‘വന്ദേമാതരത്തെ അവഹേളിക്കുന്ന നടപടികള്‍ കുറ്റകരം’; ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍

‘വന്ദേമാതരത്തെ അവഹേളിക്കുന്ന നടപടികള്‍ കുറ്റകരം’; ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍

ന്യൂഡല്‍ഹി: ദേശീയഗീതമായ വന്ദേമാതരത്തെ അവഹേളിക്കുന്ന നടപടികള്‍ കുറ്റകരമാക്കുന്നതിനുള്ള ഭേദഗതിബില്‍ ഇന്നു രാജ്യസഭയില്‍ അവതരിപ്പിക്കും. നേരത്തെ ദേശീയഗാനത്തിനു മാത്രമാണ് ഈ വ്യവസ്ഥയുണ്ടായിരുന്നത്. ഇപ്പോള്‍ വന്ദേമാതരത്തിനും ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യാന്‍ ആണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ദേശീയഗീതത്തെ അവഹേളിച്ചാല്‍ 3 വര്‍ഷം വരെ തടവു ലഭിക്കാവുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രപതി, ഗവര്‍ണര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ദേശീയഗീതവും നിര്‍ബന്ധമായി ആലപിക്കണമെന്നു വ്യവസ്ഥ ചെയ്ത കേന്ദ്രസര്‍ക്കാരാണ് ഇപ്പോള്‍ ശിക്ഷാ നടപടികളും കര്‍ശനമാക്കാന്‍ ഒരുങ്ങുന്നത്.

ബില്‍ അവതരിപ്പിക്കുന്നതില്‍നിന്നു പിന്‍മാറണമെന്നാവശ്യപ്പെട്ടു സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു കത്തയച്ചിട്ടുണ്ട്. സുപ്രീംകോടയിലുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ നിന്നുള്ള മാറ്റമാണ് ബില്ലെന്നും ‘വന്ദേമാതര’ത്തിന്റെ യഥാര്‍ഥ ആശയം ഉള്‍ക്കൊള്ളാതെയുള്ള നീക്കമാണിതെന്നും കത്തില്‍ പറയുന്നു. സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 34ല്‍ നിന്നു 38 ആയി അടിയന്തരമായി ഉയര്‍ത്തിയ ഓര്‍ഡിനന്‍സിനു പകരമുള്ള ബില്‍ ഇന്നു ലോക്‌സഭയുടെ പരിഗണനയിലെത്തും.

ബാറിൽ ഏറ്റുമുട്ടൽ, പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്, സിസിടിവി ദൃശ്യം പുറത്ത്

ബാറിൽ ഏറ്റുമുട്ടൽ, പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്, സിസിടിവി ദൃശ്യം പുറത്ത്

തിരുവനന്തപുരം : വെമ്പായം ശ്രീവത്സം ബാറിലുണ്ടായ സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മുഖ്യപ്രതി അനീഷ് പെട്രോള്‍ വാങ്ങി വരുന്നതും അക്രമം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. വെമ്പായത്തെ ബാറില്‍ രണ്ട് സംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ബാറിലെ എ സി മുറിയില്‍ ഇരുന്നു മദ്യപിക്കുന്നതിന് ഇടയിലായിരുന്നു സംഘര്‍ഷം. മദ്യപിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന നവാസ് എന്നയാള്‍ അനീഷിന്റെ മുഖത്തടിച്ചു. അതില്‍ പ്രകോപിതനായ അനീഷ് പുറത്തേക്ക് പോകുകയും ഒരു കന്നാസില്‍ നിറയെ പെട്രോളുമായി തിരിച്ചു വരുകയുമായിരുന്നു. തിരിച്ചു വരുന്നതിനിടെ, മദ്യപിച്ചിരുന്ന അനീഷ് പലതവണ തെന്നി വീഴുകയും ചെയ്തു. അനീഷിന്റെ ശരീരത്തിലും പെട്രോള്‍ വീണു.

ഇതിനിടെ മദ്യപിച്ചിരുന്ന മറ്റുള്ളവരുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയും തീ വെയ്ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ അനീഷിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ 3 പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുണ്‍, നൗഫല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ അനീഷിന്റെ നില ഗുരുതരമാണ്.

