by Midhun HP News | Jul 17, 2026 | Latest News
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഒരിടത്ത് ഓറഞ്ച് അലര്‍ട്ടും പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമാണുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
നാളെ 4 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗം മുതല്‍ വടക്കന്‍ ലക്ഷദ്വീപ് പ്രദേശം വരെ വടക്കന്‍ തമിഴ്നാട്, തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടക, വടക്കന്‍ കേരളം വഴി സമുദ്രനിരപ്പില്‍ നിന്ന് 7.6 കിലോമീറ്റര്‍ ഉയരത്തില്‍ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങള്‍ക്കും അതിനോട് ചേര്‍ന്നുള്ള ജാര്‍ഖണ്ഡ്, വടക്കന്‍ ഒഡീഷ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ക്രമേണ ദുര്‍ബലമാകാന്‍ സാധ്യത.
കേരളത്തില്‍ 2026 ജൂലൈ 17 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ജൂലൈ 17-ന് തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായതോ ആയ മഴയ്ക്കും ജൂലൈ 17 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
മഞ്ഞ അലര്‍ട്ട്
17/07/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്
18/07/2026 : മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്
19/07/2026: മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട്
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
by Midhun HP News | Jul 17, 2026 | Latest News, ദേശീയ വാർത്ത
ന്യൂയോര്‍ക്ക്: യൂറോപ്യന്‍ ഫുട്‌ബോളിന്റെ കളിമുറ്റങ്ങളില്‍ നിന്ന് അമേരിക്കയിലെ ലോകകപ്പ് ആവേശത്തിലേക്ക് കണ്ണ് നടുമ്പോള്‍, ആരാധകരുടെ ഹൃദയം കവരുന്നത് ഒരു അപൂര്‍വ സുന്ദര നിമിഷമാണ്. ഞായറാഴ്ച ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അത് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും കാവ്യാത്മകമായ ഒരു പോരാട്ടമായി മാറും. ഒരു വശത്ത് കരിയറിന്റെ സായന്തനത്തിലും മാന്ത്രികത ഒട്ടും ചോര്‍ന്നുപോകാത്ത ഇതിഹാസം ലയണല്‍ മെസ്സി. മറുവശത്ത്, സ്പാനിഷ് ഫുട്‌ബോളിന്റെ പുതിയ വിസ്മയം, കൗമാര താരം ലാമിന്‍ യമാല്‍.
പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്യാംപ് നൗവിലെ ഒരു ഡ്രസ്സിങ് റൂമില്‍ വെച്ച് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയ ആ അപൂര്‍വ്വ നിമിഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഫൈനല്‍ മത്സരം അരങ്ങേറുന്നത്. 2007ല്‍ ബാഴ്‌സലോണയിലെസ്റ്റേഡിയത്തില്‍ വെച്ച് പകര്‍ത്തിയ ഒരു ഫോട്ടോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. വെറും 20 വയസ്സ് മാത്രം പ്രായമുള്ള ലയണല്‍ മെസ്സി, ടബ്ബിലെ വെള്ളത്തില്‍ കിടക്കുന്ന അഞ്ചു മാസം പ്രായമുള്ള ഒരു കുഞ്ഞിനെ കുളിപ്പിക്കുന്നതായിരുന്നു ആ ചിത്രം. അന്ന് മെസ്സിയുടെ കൈകളിലിരുന്ന് കളിച്ച ആ ചിരിത്തൂവല്‍ മറ്റാരുമല്ല, ഇന്നത്തെ സ്പാനിഷ് സൂപ്പര്‍താരം ലാമിന്‍ യമാല്‍!
യുനിസെഫും കാറ്റലന്‍ പത്രമായ ഡയറിയോ സ്‌പോര്‍ട്ടും ചേര്‍ന്ന് നടത്തിയ ചാരിറ്റി ലോട്ടറിയില്‍ വിജയിച്ചാണ് യമാലിന്റെ കുടുംബത്തിന് ബാഴ്‌സലോണ താരത്തോടൊപ്പം ഫോട്ടോയെടുക്കാന്‍ അവസരം ലഭിക്കുന്നത്. തികച്ചും യാദൃശ്ചികമായാണ് യമാലിന്റെ കുടുംബത്തിന് മെസിക്കൊപ്പമുള്ള അപൂര്‍വ നിമിഷങ്ങള്‍ ലഭിച്ചത്. ‘ഇത് വിധിയുടെ യഥാര്‍ഥ അത്ഭുതമാണ്. നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും മനോഹരമായ ഒരു യാദൃശ്ചികത. ഇതൊരു സിനിമാക്കഥയായി എഴുതിയാല്‍ പോലും ആരും വിശ്വസിച്ചേക്കില്ല!’ -ആ ചരിത്ര ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ജോവാന്‍ മോണ്‍ഫോര്‍ട്ടിന്റെ വാക്കുകളാണിത്.
