കടമ്മനിട്ട സ്‌കൂള്‍ വളപ്പിലെ കെട്ടിടം തകര്‍ന്നു വീണു; ഒഴിവായത് വൻ അപകടം

കടമ്മനിട്ട സ്‌കൂള്‍ വളപ്പിലെ കെട്ടിടം തകര്‍ന്നു വീണു; ഒഴിവായത് വൻ അപകടം

പത്തനംതിട്ട: കടമ്മനിട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിടം തകര്‍ന്നു വീണു. സ്‌കൂള്‍ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങളാണ് തകര്‍ന്നുവീണത്. ഇന്നലെ രാത്രിയാണ് സംഭവം. രണ്ടു വര്‍ഷമായി ഈ കെട്ടിട ഭാഗങ്ങള്‍ ഉപയോഗിച്ചിരുന്നില്ല.

പൊളിച്ചു മാറ്റാന്‍ തീരുമാനിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നു വീണതെന്ന് അധികൃതര്‍ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. രാവിലെ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നതായി കണ്ടെത്തിയത്.

മേല്‍ക്കൂരയും മണ്‍കട്ടകള്‍കൊണ്ടു നിര്‍മിച്ച ഭിത്തിയും അടക്കമുള്ള ഭാഗങ്ങളാണ് തകര്‍ന്നു വീണത്. 80 വര്‍ഷത്തിനടുത്ത് പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നതെന്ന് അധ്യാപകര്‍ പറഞ്ഞു. സ്‌കൂള്‍ ഗ്രൗണ്ടിനോടു ചേര്‍ന്ന കെട്ടിടത്തിന് സമീപം കുട്ടികള്‍ വിശ്രമിക്കാന്‍ ഇരിക്കാറുണ്ടായിരുന്നു. കെട്ടിടം ഇടിഞ്ഞുവീണത് രാത്രിയായതിനാല്‍ വലിയ അപകടം ഒഴിവായി.

ബ്രിട്ടീഷ് യുദ്ധവിമാനം 22ന് മടങ്ങിയേക്കും; പാര്‍ക്കിങ്ങ് ഫീ ഇനത്തില്‍ കോളടിച്ച് തിരുവനന്തപുരം വിമാനത്താവളം

ബ്രിട്ടീഷ് യുദ്ധവിമാനം 22ന് മടങ്ങിയേക്കും; പാര്‍ക്കിങ്ങ് ഫീ ഇനത്തില്‍ കോളടിച്ച് തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം: അഞ്ചാഴ്ചയോളമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. ഈ മാസം 22 ന് വിമാനം തിരിച്ച് യുകെയിലേക്ക് പറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറബിക്കടലില്‍ പരിശീലത്തിന് എത്തിയ ബ്രിട്ടീഷ് കപ്പലില്‍ നിന്നും പറന്നുയര്‍ന്ന എഫ് 35 യുദ്ധവിമാനം ജൂണ്‍ 14 നാണ് കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിരുവന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. പിന്നീട് സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെ വീണ്ടും പറന്നുയരാന്‍ സാധിക്കാതെ വന്നതോടെ വിമാനത്താവളത്തില്‍ തുടരുകയായിരുന്നു.

യുകെയില്‍ നിന്നെത്തിയ വിദഗ്ധസംഘം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെയാണ് മടക്കായാത്ര തീയ്യതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. അകേസമയം, ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ പാര്‍ക്കിങ്ങ് ഫീസിനത്തില്‍ എട്ട് ലക്ഷത്തിലധികം രൂപയാണ് തിരുവനന്തപുരം വിമാനത്താവളത്തിന് ലഭിക്കുക. പ്രതിദിനം 26,261 രൂപയാണ് പാര്‍ക്കിങ് ഫീസ് ഇനത്തില്‍ ബ്രിട്ടണ്‍ വിമാനത്താവളത്തിന് നല്‍കേണ്ടിവരിക.

33 മൂന്ന് ദിവസത്തെ ആകെ തുക 806 ലക്ഷം രൂപയോളം വരുമെന്ന് ഇന്ത്യന്‍ പ്രതിരോധ ഗവേണ്ട വിഭാഗത്തെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടീഷ് റോയല്‍ എയര്‍ ഫോഴ്‌സിന്റെ 24 അംഗ വിദഗ്ധസംഘം തിരുവനന്തപുരത്ത് എത്തിയാണ് വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചത്. സംഘത്തില്‍ 14 സാങ്കേതിക വിദഗ്ധനും 10 ക്രൂ അംഹങ്ങളും ഉള്‍പ്പെടുന്നു. പശ്ചിമേഷ്യ വഴിയാകും യുദ്ധവിമാനം യുകെയിലേക്ക് മടങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രിട്ടീഷ് യുദ്ധ വിമാനം കേരളത്തില്‍ ഇറങ്ങിയത് മുതല്‍ പലതവണ വാര്‍ത്തകളിലും ട്രോളുകളിലും ഇടം പിടിച്ചിരുന്നു. കേരള ടൂറിസം, കുടുംബശ്രീ ഹരിത കര്‍മസേന തുടങ്ങിയവയുടെ പരസ്യത്തിലും യുദ്ധവിമാനം വിഷയമായി. വിമാനത്തെ ഒണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റില്‍ വില്‍പനയ്ക്ക് വച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നവീൻ ബാബുവിന്റെ മരണം; മൊഴികൾ ദിവ്യക്ക് അനുകൂലം

