കോട്ടയം മെഡിക്കല്‍ കോളജില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു; ഇടിഞ്ഞുവീണത് 14-ാം വാര്‍ഡ്

കോട്ടയം മെഡിക്കല്‍ കോളജില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു; ഇടിഞ്ഞുവീണത് 14-ാം വാര്‍ഡ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണു. പതിനാലാം വാര്‍ഡിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. മൂന്നുനില കെട്ടിടത്തിലെ ഓര്‍ത്തോപീഡിക് വാര്‍ഡിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്.വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീഴുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വാര്‍ഡിലുണ്ടായിരുന്ന രോഗികളെ മറ്റ് ഭാഗത്തേക്ക് മാറ്റുകയാണ്. രണ്ടുപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,840 രൂപയാണ്. ഗ്രാമിനും വില ആനുപാതികമായി വര്‍ധിച്ചു. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 9105 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് മാസാദ്യം മുതല്‍ സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഈ മാസം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്.

75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ഭാരതാംബ വിവാദം: സസ്‌പെന്‍ഷനെതിരെ രജിസ്ട്രാര്‍ കോടതിയിലേക്ക്, വിസിയുടെ നടപടി ചട്ടവിരുദ്ധമെന്ന് മന്ത്രി ബിന്ദു

ഭാരതാംബ വിവാദം: സസ്‌പെന്‍ഷനെതിരെ രജിസ്ട്രാര്‍ കോടതിയിലേക്ക്, വിസിയുടെ നടപടി ചട്ടവിരുദ്ധമെന്ന് മന്ത്രി ബിന്ദു

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തില്‍ തന്നെ സസ്പെന്‍ഡ് ചെയ്ത് കേരള വൈസ് ചാന്‍സലറുടെ നടപടിക്കെതിരെ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാര്‍ കോടതിയെ സമീപിക്കും. സസ്‌പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍ അനില്‍കുമാര്‍ പറഞ്ഞു. വിസിയുടെ സസ്‌പെന്‍ഷന്‍ നടപടിക്ക് നിയമസാധുത ഇല്ലെന്നാണ് അനില്‍കുമാറിന് ലഭിച്ച നിയമോപദേശം എന്നാണ് റിപ്പോര്‍ട്ട്. സസ്‌പെന്‍ഷന്‍ നടപടി അവഗണിച്ച് സര്‍വകലാശാലയില്‍ എത്താനാണ് രജിസ്ട്രാര്‍ അനില്‍കുമാറിന്റെ തീരുമാനമെന്നും സൂചനയുണ്ട്.

രജിസ്ട്രാറെ പിന്തുണച്ച് സര്‍ക്കാരും രംഗത്തെത്തി. വി സിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും, രജിസ്ട്രാര്‍ക്ക് പദവിയില്‍ തുടരാമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. നിലവിലെ നടപടി നിയമവിരുദ്ധമാണ്. നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. നിയമോപദേശം തേടിയശേഷം സര്‍ക്കാരും കോടതിയെ സമീപിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. രജിസ്ട്രാറുടെ ഭാഗത്തു നിന്നും ചട്ടവിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ല. വിസി അമിതാധികാര പ്രയോഗം നടത്തുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

സംഘര്‍ഷം ഒഴിവാക്കാനും മതേതരസ്വഭാവം നിലനിര്‍ത്താനുമാണ് രജിസ്ട്രാര്‍ ശ്രമിച്ചത്. സര്‍വകലാശാലയില്‍ ശാന്തമായ അന്തരീക്ഷം വേണമെന്നും വിസി അധികാരത്തില്‍ അഭിരമിക്കുന്നതല്ലാതെ മറ്റൊന്നും ശ്രദ്ധിക്കുന്നില്ല. വളരെ കൗശലപൂര്‍വ്വം നടപ്പാക്കുന്ന കാവിവല്‍ക്കരണ അജണ്ടയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പ്രതിബദ്ധരാണെന്നും മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.