അന്ന് ഫോട്ടോയെടുക്കാന്‍ എത്തുമ്പോള്‍ മെസി വളരെ അന്തര്‍മുഖനും നാണംകുണുങ്ങിയുമായ ഇരുപതുകാരനായിരുന്നുവെന്ന് മോണ്‍ഫോര്‍ട്ട് ഓര്‍ക്കുന്നു: ‘വളരെ ശാന്തനായ മെസി ഡ്രെസ്സിങ് റൂമിലേക്ക് കടന്നുവന്നു. പെട്ടെന്ന് ഒരു കൊച്ചുകുഞ്ഞിനെ കയ്യില്‍ കിട്ടിയപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ അദ്ദേഹം പകച്ചുപോയി. മെസ്സിയുടെ മുഖത്ത് ആ പതര്‍ച്ച വ്യക്തമായിരുന്നു. കുഞ്ഞുങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മെസ്സിക്ക് അറിയില്ലായിരുന്നു. എന്നാല്‍ യമാല്‍ വളരെ ശാന്തനും എപ്പോഴും ചിരിക്കുന്നതുമായ ഒരു കുഞ്ഞായിരുന്നു. അതുകൊണ്ട് ആ ഷൂട്ട് മനോഹരമായി പൂര്‍ത്തിയായി.’
2024ല്‍ യമാലിന്റെ പിതാവ് ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്നതുവരെ ഈ ചിത്രത്തില്‍ ഉള്ളത് യമാലാണെന്ന് ഫോട്ടോഗ്രാഫര്‍ക്ക് പോലും അറിയില്ലായിരുന്നു. ‘രണ്ട് ഇതിഹാസങ്ങളുടെ തുടക്കം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം അന്ന് പുറത്തുവന്നത്.
കൗമാരക്കണക്കില്‍ മുന്നില്‍ യമാല്‍
കൗമാര പ്രായത്തിലെ പ്രകടനങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ മെസിയേക്കാള്‍ ഒരുപടി മുന്നിലാണ് യമാല്‍ എന്ന വിസ്മയിപ്പിക്കുന്ന യാഥാര്‍ഥ്യവും മുന്നിലുണ്ട്. 19 വയസ്സ് തികയുമ്പോള്‍ മെസി കരിയറില്‍ അടിച്ചെടുത്തത് 11 ഗോളുകളാണെങ്കില്‍ യമാലിന്റെ അക്കൗണ്ടില്‍ 56 എണ്ണമാണുള്ളത്. ലാ ലിഗയില്‍ ഈ പ്രായത്തില്‍ മെസിക്ക് ഒന്നും യമാലിന് മൂന്ന് കിരീടവുമുണ്ട്. അന്ന് മെസിക്ക് അന്താരാഷ്ട്ര കിരീടമില്ല, എന്നാല്‍ യമാല്‍ ഉള്‍പ്പെട്ട സ്പാനിഷ് പട 2024ല്‍ യൂറോകപ്പ് സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ മാത്രമാണ് മെസി മുന്നിലുള്ളത്. 19 വയസ്സിനുള്ളില്‍ മെസി ചാമ്പ്യന്‍സ് ലീഗ് കരീടത്തില്‍ മുത്തമിട്ടെങ്കില്‍, യമാലിന് ഇനിയും കാത്തിരിക്കണം.
തന്റെ മാതാപിതാക്കള്‍ കരിയറിനായി ചെയ്ത ത്യാഗങ്ങളെക്കുറിച്ച് യമാല്‍ എപ്പോഴും വാചാലനാകാറുണ്ട്. റൊക്കാഫോണ്ടയിലെ ചേരികളില്‍ നിന്നും കഠിനാധ്വാനം കൊണ്ട് വളര്‍ന്നുവന്ന അവന്‍ ഇന്ന് ലോക ഫുട്‌ബോളിന്റെ നെറുകയിലാണ്. ഞായറാഴ്ച ന്യൂയോര്‍ക്കില്‍ മെസിയും യമാലും കളിക്കളത്തില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍, അത് കേവലം ഒരു ലോകകപ്പ് ഫൈനല്‍ മാത്രമല്ല. വിധി നേരത്തെ എഴുതിവെച്ച ഒരു അപൂര്‍വ്വ സുന്ദര നിമിഷത്തിന്റെ പൂര്‍ത്തീകരണം കൂടിയായിരിക്കും.

