by Midhun HP News | Jul 3, 2025 | Latest News, കേരളം
തിരുവനന്തപുരം: തെരുവുനായ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. മൂന്ന് സ്ത്രീകളും ഒന്‍പത് ഇതര സംസ്ഥാന തൊഴിലാളികളുമടക്കം ഇരുപതോളം പേര്‍ക്ക് നായയുടെ കടിയേറ്റു.
പോത്തന്‍കോട് ജങ്ഷന്‍ മുതല്‍ ഒന്നര കിലോമീറ്റര്‍ അകലെ പൂലന്തറ വരെയുള്ളവര്‍ക്ക് നായയുടെ കടിയേറ്റിട്ടുണ്ട്. നായയെ കണ്ടെത്താനായില്ല. പോത്തന്‍കോട് ബസ്സ് സ്റ്റാന്റിലേക്കും മേലേമുക്കിലേക്കും തുടര്‍ന്ന് പൂലന്തറ ഭാഗത്തേക്കുമാണ് നായ ഓടിയത്.
എല്ലാവര്‍ക്കും കാലിലാണ് കടിയേറ്റത്. കടിയേറ്റവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. നായയെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും.
by Midhun HP News | Jul 3, 2025 | Latest News, കേരളം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ ഇന്നലെ രണ്ട് തവണ വിഎസിന് ഡയാലിസിസ് നിർത്തിവയ്ക്കേണ്ടി വന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഡോക്ടർമാരുടെ സംഘം പരിശോധിച്ച ശേഷം ഉച്ചയ്ക്ക് 12 മണിയോടെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിടും.
രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുന്നുണ്ട്. തുടർച്ചയായ ഡയാലിസിസ് നടത്താൻ ആണ് മെഡിക്കൽ ബോർഡ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഹൃദയാഘാതത്തെ തുടർന്ന് ഇക്കഴിഞ്ഞ 23-ാം തീയതിയാണ് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്.
മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ ശിവഗിരിയിലെ സന്യാസി സംഘം ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മകൻ വി എ അരുൺ കുമാറിനോട് അന്വേഷിച്ചറിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവരും നേരത്തെ ആശുപത്രിയിലെത്തിയിരുന്നു.
by Midhun HP News | Jul 3, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
by Midhun HP News | Jul 2, 2025 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: ലഹരിവിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് കടമ്പാട്ടുകോണം എസ്.കെ.വി ഹൈസ്കൂളിലെ എസ്.പി.സി, സ്കൗട്ട് & ഗൈഡ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സംയുക്തമായി ‘ദുരന്തലഹരി’ എന്ന പേരിൽ വിപുലമായ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ‘ജീവിതലഹരിയിലേക്ക് ഉണർന്നുയരാം’ എന്ന സന്ദേശം പകർന്ന് നിരവധി വ്യത്യസ്ത പരിപാടികളാണ് സ്കൂൾ സീനിയർ അധ്യാപിക ദീപ്തി എസ്.എലിൻ്റെ നേതൃത്വത്തിൽ അരങ്ങേറിയത്.
പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരിവിരുദ്ധ സന്ദേശം എന്നിവ നൽകി. സ്കൂളിലെ എസ്.പി.സി, സ്കൗട്ട് യൂണിറ്റുകൾ ‘ജ്വാല’ എന്ന പേരിൽ ലഹരിവിരുദ്ധ റാലി നടത്തി. ലഹരിവിരുദ്ധ നൃത്താവിഷ്കരണം, ഫ്ലാഷ് മോബ്, സൂംബാ ഡാൻസ്, മൈം തുടങ്ങിയ ആകർഷകമായ പരിപാടികളും അവതരിപ്പിച്ചു.
പള്ളിക്കൽ ജംഗ്ഷനിൽ നടന്ന പരിപാടി പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഉദ്ഘാടനം ചെയ്തു. സ്കൂളിലെ അധ്യാപകനും മജീഷ്യനുമായ ഷാജു കടയ്ക്കലും പള്ളിക്കൽ ഐ.എസ്.എച്ച്.ഒ രാജീവ്കുമാറും ചേർന്ന് അവതരിപ്പിച്ച ലഹരിവിരുദ്ധ മാജിക് ജനങ്ങൾക്ക് ആവേശവും പുത്തൻ അനുഭവവുമായി.
