by Midhun HP News | Jul 2, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: തൊഴില്‍ സൃഷ്ടിക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി ബജറ്റില്‍ പ്രഖ്യാപിച്ച തൊഴില്‍ ബന്ധിത ആനുകൂല്യ പദ്ധതിക്ക് ( ഇഎല്‍ഐ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭായോഗം ചൊവ്വാഴ്ച അംഗീകാരം നല്‍കി. സ്വകാര്യമേഖലയില്‍ ആദ്യ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രോത്സാഹനമെന്ന നിലയില്‍ സര്‍ക്കാര്‍ 15000 രൂപ വരെ നല്‍കുന്നത് അടക്കം തൊഴില്‍ സൃഷ്ടിക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് പദ്ധതി.
എല്ലാ മേഖലകളിലും തൊഴില്‍ സൃഷ്ടിക്കല്‍ പ്രോത്സാഹിപ്പിക്കുക, തൊഴിലവസരക്ഷമത വര്‍ദ്ധിപ്പിക്കുക, സാമൂഹിക സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉല്‍പ്പാദന മേഖലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പദ്ധതി ഊന്നല്‍ നല്‍കുന്നു. 99,446 കോടി രൂപ അടങ്കലുള്ള പദ്ധതി വഴി രാജ്യത്ത് 3.5 കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹായകമാകുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
2024-25 ബജറ്റ് പ്രഖ്യാപനമാണ് യാഥാര്‍ഥ്യമാകുന്നത്. ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ജീവനക്കാരെ ലക്ഷ്യം വച്ചുള്ളതാണ് പദ്ധതി. അവര്‍ക്ക് രണ്ട് ഗഡുക്കളായി 15,000 രൂപ വരെ ഒരു മാസത്തെ ഇപിഎഫ് വേതനമായി നല്‍കും.ഒരു ലക്ഷം വരെ ശമ്പളമുള്ള ജീവനക്കാര്‍ക്ക് ഈ പദ്ധതിക്ക് അര്‍ഹതയുണ്ടായിരിക്കും.’ആറ് മാസത്തെ ജോലിക്ക് ശേഷം ആദ്യ ഗഡുവും പന്ത്രണ്ട് മാസത്തിന് ശേഷം രണ്ടാമത്തെ ഗഡുവും നല്‍കും. സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി, ഈ തുകയുടെ ഒരു ഭാഗം പിന്നീട് പിന്‍വലിക്കാവുന്ന ഒരു സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കും.’- കേന്ദ്രസര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.
പുതിയ തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലുടമകള്‍ക്കും പ്രോത്സാഹനം ലഭിക്കും. അധികമായി റിക്രൂട്ട് ചെയ്യുന്ന ഓരോ ജീവനക്കാരനും പരമാവധി 3000 രൂപ വരെയെന്ന കണക്കില്‍ രണ്ടുവര്‍ഷത്തേക്കാണ് തൊഴിലുടമകള്‍ക്ക് ആനുകൂല്യം ലഭിക്കുക. 50ല്‍ താഴെ ജീവനക്കാരുള്ള തൊഴിലുടമകള്‍ യോഗ്യത നേടുന്നതിന് കുറഞ്ഞത് രണ്ട് അധിക തൊഴിലാളികളെയെങ്കിലും നിയമിക്കണം. അതേസമയം 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ളവര്‍ കുറഞ്ഞത് അഞ്ച് പേരെയെങ്കിലും നിയമിക്കണം.