by Midhun HP News | Jul 17, 2026 | Latest News, കേരളം
കാഞ്ഞങ്ങാട്: കോട്ടച്ചേരി ബദരിയ മസ്ജിദിലെ ഭണ്ഡാരം തകർത്ത് പണം കവർന്ന കേസിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. മസ്ജിദിന് സമീപത്തെ നിരീക്ഷണ ക്യാമറയിലാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾപതിഞ്ഞിട്ടുള്ളത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് കാഞ്ഞങ്ങാട് പൊലീസ്.
പൊലീസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം പ്രതിയെന്ന് സംശയിക്കുന്നയാൾ വെളുത്ത പുള്ളികളുള്ള ഷർട്ടും നീല മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. ചിത്രത്തിലുള്ള ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഉടനടി ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന കാഞ്ഞങ്ങാട് പൊലീസിന്റെ ഔദ്യോഗിക നമ്പറുകളിലോ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
വിവരങ്ങൾ അറിയിക്കേണ്ട ഫോൺ നമ്പറുകൾ:
കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷൻ: 0467 2204229
മൊബൈൽ നമ്പർ: 94979 80921
by Midhun HP News | Jul 17, 2026 | Latest News, ദേശീയ വാർത്ത
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ സ്കൂൾ കുട്ടികളുമായി പോയ വാനിലേക്ക് ലോക്കൽ ട്രെയിൻ ഇടിച്ചുകയറി രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു.രാവിലെ ഏഴ് മണിയോടെ കർണ്ണ സുവർണ്ണ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗോവിന്ദാപൂർ റെയിൽ ഗേറ്റിലാണ് സംഭവം. അപകടത്തിൽ വാനിലുണ്ടായിരുന്ന ഒട്ടേറെ വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ബഹരംപൂർ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ട്രെയിൻ വരുമ്പോൾ ലെവൽ ക്രോസ് തുറന്നിട്ട നിലയിലായിരുന്നു. ഈ സമയത്താണ് വാൻ പാളത്തിലൂടെ കടന്നുപോകാൻ ശ്രമിച്ചതും വേഗത്തിലെത്തിയ ട്രെയിൻ വാനിനെ ഇടിച്ചുതെറിപ്പിച്ചതും. ഇടിയുടെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ഒരു സൈക്കിൾ യാത്രക്കാരനും ട്രെയിൻ തട്ടി മരണപ്പെട്ടു.
കാൻ പോലെ തകർന്നടിഞ്ഞ് സ്കൂൾ വാൻ; രക്ഷാപ്രവർത്തനം നടത്തി നാട്ടുകാർ
അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ട്രെയിൻ ഇടിച്ചതിനെത്തുടർന്ന് ഒരു അലുമിനിയം കാൻ അമർത്തിയതുപോലെ വാൻ പൂർണ്ണമായും തകർന്നടിഞ്ഞ നിലയിലായിരുന്നു.
അപകടം നടന്നയുടൻ തന്നെ നാട്ടുകാർ ഓടിക്കൂടിയാണ് പരിക്കേറ്റ കുട്ടികളെ വാനിൽ നിന്ന് പുറത്തെടുത്ത് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചില കുട്ടികളുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ അധികൃതർ അറിയിച്ചു. അപകടത്തെത്തുടർന്ന് ഈ റൂട്ടിലൂടെയുള്ള റെയിൽവേ സർവീസുകൾ തടസ്സപ്പെട്ടു.
കേന്ദ്രമന്ത്രി അനുശോചിച്ചു; റെയിൽവേ പത്തംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു
ദുരന്തത്തിൽ കേന്ദ്രമന്ത്രി സുകാന്ത മജുംദാർ ദുഃഖം രേഖപ്പെടുത്തി. കുട്ടികളുടെ മരണം അതീവ ഹൃദയഭേദകമാണെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റെയിൽവേയുടെ ഭാഗത്തുനിന്ന് പ്രത്യേക അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ ഉന്നതതലത്തിലുള്ള ഒരു പത്തംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഘം ഉടൻ തന്നെ അപകടസ്ഥലത്തെത്തി പരിശോധന നടത്തും. റെയിൽവേ പൊലീസും പ്രാദേശിക പൊലീസും സംയുക്തമായി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടർന്ന് ഈസ്റ്റേൺ റെയിൽവേയുടെ ഹൗറ ഡിവിഷനിലെ അസിംഗഞ്ച്-കത്വ വിഭാഗത്തിലെ ട്രെയിൻ ഗതാഗതത്തിൽ വലിയ താമസം നേരിട്ടു.

