by Midhun HP News | Sep 25, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കോരാണി നവധാര ജംഗ്ഷൻ തിരുവോണം വീട്ടിൽ കെ അരവിന്ദാക്ഷൻ (61) അന്തരിച്ചു. ഇടയ്ക്കോട് ലോക്കൽകമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാ സെന്റർ അംഗം, ഇടയ്ക്കോട് സഹകരണ ബാങ്ക് ഭരണസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. എംഎൽഎ ഒ.എസ് അംബികയുടെ ഭർത്തൃ സഹോദരൻ കൂടിയാണ് അന്തരിച്ച വ്യക്തി.
by Midhun HP News | Sep 25, 2026 | Latest News, ദേശീയ വാർത്ത
റിയാദ്: പ്രവാസികള്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പറക്കാം. ദമാമില്‍നിന്ന് റിയാദ്, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വിമാന സര്‍വീസുകളായി. എയര്‍ അറേബ്യയുടെ നേതൃത്വത്തിലുള്ള പുതിയ സൗദി ബജറ്റ് വിമാനക്കമ്പനി സര്‍വീസ് ആരംഭിച്ചതോടെയാണ് കിഴക്കന്‍ പ്രവിശ്യയില്‍നിന്ന് ഈ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കിലുള്ള വിമാനയാത്ര സാധ്യമാകുന്നത്.

റിയാദിലേക്കും ജിദ്ദയിലേക്കും ദിവസേന രണ്ടു സര്‍വീസുകള്‍ വീതവും മദീനയിലേക്ക് ഒരു സര്‍വീസുമാണ് ആരംഭിച്ചത്. ഇതോടെ യാത്രക്കാര്‍ക്ക് അനുയോജ്യമായ സമയം തെരഞ്ഞെടുക്കാം.കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം ആസ്ഥാനമാക്കിയാണ് പുതിയ വിമാനക്കമ്പനിയുടെ പ്രവര്‍ത്തനം. ഞായറാഴ്ച ദമാമില്‍നിന്ന് റിയാദിലേക്കായിരുന്നു കന്നി സര്‍വീസ്.
എയര്‍ അറേബ്യ ഗ്രൂപ്പ്, നെസ്മ ഗ്രൂപ്പ്, കുന്‍ ഹോള്‍ഡിങ് എന്നിവയുടെ സംയുക്ത സംരംഭത്തിനാണ് പുതിയ വിമാനക്കമ്പനി നടത്താനുള്ള അനുമതി ലഭിച്ചത്. എയര്‍ അറേബ്യയുടെ മാതൃകയിലുള്ള ബജറ്റ് സര്‍വീസില്‍ 174 സീറ്റുള്ള എയര്‍ബസ് എ320 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.


by Midhun HP News | Sep 25, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: നാളേയ്ക്കകം രാജി വെച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് അന്ത്യശാസനവുമായി കോക്രോച്ച് ജനതാ പാർട്ടി. ഒക്ടോബർ രണ്ടാംതീയതി മുതൽ മുംബൈയിൽ സിജെപി രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ പ്രഖ്യാപിച്ചു. സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു അഭിജീത്തിന്റെ പ്രതികരണം.

ഈ ഗാന്ധിജയന്തിദിനത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കാമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. പ്രക്ഷോഭം ഇന്ത്യയിലെമ്പാടുമുള്ള നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അഭിജീത് ദിപ്‌കെ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ക്രമക്കേട് നടക്കുന്നെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ, തെരഞ്ഞെടുപ്പിൽ പങ്കാളികളാകുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളോട് അഭിജീത് ദിപ്‌കെ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹർജി. അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹർജി നൽകിയത്. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) നടപടികളുമായി ബന്ധപ്പെട്ട് നിയമപരമായ ചുമതലകൾ ലംഘിച്ച ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
ഭരണഘടനയുടെ 32-ാം അനുച്ഛേദം പ്രകാരം സമർപ്പിച്ച ഹർജിയിൽ, മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും അനുമതിയില്ലാതെ ഗ്യാനേഷ് കുമാർ കൈക്കൊണ്ട തീരുമാനങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ, സോഫ്റ്റ്‌വെയർ പരിഷ്കാരങ്ങൾ എന്നിവ ഭരണഘടനാ വിരുദ്ധവും അസാധുവുമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