പി.റ്റി.എ പ്രസിഡൻ്റ് ബിജു, സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി ആർ.കെ.ദിലീപ്കുമാർ, സി.പി.ഒ സിബി അധ്യാപകരായ അജീഷ്, ശാന്തി, എസ്.എൽ.കുറുപ്പ്, വിഷ്ണു, ഹരിശങ്കർ എന്നിവർ പങ്കെടുത്തു.
by Midhun HP News | Jul 2, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കിഴുവിലം ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ രാത്രിയുടെ മറവിൽ മാലിന്യങ്ങൾ തള്ളുകയാണ്. ആഹാര അവശിഷ്ടങ്ങൾ, കുടിവെള്ള കുപ്പികൾ, ഭക്ഷണ കണ്ടൈനറുകൾ എന്നിവയാണ് മാലിന്യത്തിൽ ഉള്ളത്. മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് കവറുകളിൽ ആണ് കൊണ്ട് തള്ളിയിരിക്കുന്നത്. ട്രെയിനിൽ നിന്നുള്ള മാലിന്യമാണ് ഇവയെന്ന പ്രാദേശിക ഭരണകൂടങ്ങൾ സ്ഥിരീകരിച്ചു.
ട്രെയിനുകളിലെ മാലിന്യം നീക്കം ചെയ്യുന്നതിന് കരാറെടുക്കുന്നവർ ശേഖരിക്കുന്ന മാലിന്യം ഇവിടെ കൊണ്ട് തള്ളിയതാകുമെന്ന് കരുതപ്പെടുന്നത്. റെയിൽ നീർ ഉൾപ്പെടെയുള്ള ട്രെയിനിലെ ഭക്ഷണപാനീയങ്ങളുടെ പാക്കറ്റുകളും കുപ്പികളും ആണ് ഈ മാലിന്യത്തിൽ കൂടുതലായി ഉള്ളത്. ഐ.ആർ.സി.ടി.സി ലേബലുള്ള വിവിധ സാധനങ്ങൾ ഇക്കൂട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. പൂർണ്ണമായും ട്രെയിനിൽ ഉണ്ടാകാൻ സാധ്യതയുള്ള മാലിന്യങ്ങൾ മാത്രമാണ് ഈ മാലിന്യ കൂമ്പാരങ്ങളിൽ ഉള്ളത്.
ശുചിത്വത്തെ കുറിച്ച് ട്രെയിൻ ബോഗികളിലും റെയിൽവേ സ്റ്റേഷനുകളിലും ബോധവത്കരണ പ്രഹസനം നടത്തുന്ന റെയിൽവേ തന്നെയാണ് ഉദ്യോഗസ്ഥരുടെ അറിവോടെ ഇത്തരത്തിൽ മാലിന്യങ്ങൾ ഗ്രാമ പ്രദേശങ്ങളിൽ തള്ളുന്നതെന്ന് കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീകണ്ഠൻ നായർ ആരോപിച്ചു. പൊതുസ്ഥലങ്ങളിലും സ്വകാര്യവ്യക്തിയുടെ പുരയിടങ്ങളിലും ഉള്ള മാലിന്യനിക്ഷേപത്തിനെതിരെ കിഴുവിലം ഗ്രാമ പഞ്ചായത്ത് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ, തിരുവനന്തപുരം ഡിവിഷണൽ ഓഫീസർ ഉൾപ്പെടെയുള്ളവർക്ക് എതിരെ നിയമനുസൃത നോട്ടീസ് അയക്കാനും ഫൈൻ ഈടാക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
രണ്ടാഴ്ചയായി ആറ്റിങ്ങലിൽ ദേശീയപാത നിർമ്മാണ മേഖലയിൽ വൻ തോതിൽ മാലിന്യം കൊണ്ട് തള്ളിയിരുന്നു. ദേശീയപാത ബൈപാസ് നിർമ്മാണ മേഖലയിൽ ആണ് അന്ന് മാലിന്യ നിക്ഷേപം ഉണ്ടായത്. ആറ്റിങ്ങൽ നഗരസഭയിൽ തോട്ടവാരം ബൈപാസ് നിർമ്മാണ മേഖലയിലും കൊല്ലമ്പുഴയിലും ആണ് മാലിന്യ നിക്ഷേപം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലാണ് ഇവിടെ മാലിന്യ നിക്ഷേപം തുടങ്ങിയത്. ഓരോ ദിവസം കഴിയുന്തോറും കുന്ന് കൂടുന്ന മാലിന്യത്തിൻ്റെ അളവ് വർദ്ധിക്കുന്നു. ലോഡ് കണക്കിന് മാലിന്യമാണ് പ്രതിദിനം കൊണ്ട് ഇടുന്നത്. ഓരോ ദിവസവും ഓരോ മേഖലയിൽ കൊണ്ട് തള്ളുകയാണ് ആദ്യം നഗരസഭയുടെ പ്രാന്തപ്രദേശങ്ങളിൽ ആയിരുന്നുവെങ്കിൽ ഇപ്പോൾ കിഴിലം പഞ്ചായത്തിന്റെ വിവിധ മേഖലയിലേക്ക് മാറിയിട്ടുണ്ട്.
Recent Comments