വേടന്റെ പാട്ട് വേണ്ടെന്ന് വെച്ചത് അറിയില്ല, തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡ് ഓഫ് സ്റ്റഡീസിന്: മന്ത്രി ആര്‍ ബിന്ദു

വേടന്റെ പാട്ട് വേണ്ടെന്ന് വെച്ചത് അറിയില്ല, തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡ് ഓഫ് സ്റ്റഡീസിന്: മന്ത്രി ആര്‍ ബിന്ദു

കൊച്ചി: റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാലയിലെ സിലബസില്‍ നിന്ന് വേണ്ടെന്ന് വെച്ചത് അറിയില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. എന്ത് പഠിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡ് ഓഫ് സ്റ്റഡീസിനാണ്. വേടന്റെ പാട്ട് വിശാല വീക്ഷണമുള്ള പാട്ടാണെന്നും മന്ത്രി പറഞ്ഞു. മനുഷ്യന്‍ നേരിടുന്ന പീഡനവും മര്‍ദനവും അരികുവല്‍ക്കരണവും മനോഹരമായി ആവിഷ്‌കരിച്ചെന്നും വേടന്‍ പ്രായത്തില്‍ കവിഞ്ഞ പക്വത പ്രകടിപ്പിക്കുന്ന യുവാവാണെന്നും മന്ത്രി ബിന്ദു പറഞ്ഞു. വി സിക്ക് തനിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ മറികടക്കാന്‍ ആകില്ലെന്നും മന്ത്രി പറഞ്ഞു.

സര്‍വകലാശാലയിലെ ബി എ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍ നിന്നും വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാന്‍ വൈസ് ചാന്‍സലര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയുണ്ടായിരുന്നു. സര്‍വകലാശാലകളില്‍ സ്വസ്ഥവും ശാന്തവുമായ അന്തരീക്ഷം വേണം. സ്വതന്ത്രമായ ആശയങ്ങള്‍ക്കുള്ള ഇടമാകണം സര്‍വകലാശാലകള്‍. സംസ്ഥാനത്ത് മാത്രമല്ല രാജ്യമെമ്പാടും പ്രത്യേക ആശയധാരയെ പ്രതിഷ്ഠിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ബഹുസ്വരത, വൈജാത്യങ്ങള്‍, സാമൂഹ്യനീതിബോധം എല്ലാം സര്‍വകലാശാലകളില്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലെത്തിയത് മഞ്ഞുരുക്കത്തിന്റെ സൂചനയാണെന്നും അവര്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ വിശദമായി കാര്യങ്ങള്‍ സംസാരിച്ചെന്നും പ്രശ്നങ്ങള്‍ തീരണമെന്ന അഭിപ്രായമാണ് വി സിക്കുള്ളതെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍ നടപടികള്‍ക്കായി സിന്‍ഡിക്കേറ്റുമായി സംസാരിക്കുന്നുണ്ടെന്നും ആര്‍ ബിന്ദു പറഞ്ഞു. സിന്‍ഡിക്കേറ്റിന് പറയാനുള്ളതും വി സിക്ക് പറയാനുള്ളതും കേട്ടു. അന്തിമ തീരുമാനം ആയിട്ടില്ല. സിന്‍ഡിക്കേറ്റ് വിളിക്കാമെന്ന് വി സി സമ്മതിച്ചു. വി സിയും സിന്‍ഡിക്കേറ്റും ഒന്നിച്ച് ചര്‍ച്ച ചെയ്യുന്നതാണ് പരിഹാരം. ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നും മന്ത്രി പറഞ്ഞു.

അതിതീവ്ര മഴ തുടരും; അടുത്ത അഞ്ച് ദിവസം റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

അതിതീവ്ര മഴ തുടരും; അടുത്ത അഞ്ച് ദിവസം റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസം വടക്കന്‍ കേരളത്തലും മധ്യ കേരളത്തിലും മഴ ശക്തമാകുമെന്നാണ് പ്രവചനം.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറഞ്ച് അലര്‍ട്ടുമാണുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തെ മഴ പ്രവചനം ഇങ്ങനെ

റെഡ് അലര്‍ട്ട്

19/07/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.

20/07/2025: കണ്ണൂര്‍, കാസര്‍ഗോഡ്.

ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm -ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ഓറഞ്ച് അലര്‍ട്ട്

19/07/2025: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്.

20/07/2025: എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

21/07/2025: കണ്ണൂര്‍, കാസറഗോഡ്.

എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

റോയിട്ടേഴ്‌സിനും വാള്‍സ്ട്രീറ്റ് ജേണലിനും പൈലറ്റ്‌സ് ഫെഡറേഷന്‍റെ നോട്ടീസ്

റോയിട്ടേഴ്‌സിനും വാള്‍സ്ട്രീറ്റ് ജേണലിനും പൈലറ്റ്‌സ് ഫെഡറേഷന്‍റെ നോട്ടീസ്

ഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ തെറ്റിദ്ധാരാണ പടര്‍ത്തുന്ന വിധത്തില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നെന്ന് ആരോപിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് എതിരെ നിയമ നടപടിക്ക് നീക്കം. ഇന്ത്യന്‍ പൈലറ്റ്‌സ് ഫെഡറേഷന്‍ (എഫ്ഐപി) ആണ് വാള്‍സ്ട്രീറ്റ് ജേണല്‍, റോയിട്ടേഴ്സ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

അഹമ്മദാബാദ് വിമാന അപകടവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളിലെ ഒരു വിഭാഗം സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് നിഗമനങ്ങള്‍ നടത്തി വാര്‍ത്തകള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യന്‍ പൈലറ്റ്‌സ് ഫെഡറേഷന്റെ ആരോപണം. അപകടം സംബന്ധിച്ച അന്വേഷണം തുടരുന്നതിനിടെ ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് നിരുത്തരവാദിത്തപരമാണ്. ഇത്തരം റിപ്പോര്‍ട്ടുകള്‍ പങ്കുവച്ച വാള്‍സ്ട്രീറ്റ് ജേണല്‍, റോയിട്ടേഴ്സ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ മാപ്പ് പറയണം എന്നാണ് ഇന്ത്യന്‍ പൈലറ്റ്‌സ് ഫെഡറേഷന്റെ ആവശ്യം. ഇക്കാര്യം വ്യക്തമാക്കി സംഘടന മാധ്യമ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച നോട്ടീസ് അയച്ചു. വിമാനാപകടം ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടിസ്ഥാനരഹിതമായ വസ്തുതകളുടെ വാര്‍ത്തകള്‍ നല്‍കുന്നത് തെറ്റായ പ്രതീതി സൃഷ്ടിക്കും. ഇന്ത്യന്‍ വ്യോമയാന മേഖലയുടെ സുരക്ഷയെക്കുറിച്ച് ജനങ്ങളില്‍ ഉത്കണ്ഠസൃഷ്ടിക്കേണ്ട സമയമല്ല ഇതെന്നും നോട്ടീസ് ചൂണ്ടിക്കാട്ടുന്നു.

എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) നടത്തിയ അന്വേഷണത്തെ പരാമര്‍ശിച്ച് അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള വ്യക്തികളില്‍ അടിച്ചേല്‍പ്പിക്കുന്ന രീതി തെറ്റാണ്. ഇത്തരം നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണം. പൈലറ്റുമാരുടെ വ്യക്ത്വത്തെ കളങ്കപ്പെടുത്തുന്നതും കുടുംബങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ എന്നും റോയിട്ടേഴ്‌സിനെ പരാമര്‍ശിച്ച് ഇന്ത്യന്‍ പൈലറ്റ്‌സ് ഫെഡറേഷന്‍ പറയുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന 2025 ജൂലൈ 17 ലെ റോയിട്ടേഴ്‌സ് ലേഖനം ഉടനടി തിരുത്തുകയെ പിന്‍വലിക്കുകയോ ചെയ്യണം എന്നും നോട്ടീസ് വ്യക്തമാക്കുന്നു.

വിമാനാപകടം സംബന്ധിച്ച് അന്തിമ നിഗമനങ്ങള്‍ പുറത്തിറക്കിയിട്ടില്ലെന്നും ലേഖനം ദ്വിതീയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അംഗീകരിച്ച് വിശദീകരണം നല്‍കാനും എഫ്ഐപി റോയിട്ടേഴ്‌സിനോട് ആവശ്യപ്പെടുന്നു. നിര്‍ദേശം പാലിക്കാത്ത പക്ഷം നിയമപരമായ വഴികള്‍ തേടുമെന്നും ഇന്ത്യന്‍ പൈലറ്റ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കുന്നു.

വക്കം ജി വി എച്ച് എസ് എസിൽ ഇന്റർസ്കൂൾ സ്പേസ് ക്വിസ് സംഘടിപ്പിച്ചു

വക്കം ജി വി എച്ച് എസ് എസിൽ ഇന്റർസ്കൂൾ സ്പേസ് ക്വിസ് സംഘടിപ്പിച്ചു

വക്കം ജി വി എച്ച് എസ് എസ്സിൽ ക്വിസ് മാസ്റ്റർ രഞ്ജിത് വെള്ളല്ലൂർ നയിച്ച വാശിയേറിയ ഇന്റർസ്കൂൾ സ്പേസ് ക്വിസിൽ, ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു.