അർജന്റീന… 90 മിനിറ്റ്, 0 ഷോട്ട്! ആ ദയനീയ പതനം… ദാ ഇങ്ങനെ സംഭവിച്ചു

അർജന്റീന… 90 മിനിറ്റ്, 0 ഷോട്ട്! ആ ദയനീയ പതനം… ദാ ഇങ്ങനെ സംഭവിച്ചു

സ്പെയിൻ ടീമിന്റെ തന്ത്രപരമായ മാസ്റ്റർ ക്ലാസായിരുന്നു ഫിഫ ലോകകപ്പ് ഫൈനൽ. അർജന്റീനയെ പൂർണമായി ചിത്രത്തിൽ നിന്നു മായ്ച്ചു കളഞ്ഞ സമ്പൂർണ ആധിപത്യം. 1-0 എന്ന സ്കോർ ലൈൻ കണ്ട് മത്സരത്തെ വിലയിരുത്തിയാൽ പാളിപ്പോകും. കാരണം ഫലം പറയുന്നതു പോലെയല്ല മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ കണ്ട കാഴ്ച. കളിയുടെ സ്റ്റാറ്റ്സ് എടുത്തു നോക്കിയാൽ അമ്പരന്നില്ലെങ്കിൽ മാത്രമായിരിക്കും അത്ഭുതം.

കളിയുടെ 90 മിനിറ്റിൽ ഒരു തവണ പോലും അർജന്റീന സ്പെയിനിന്റെ ബോക്സിലേക്ക് പോയി ​ഗോളടിക്കാൻ ശ്രമിച്ചില്ല. അവർക്ക് പന്ത് കാര്യമായി കാലിൽ കിട്ടിയതേ ഇല്ല എന്നു പറയുന്നതാകും കൂടുതൽ ശരി. സ്റ്റാറ്റ്സ് നോക്കു. 90 മിനിറ്റിൽ അർജന്റീന ഒരു ​ഗോൾ ഷോട്ടുമില്ല, ടാർജറ്റുമില്ല. 120 മിനിറ്റ് പൂർത്തിയാകുമ്പോൾ സ്പെയിൻ 20 തവണയാണ് അർജന്റീന പ്രതിരോധത്തെ പരീക്ഷിച്ചത്. അതിൽ തന്നെ 11 ഓൺ ടാർജറ്റ് ഷോട്ടുകൾ. അതിലൊന്നാണ് ​ഗോളായത്. 120 മിനിറ്റിലെ കണക്കെടുത്താൽ 3 ഷോട്ടുകൾ അർജന്റീന ലക്ഷ്യത്തിലേക്ക് പായിച്ചെന്നു മാത്രം ആശ്വസിക്കാം. സ്പെയിൻ പൂർത്തിയാക്കിയത് 803 പാസുകൾ. അർജന്റീന 445 പാസുകളും. 68 ശതമാനവും പന്ത് കൈവശം വച്ചത് സ്പെയിൻ. അർജന്റീന വെറും 32 ശതമാനം മാത്രം.

ശ്വാസം മുട്ടിയ അർജന്റീന

സ്പെയിനിന്റെ കിറുകൃത്യമായ തന്ത്രങ്ങൾക്ക് മുന്നിൽ അർജന്റീനയുടെ ആക്രമണ നിര പൂർണമായും തളർന്നു പോയി. മത്സരത്തിൽ ഒരു ഷോട്ട് പോലും മര്യാദയ്ക്ക് തൊടുക്കാൻ പോലും സ്പാനിഷ് സംഘം അർജന്റീനയെ സമ്മതിച്ചില്ല. അധിക സമയത്തിന്റെ അവസാന മിനിറ്റുകളിൽ മാത്രമാണ് അർജന്റീന ആദ്യ ഷോട്ട് പോലും കണ്ടെത്തിയത്. മുന്നേറ്റമൊന്നും നടത്താൻ പറ്റാതെ അർജന്റീന നിസഹായരായി നിന്നു.

കത്രികപൂട്ടിലെ മെസി

മെസിയിലേക്കുള്ള എല്ലാ പാസിങ് വഴികളും അടയ്ക്കുക എന്ന തന്ത്രം സ്പെയിൻ ഫലപ്രദമായി തന്നെ നടപ്പാക്കി. 8 ​ഗോളുകളും 4 അസിസ്റ്റുകളുമായി അർജന്റീനയെ ഏതാണ്ട് ഒറ്റയ്ക്കു തന്നെ ഫൈനൽ വരെ എത്തിച്ച മെസിയുടെ പ്രതിഭാ ധാരാളിത്തത്തിനു ഒരിഞ്ച് ഇടം പോലും നൽകില്ലെന്നു ഉറച്ചാണ് സ്പെയിൻ കളിച്ചത്. അവർ അതിൽ വിജയിച്ചതോടെ അർജന്റീനയുടെ തന്ത്രങ്ങളെല്ലാം തുടക്കം മുതൽ പാളിപ്പോയി. കടിഞ്ഞാൺ പോയതോടെ മെസിക്ക് കളി നിയന്ത്രിക്കാനോ തന്റെ താളത്തിലേക്ക് കൊണ്ടു വരാനോ തനത് ശൈലിയിലുള്ള നീക്കങ്ങൾ നടത്താനോ സാധിച്ചില്ല.