പദ്ധതി പ്രകാരമുള്ള പേയ്മെന്റുകള്‍ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കും. ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) വഴിയാണ് ജീവനക്കാര്‍ക്ക് ഇത് ലഭിക്കുക. അതേസമയം തൊഴിലുടമകള്‍ക്ക് അവരുടെ പാന്‍-ലിങ്ക് ചെയ്ത ബിസിനസ്സ് അക്കൗണ്ടുകളിലാണ് പേയ്മെന്റുകള്‍ ലഭിക്കുക
പ്രതിമാസം 10,000 രൂപ വരെ വരുമാനം നേടുന്ന ഓരോ പുതിയ ജീവനക്കാരനെ കണക്കാക്കി തൊഴിലുടമയ്ക്ക് 1,000 വരെ പ്രതിമാസ ഇന്‍സെന്റീവ് ലഭിക്കും. കൃത്യമായ തുക വ്യത്യാസപ്പെടാം. പ്രതിമാസം 20,000 രൂപ വരെ വരുമാനമുണ്ടെങ്കില്‍, തൊഴിലുടമയ്ക്ക് ഒരു ജീവനക്കാരന്‍ എന്ന കണക്കില്‍ പ്രതിമാസം 2,000 രൂപ എന്ന നിരക്കില്‍ ഇന്‍സെന്റീവ് ലഭിക്കും. 20,000 രൂപയ്ക്ക് മുകളില്‍ 3000 രൂപയുമായിരിക്കും തൊഴിലുടമയ്ക്ക് ആനുകൂല്യമായി ലഭിക്കുക.
by Midhun HP News | Jul 2, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വർധനവ്. പവന് 360 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ , ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 72,520 രൂപയാണ്. സ്വർണവില കഴിഞ്ഞ ദിവസവും വർധിച്ചിരുന്നു. ആഭരണപ്രേമികൾക്ക് ആശങ്ക ജനിപ്പിക്കുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 45 രൂപ ഉയർന്ന് 9065 രൂപയിലെത്തി.
ഇന്ന് 24 കാരറ്റ് സ്വർണവില 9,841 രൂപയിലെത്തി. 18 കാരറ്റിന് ഒരു ഗ്രാമിന് 7,381 രൂപയും പവന് 59,048 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 120 രൂപയിലെത്തി. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 90,210 രൂപ വരെ ചിലവ് വരും. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.450 ലക്ഷം രൂപ വേണം.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
by Midhun HP News | Jul 2, 2025 | Latest News, കേരളം
തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ആറ്റിങ്ങൽ ക്ഷേത്ര കലാപീഠത്തിൽ പഞ്ചവാദ്യം, തകിൽ, നാഗസ്വരം ത്രിവത്സര കോഴ്‌സിലേക്ക് സീറ്റൊഴിവുണ്ട്. താല്പ്‌പര്യമുള്ളവർ ആറ്റിങ്ങൽ കൊല്ലമ്പുഴ കോയിക്കൽ കൊട്ടാരത്തിൽ പ്രവർത്തിക്കുന്ന ക്ഷേത്ര കലാപീഠത്തിൽ നിന്ന് അപേക്ഷ ഫാറം വാങ്ങുകയോ ബോർഡിൻറെ വെബ് സൈറ്റായ www.travancoredevaswamboard.org-ൽ നിന്നും ഡൗൺലോഡ് ചെയ്ത് അപേക്ഷ ഫാറം എടുക്കുകയോ ചെയ്യാം.
അപേക്ഷകർ 15 നും 20നും മദ്ധ്യേ പ്രായമുള്ള വരും പത്താം ക്ലാസ് പാസായിട്ടുള്ളവരും (പ്ലസ് ടു പാസായവർക്ക് മുൻഗണന) ഹിന്ദു സമുദായത്തിൽപ്പെട്ട ആൺകുട്ടികളും ആയിരിക്കണം. അഡ്‌മിഷൻ ലഭിക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ദേവസ്വം ബോർഡ് നൽകുന്നതാണ്. ഇവിടെ പഠിച്ച കുട്ടികൾക്ക് എല്ലാ ക്ഷേത്രങ്ങളിലും അവസരമുണ്ട്. ഒരിക്കലും വെറുതെ നിൽക്കേണ്ടി വരില്ല. പാസ്സാകുന്ന കുട്ടികൾക്ക് ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ 80% സംവരണം ഉണ്ട്. ഇത്രയും ജോലി കിട്ടുമെന്ന് ഉറപ്പുള്ള മറ്റൊരു കോഴ്‌സും കേരളത്തിലില്ല.