എന്നാല്‍ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നിയമപരമാണെന്ന് വി സി മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു. സസ്‌പെന്‍ഷന്‍ അച്ചടക്ക നടപടിയല്ല, മാറ്റിനിര്‍ത്തല്‍ ആണ്. സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയാണെന്നും വിസി അഭിപ്രായപ്പെട്ടു. ജൂണ്‍ 25ന് സെനറ്റ് ഹാളില്‍ നടന്ന ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്നുണ്ടായ നടപടികളാണ് സസ്‌പെന്‍ഷനില്‍ കലാശിച്ചത്. എസ്എഫ്‌ഐ പ്രതിഷേധത്തെത്തുടര്‍ന്ന് പരിപാടി റദ്ദാക്കിയതായി രജിസ്ട്രാര്‍ സംഘാടകരെ അറിയിച്ചിരുന്നു.

ഗവര്‍ണര്‍ വേദിയിലായിരിക്കുമ്പോള്‍ ഹാളിലെ പരിപാടിക്കുള്ള അനുമതി റദ്ദാക്കിയ റജിസ്ട്രാറുടെ നടപടി ധിക്കാരപരമാണെന്നും ഗവര്‍ണര്‍ പദവിയോടുള്ള അനാദരവാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രജിസ്ട്രാറെ വിസി സസ്പെൻഡ് ചെയ്തത്. സിന്‍ഡിക്കേറ്റ് ചേരാത്ത അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാവുന്ന സര്‍വകലാശാല നിയമത്തിലെ വകുപ്പ് അനുസരിച്ചായിരുന്നു വിസിയുടെ നടപടി. എന്നാല്‍ അത്തരം അടിയന്തര സാഹചര്യം നിലവില്‍ ഇല്ലെന്നാണ് റജിസ്ട്രാറും സര്‍ക്കാരും പറയുന്നത്. സർവകലാശാലക്കു മുന്നിൽ ഗവർണർക്കും വിസിക്കുമെതിരെ ബാനർ കെട്ടിയ എസ്എഫ്ഐ, പകരം താൽക്കാലിക വിസിയായി നിയമിതയായ ഡോ.സിസ തോമസിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് സർവകലാശാലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഉപകരണങ്ങൾ വാങ്ങുന്നതിലെ കാലതാമസം ഒഴിവാക്കണം, ഡോ. ഹാരിസിനെതിരെ നടപടി വേണ്ട; അന്വേഷണ സമിതി റിപ്പോർട്ട്

ഉപകരണങ്ങൾ വാങ്ങുന്നതിലെ കാലതാമസം ഒഴിവാക്കണം, ഡോ. ഹാരിസിനെതിരെ നടപടി വേണ്ട; അന്വേഷണ സമിതി റിപ്പോർട്ട്

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വിമർശനം തള്ളാതെ വിദഗ്ധസമിതി റിപ്പോർട്ട്. ഉപകരണങ്ങൾ വാങ്ങുന്നത് അടക്കമുള്ള സംവിധാനങ്ങളുടെ പരിമിതി പരിഹരിക്കണം. ഉപകരണങ്ങൾ‌ എത്താൽ കാലതാമസം ഉണ്ടാകുന്നു എന്നത് വസ്തുതയാണ്. കാലതാമസം ഒഴിവാക്കണം. നടപടികൾ ലളിതമാക്കണം. സിസ്റ്റത്തിന് വീഴ്ചയുണ്ടെന്നും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സമിതി റിപ്പോർട്ട് മെഡിക്കൽ വിഭ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥന് നൽകി. ആരോ​ഗ്യ മന്ത്രി വീണാ ജോർജിന് റിപ്പോർട്ട് ഇന്ന് കൈമാറും.