വിജയികൾ

എച്ച്.എസ് വിഭാഗം

1.ആദർശ്. പി.ആർ, ജി.എച്ച്.എസ്.എസ്, കിളിമാനൂർ

2.സാനന്ദ് സോണി, ജി.എച്ച്.എസ്.എസ്, എളമ്പ

3.അസ്ബിഖാൻ, കെടിസിടി, കല്ലമ്പലം

എച്ച്.എസ്.എസ് വിഭാഗം

1.ശിവാനന്ദ സോണി, ജിജിഎച്ച്എസ്എസ്, ആറ്റിങ്ങൽ

2.വൈഷ്ണവദേവ്. എസ്.നായർ, ജിഎംഎച്ച്എസ്എസ്, ആറ്റിങ്ങൽ

3.ദുർഗ ഹരിഹരൻ, ജിവിഎച്ച്എസ്എസ്, വക്കം

യു.പി വിഭാഗം

1.ജ്വാല. ബി എസ്സ്, എം എം യു പി എസ്, പേരൂർ

2.ഫാരിസ്. എസ്.എൻ, ജിഎച്ച്എസ് ജവഹർ കോളനി, പാലോട്

3.ലക്ഷ്മി വൈശാഖി, സി എസ് ഐ ഇ എം എച്ച് എസ് എസ്, ആറ്റിങ്ങൽ

പ്രത്യേക സമ്മാനം: കാർത്തികേയൻ എം.ജെ, ജി.വി.ആർ.എം.യു.പി.എസ്, കിഴുവിലം

സ്പെഷ്യൽ ചൈൽഡ് : അശ്വിൻ ബൈജു (എച്ച്എസ്) എംകെഎംഎച്ച്എസ്എസ്, ഇടവ നാലാംസ്ഥാനം

ആധാര്‍ കാര്‍ഡില്‍ പെണ്‍കുട്ടിയെ ആണ്‍കുട്ടിയാക്കി, തിരുത്തലിന് നല്‍കിയപ്പോള്‍ തെറ്റ് ആവര്‍ത്തിച്ചു; ഓഫീസുകള്‍ കയറിയിറങ്ങി കുടുബം

ആധാര്‍ കാര്‍ഡില്‍ പെണ്‍കുട്ടിയെ ആണ്‍കുട്ടിയാക്കി, തിരുത്തലിന് നല്‍കിയപ്പോള്‍ തെറ്റ് ആവര്‍ത്തിച്ചു; ഓഫീസുകള്‍ കയറിയിറങ്ങി കുടുബം

കൊച്ചി: എട്ടാം ക്ലാസുകാരന്റെ ആധാര്‍ കാര്‍ഡില്‍ ജെന്‍ഡര്‍ കോളത്തില്‍ ആണ്‍ എന്നെഴുതിയതിന് പകരം പെണ്‍ എന്ന് രേഖപ്പെടുത്തിയത് തിരുത്താനായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഒരു കുടുംബം. ആധാര്‍ കാര്‍ഡിലെ തെറ്റ് സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും തടസമായി.

എടവനക്കാട് പള്ളത്ത് ഹൗസില്‍ സുജിതയുടെ മകന്‍ അദിനാല്‍ അസ്ലമിന്റെ ആധാര്‍ കാര്‍ഡിലാണ് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് തിരുത്താനായി നല്‍കിയപ്പോഴും ജീവനക്കാരിക്ക് പറ്റിയ അബദ്ധത്തെത്തുടര്‍ന്ന് വീണ്ടും പെണ്‍കുട്ടിയായി രേഖപ്പെടുത്തിയ ആധാര്‍ കാര്‍ഡ് തന്നെയാണ് വിദ്യാര്‍ഥിക്ക് ലഭിച്ചത്. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷിനെ നേരില്‍ കണ്ട് പരാതി നല്‍കി. ആധാറിലെ തെറ്റ് തിരുത്താന്‍ ബെംഗളൂരുവിലെ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യുടെ ഓഫീസ് വിദ്യാര്‍ഥിയുടെ പരാതി കൈമാറിയെന്ന് ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു. ബെംഗളൂരു ഓഫീസുമായി ബന്ധപ്പെട്ട് ജെന്‍ഡര്‍ തിരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.

കൊച്ചി കോര്‍പ്പറേഷനില്‍ നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റില്‍ കൃത്യമായാണ് ജെന്‍ഡര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ആധാര്‍ കാര്‍ഡിനായി വിവരങ്ങള്‍ നല്‍കിയപ്പോള്‍ ആണ്‍ എന്നതിനു പകരം ഓപ്പറേറ്റര്‍ പെണ്‍ എന്ന് രേഖപ്പെടുത്തുകയായിരുന്നു. ഇത് തിരുത്താനായി ആധാര്‍ അതോറിറ്റിക്ക് അപേക്ഷ നല്‍കി, തിരുത്താനവസരം ലഭിച്ചെങ്കിലും ഇതേ വേളയിലും സമാന തെറ്റ് ആവര്‍ത്തിച്ചു. തിരുത്തിയ ആധാര്‍ ലഭ്യമാക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് കുടുംബം കലക്ടര്‍ക്ക് പരാതി നല്‍കിയത്. തൃക്കാക്കര നഗരസഭ മുന്‍ ചെയര്‍മാന്‍ ഷാജി വാഴക്കാലയും ഇവരോടൊപ്പം ഉണ്ടായിരുന്നു.