by Midhun HP News | Jul 18, 2026 | Latest News, കേരളം
തിരുവനന്തപുരം: ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താല്‍ വന്‍ പിഴ. ജന വിശ്വാസ് നിയമ പ്രകാരം ടിക്കറ്റെടുക്കാതെ യാത്ര നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടിയാണ് നേരിടേണ്ടിവരും. കഴിഞ്ഞ ദിവസം ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിനു പിടിക്കപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ വ്യക്തിക്ക് 7,000 രൂപ പിഴയും ഒരു ദിവസത്തെ തടവുശിക്ഷയുമാണ് വിധിച്ചത്.
പരിശോധനയ്ക്കിടെ ടിക്കറ്റില്ലെന്നു കണ്ടെത്തിയെങ്കിലും യാത്രക്കവാരന്‍ 600 രൂപ പിഴ അടയ്ക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഇയാളെ കൊല്ലം ആര്‍പിഎഫ് സ്റ്റേഷനിലേക്കു കൈമാറി. ആര്‍പിഎഫ് 1989ലെ റെയില്‍വേ ആക്ട് സെക്ഷന്‍ 137, 145(ബി), 146 പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കൊല്ലം സ്പെഷല്‍ ക്ലാസ് റെയില്‍വേ മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കി.
കേസ് പരിഗണിച്ച സ്പെഷല്‍ ക്ലാസ് റെയില്‍വേ മജിസ്ട്രേട്ട് ജസ്റ്റിന്‍ മാര്‍ട്ടിന്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി 7,000 രൂപ പിഴയും ഒരു ദിവസത്തെ തടവും ശിക്ഷ വിധിക്കുകയായിരുന്നു.
2026ലെ ജന്‍ വിശ്വാസ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കുള്ള ഏറ്റവും കുറഞ്ഞ പിഴ 500 രൂപയാണ്. ജനറല്‍ കോച്ചില്‍ പിടിക്കപ്പെട്ടാല്‍ അടക്കേണ്ട ചുരുങ്ങിയ ദൂരത്തിനുള്ള തുക 570 രൂയാണ്. സ്ലീപ്പര്‍ കോച്ചില്‍ (200 കി.മീ) പിഴത്തുക 780 രൂപയാണ് നിലവില്‍. 1989ലെ റെയില്‍വേ ആക്ടിലെ സെക്ഷന്‍ 137, 138 പ്രകാരമാണ് ഉയര്‍ന്ന പിഴ ബാധകമാകുന്നത്.
ഇനി സാധുവായ ടിക്കറ്റ് ഇല്ലാതെ പിടിക്കപ്പെടുന്ന യാത്രക്കാര്‍ അധിക ചാര്‍ജിനൊപ്പം യഥാര്‍ഥ യാത്രാനിരക്കും നല്‍കേണ്ടി വരുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു. കുറഞ്ഞ പിഴ 500 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്തവര്‍ റെയില്‍വേ ആക്ട് പ്രകാരം കുറ്റക്കാരായി കണ്ടെത്തിയാല്‍ കോടതി നടപടികളും ആറുമാസം വരെ തടവും നേരിടേണ്ടി വരാം.
മദ്യപിച്ച് ട്രെയിനില്‍ കയറി ബഹളമുണ്ടാക്കിയാല്‍ 1000 രൂപ പിഴയും ആറു മാസം വരെ തടവുശിക്ഷയും ലഭിക്കാം. പുകവലിച്ചാല്‍ 2000 രൂപയാണ് പിഴ. പിഴയടയ്ക്കാതെ കോടതിയില്‍ എത്തിയാല്‍ 5000 രൂപ വരെ പിഴ ലഭിക്കാം. വനിതകളുടെ കോച്ചില്‍ അതിക്രമിച്ചു കയറിയാല്‍ 2000-5000 രൂപ വരെ പിഴ ചുമത്തും. കോച്ചുകളുടെ മുകളിലും ചവിട്ടുപടിയിലും ഇരുന്നു യാത്ര ചെയ്യുന്നവര്‍ പിടിക്കപ്പെട്ടാല്‍ 2000 രൂപ പിഴ നല്‍കണം.

