സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ്‌ മരിച്ചു. ജ്യേഷ്‌ഠൻ പരിക്കുകളോടെ ചികിത്സയിൽ

സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ്‌ മരിച്ചു. ജ്യേഷ്‌ഠൻ പരിക്കുകളോടെ ചികിത്സയിൽ

നെടുമങ്ങാട് മണക്കോട് ശ്രീകല വിലാസത്തിൽ ആർ എസ് സുരാജാണ്‌ (20) മരിച്ചത്. ആർ എസ് രാഹുലാണ് (23) ചികിത്സയിലുള്ളത്. ശനി രാത്രി 11.30ന് വട്ടപ്പാറ എസ്‌യുടി ആശുപത്രിക്കുസമീപം മുളമുക്കിലായിരുന്നു അപകടം.

സുഹൃത്തിന്റെ ഇന്ധനം തീർന്ന് വഴിയിലായ ബൈക്കിന് പെട്രോൾ വാങ്ങാൻ വട്ടപ്പാറയിലേക്ക് പോകുകയായിരുന്നു ഇരുവരും. രാഹുലാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്കിന്റെ ഡ്രം പൊട്ടി നിയന്ത്രണംവിട്ട് ഇരുവരും സമീപത്തെ ഓടയിലേക്ക് തെറിച്ചുവീണു.

സുരാജിന്റെ തലക്കും രാഹുലിന്റെ കാലിലും നട്ടെല്ലിലും പരിക്കേറ്റു. തലക്ക് ഗുരുതരമായി പരിക്കേറ്റ സുരാജ് അർധരാത്രിയോടെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഞായർ വൈകിട്ട്‌ സംസ്കരിച്ചു. അച്ഛൻ: കെ രാജേന്ദ്രൻ (റിട്ട. ഡ്രൈവർ, ദേശാഭിമാനി). അമ്മ: സുമ.

ക്രിക്കറ്റില്‍ ‘ക്വാര്‍ട്ടര്‍’ കളിക്കാതെ ഇന്ത്യ സെമിയില്‍!

ക്രിക്കറ്റില്‍ ‘ക്വാര്‍ട്ടര്‍’ കളിക്കാതെ ഇന്ത്യ സെമിയില്‍!

നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യ സെമിയില്‍. അഫ്ഗാനിസ്ഥാനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടം കനത്ത മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതോടെ കളിക്കാതെ തന്നെ ഇന്ത്യ സെമി ഉറപ്പിച്ചു. അഫ്ഗാന്‍ പുറത്താകുകയും ചെയ്തു.

റാങ്കിങില്‍ അഫ്ഗാനേക്കാള്‍ മുന്നിലുള്ള ടീമായതാണ് ഇന്ത്യക്ക് സെമിയിലേക്ക് നേരിട്ട യോഗ്യത കിട്ടാന്‍ കാരണമായത്. സെമിയില്‍ ശ്രീലങ്കയോ നേപ്പാളോ ആയിരിക്കും ഇന്ത്യയുടെ എതിരാളികള്‍. ഒക്ടോബര്‍ ഒന്നിനാണ് സെമി പോരാട്ടം.

കനത്ത മഴ തോരാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ടോസ് ചെയ്യാന്‍ പോലും സാധിച്ചില്ല.

കനത്ത മഴയെ തുടര്‍ന്നു പാകിസ്ഥാനും ഹോങ്കോങും തമ്മിലുള്ള പോരാട്ടവും ഉപേക്ഷിച്ചിരുന്നു. ഇതോടെ റാങ്കിങ് ബലത്തില്‍ പാകിസ്ഥാനും സെമിയിലേക്ക് മുന്നേറി.

