കല്ലമ്പലം ഞെക്കാട് ജംഗ്ഷനിൽ വാഹനാപകടം

കല്ലമ്പലം ഞെക്കാട് ജംഗ്ഷനിൽ വാഹനാപകടം

കല്ലമ്പലം ഞെക്കാട് ജംഗ്ഷനിൽ വാഹനാപകടം. ഞെക്കാട് ജംഗ്ഷനിൽ നിന്നും യാത്രക്കാരെ ഇറക്കിയ ശേഷം ബൈറോഡ് വഴി ഇറങ്ങി വരികയായിരുന്നു ഓട്ടോറിക്ഷ മാവിൻമൂട് ഭാഗത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന മറ്റൊരു ഓട്ടോറിക്ഷയിൽ ഇടിച്ചു മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവറെ സാരമായ പരുക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബ്രേക്ക് കിട്ടാത്തതാണ് അപകടകാരണമായി പറയുന്നത്.

കർക്കടക വാവ് പ്രമാണിച്ചു വർക്കല നഗരത്തിൽ 23ന് വൈകിട്ട് മുതൽ 24ന് ഉച്ചവരെ ഗതാഗത ക്രമീകരണം..

കർക്കടക വാവ് പ്രമാണിച്ചു വർക്കല നഗരത്തിൽ 23ന് വൈകിട്ട് മുതൽ 24ന് ഉച്ചവരെ ഗതാഗത ക്രമീകരണം..

വർക്കല∙ കർക്കടക വാവ് പ്രമാണിച്ചു വർക്കല നഗരത്തിൽ 23ന് വൈകിട്ട് മുതൽ 24ന് ഉച്ചവരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. കാപ്പിൽ ഭാഗത്ത് നിന്നു വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ ഇടവ പ്രസ് മുക്കിൽ നിന്നു വലത്തേക്ക് തിരിഞ്ഞ് ശ്രീയേറ്റ്

മാന്തറ, അഞ്ചുമുക്ക് വഴിയും, ബസുകൾ ഇടവ മൂന്നുമൂല, സംഘംമുക്ക്, അഞ്ചുമുക്ക് വഴിയും വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകണം.

പുത്തൻചന്ത, പാലച്ചിറ ഭാഗത്തു നിന്നു വരുന്ന ബസുകൾ പുത്തൻചന്ത, മൈതാനം, റെയിൽവേ സ്റ്റേഷൻ, പുന്നമൂട്, കൈരളി നഗർ വഴി വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകണം. ബസ് ഒഴികെയുള്ള വാഹനങ്ങൾ നിശ്ചിത പാർക്കിങ് സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം. കടക്കാവൂർ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പുത്തൻചന്ത വഴിയും കല്ലമ്പലം ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പുത്തൻചന്ത, പാലച്ചിറ വഴിയും, കാപ്പിൽ ഭാഗത്തേക്ക് തിരികെ പോകേണ്ടവ ആൽത്തറമൂട്, മൈതാനം, പുന്നമൂട്, ജനതാമുക്ക്, ഇടവ വഴിയും പോകേണ്ടതാണ്.

പാരിപ്പള്ളി, ഊന്നിൻമൂട്, അയിരൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ നടയറ തിരിഞ്ഞു എസ്എൻ കോളജ് വട്ടപ്ലാമൂട്, പാലച്ചിറ വഴി മൈതാനം, റെയിൽവേ സ്റ്റേഷൻ, പുന്നമൂട്, കൈരളിനഗർ വഴി വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകേണ്ടതാണ്. പാരിപ്പള്ളി, ഊന്നിൻമൂട്, അയിരൂർ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പാലച്ചിറ, എസ്എൻ കോളജ്, നടയറ വഴി തിരികെ പോകണം. കിളിത്തട്ട് ഭാഗത്ത് നിന്ന് ആൽത്തറമൂട് ഭാഗത്തേക്കും, ആൽത്തറമൂട്ടിൽ നിന്നു കൈരളി നഗറിൽ ഭാഗത്തേക്കും ഒരു വാഹനങ്ങളും അനുവദിക്കില്ല.

പാർക്കിങ് സ്ഥലങ്ങൾ–ഹെലിപാഡ് (ഫോർ വീലർ, ടൂവീലർ), നന്ദാവനം(ഫോർ വീലർ, ടൂ വീലർ), പെരുങ്കുളം(ടൂവീലർ), നടക്കാമുക്ക്(ഫോർവീലർ, ടൂവീലർ), ധന്യ സൂപ്പർ മാർക്കറ്റിന് സമീപം(ഫോർവീലർ, ടൂവീലർ), ഷാ വെഡിങ്ങ് സെൻറർ(ടൂവീലർ), റെയിൽവേ സ്റ്റേഷനു സമീപം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരം (ഫോർവീലർ, ടൂവീലർ), മുനിസിപ്പൽ ബസ് സ്റ്റാൻഡ്( എല്ലാ വാഹനങ്ങളും), ഗവ.ഐടിഐ, പുന്നമൂട്(ടൂവീലർ), എസ്എൻ കോളജ് (എല്ലാ വാഹനങ്ങളും), എസ്എൻ സെൻട്രൽ സ്കൂൾ(എല്ലാ വാഹനങ്ങളും), എസ്എൻ നഴ്സിങ് കോളജ് -എതിർവശം (ഫോർവീലർ, ടൂവീലർ).