‘ഗ്യാനേഷ് കുമാറിനെതിരെ നടപടി സ്വീകരിക്കണം’
ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപണ വിധേയരായ ഗ്യാനേഷ് കുമാർ, സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മനീഷ് ഗാർഗ്, ഡയറക്ടർ ജനറൽ (ഐ ടി ) സീമ ഖന്ന, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ‘ജനപ്രാതിനിധ്യ നിയമം, 1950’-ലെ (Representation of the People Act) 32-ാം വകുപ്പ് പ്രകാരം പരാതി രജിസ്റ്റർ ചെയ്യാനും, നിയമനടപടികൾ ആരംഭിക്കാനും ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.


by Midhun HP News | Sep 25, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: വോട്ടർപട്ടികയുടെ സമഗ്ര പുതുക്കൽ പ്രക്രിയയിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും നിയമപരമായ ചുമതലകൾ ബോധപൂർവ്വം ലംഘിക്കുകയും ചെയ്തെന്ന് ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.

ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം സുപ്രീം കോടതി അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തത്. മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ അറിവോ യോജിപ്പോ ഇല്ലാതെ മുഖ്യ കമ്മീഷണർ ഏകപക്ഷീയമായി നടപ്പിലാക്കിയ തീരുമാനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും സോഫ്റ്റ്‌വെയർ മാറ്റങ്ങളും ഭരണഘടനാ വിരുദ്ധവും അസാധുവുമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടികളിൽ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരുടെ വിയോജിപ്പുകൾ അവഗണിച്ച് മുഖ്യ കമ്മീഷണർ ഏകപക്ഷീയമായി മുന്നോട്ടുപോയെന്ന റിപ്പോർട്ടിന് പിന്നാലെയാണ് നിർണ്ണായക നീക്കം.
വോട്ടർ രജിസ്ട്രേഷനുള്ള ഫോം 6-ൽ ചട്ടവിരുദ്ധമായി വരുത്തിയ മാറ്റങ്ങൾ, വോട്ടർപട്ടികയുടെ ഡാറ്റാബേസ് കേന്ദ്രീകരണം, പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരിൽ 16.10 ലക്ഷം വോട്ടർമാരെ തള്ളാൻ അപ്പീൽ നൽകിയത് എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കമ്മീഷണർമാർ 14 തവണ രേഖാമൂലം എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ ഈ ഭൂരിപക്ഷ അഭിപ്രായത്തെ അട്ടിമറിച്ച് മുഖ്യ കമ്മീഷണർ ഏകപക്ഷീയമായി ഉത്തരവുകൾ നടപ്പിലാക്കുകയായിരുന്നുവെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
വോട്ടർപട്ടിക തയ്യാറാക്കുന്നതിലും തിരുത്തുന്നതിലും ഗുരുതരമായ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി വ്യവസ്ഥ ചെയ്യുന്ന 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മനീഷ് ഗാർഗ്, ഡയറക്ടർ ജനറൽ (ഐടി) സീമ ഖന്ന എന്നിവർക്കെതിരെ കേസെടുത്ത് വിചാരണ ആരംഭിക്കാൻ നിർദ്ദേശം നൽകണമെന്നാണ് പ്രധാന ആവശ്യം.

കമ്മീഷനിൽ അഭിപ്രായവ്യത്യാസമുണ്ടായാൽ ഭൂരിപക്ഷ തീരുമാനപ്രകാരമാണ് നടപടികൾ കൈക്കൊള്ളേണ്ടതെന്ന് 2023-ലെ കേന്ദ്ര നിയമം നിഷ്കർഷിക്കുന്നുണ്ട്. ഇത് കാറ്റിൽപ്പറത്തി നടപ്പിലാക്കിയ തീരുമാനങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹർജി ആവശ്യപ്പെടുന്നു.

സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ പ്രക്രിയയുടെ ഭാഗമായി രാജ്യത്തെ 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13 കോടിയോളം വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്ത സാഹചര്യത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാൻ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ഹർജിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ഐടി, സൈബർ സുരക്ഷാ വിദഗ്ധരുടെ സഹായത്തോടെ ഇസിഐനെറ്റ് , ഇആർഒനെറ്റ് ഡാറ്റാബേസുകളിൽ ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നും, ചട്ടവിരുദ്ധമായി മാറ്റം വരുത്തിയ ഫോം 6 പഴയ രീതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേന്ദ്ര സർക്കാർ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, ക്യാബിനറ്റ് സെക്രട്ടറി, ഗ്യാനേഷ് കുമാർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.

by Midhun HP News | Sep 25, 2026 | Latest News, കേരളം
തൃശൂർ: മുളങ്കുന്നത്തുകാവ് തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉണ്ടായ വൻ വൈദ്യുതി തടസ്സത്തെത്തുടർന്ന് മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ഒപി സേവനങ്ങളും നിർത്തിവെച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ തുടങ്ങിയ നേരിയ തടസ്സങ്ങൾ വെള്ളിയാഴ്ച രാവിലെ ഏഴരയോടെ സമ്പൂർണ്ണ വൈദ്യുത മുടക്കത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതോടെ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ താറുമാറാവുകയും ശസ്ത്രക്രിയകൾക്കായി എത്തിച്ചേർന്നവരുൾപ്പെടെ നൂറുകണക്കിന് രോഗികൾ ദുരിതത്തിലാവുകയും ചെയ്തു.
ആശുപത്രിയിലേക്ക് കെഎസ്ഇബിയിൽനിന്നുള്ള വൈദ്യുതി വിതരണം തടസ്സമില്ലാതെ എത്തുന്നുണ്ടെങ്കിലും മെഡിക്കൽ കോളജിന് അകത്തെ വയറിങ്ങിലും മെയിൻ സ്വിച്ച് പാനലിലുമുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് സൂപ്രണ്ട് ഡോ. ജെ. ലിജോ അറിയിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ആശുപത്രിയിലെ കാത്ത് ലാബ്, ശീതീകരണ സംവിധാനമായ ചില്ലർ പ്ലാന്റ്, ഓഡിയോളജി വിഭാഗത്തിലെ കേൾവി പരിശോധനകൾ, വിവിധ ഒപി വിഭാഗങ്ങൾ എന്നിവയുടെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെട്ടു. അത്യാഹിത വിഭാഗത്തിൽ എത്തുന്ന അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകൾ മാത്രമാണ് നിലവിൽ നടത്തുന്നത്.
ദിവസേന ശരാശരി 24-ലധികം ശസ്ത്രക്രിയകൾ വിജയകരമായി നടക്കുന്ന വലിയ ആശുപത്രിയാണിത്. സാഹചര്യം രൂക്ഷമായതോടെ വിവിധ വിഭാഗം മേധാവിമാരുമായി ചർച്ച നടത്തിയാണ് മുൻകൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകൾ താൽക്കാലികമായി മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ജീവൻരക്ഷാ ഉപകരണങ്ങളും അത്യാഹിത വിഭാഗങ്ങളും ജനറേറ്റർ സഹായത്തോടെയാണ് ഭാഗികമായി പ്രവർത്തിപ്പിക്കുന്നത്.
തൃശൂരിന് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്നുള്ള സാധാരണക്കാരായ ആയിരക്കണക്കിന് രോഗികളാണ് മികച്ച ചികിത്സയ്ക്കായി ദിവസേന ഈ റഫറൽ മെഡിക്കൽ കോളജിനെ ആശ്രയിക്കുന്നത്. ഒപിയും ലാബ് പരിശോധനകളും മുടങ്ങിയതോടെ ദൂരസ്ഥലങ്ങളിൽനിന്നും അതിരാവിലെ എത്തിയ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. തകരാർ വേഗത്തിൽ പരിഹരിക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള ശ്രമങ്ങൾ ആശുപത്രിയിലെ എൻജിനീയറിങ് വിഭാഗം തുടരുകയാണെന്നും ഉച്ചയോടെ വൈദ്യുതി വിതരണം പൂർവ്വസ്ഥിതിയിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സൂപ്രണ്ട് അറിയിച്ചു.




Recent Comments