‘വേല്‍മുരുകന്‍ ഡാ’! ചീറിപ്പാഞ്ഞ കാറിന് മുകളില്‍ 40 കിലോമീറ്റര്‍, സാഹസികമായി കള്ളക്കടത്തുകാരെ പിടിച്ച് കോണ്‍സ്റ്റബിള്‍

‘വേല്‍മുരുകന്‍ ഡാ’! ചീറിപ്പാഞ്ഞ കാറിന് മുകളില്‍ 40 കിലോമീറ്റര്‍, സാഹസികമായി കള്ളക്കടത്തുകാരെ പിടിച്ച് കോണ്‍സ്റ്റബിള്‍

ചെന്നൈ: തമിഴ്‌നാട് പൊലീസിനെ പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ ഒരു പൊലീസ് ഇടപെടലിനാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൊച്ചി- സേലം ദേശീയപാത സാക്ഷ്യം വഹിച്ചത്. വാഹന പരിശോധനയ്ക്കിടെ പൊലീസിനെ തള്ളിമാറ്റി പാഞ്ഞ കാറില്‍ തൂങ്ങിക്കിടന്ന് 40 കിലോമീറ്ററോളം സഞ്ചരിച്ച് ഹെഡ് കോണ്‍സ്റ്റബിള്‍. കോവില്‍പാളയം സ്റ്റേഷനിലെ എം വേല്‍മുരുകന്‍ (38) ആണ് ഈ സാഹസിക ദൗത്യത്തിലെ താരം.

പുലര്‍ച്ചെ 5.45നു വിളാംകുറിച്ചിക്കും കാളപ്പട്ടിക്കും ഇടയിലാണ് സംഭവം. കര്‍ണാടകയില്‍ നിന്നു വന്‍തോതില്‍ നിരോധിക പുകയില ഉത്പന്നങ്ങള്‍ കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി വിഘ്‌നേഷും വേല്‍മുരുകനും ചേര്‍ന്നു വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്നു.

ബംഗളൂരുവില്‍ നിന്നെത്തിയ കര്‍ണാടക രജിസ്‌ട്രേഷന്‍ കാര്‍ തടഞ്ഞു നിര്‍ത്തിയ പൊലീസ് പിന്‍സീറ്റിലെ സാധനങ്ങള്‍ പരിശോധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം പൊലീസുകാരെ തള്ളിമാറ്റി ഡോറുകള്‍ അടച്ച് അതിവേഗം കാര്‍ മുന്നോട്ടെടുത്തു. പെട്ടെന്നു കാറിന്റെ വേഗം കൂട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വേല്‍മുരുകന്റെ കൈ ഡോര്‍ ഹാന്‍ഡിലില്‍ കുടുങ്ങി. ഉടന്‍ കാറിന്റെ റൂഫ് റെയിലില്‍ പിടിച്ചു മുകളിലേക്ക് കയറി കിടക്കുകയായിരുന്നുവെന്നു വേല്‍മുരുകന്‍ പറഞ്ഞു.

പൊലീസുകാരന്‍ മുകളില്‍ ഉണ്ടെന്ന കാര്യം വകവയ്ക്കാതെ കാര്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലാണ് പ്രതികള്‍ ഓടിച്ചത്. സിവില്‍ വേഷത്തിലുള്ള ഹെഡ് കോണ്‍സ്റ്റബിള്‍ മരണപ്പാച്ചില്‍ നടത്തുന്ന കാറിനു മുകളില്‍ കിടക്കുന്നതു കണ്ട് മറ്റു യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

അതിനിടെ എസ്‌ഐയും സംഘവും മറ്റൊരു കാറില്‍ പ്രതികളെ പിന്തുടര്‍ന്നിരുന്നു. വിവരമറിഞ്ഞ് നിലമ്പൂര്‍, കരുമത്തംപട്ടി പൊലീസും പ്രദേശത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരും നാട്ടുകാരും ചെയ്‌സില്‍ പങ്കെടുത്തു. അതിനിടെ എതിര്‍വശത്തു നിന്നു അവിനാശി പൊലീസും വരുന്നുണ്ടായിരുന്നു. ഒടുവില്‍ തിരുപ്പുര്‍ ജില്ലാ അതിര്‍ത്തിയിലെ തെക്കലൂരില്‍ പൊലീസും ആംബുലന്‍സുകാരും ചേര്‍ന്നു കാറിനെ വളഞ്ഞു.

