അടുത്ത മൂന്നു ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലർട്ട്; നദികളിൽ പ്രളയ മുന്നറിയിപ്പ്

അടുത്ത മൂന്നു ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലർട്ട്; നദികളിൽ പ്രളയ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കേരളത്തിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. ഉത്തരകേരളത്തിലെ നാലു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടാണ്.

നാളെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നിവയ്ക്ക് പുറമെ മലപ്പുറം ജില്ലയിലും റെഡ് അലർട്ടാണ്. പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ ജാ​ഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച കാസർകോടും കണ്ണൂരും റെഡ് അലർട്ടാണ്.

വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് ജാ​ഗ്രതാ നിർദേശമുണ്ട്. ബാക്കി എല്ലാ ജില്ലകളിലും അന്ന് യെല്ലോ മുന്നറിയിപ്പുമുണ്ട്. തെക്കു കിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ വീണ്ടും ശക്തമായത്. കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരന്റെ കാലും കൈയും അടിച്ചുപൊട്ടിച്ചു; അമ്മയ്ക്കും സുഹൃത്തിനുമെതിരെ പരാതി

തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരന്റെ കാലും കൈയും അടിച്ചുപൊട്ടിച്ചു; അമ്മയ്ക്കും സുഹൃത്തിനുമെതിരെ പരാതി

അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. ചെമ്പഴന്തി ആനന്ദേശത്തെ കുട്ടിയുടെ അമ്മ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വച്ചായിരുന്നു സംഭവം. പോത്തന്‍കോട് സെന്റ് തോമസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ സനുഷിനെയാണ് അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്.

ചൂരല്‍ കൊണ്ട് കുട്ടിയുടെ രണ്ട് കാലും കൈയും അടിച്ചു പൊട്ടിച്ചു. അടികൊണ്ട് നിലത്ത് വീണിട്ടും കഴുത്തില്‍ കുത്തിപ്പിടിച്ച് വീണ്ടും മര്‍ദിച്ചു. ട്യൂഷന് പോകാത്തതിനാലാണ് കുട്ടിയെ മര്‍ദിച്ചത്. സുഹൃത്തിനെ ഇഷ്ടമില്ലെന്ന് പറഞ്ഞതും അമ്മയെ ചൊടിപ്പിച്ചുവെന്നാണ് വിവരം. നേരത്തെയും സമാനമായ രീതിയില്‍ ഉപദ്രവിച്ചന്ന് കുട്ടി പറഞ്ഞു. സ്‌കൂളില്‍ പോയിട്ട് പേടിച്ച് കുട്ടി അച്ഛന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് ചോദിച്ചപ്പോഴാണ് മര്‍ദനത്തിന്റെ കാര്യം പറഞ്ഞത്. കുട്ടിയുടെ മാതാവ് അനു സുഹൃത്ത് പ്രണവ് എന്നിവര്‍ക്കെതിരെയാണ് പരാതി. കുട്ടി തിരുവനന്തപുരം എസ് എ എ റ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കത്തിക്കയറി വെളിച്ചെണ്ണ വില; വ്യാജനെ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന

കത്തിക്കയറി വെളിച്ചെണ്ണ വില; വ്യാജനെ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന

തിരുവനന്തപുരം: വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവായ ഓപ്പറേഷന്‍ നാളികേര നടത്തിയത്. വെളിച്ചെണ്ണയുടെ വില കൂടുന്ന സാഹചര്യത്തില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണിയിലെത്താവുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയത്. മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ വില്‍പനയ്‌ക്കെതിരെ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്താകെ 980 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 25 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. വിവിധ കാരണങ്ങളാല്‍ ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് നോട്ടീസ് നല്‍കി. 161 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 277 സര്‍വൈലന്‍സ് സാമ്പിളുകളും തുടര്‍ പരിശോധനകള്‍ക്കായി ശേഖരിച്ചു.

വെളിച്ചെണ്ണയുടെ ഗുണനിലവാരത്തില്‍ സംശയം തോന്നിയാല്‍ ഭക്ഷ്യ സുരക്ഷാ പരാതി ടോള്‍ ഫ്രീ നമ്പറായ 1800 425 1125 ല്‍ വിവരം അറിയിക്കണം. വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ നിര്‍മ്മാതാക്കളും കച്ചവടക്കാരും ശ്രദ്ധിക്കണം. പരിശോധനകള്‍ തുടരുമെന്നും നിയമവിരുദ്ധമായ വില്‍പന ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതാണ്.

