനായക മൂർത്തിക്ക് ഉസ്ബെക്കിസ്ഥാനിൽ അധ്യാപകനായി ജോലി ലഭിച്ചു. 2024ൽ വിവാഹം തീരുമാനിച്ചെങ്കിലും നിയമ തടസ്സങ്ങളുണ്ടായി. തടസ്സങ്ങൾ നീക്കി 4ദിവസം മു‍ൻപ് പിതാവിനോടൊപ്പം ചേർത്തലയിൽ വന്ന യൂലിയ വിനായക മൂർത്തിയുടെ ജീവിതസഖിയായി മാറി. യൂലിയ 23ന് ജർമനിയിലെ ജോലി സ്ഥലത്തേക്കും പിന്നാലെ വിനായക മൂർത്തി ഉസ്ബെക്കിസ്ഥാനിലേക്കും പോകും.

രാഹുലിനെതിരെ പരാതിയുമായി മുന്‍ എംപിയുടെ മകളും?; എഐസിസിക്ക് ലഭിച്ചത് ഒമ്പതു പരാതികള്‍

രാഹുലിനെതിരെ പരാതിയുമായി മുന്‍ എംപിയുടെ മകളും?; എഐസിസിക്ക് ലഭിച്ചത് ഒമ്പതു പരാതികള്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയവരില്‍ മുന്‍ എംപിയുടെ മകളും ഉണ്ടെന്ന് സൂചന. വിവാഹ വാഗ്ദാനം നല്‍കിയെങ്കിലും പിന്നീട് ജാതീയത പറഞ്ഞ് പിന്മാറി. പിന്നാക്ക വിഭാ​ഗമായതിനാല്‍ വീട്ടുകാര്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നുവെന്നും പരാതിയില്‍ യുവതി ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് മുന്‍ എംപിയുടെ മകളുടേതടക്കം ഒമ്പതു പരാതികളാണ് എഐസിസിക്ക് മുമ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ചിട്ടുള്ളത്.

ഗുരുതരമായ ആരോപണങ്ങളും തെളിവുകളും അടക്കമുള്ള പരാതികളാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിക്ക് ലഭിച്ചത്. തുടര്‍ന്ന് ദീപാദാസ് മുന്‍ഷി ഇക്കാര്യം സംസ്ഥാന നേതാക്കളുമായി ആലോചിച്ചു. പരാതികളുടെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വരുമെന്നും സൂചിപ്പിച്ചിരുന്നു.

എന്നാല്‍ വോട്ട് ചോരി വിഷയത്തില്‍ രാഹുല്‍ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ലോങ് മാര്‍ച്ചിന് ശേഷം സ്ഥാനമൊഴിയാമെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി കൂടുതലായി ആരോപണങ്ങളും ഫോണ്‍ ചാറ്റുകളും ശബ്ദസന്ദേശങ്ങളം പുറത്തു വന്നതോടെ, കടുത്ത നിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു. ഉടന്‍ രാജിവെച്ചേ മതിയാകൂ എന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തു. തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കം രാഹുലിനെ തള്ളിപ്പറഞ്ഞ് രംഗത്തു വന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും ഉടന്‍ പുറത്താക്കണമെന്ന് ഹൈക്കമാന്‍ഡിന് രമേശ് ചെന്നിത്തല സന്ദേശം കൈമാറിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയോടാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്. അടിയന്തര നടപടി സ്വീകരിക്കണം. ഇനിയും നടപടി വൈകിയാല്‍ പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമാകും. നടപടി വൈകുംതോറും പാര്‍ട്ടിക്ക് പ്രതികൂലമായി മാറുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു.PS 763057 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PT 354012 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. PU 475795 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ടിക്കറ്റ് വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

(Remaining all series)

PN 763057
PO 763057
PP 763057
PR 763057
PT 763057
PU 763057
PV 763057
PW 763057
PX 763057
PY 763057
PZ 763057

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്.

ഓട്ടോമാറ്റിക് ഗിയര്‍ കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാം

ഓട്ടോമാറ്റിക് ഗിയര്‍ കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാം

തിരുവനന്തപുരം: ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ലെന്നതുള്‍പ്പെടെയുള്ള നിബന്ധനകള്‍ ഒഴിവാക്കി മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി വരുത്തിയത്. മോട്ടോര്‍സൈക്കിള്‍ വിത്ത് ഗിയര്‍ ലൈസന്‍സ് എടുക്കാന്‍ ഹാന്‍ഡിലില്‍ ഗിയറുള്ള വാഹനം പാടില്ലെന്ന നിബന്ധനയും ഒഴിവാക്കി.ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല., ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ സ്ഥാപിക്കണം എന്ന തീരുമാനങ്ങളും പുതിയ സര്‍ക്കുലറില്‍ ഒഴിവാക്കിയിട്ടുണ്ട്.

കെവൈസി പുതുക്കിയില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുകള്‍ നിലയ്ക്കും

കെവൈസി പുതുക്കിയില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുകള്‍ നിലയ്ക്കും

തിരുവനന്തപുരം: പത്തുവര്‍ഷം പൂര്‍ത്തിയായ എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും നിര്‍ബന്ധമായും കെവൈസി പുതുക്കണമെന്നും അല്ലാത്തപക്ഷം പണം പിന്‍വലിക്കലടക്കം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുമെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്എല്‍ബിസി) കണ്‍വീനര്‍ കെ.എസ്. പ്രദീപ് പറഞ്ഞു. കേരളത്തില്‍ 57 ലക്ഷം അക്കൗണ്ടുകളാണ് കെവൈസി കാലാവധി കഴിഞ്ഞവയായുള്ളത്.

കെവൈസി പുതുക്കാത്തതിന്റെപേരില്‍ ഇതിനകംതന്നെ ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെട്ടുതുടങ്ങിയിട്ടുണ്ട്. 2014-15 കാലയളവില്‍ വിവിധ സബ്സിഡികള്‍ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി സീറോ ബാലന്‍സ് സ്വഭാവത്തില്‍ എടുത്ത പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളാണ് കെവൈസി പുതുക്കലില്‍ പിന്നിലുള്ളത്.

നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സബ്സിഡിത്തുകയടക്കം പിന്‍വലിക്കാനാകാത്ത സാഹചര്യമുണ്ടാകും. ചെക്കുകളുള്ള അക്കൗണ്ടുകളില്‍ ചെക്ക് മടങ്ങാനും ഇടയാകും. ഫോട്ടോ, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ നല്‍കിയാണ് കെവൈസി പുതുക്കേണ്ടത്.