വണ്ടി നിന്ന ഉടന്‍ ഓടിപ്പോകാന്‍ ശ്രമിച്ച 3 പ്രതികളെ അവിനാശി പൊലീസ് പിടികൂടി. രാജസ്ഥാന്‍ സ്വദേശികളായ പി ബാബു ധാര (27), എ രാജേഷ് കുമാര്‍ (23), എസ് സുരേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവരില്‍ രണ്ട് പേരുടെ കൈ ഒടിഞ്ഞിട്ടുണ്ട്. കോയമ്പത്തൂരിലേക്ക് കടത്തുകയായിരുന്ന 170 കിലോ നിരോധിത പുകയില്‍ ഉത്പന്നങ്ങളാണു കാറില്‍ ഉണ്ടായിരുന്നത്.

തിക്കും തിരക്കും ‘ഭീഷണി’; മുഖ്യമന്ത്രിയുടെ ‘സുരക്ഷ’ കൂട്ടും

തിക്കും തിരക്കും ‘ഭീഷണി’; മുഖ്യമന്ത്രിയുടെ ‘സുരക്ഷ’ കൂട്ടും

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനും പൊ‌ലീസ്. പൊതുപരിപാടികളിലെത്തുന്ന മുഖ്യമന്ത്രിക്കു ചുറ്റും മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ തിക്കും തിരക്കും ഉണ്ടാക്കുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതായി പൊലീസ് ഇന്റലിജൻസിന്റെ കണ്ടെത്തലിനു പിന്നാലെയാണ് തീരുമാനം. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ മഫ്തിയിലടക്കം കൂടുതൽ പൊലീസിനെ നിയോഗിക്കണമെന്ന് ഇന്റലിജൻസ് എഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.

ഏതാനും ദിവസം മുൻപ്‌ ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പുറത്തിറങ്ങവേ തിക്കും തിരക്കും ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകരെ മാറ്റിനിർത്താൻ മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എറണാകുളത്തു നടന്ന പരിപാടിയിൽ മൈക്കുമായി മുഖ്യമന്ത്രിയുടെ അടുത്ത് പോകരുതെന്നും സെഡ് പ്ലസ് സുരക്ഷയുള്ളയാളാണെന്നും പൊലീസ് മാധ്യമപ്രവർത്തരോട് നിർദേശിച്ചിരുന്നു.

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല. തൃശൂരിലും മാധ്യമ പ്രവർത്തകരെ മാറ്റിനിർത്തിയിരുന്നു.

പോത്തൻകോട് പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കും: യു.ഡി.എഫ്

പോത്തൻകോട് പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കും: യു.ഡി.എഫ്

പോത്തൻകോട്: യു.ഡി.എഫ്. പോത്തൻകോട് പഞ്ചായത്ത് കമ്മിറ്റി യോഗം ചെയർമാൻ ആർ. എസ്. വിനോദ് മണിയുടെ അധ്യക്ഷതയിൽ കൂടി. വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. കൺവീനർ ഷാജഹാൻ മർഹബ സ്വാഗതം പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവും പോത്തൻകോട് മുൻ മണ്ഡലം പ്രസിഡൻ്റുമായ ഡി. കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.

കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡൻ്റ് പോത്തൻ കോട് ബിജു, ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം വേങ്ങോട് മുരളി, എസ്.ഇ.യു സംസ്ഥാന ട്രഷറർ പോത്തൻകോട് റാഫി ജെ.എസ്.എസ്. സംസ്ഥാന കമ്മിറ്റി അംഗം വാവറഅമ്പലം അജി, മുസ്ലിംലീഗ് പഞ്ചായത്ത് ട്രഷറർ എസ്.എം.താഹിർ തുടങ്ങിയവർ സംസാരിച്ചു.

നാല് മാസത്തെ പ്രവർത്തനം കൊണ്ട് പ്രകടനപത്രിക അടിസ്ഥാനമാക്കി വളരെ മികച്ച രീതിയിൽ ഭരണം നിർവഹിക്കുവാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞു. ലഹരിക്കെതിരെയുള്ള സമാനതകളില്ലാത്ത പ്രവർത്തനം മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണ്. പ്രിയദർശിനി അഭിമാനകരമായി 100 ദിവസം പിന്നിട്ടതും യുഡിഎഫിന്റെ വിജയമായി യോഗം വിലയിരുത്തി.

പോത്തൻകോട് പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു . മുസ്ലിം ലീഗ് പോത്തൻകോട് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജഹാൻ യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദിയും പറഞ്ഞു.