പൂർണ ആധിപത്യം

പന്തടക്കം, സ്പെയ്സ്, വേ​ഗത എന്നിവ തങ്ങൾ വിചാരിക്കുന്ന മുറയ്ക്കു നിയന്ത്രിക്കുക എന്നത് സ്പാനിഷ് ഫുട്ബോളിന്റെ പരമ്പരാ​ഗത ശൈലിയാണ്. അർജന്റീനയ്ക്കെതിരായ ഫൈനൽ ആ ശൈലിയുടെ പമോന്നതമായ ആവിഷ്കാരമായിരുന്നു. മിഡ്ഫീൽഡ് പൂർണമായും സ്പെയിൻ ഭരിക്കുന്ന കാഴ്ചയായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറിനടുത്ത് അർജന്റീന താരങ്ങളെ വെറും കാഴ്ചക്കാരാക്കി മൈതാനം മുഴുക്കെ പന്തിനായി സ്പെയിൻ ഓടിച്ചു. കിരീടം നിലനിർത്താനിറങ്ങിയ അവർ ഏറിയ പങ്കും കാഴ്ചക്കാരുടെ റോളിൽ തന്നെ നിൽക്കുന്ന കാഴ്ച ദയനീയമായിരുന്നു.

പതനത്തിന്റെ ആഴം

സ്പാനിഷ് സംഘം തുടക്കം മുതൽ ഒടുക്കം വരെ ഇടതടവില്ലാതെ ആക്രമിച്ചു. മിനിറ്റുകൾ കഴിയും തോറും അർജന്റീന താരങ്ങളുടെ നിരാശയും സമ്മർദ്ദവും വർധിച്ചു വന്നു. അവസാന ഘട്ടത്തിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കിട്ടി പുറത്തായതോടെ അവർ 10 പേരായി ചുരുങ്ങിയതും തിരിച്ചടിയായി. അതോടെ സമ്മർദ്ദം അതിന്റെ പീക്കിലെത്തിയിരുന്നു. തുടക്കം മുതൽ കളി നിയന്ത്രിച്ച സ്പാനിഷ് സംഘത്തിനു മുന്നിൽ 10 പേരുമായി പൊരുതേണ്ട അവസ്ഥ വന്നതോടെ അർജന്റീന പ്രതിരോധം കൂടുതൽ തകർന്നു. കൗണ്ടർ അറ്റാക്കെന്ന അവരുടെ തന്ത്രം 11 പേരുണ്ടായിട്ടും നടന്നില്ല. 10 പോരായതോടെ എല്ലാ സാധ്യതകളും ഇല്ലാതായി.

ക്ഷമയുടെ നെല്ലിപ്പലക

ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെന്ന ലളിത തന്ത്രം സ്പെയിൻ കർശനമായി തന്നെ നടപ്പാക്കി. മത്സരത്തിലുടനീളം സർവാധിപത്യമുണ്ടായിട്ടും നിശ്ചിത സമയത്തിന്റെ 90 മിനിറ്റും അവർക്ക് ​ഗോൾ നേടാൻ സാധിച്ചില്ല. എന്നിട്ട് പോലും സ്പെയിൻ ഒരു ഘട്ടത്തിൽ പോലും ചഞ്ചലപ്പെട്ടില്ല. ക്ഷമയും കൈവിട്ടില്ല. ഒടുവിൽ അർഹിച്ച ​ഗോൾ 106ാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ അവർ സ്വന്തമാക്കുകയും ചെയ്തു.