by Midhun HP News | Jul 18, 2026 | Latest News, കേരളം
കൊച്ചി: ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിന് നേരെ ആക്രമണം. മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. ഇടപ്പള്ളിയിൽ വച്ചായിരുന്നു ചെകുത്താന് നേരെ ആക്രമണമുണ്ടായത്. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ പിന്തുടർന്നെത്തി മർദിച്ചുവെന്ന് അജു ആരോപിച്ചു.

സംഭവത്തിൽ അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി അജു ജനവിധി തേടിയിരുന്നു. 2024ൽ മോഹൻലാലിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ ‘അമ്മ’യുടെ അന്നത്തെ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്.
ഭാരതീയ ന്യായ സംഹിത 192, 296 (ബി) കെ പി ആക്റ്റ് 2011- 120 (0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാലിന്റെ വയനാട് സന്ദർശനത്തെ അധിക്ഷേപിച്ച വിഡിയോ ചെയ്തതിനാണ് അന്ന് കേസെടുത്തത്. അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയതിനെയാണ് ഇയാൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. തുടർന്നാണ് സിദ്ദിഖ് പരാതി നൽകിയത്.

by Midhun HP News | Jul 18, 2026 | Latest News, ജില്ലാ വാർത്ത, മരണം
കൊടുവഴന്നൂർ: തോട്ട വാരം നെടിയവിളവീട്ടിൽ ഡി. വിജയൻ (63) (അഹമ്മദാബാദ്) (സി.പി.ഐ.എം കൊട്ടിയോട് ബ്രാഞ്ച് അംഗം രാജുവിന്റെ അളിയൻ) അന്തരിച്ചു. ഭാര്യ പരേതയായ ആർ ജയശ്രീ.
മകൻ വരുൺ വിജയ്.
സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്
by Midhun HP News | Jul 18, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: ഇന്ത്യയുടെ ഭാവി ഇന്ധന സുരക്ഷ ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങൾ ചെന്നെത്തി നിൽക്കുന്നത് രാജ്യത്ത് ഏറ്റവും സുലഭമായി ലഭിക്കുന്ന ഒരു കാർഷിക അവശിഷ്ടത്തിലാണ് – ചാണകം. ചാണകം വെറുതെ ജീർണ്ണിച്ചു പോകാൻ അനുവദിക്കാതെ, അതിനെ കാറുകളും ഓട്ടോറിക്ഷകളും ഓടിക്കാനുള്ള കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് ആക്കി മാറ്റുന്ന വൻകിട പദ്ധതിക്ക് വാഹന ഭീമന്മാരായ സുസുക്കി തുടക്കം കുറിച്ചു കഴിഞ്ഞു. വിദേശത്തുനിന്നുള്ള ഇന്ധന ഇറക്കുമതി കുറയ്ക്കാനും ഒപ്പം കാർഷിക അവശിഷ്ടങ്ങളെ സമ്പത്താക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ഇന്ത്യയുടെ ഊർജ്ജ രംഗത്ത് വലിയ വിപ്ലവത്തിനാണ് തിരികൊളുത്തുന്നത്. രാജ്യത്തുടനീളം ഇത്തരത്തിലുള്ള 1000 പുതിയ ബയോ-സിഎൻജി പ്ലാന്റുകൾ സ്ഥാപിക്കാൻ ഇന്ത്യയും ജപ്പാനും തമ്മിൽ തന്ത്രപ്രധാനമായ കരാറിൽ ഒപ്പുവെച്ചു കഴിഞ്ഞു.