നവീൻ ബാബുവിന്റെ മരണം; മൊഴികൾ ദിവ്യക്ക് അനുകൂലം

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ മൊഴികളിലേറെയും പി.പി ദിവ്യക്ക് അനുകൂലം. ആത്മഹത്യക്ക് മുൻപ് നവീൻ ബാബു ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചന്നാണ് സാക്ഷിമൊഴി. തന്നെ ഇടനിലക്കാരനാക്കാൻ നവീൻ ബാബു ശ്രമിച്ചെന്നാണ് ദിവ്യയുടെ ബന്ധു പ്രശാന്ത് ആരോപിക്കുന്നത്.

കലക്ടറുടെ മൊഴിയും നവീൻ ബാബുവിന് എതിരാണ്. അഴീക്കോട് സ്വദേശി ടി.വി യുടെ മൊഴിപ്പകർപ്പ് മീഡിയവണിന് ലഭിച്ചു. ഇരുവരും തമ്മിലുള്ള ബന്ധം എ ഡി എമ്മിന് അറിയാമായിരുന്നെന്ന് പ്രശാന്ത്. യാത്രയയപ്പിന് ശേഷം എ ഡി എമ്മും താനും ക്വാർട്ടേഴ്‌സിന് സമീപത്ത് വെച്ച് കണ്ടെന്നും പ്രശാന്ത് പറഞ്ഞു. ദിവ്യയോട് താൻ മുഖാന്തരം സംസാരിക്കാമെന്ന ഉദ്ദേശത്തോടെ വിളിച്ചു വരുത്തിയതാണന്ന് മൊഴി. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലാണ് മൊഴി. ബിനാമി ഇടപാട്, വ്യാജ പരാതി തുടങ്ങിയവയെ കുറിച്ച് കുറ്റപത്രത്തിൽ പരാമർശം ഇല്ല.

കൊല്ലം ആയൂരിൽ ടെക്സ്റ്റൈൽസിൽ മാനേജരെയും സെയിൽസ് ഗേളിനെയും മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം ആയൂരിൽ ടെക്സ്റ്റൈൽസിൽ മാനേജരെയും സെയിൽസ് ഗേളിനെയും മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം: ആയൂരിൽ ടെക്സ്റ്റൈൽസിൽ മാനേജരെയും സെയിൽസ് ഗേളിനെയും മരിച്ച നിലയിൽ കണ്ടെത്തി.
ആയൂർ കൊട്ടാരക്കര റോഡിൽ പ്രവർത്തിക്കുന്ന ലാവിഷ് ടെക്സ്റ്റൈൽസിൽ ആണ് സ്ത്രീയും പുരുഷനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം സ്വദേശി അലിയും ചടയമംഗലം കുരിയോട് സ്വദേശിനിയായ ദീപമോൾ എന്ന സെയിൽസ് ഗേളും ആണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചടയമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

പഹല്‍ഗാം ഭീകരാക്രമണം: ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

പഹല്‍ഗാം ഭീകരാക്രമണം: ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആര്‍എഫ്) ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടി ആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ ഉപവിഭാഗമായാണ് ടിആര്‍എഫ് അറിയപ്പെടുന്നത്.

ടിആര്‍എഫിനെ ഒരു വിദേശ ഭീകര സംഘടനയായും ആഗോള ആഗോള ഭീകര പട്ടികയില്‍ ചേര്‍ത്തതായും റൂബിയോ വ്യക്തമാക്കി. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 219, എക്സിക്യുട്ടീവ് ഓര്‍ഡര്‍ 13224 എന്നിവ പ്രകാരം ടിആര്‍എഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങളെയും വിദേശ ഭീകര സംഘടനാ പട്ടികയിലും (എഫ്ടിഒ) ആഗോള ഭീകര പട്ടികയിലും (എസ്ഡിജിടി) ഉള്‍പ്പെടുത്തിയതായി റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്.

കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ല,്കര്‍ ഇ തയ്ബയുടെ ഉപവിഭാഗമായി പ്രവര്‍ത്തിക്കുന്ന ദി റെസിസ്റ്റന്റ് ഫ്രണ്ട് ഏറ്റെടുക്കുകയായിരുന്നു. കശ്മീര്‍ റെസിസ്റ്റന്‍സ് എന്ന പേരിലും സംഘടന അറിയപ്പെടുന്നുണ്ട്. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം സിവിലിയന്മാര്‍ക്ക് നേരെയുണ്ടാകുന്ന ഏറ്റവും നീചമായ ആക്രമണമായിരുന്നു പഹല്‍ഗാം ഭീകരാക്രമണമെന്നും യുഎസ് അധികൃതര്‍ സൂചിപ്പിച്ചു.