by Midhun HP News | Jul 17, 2026 | Latest News, കേരളം
അതികഠിനമായ വേദനയിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുമ്പോൾ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ താരം രേണു സുധി. രണ്ടാമത്തെ കീമോ തെറാപ്പിക്ക് ശേഷം അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നുവെന്നും രേണു പറയുന്നു.

രേണുവിന് കാൻസർ ഇല്ലെന്നും മരുന്ന് ബില്ലുകൾ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നുമുള്ള ചില വ്ലോഗർമാരുടെ പ്രചാരണങ്ങൾക്കെതിരെ രേണുവിന്റെ സഹോദരിയും മറുപടി പറഞ്ഞു. യൂട്യൂബിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് രേണുവും സഹോദരിയും ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
“ഞാൻ അഞ്ച് ദിവസമായിട്ട് ഹോസ്പിറ്റലിൽ ഐസിയുവിൽ ആയിരുന്നു. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് ഇപ്പോള്‍. അവരുടെ പ്രാർഥന കൊണ്ട് ഞാനിപ്പോൾ ഡിസ്ചാർജ് ആയി. രണ്ടാമത്തെ കീമോയാണ് കഴിഞ്ഞത്. കഴിഞ്ഞ പ്രാവശ്യത്തെ കീമോയെക്കാളും ശരീരത്തിന് ഭയങ്കര അസ്വസ്ഥതയും വേദനയും ക്ഷീണവും ഛര്‍ദ്ദിയും ഒക്കെ ആയിരുന്നു.
എനിക്കുവേണ്ടി ഒരുപാട് പേര്‍ പ്രാർഥിക്കുന്നുണ്ടെന്നും നേർച്ച കഴിക്കുന്നുണ്ടെന്നും എനിക്കറിയാം. അവരോടൊക്കെ ഏത് രീതിയിലാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. ഇനിയിപ്പോൾ എനിക്ക് നാല് കീമോ കൂടെ ഉണ്ട്. ആ നാല് കീമോയും കഴിഞ്ഞ് ഞാൻ മടങ്ങി വരുമെന്നാണ് എന്റെ വിശ്വാസം. അപ്പോള്‍ നിങ്ങളുടെ പ്രാർഥന വേണം. അതുപോലെ നാല് കീമോ കഴിഞ്ഞ് ഓപ്പറേഷൻ ഉണ്ട്.
അപ്പോഴും എല്ലാവരും പ്രാർഥിക്കണം. ഞാൻ ഇവിടെ കിടന്നുകൊണ്ട് ആലോചിച്ചിരുന്നു, മാരക അസുഖമൊന്നും വരരുതേയെന്ന് കുഞ്ഞിലെ മുതലേ ഞാന്‍ പ്രാര്‍ഥിക്കുമായിരുന്നു. എന്നിട്ടും ഇങ്ങനെ വന്നല്ലോയെന്ന് ഞാന്‍ ദൈവത്തോട് ചോദിച്ചു. അപ്പോള്‍ ദൈവം എനിക്ക് മറുപടി തന്നത്, ഇങ്ങനെ ഒരു അസുഖം വന്നതുകൊണ്ട് നാളെ നിനക്ക് പറയാൻ പറ്റും അസുഖത്തിൽ നിന്ന് ദൈവം വിടുവിച്ചു, ഒരുപാട് പേരുടെ സ്നേഹവും പ്രാർഥനയും സത്യമാണെന്ന് തെളിഞ്ഞുവെന്ന്.
ഞാൻ തിരിച്ചു വരും എന്നാണ് എന്റെ ഉറച്ച വിശ്വാസം. ഞാൻ ഓടി നടന്ന ഒരു വ്യക്തിയാണെന്ന് നിങ്ങൾക്കൊക്കെ അറിയാം. അത് ചിലരെ അലോസരപ്പെടുത്തിയിരുന്നു. ചിലര്‍ എനിക്ക് എതിരെ നിന്നു. പക്ഷേ എന്‍റെ കുടുംബവും ബന്ധുക്കളും കുറേ നല്ല ആളുകളും എനിക്കൊപ്പം നിന്നു, പഴയ കാര്യങ്ങള്‍ ചിന്തിച്ചിട്ട് കാര്യമില്ല. അതികൊണ്ട് വിഷമമേ വരൂ.