ലാഭകരമായ ഗുജറാത്ത് മോഡൽ; കിലോഗ്രാമിന് വെറും 80 രൂപ
ഗുജറാത്തിൽ പ്രവർത്തിക്കുന്ന ‘ബനാസ് സുസുക്കി ബയോ-സിഎൻജി’ പ്ലാന്റ് പ്രതിദിനം ഏകദേശം 88 ടൺ ചാണകമാണ് സംസ്കരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡയറി കോഓപ്പറേറ്റീവുകളിൽ ഒന്നായ ബനാസ് ഡയറിയും സുസുക്കിയും സംയുക്തമായാണ് ഈ സംരംഭം നടത്തുന്നത്. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന പുനരുപയോഗ ഊർജ്ജ ഇന്ധനം കിലോഗ്രാമിന് വെറും 80 രൂപയ്ക്കാണ് ($0.93) വിൽക്കുന്നത്. ഇത് ഇന്ത്യയിലെ പല നഗരങ്ങളിലെയും പെട്രോൾ വിലയേക്കാൾ 20 രൂപയോളം കുറവാണ്.
മേഖലയിലെ 16 ഗ്രാമങ്ങളിലെ കർഷകരാണ് ഈ പ്ലാന്റിലേക്ക് ചാണകം എത്തിച്ചു നൽകുന്നത്. ഒരു കിലോയ്ക്ക് ഒരു രൂപ വീതം കർഷകർക്ക് ഇതിലൂടെ അധിക വരുമാനം ലഭിക്കുന്നുണ്ട്. പ്രതിദിനം 600 മുതൽ 700 വരെ വാഹനങ്ങളാണ് ഈ പ്ലാന്റിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് സർവീസ് നടത്തുന്നത്. ഗ്യാസ് നിർമ്മാണത്തിന് ശേഷം ബാക്കി വരുന്ന അവശിഷ്ടങ്ങൾ മികച്ച ജൈവവളമാക്കി മാറ്റി കർഷകർക്ക് തന്നെ തിരികെ നൽകുകയും ചെയ്യുന്നു.

ടെസ്‌ല മോഡൽ ആവാസവ്യവസ്ഥ; പശ്ചിമേഷ്യൻ പ്രതിസന്ധിയും ഇന്ത്യയുടെ നീക്കവും
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന ആഭ്യന്തര സംഘർഷങ്ങളും യുദ്ധപ്രതിസന്ധികളും ആഗോള ഇന്ധന വിപണിയെ ബാധിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യ തങ്ങളുടെ ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാൻ അടിയന്തര നീക്കം ആരംഭിച്ചത്. ഇന്ധന വിതരണക്കാർ കൂടുതൽ സിഎൻജി ഉൽപ്പാദിപ്പിക്കുന്നത് വരെ കാത്തുനിൽക്കാതെ, സ്വന്തമായി ഒരു ഇന്ധന ആവസവ്യവസ്ഥ നിർമ്മിച്ചെടുക്കാനാണ് സുസുക്കി ശ്രമിക്കുന്നത്. മുൻപ് ടെസ്‌ല തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾക്കായി രാജ്യാന്തര തലത്തിൽ ‘സൂപ്പർചാർജർ നെറ്റ്‌വർക്ക്’ സ്ഥാപിച്ചതിന് സമാനമായ വിപ്ലവകരമായ നീക്കമാണിത്.
ബയോ ഗ്യാസ് ഉൽപ്പാദകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇവർക്ക് ഉയർന്ന സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. എങ്കിലും, രാജ്യത്തുടനീളം 1000 പുതിയ പ്ലാന്റുകൾ സ്ഥാപിക്കുക എന്നത് അത്ര എളുപ്പമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ ബയോ ഗ്യാസ് ഉൽപ്പാദനം രാജ്യത്തെ ആകെ ആവശ്യകതയുടെ ചെറിയൊരു ശതമാനം മാത്രമാണ്. ചാണകം ശേഖരിക്കാനുള്ള ശൃംഖല, വൻകിട സംസ്കരണ പ്ലാന്റുകൾ, വിതരണ സംവിധാനങ്ങൾ എന്നിവയ്ക്കായി കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ആവശ്യമായി വരും. എന്നിരുന്നാലും, ഈ വെല്ലുവിളികളെ മറികടക്കാൻ കഴിഞ്ഞാൽ ഇന്ത്യയുടെ ഗതാഗത മേഖലയുടെ ഭാവി മാറ്റിയെഴുതാൻ ചാണകത്തിന് സാധിക്കും.