ആലപ്പുഴ മെഡിക്കൽ കോളേജ് മേധാവി ഡോ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഡോ. ഹാരിസിന്റെ ആരോപണങ്ങളിൽ അന്വേഷണം നടത്തിയത്. ഡോ. ഹാരിസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടതും പരസ്യപ്രതികരണം നടത്തിയതും സർവീസ് ചട്ടലംഘനമാണ്. എന്നാൽ ഇതിന്റെ പേരിൽ ഡോ. ഹാരിസിനെതിരെ അച്ചടക്ക നടപടി വേണ്ടെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. ഡോ. ഹാരിസ് ഉന്നയിച്ച എല്ലാ പരാതികളും വസ്തുതയല്ലെന്നും സമിതി വിലയിരുത്തുന്നു. എന്നാൽ ചില പരാതികളിൽ കാര്യമുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

മെഡിക്കൽ കോളേജിൽ ഏറ്റവും രോഗീസാന്ദ്രതയേറിയ യൂറോളജി വിഭാഗത്തിൽ മതിയായ സംവിധാനമില്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ. ഡോ. ഹാരിസ് ഉൾപ്പെടെ ആർക്കെതിരേയും അച്ചടക്കനടപടിക്ക് റിപ്പോർട്ടിൽ ശുപാർശയില്ല. എച്ച്ഡിഎസിന്റെ ഫയൽനീക്കം സുഗമമാക്കണം, ഫയൽ കടന്നുപോകുന്ന തട്ടുകൾ കുറയ്ക്കണം എന്നീ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. സാമ്പത്തിക ഇടപാടുകളിൽ പ്രിൻസിപ്പൽമാർക്കും സൂപ്രണ്ടുമാർക്കും അധികാരം നൽകണമെന്നും സമിതി ശുപാർശ ചെയ്യുന്നു. സംവിധാനത്തിന്റെ പരിമിതികൾ മറ്റ് വകുപ്പുമേധാവിമാരും അന്വേഷണ സമിതിയെ അറിയിച്ചിട്ടുണ്ട്.

നടപടിക്രമം ലഘൂകരിക്കണമെന്ന നിർദേശം വകുപ്പുമേധാവികൾ മുന്നോട്ടുവെച്ചിരുന്നു. മൂത്രാശയക്കല്ല് പൊടിക്കുന്ന ലാത്തോക്ലാസ്റ്റ് പ്രോബ് ഉപകരണക്ഷാമത്തെത്തുടർന്നാണ് ഡോ. ഹാരിസിന്റെ യൂണിറ്റിൽ ശസ്ത്രക്രിയ മുടങ്ങിയത്. ബുധനാഴ്ചയും വിദഗ്ധസമിതി അംഗങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി തെളിവുശേഖരിച്ചിരുന്നു. മെഡിക്കൽ ഉപകരണങ്ങളും മരുന്നും വാങ്ങുന്നതുസംബന്ധിച്ച്, ആശുപത്രി വികസനസമിതിയുടെ നടപടികളാണ് പരിശോധിച്ചത്. കഴിഞ്ഞ ഒരുവർഷത്തെ ശസ്ത്രക്രിയാവിവരങ്ങളും സമിതി പരിശോധിച്ചു. ഇതിനുശേഷം രാത്രിയോടെയാണ് റിപ്പോർട്ട് കൈമാറിയത്.

നഗരസഭയിലെ ആറ്റിങ്ങൽ വനിതാ-ശിശുവികസന പദ്ധതിക്ക് കീഴിൽ താൽക്കാലിക തസ്‌തികളിൽ ഒഴിവ്

നഗരസഭയിലെ ആറ്റിങ്ങൽ വനിതാ-ശിശുവികസന പദ്ധതിക്ക് കീഴിൽ താൽക്കാലിക തസ്‌തികളിൽ ഒഴിവ്

നഗരസഭയിലെ ആറ്റിങ്ങൽ വനിതാ-ശിശുവികസന പദ്ധതിക്ക് കീഴിൽ ഒക്യുപേഷണൽ & ബിഹേവിയറൽ തെറാപിസ്റ്റ്, കമ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ എന്നീ താൽക്കാലിക തസ്‌തികളിലെ ഓരോ ഒഴിവിലേക്ക് വനിതകളെ തെരഞ്ഞെടുക്കുന്നതിനായി 08/07/2025 ചൊവ്വാഴ്‌ച പകൽ 2.00 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടക്കുന്നു.

സൈക്കോളജി, സോഷ്യോളജി, ഹോം സയൻസ് എന്നീ വിഷയങ്ങളിലേതിലെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള വനിതകൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നഗരസഭാ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – ഫോൺ നമ്പർ: 9048591979