ചരിത്ര നേട്ടത്തോടെ കിരീടം

അർജന്റീനയെ പൂർണമായും തളച്ചു നിർത്തി സ്പെയിൻ രണ്ടാം കിരീടം ഉയർത്തിയത് രണ്ട് അപൂർവ ചരിത്രമെഴുതി ചേർത്താണ്. ഒരു ലോകകപ്പ് ടൂർണമെന്റിലുടനീളം വെറും ഒരു ​ഗോൾ മാത്രം വഴങ്ങി കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ടീമായി സ്പെയിൻ മാറി. തുടർച്ചയായി യുവേഫ യൂറോപ്യൻ ചാംപ്യൻഷിപ്പും (യൂറോ കപ്പ്) ഫിഫ ലോകകപ്പും രണ്ട് തവണ നേടുന്ന ആദ്യ ടീമെന്ന പുതു ചരിത്രവും അവർ ന്യൂജേഴ്സിയിൽ കുറിച്ചു വച്ചാണ് കളം വിട്ടത്.

ചെറിയാൻ തോമസിന് പകരം ചെറിയാൻ തോമസ് മാത്രം

ചെറിയാൻ തോമസിന് പകരം ചെറിയാൻ തോമസ് മാത്രം

അസ്ഥിരോഗ ചികിത്സാരംഗത്തെ അതികായനായിരുന്ന ഡോക്ടർ ചെറിയാൻ തോമസിന്റെ നിര്യാണം നാടിനും നാട്ടുകാർക്കും വലിയൊരു നഷ്ടമാണ്. കഴിഞ്ഞദിവസം അന്തരിച്ച ഡോക്ടർ ചെറിയാൻ എം തോമസിനെ അറിയുന്നവരും കേൾക്കുന്നവരും കേരളത്തിൽ ലക്ഷോപലക്ഷമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ച്, കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ സേവനം നടത്തി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അസ്ഥിരോഗ ചികിത്സ വിഭാഗം മേധാവിയായി, കരുത്തനായ ഡോക്ടർ എന്ന പേര് സമ്പാദിച്ച ഡോക്ടർ ചെറിയാൻ തോമസ് (83) കേരളത്തിന്റെ ആരോഗ്യരംഗത്തെ അതികായൻ തന്നെയായിരുന്നു.

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ശേഷം തിരുവനന്തപുരം എസ് പി ഫോർട്ട് ആശുപത്രിയുടെ അമരക്കാരനായി.
തെക്കൻ കേരളത്തിന്റെ അസ്ഥിരോഗ ചികിത്സയുടെ പകരം വയ്ക്കാനാവാത്ത ഡോക്ടറായിരുന്നു ചെറിയാൻ തോമസ് എന്നത് അദ്ദേഹത്തിന്റെ കൈപ്പുണ്യം വിളിച്ചറിയിക്കുന്നതായിരുന്നു. ഈ നഷ്ടം നികത്താനാവാത്ത വിടവ് തന്നെയാണ്.
ഇന്ന് വൈകിട്ട് മൂന്നുമണിക്ക് കോട്ടയം പുതുപ്പള്ളി എറികാട് മോറിയ മാർത്തോമ പള്ളിയിലാണ് അദ്ദേഹത്തിന്റെ സംസ്കാരം.

ഒമാനില്‍ സലാലയ്ക്ക് സമീപം വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

ഒമാനില്‍ സലാലയ്ക്ക് സമീപം വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: സലാല-ഹൈമ റോഡില്‍ ഞായറാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കണ്ണൂര്‍ താഴെചൊവ്വ എളയാവൂര്‍ സീബ് മന്‍സിലില്‍ മുഹമ്മദ് ഷാനിദിന്റെ ഭാര്യ താഴെചൊവ്വ തിലന്നൂര്‍ ബര്‍ഷമഹലില്‍ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്. ഭര്‍ത്താവ് മുഹമ്മദ് ഷാനിദിനെയും (31) കൂടെ യാത്ര ചെയ്ത മുഹമ്മദ് അനസ് പൂളക്കലിനെയും (26) പരിക്കുകളോടെ സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൈമയില്‍ സൈന്‍ ബോര്‍ഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഞായറാഴ്ച വൈകീട്ടാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം. മസ്‌കത്തിലെ സീബില്‍ ഫാല്‍ക്കണ്‍ ഗ്രാഫിക്‌സ്’ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും. അടുത്തിടെയാണ് ഫാത്തിമത്ത് ഷാന വിസിറ്റിങ് വിസയില്‍ ഒമാനിലെത്തിയത്. ഫാത്തിമത്ത് ഷാനയുടെ മരണാനന്തര നടപടികള്‍ പുരോഗമിക്കുകയയാണെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും കെഎംസിസി സലാല കെയര്‍വിങ് ഭാരാവഹികള്‍ അറിയിച്ചു.