ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണം നടന്നു

ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണം നടന്നു

കെ. കരുണാകരൻ അനുസ്മരണം ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ആർ. എസ് പ്രശാന്ത് നേതൃത്വം നൽകി. ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.

ലീഡറുടെ ജന്മദിനം ആഘോഷിച്ചു

ലീഡറുടെ ജന്മദിനം ആഘോഷിച്ചു

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗവുമായിരുന്ന ലീഡർ കെ. കരുണാകരൻ്റെ ജന്മദിനം വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.

ലീഡറുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച അനുസ്മരണ ചടങ്ങ് മണ്ഡലം പ്രസിഡൻ്റ് എം.ആർ.ഷാനവാസിൻ്റെ അദ്ധ്യക്ഷതയിൽ ഐ.എൻ.റ്റി.യു.സി സംസ്ഥാന സമിതി അംഗവും ജില്ലാ സെക്രട്ടറിയുമായ ആർ.എസ്. വിനോദ് മണി ഉദ്ഘാടനം ചെയ്തു.ഡി സി സി മെമ്പർ തോന്നയ്ക്കൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ നിസാർ ക്രസൻ്റ് സ്വാഗതവും ഷംനാദ് കൃതജ്ഞതയും പറഞ്ഞു. വാർഡ് പ്രസിഡൻ്റുമാരായ പാറയിൽ രാജൻ, അഷ്റഫ് തോപ്പുവിള ഐ.എൻ.റ്റി.യു.സി. ഭാരവാഹികളായ അജയൻ, ത്യാഗരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

‘ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതാണോ’, പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി വി എന്‍ വാസവന്‍

‘ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതാണോ’, പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി വി എന്‍ വാസവന്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപയോഗ ശൂന്യമായ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ തള്ളി മന്ത്രി വി എന്‍ വാസവന്‍. തകര്‍ന്ന കെട്ടിടം മന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ എന്ന ചോദ്യം ഉയര്‍ത്തിയാണ് മന്ത്രി വാസവന്റെ പ്രതിരോധം.

”അപകടം ഉണ്ടായതിന്റെ പേരില്‍ മന്ത്രി രാജി വയ്ക്കണം എന്നുണ്ടോ. കര്‍ണാടകയില്‍ ക്രിക്കറ്റ് താരങ്ങള്‍ വന്നപ്പോള്‍ അപകടം ഉണ്ടായി. അന്ന് ആരെങ്കിലും ആരുടെയെങ്കിലും രാജി ആവശ്യപ്പെട്ടിരുന്നോ. വിമാന അപകടം നടന്നാല്‍ പ്രധാനമന്ത്രി രാജി വയ്ക്കണം എന്നാണോ”- എന്നും മന്ത്രി വി എന്‍ വാസവന്‍ ചോദിച്ചു.

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ സര്‍ക്കാരിന് എതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം സംസ്ഥാന വ്യാപകമായി ശക്തമാകുകയാണ്. അങ്കമാലിയില്‍ മന്ത്രി വി എന്‍ വാസവനെതിരെയും പ്രതിഷേധം അരങ്ങേറി. അങ്കമാലിയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാട്ടി. ആരോഗ്യമന്ത്രിക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി വിവിധ ജില്ലകളില്‍ ഡിഎംഒ ഓഫീസിലേക്ക് ഉള്‍പ്പെടെ പ്രതിപക്ഷ സംഘടനകള്‍ മാര്‍ച്ച് നടത്തിയിരുന്നു. വയനാട് മെഡിക്കല്‍ കോളേജില്‍ റീത്ത് വച്ചയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

സംസ്ഥാന സ്‌കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

സംസ്ഥാന സ്‌കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാന സ്‌കൂള്‍ കായികമേള തിരുവനന്തപുരത്തും നടക്കും.

ടിടിഐ/ പിപിടിടിഐ കലോത്സവം വയനാട്ടിലും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്തും നടക്കും. കഴിഞ്ഞ കലോത്സവത്തില്‍ തൃശൂരാണ് ചാമ്പ്യന്‍മാരായത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍ നൂറ്റാണ്ടിന് ശേഷം തൃശൂര്‍ ചാമ്പ്യന്മാരായത്. തിരുവനന്തപുരത്ത് വച്ചായിരുന്നു കലോത്സവം നടന്നത്.

പാലോട് 5 ലക്ഷത്തിലധികം വിലവരുന്ന ചന്ദനവുമായി രണ്ടുപേര്‍ പിടിയില്‍

പാലോട് 5 ലക്ഷത്തിലധികം വിലവരുന്ന ചന്ദനവുമായി രണ്ടുപേര്‍ പിടിയില്‍

നെടുമങ്ങാട് പാലോട് 5 ലക്ഷത്തിലധികം വിലവരുന്ന ചന്ദനവുമായി രണ്ടുപേര്‍ പിടിയില്‍ രഹസ്യവിവരത്തെ തുടർന്ന് പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പള്ളിക്കല്‍ തയ്ക്കാവിന് എതിർവശത്തു താമസിക്കുന്ന അബ്ദുള്‍ ജലീലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, കാർ പോർച്ചില്‍ നിന്ന് ഒരു ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്ന ചന്ദനവും വീടിന് പിറകില്‍നിന്ന് 3 ചാക്ക് ചന്ദനവുമാണ് പിടികൂടിയത്.102 കഷണം ചന്ദനവും ചീളുകളുമാണ് കണ്ടെത്തിയത്. പരിചയക്കാരനായ ഒരാള്‍ അങ്ങാടി മരുന്ന് എന്ന വ്യാജേന സൂക്ഷിക്കാൻ ഏല്പിച്ചതാണെന്ന അബ്ദുള്‍ ജലീലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ പാലക്കാട് ചെർപ്പുളശേരി നെല്ലായി കൂരിത്തോട് വീട്ടില്‍ മുഹമ്മദ് അലി (41),കല്ലുവാതുക്കല്‍ നടക്കല്‍ സജീവ് (49) എന്നിവരെ കഴിഞ്ഞ ദിവസം പുലർച്ചെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചലില്‍ സൂക്ഷിച്ചിരുന്ന ചന്ദനത്തടികളും പിടികൂടി.ഇവർ കൂടി കണ്ണികളായ ഒരു സംഘത്തെ ഇക്കഴിഞ്ഞ മാർച്ച്‌ 18ന് പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. മലപ്പുറം കേന്ദ്രീകരിച്ചുള്ള ഒരു വൻ റാക്കറ്റ് തന്നെ ഇതിന്റെ പിന്നിലുണ്ടെന്നും ചന്ദനമരം കണ്ടെത്തി വിലപേശുന്ന സംഘം, ചന്ദനമരം കിട്ടിയില്ലെങ്കില്‍ മുറിച്ചു കടത്തുകയാണ് പതിവ്. പ്രതികളുടെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ അറിയാൻ കഴിയൂവെന്ന് പാലോട് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ അറിയിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സന്തോഷ്‌കുമാർ,എസ്.എഫ്.ഒ സന്തോഷ്,ബി.എഫ്.ഒമാരായ ബിന്ദു,ഡോണ്‍,ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.പ്രതികളെ നെടുമങ്ങാട് വനം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.