കഴിഞ്ഞത് കഴിഞ്ഞു. നാളെ ഇതില്‍ നിന്ന് രക്ഷപെട്ടിട്ട് എന്തൊക്കെയാണ് ചെയ്യാനുള്ളത്, എന്‍റെ കുഞ്ഞിന്, വീട്ടുകാര്‍ക്ക്, എന്നെ സ്നേഹിച്ചവര്‍ക്ക് വേണ്ടിയൊക്കെ എന്താണ് ചെയ്യാനുള്ളത് എന്നൊക്കെ ആലോചിച്ചു. അപ്പോള്‍ മനസിന് കുറച്ച് ധൈര്യം കിട്ടി. ഒരു കാര്യത്തിലേ ഉള്ളൂ വിഷമം. റിതപ്പന്‍റെ കാര്യത്തിൽ. പക്ഷേ അവൻ എന്നെക്കാളും മനസ്സിന് കട്ടിയുള്ള ഒരു കുട്ടിയാണെന്ന് എനിക്ക് മനസ്സിലായി.
ആശുപത്രിയില്‍ വന്നാല്‍ എന്നെ കാണാന്‍ പറ്റില്ലെന്ന് അവനറിയാം. വീട്ടുകാര്‍ വിളിച്ചപ്പോള്‍ വരുന്നില്ലെന്ന് അവന്‍ പറഞ്ഞു, വന്നാലും അമ്മയെ കാണാന്‍ പറ്റില്ലല്ലോ എന്ന്. അവന് ആരുമില്ലെന്ന് വിഷമിക്കേണ്ടി വന്നിട്ടില്ല. കാരണം എന്റെ ചേച്ചിയുടെ മക്കളാണെങ്കിലും അവനെ സ്വന്തം സഹോദരനെ പോലെയാണ് നോക്കുന്നത്.
മൂന്നു പേരും ഒരുപോലെയാണ് വളരുന്നത്. അങ്ങനെ അവനെ ചേർത്തു പിടിക്കുന്നത് കാണുമ്പോൾ എനിക്ക് വളരെ സന്തോഷമുണ്ട്. പിന്നെ മനസ് അധികം വിഷമിക്കരുതെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞു. ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞതുകൊണ്ട് ഞാൻ ഫോൺ ഉപയോഗിക്കുന്നില്ല. ഇതെന്റെ വരുമാന മാർഗമാണ്. എനിക്ക് വേറെ വഴിയില്ല.
ഒരുപാട് പൈസ ആവശ്യമാണ്, എനിക്ക് തിരിച്ചു വരണമെങ്കിൽ. അപ്പോള്‍ എനിക്കിത് കൂടിയേ തീരൂ. യൂട്യൂബ് ചാനൽ വരുമാനമല്ലാതെ വേറെ മാർഗം എനിക്കില്ല. അപ്പോൾ എന്നെ സ്നേഹിക്കുന്നവർ സബ്സ്ക്രൈബ് ചെയ്യുക ഈ ഒരു ചാനൽ. കഴിവതും എന്നെ അവഹേളിക്കുന്നവര്‍ പറയുന്ന പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി അത് വീണ്ടും ആസ്വദിക്കാതിരിക്കുക.
എന്നെപ്പോലുള്ള ഒരുപാട് രോഗികളുണ്ട്. ആ വിഷമം വന്നവര്‍ക്കേ മനസിലാകൂ. ആ വേദനകൾ മനസ്സിലാക്കി അവരോട് കുറച്ചെങ്കിലും കരുണ കാണിക്കാൻ ശ്രമിക്കുക”.- രേണു പറഞ്ഞു. “കാൻസർ ഇല്ലെന്നും മരുന്നിന്റെ ബിൽ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നും ചില വ്ലോഗർമാർ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ സാഹചര്യം കൊണ്ടാണ് ആ ബിൽ പോലും സോഷ്യൽ മീഡിയയിൽ കാണിക്കേണ്ടി വന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഇൻ-ഹൗസ് ഡ്രഗ് ബാങ്കിൽ നിന്നാണ് ഞങ്ങൾ ഈ മരുന്ന് വാങ്ങുന്നത്. ഇതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ബില്ലിലുള്ള നമ്പറിലോ ഫാർമസിയിലോ വിളിച്ച് നേരിട്ട് അന്വേഷിക്കാവുന്നതേയുള്ളൂ. ഫാർമസിക്ക് ലൈസൻസ് കിട്ടിയ വർഷമാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
രോഗിയുടെ പേരും വിവരങ്ങളും കൃത്യമായി അതിലുണ്ട്. മരുന്നിന്റെ ഉയർന്ന വില പുറത്തറിഞ്ഞ് ആളുകൾ വിമർശിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് അതിന്റെ വില ഭാഗം മറച്ചുവെച്ചത്. അല്ലാതെ അതിൽ യാതൊരു കള്ളത്തരവുമില്ല”.- രേണുവിന്റെ സഹോദരി പറഞ്ഞു.

Recent Comments