നിമിഷപ്രിയയുടെ മോചനം; യെമനിലേയ്ക്ക് യാത്രാനുമതിക്ക് കേന്ദ്രത്തെ സമീപിക്കാം: സുപ്രീംകോടതി

നിമിഷപ്രിയയുടെ മോചനം; യെമനിലേയ്ക്ക് യാത്രാനുമതിക്ക് കേന്ദ്രത്തെ സമീപിക്കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ മോചന ചര്‍ച്ചകള്‍ക്കായുള്ള പ്രതിനിധി സംഘത്തിന് യമനിലേയ്ക്കു പോകാനുള്ള യാത്രാനുമതിക്ക് ആക്ഷന്‍ കൗണ്‍സിലിനോട് കേന്ദ്രത്തെ സമീപിക്കാന്‍ സുപ്രീംകോടതി. കൗണ്‍സിലിന്റെ അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ പരിഗണിച്ച് തീരുമാനമെടുക്കണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധികളും ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളുമടങ്ങുന്ന മധ്യസ്ഥ സംഘമാണ് യമനി കുടുംബവുമായി ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നത്.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ബ്ലഡ് മണി ചര്‍ച്ചകള്‍ നടത്തുന്നതിനുമായി പ്രത്യേക ആറംഗ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച്.

ജൂലൈ 16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ മാറ്റിവെച്ച വിവരം ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഗെന്ത് ബസന്ത് ബെഞ്ചിനെ അറിയിച്ചു. യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ഒരു ഇന്ത്യക്കാരനും യെമന്‍ സന്ദര്‍ശിക്കാന്‍ കഴിയില്ലെന്നും അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. ആദ്യ പടി കുടുംബം ക്ഷമിക്കുക എന്നതാണ്, രണ്ടാം ഘട്ടം ബ്ലഡ് മണിയാണ്. ആരെങ്കിലും കുടുംബവുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. ആര്‍ക്കും പോകാന്‍ കഴിയുന്ന ഒരു രാജ്യമല്ല യെമന്‍. എല്ലാ ശ്രമങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനോട് തങ്ങള്‍ നന്ദിയുള്ളവരാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ആവശ്യം കേട്ട കോടതി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് സുപ്രീംകോടതി പറഞ്ഞു. ഹര്‍ജിയില്‍ അടുത്ത വാദം ഓഗസ്റ്റ് 14 ന് കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

ഇടുക്കിയില്‍ വന്‍ വനംകൊള്ള; ഏലത്തോട്ടങ്ങളില്‍ നിന്നും മരങ്ങൾ മുറിച്ചുകടത്തി

ഇടുക്കിയില്‍ വന്‍ വനംകൊള്ള; ഏലത്തോട്ടങ്ങളില്‍ നിന്നും മരങ്ങൾ മുറിച്ചുകടത്തി

തൊടുപുഴ: ഇടുക്കി ശാന്തന്‍പാറ മേഖലയില്‍ വന്‍ വനംകൊള്ള. ശാന്തന്‍പാറ പേതൊട്ടിയില്‍ സിഎച്ച്ആര്‍ മേഖലയില്‍ നിന്ന് 150 ലധികം മരങ്ങള്‍ മുറിച്ചു കടത്തി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നാശനഷ്ടം ഉണ്ടായ പ്രദേശത്തിന് സമീപത്തുനിന്നാണ് മരങ്ങള്‍ മുറിച്ചുകടത്തിയത്. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു.

ശാന്തന്‍പാറ വില്ലേജില്‍ മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്നു കിടക്കുന്ന ഒന്നര ഏക്കര്‍ ഭൂമിയില്‍ നിന്നും ഒരാഴ്ച മുന്‍പാണ് മരങ്ങള്‍ മുറിച്ചു കടത്തിയത്. എം ബൊമ്മയ്യന്‍ എന്നയാളുടെ പേരിലുള്ള ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ വെട്ടിമാറ്റിയത്.

മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് അനുമതിയില്ലാത്ത സിഎച്ച്ആര്‍ ഭൂമിയിലാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. ഏലം പുനകൃഷിയുടെ മറവിലാണ് മരംവെട്ട്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ചില്ലകള്‍ വെട്ടി ഒതുക്കുന്ന പതിവ് നടപടികളുടെ മറവില്‍ മരങ്ങള്‍ മുറിച്ചു കടത്തുകയായിരുന്നു. ആഞ്ഞിലി, മരുത്, ഞാവല്‍, പ്ലാവ് തുടങ്ങിയ നിരവധി മരങ്ങള്‍ ആണ് മുറിച്ചു കടത്തിയത്.