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രചാരണം തള്ളി കേന്ദ്രസർക്കാർ

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രചാരണം തള്ളി കേന്ദ്രസർക്കാർ

ഡൽഹി: യമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള പ്രചാരണം തള്ളി കേന്ദ്രസർക്കാർ. അത്തരം ഒരു വിവരവും ഇല്ലെന്ന് വിദേശകാര്യ വൃത്തങ്ങൾ വ്യക്തമാക്കി. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമനിലുള്ള സുവിശേഷകൻ കെ എ പോൾ അവകാശപ്പെട്ടിരുന്നു. കേസിൽ കൂടുതൽ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. അവകാശവാദം വ്യാജമെന്ന് യമനിൽ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സാമുവൽ ജെറോമും പറഞ്ഞിരുന്നു.

ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്ന് പറഞ്ഞിരുന്നത്. മറ്റ് റിപ്പോര്‍ട്ടുകളും ഇതിനോടൊപ്പം പുറത്തുവന്നിരുന്നു. യെമനിലെ സനയിൽ നിന്ന് പുറത്തിറക്കിയ വീഡിയോയിലാണ് ഡോ. പോൾ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. അതേസമയം, നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരനും രംഗത്തെത്തി. മോചനമല്ല, വധശിക്ഷ ഉടൻ നടപ്പാകുകയാണ് ഉണ്ടാവുക എന്നും സമൂഹ മാധ്യമത്തിൽ കുറിച്ച പോസ്റ്റിൽ അദ്ദേഹം പറഞ്ഞു

ആലപ്പുഴയുടെ വിപ്ലവ ഭൂമിയിൽ വി എസ് എത്തി; സമരപുത്രനെ ഏറ്റുവാങ്ങി ജന്മനാട്

ആലപ്പുഴയുടെ വിപ്ലവ ഭൂമിയിൽ വി എസ് എത്തി; സമരപുത്രനെ ഏറ്റുവാങ്ങി ജന്മനാട്

അവസാനമായി ജന്മനാട്ടിലേക്ക് നിശ്ചലനായി കേരളത്തിന്റെ സമരനായകൻ ഒരിക്കൽ കൂടി പുന്നപ്രയുടെ മണ്ണിലെത്തി. വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര കായംകുളം കഴിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര പുലർച്ചെ 1 മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. വിഎസിന്‍റെ മൃതദേഹവും വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്പാലംകൃത ബസ് 16 മണിക്കൂർ പിന്നിടുമ്പോൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് എത്തിയത്. നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് ജനമനസിന്‍റെ സ്നേഹം താണ്ടിയാണ് വിഎസിന്‍റെ വിലാപയാത്ര കടന്ന് പോകുന്നത്. കോരി ചൊരിയുന്ന മഴ, ഇരുട്ടുമുറ്റി നിന്ന രാത്രി. എന്നിട്ടും പിന്തിരിഞ്ഞുപോകാതെ ജനക്കൂട്ടം പ്രിയ നേതാവിനെ അവസാനമായി കാണാൻ തടിച്ചുകൂടി നിന്നു.

ഓരോ കേന്ദ്രത്തിലും ഹൃദയസ്പർശിയായ കാഴ്ചകളാണ് കാത്തിരുന്നത്. ജനമനസ് കീഴടക്കിയ സമരസൂര്യന് ആദരമർപ്പിക്കാൻ മുഴങ്ങുന്ന മുദ്രാവാക്യങ്ങളും രക്തപുഷ്പങ്ങളുമായി വീണ്ടും വീണ്ടും വിഎസ്സിനെ ചേർത്തുനിർത്തുകയാണ് കേരളം. ഇപ്പോഴിതാ ആ യാത്ര ആലപ്പുഴയുടെ വിപ്ലവ വീഥികളിലേക്ക് കടന്നിരിക്കുകയാണ്.

വി എസിന്റെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിൽ എത്തിക്കും. പിന്നീട് തിരുവമ്പാടിയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. 10 മുതൽ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതൽ കടപ്പുറം റിക്രിയേഷൻ ​ഗ്രൗണ്ടിലുമാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. പിന്നീട് സംസ്കാരം വലിയ ചുടുകാട്ടിൽ.