by Midhun HP News | Jul 18, 2026 | Latest News, കേരളം
തിരുവനന്തപുരം: കടുത്ത ചൂടും കാലവർഷത്തിന്റെ കുറവും മൂലം സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് നാളെ (ഞായറാഴ്ച) രാത്രി മുതൽ നേരിയ ആശ്വാസമാകും. പ്രതിസന്ധി പരിഹരിക്കുന്നതിനായി പുറത്തുനിന്ന് അടിയന്തരമായി 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്സംസ്ഥാന പവർ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. നാളെ രാത്രി മുതൽ ഒരു വർഷത്തേക്കാണ് ഈ അധിക വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമായിത്തുടങ്ങുക.
വൈദ്യുതി ആവശ്യകതയേറുന്ന സമയങ്ങളിൽ (പീക്ക് അവേഴ്സ്) കടുത്ത ദൗർലഭ്യം നേരിടുന്ന പശ്ചാത്തലത്തിൽ, യൂണിറ്റിന് 5.96 രൂപ എന്ന നിരക്കിലാണ് രാത്രികാലങ്ങളിൽ സംസ്ഥാനത്തിന് ഈ വൈദ്യുതി ലഭിക്കുക. പൊതുമേഖലാ സ്ഥാപനമായ എൻടിപിസി, പവർ പ്ലസ് ട്രേഡിങ് സൊല്യൂഷൻ എന്നീ കമ്പനികളിൽ നിന്ന് 100 മെഗാവാട്ട് വീതമാണ് ബോർഡ് വാങ്ങുന്നത്.
അരമണിക്കൂർ പവർകട്ട് പാടില്ല; ജനങ്ങളെ കൃത്യമായി അറിയിക്കണം
വൈദ്യുതി വാങ്ങാൻ അനുമതി നൽകിയതോടൊപ്പം തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ബോർഡിന് റെഗുലേറ്ററി കമ്മീഷൻ കർശന നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഉപഭോഗം കൂടിയ സമയങ്ങളിൽ നിയന്ത്രണങ്ങൾ (ലോഡ്ഷെഡിങ്) ഏർപ്പെടുത്തുന്നുണ്ടെങ്കിൽ അത് എത്ര സമയത്തേക്കായിരിക്കുമെന്ന് കൃത്യമായി ജനങ്ങളെ മുൻകൂട്ടി അറിയിക്കണം. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചും സമയക്രമം നിശ്ചയിച്ചും മാത്രമേ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താവൂ. 15 മിനിറ്റ് എന്ന് അനൗൺസ് ചെയ്ത ശേഷം അരമണിക്കൂറോ അതിൽ കൂടുതലോ ലോഡ്ഷെഡിങ് ഏർപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കർശന താക്കീത് നൽകിയിട്ടുണ്ട്.

പീക്ക് അവേഴ്സിൽ നിലവിലുള്ള 500 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായി നികത്താൻ ഈ 200 മെഗാവാട്ട് കൊണ്ട് സാധിക്കില്ലെങ്കിലും, നിലവിൽ രാത്രി 7 മുതൽ പുലർച്ചെ 2 മതു വരെ ഏർപ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത പവർകട്ടുകളുടെ ദൈർഘ്യം ഗണ്യമായി കുറയ്ക്കാൻ പുതിയ തീരുമാനം കെഎസ്ഇബിയെ സഹായിക്കും.
Recent Comments