‘വി എസ് വരുമ്പോള്‍ ഞാനിവിടെ വേണ്ടേ ?’; വഴിയരികില്‍ കാത്തു നിന്ന് രമേശ് ചെന്നിത്തല; വിപ്ലവമണ്ണിലൂടെ വിലാപയാത്ര

‘വി എസ് വരുമ്പോള്‍ ഞാനിവിടെ വേണ്ടേ ?’; വഴിയരികില്‍ കാത്തു നിന്ന് രമേശ് ചെന്നിത്തല; വിപ്ലവമണ്ണിലൂടെ വിലാപയാത്ര

ആലപ്പുഴ: കേരളത്തിന്റെ വിപ്ലവ സൂര്യന്‍, മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വിപ്ലവ നാടായ ആലപ്പുഴ ജില്ലയിലെത്തി. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്തെത്തിയത്. 104 കിലോമീറ്റര്‍ ദൂരം ഏതാണ്ട് 18 മണിക്കൂറോളം കൊണ്ടാണ് പിന്നിട്ടത്. രാത്രിയെയും മഴയെയും അവഗണിച്ച് കൊല്ലത്തും ആലപ്പുഴയിലുമെല്ലാം സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയസഖാവിനെ അവസാനമായി ഒരു നോക്കു കാണാനും, അന്ത്യാഭിവാദ്യം അര്‍പ്പിക്കാനുമായി തടിച്ചു കൂടിയത്.

കണ്ണീര്‍ വാര്‍ത്തും മുദ്രാവാക്യം മുഴക്കിയും തങ്ങളുടെ പ്രതീക്ഷയുടെ കെടാത്തിരി നാളമായിരുന്ന പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കുകയാണ് അണമുറിയാതെത്തുന്ന ജനസാഗരം. വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റി. മഴയെ പോലും അവഗണിച്ചാണ് ആളുകള്‍ പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ആള്‍ത്തിരക്കു മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്.

ഹരിപ്പാട് വിഎസിനെ കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും വഴിയരികില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ഹരിപ്പാടിലൂടെ വി എസ് കടന്നുപോകുമ്പോള്‍ താനിവിടെ വേണ്ടേ എന്നാണ് രമേശ് ചെന്നിത്തല ചോദിച്ചത്. കുട്ടിക്കാലം മുതല്‍ നമ്മള്‍ കാണുന്ന നേതാവാണ് വി എസ്. ഞങ്ങള്‍ വ്യത്യസ്ത രാംഗത്താണെങ്കില്‍പ്പോലും വ്യക്തിപരമായ അടുപ്പമുണ്ട്. പുറമെ പരുക്കനാണെന്ന് തോന്നുമെങ്കിലും വളരെ ആര്‍ദ്രതയുള്ള ഒരു മനസ്സ് വിഎസ്സിന് ഉണ്ടായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഒറ്റയ്ക്ക് കാണുമ്പോഴെല്ലാം പഴയ കാര്യങ്ങള്‍, പുന്നപ്ര വയലാര്‍ സമരകഥകളൊക്കെ പറയുമായിരുന്നു. എപ്പോഴും പോരാട്ടവീര്യം നിറഞ്ഞ വ്യക്തിത്വമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളുമായി എപ്പോഴും ഇടപെട്ടു നിന്ന നേതാവാണ്. ആലപ്പുഴയുടെ കാര്യത്തില്‍ വി എസിന് വലിയ വികാരമുണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പ്രവര്‍ത്തനമേഖല മാറുന്നത്. ഹരിപ്പാടുമായി വിഎസിന് വളരെയേറെ വ്യക്തിബന്ധമുണ്ട്. ഇവിടെയുള്ള ഓരോരുത്തരേയും അദ്ദേഹത്തിന് നേരിട്ട് അറിയാവുന്നയാളാണ്. നമുക്കെല്ലാം വളരെ അടുപ്പമുള്ള നേതാവാണ് വി എസ് അച്യുതാനന്ദന്‍. എപ്പോഴും തന്നോട് വലിയ സ്‌നേഹവും താല്‍പ്പര്യവും കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അന്ത്യയാത്ര വരുമ്പോള്‍ താന്‍ ഇവിടെ ഉണ്ടായിരിക്കേണ്ടെയെന്നും ചെന്നിത്തല ചോദിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 2.25 ഓടെയാണ് തിരുവനന്തപുരത്തെ പൊതുദർശനം അവസാനിപ്പിച്ച് ദർബാർ ഹാളിൽ നിന്നും വിലാപയാത്ര ആരംഭിച്ചത്. വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകി. വളരെ വൈകിയാണ് കൊല്ലം ജില്ലയിലെത്തിയത്. പുന്നപ്രയിലെ വിഎസിന്റെ വീട്ടിൽ ഭൗതികദേഹം എത്തിച്ചശേഷം, അവിടെ നിന്നും രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദര്‍ശനത്തിന് വെക്കും. ഇതിനുശേഷം ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. തുടർന്ന് വൈകീട്ട് പോരാളികളുടെ മണ്ണായ ആലപ്പുഴ വലിയചുടുകാട്ടിലാണ് വി എസിന്റെ സംസ്‌കാരം നടക്കുക.