വിശദവിവരങ്ങൾക്ക്: 9633947970, 7591969060, 6282943725
അപേക്ഷ അയക്കേണ്ട മേൽവിലാസം:
മാനേജർ, കോയിക്കൽ ക്ഷേത്രകലാപീഠം, കൊല്ലമ്പുഴ, ആറ്റിങ്ങൽ പി.ഒ
by Midhun HP News | Jul 2, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: യാത്രക്കാരുടെ ട്രെയിന്‍യാത്ര സുഗമമാക്കുന്നതിന് എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് ബുക്കിങ് മാത്രമല്ല പിഎന്‍ആര്‍, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, ട്രെയിന്‍ ട്രാക്കിങ്, അണ്‍ റിസര്‍വ്ഡ് ടിക്കറ്റ്, പിഎന്‍ആര്‍ സ്റ്റാറ്റസ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒരു ആപ്പില്‍ ലഭിക്കുന്ന തരത്തില്‍ റെയില്‍വണ്‍ ആപ്പ് ആണ് ഇന്ത്യന്‍ റെയില്‍വേ ലോഞ്ച് ചെയ്തത്.
വിവിധ പ്ലാറ്റ്‌ഫോമുകളിലായി ലഭിച്ചിരുന്ന സേവനങ്ങളെല്ലാം യാത്രക്കാര്‍ക്ക് ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. റെയില്‍ യാത്രയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ് എന്നതാണ് പ്രത്യേകത. ട്രെയിന്‍ യാത്രയിലെ പരാതികളും ഇതില്‍ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്.റെയില്‍വണ്‍ ആപ്പ് ആന്‍ഡ്രോയിഡ് ഐഒഎസ് പ്ലാറ്റ് ഫോമുകളില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലെ ലോഗിനില്‍ (റെയില്‍ കണക്ട്/ UTS) ഈ ആപ്പില്‍ ലോഗിന്‍ ചെയ്യാം. റെയില്‍വേ ഇ-വാലറ്റ് സംവിധാനവും ലഭ്യമാണ്.
നിലവില്‍ ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് വിവിധ സേവനങ്ങള്‍ക്കായി ഒന്നിലധികം ആപ്പുകളും വെബ്സൈറ്റുകളും ലഭ്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി IRCTC റെയില്‍ കണക്റ്റ്, ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനായി IRCTC ഇ-കാറ്ററിങ് ഫുഡ് ഓണ്‍ ട്രാക്ക്, റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ക്കായി UTS, ട്രെയിന്‍ ട്രാക്ക് ചെയ്യുന്നതിനായി നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
റെയില്‍വണ്‍ ആപ്പ് പ്രത്യേകതകള്‍
ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ ഉള്‍പ്പെടുത്തി എല്ലാ റെയില്‍വേ സേവനങ്ങളെയും ഒരു സ്ഥലത്ത് ഏകീകരിക്കുന്നു.
ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോര്‍, ഐഒഎസ് ആപ്പ് സ്റ്റോര്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് പുതിയ റെയില്‍വണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഒന്നിലധികം പാസ്വേഡുകള്‍ ഓര്‍മിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്ന ഒറ്റ-സൈന്‍-ഓണ്‍ ശേഷിയാണ് സവിശേഷത.
ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള RailConnect അല്ലെങ്കില്‍ UTSonMobile ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് റജിസ്റ്റര്‍ ചെയ്യാം.കൂടാതെ, ഉപയോക്താക്കള്‍ക്ക് ഇനി വ്യത്യസ്ത ഇന്ത്യന്‍ റെയില്‍വേ സേവനങ്ങള്‍ക്കായി പ്രത്യേക ആപ്ലിക്കേഷനുകള്‍ ആവശ്യമില്ല
ആപ്ലിക്കേഷനില്‍ ആര്‍-വാലറ്റ് (റെയില്‍വേ ഇ-വാലറ്റ്) പ്രവര്‍ത്തനം ഉള്‍പ്പെടുന്നു.
ഉപയോക്താക്കള്‍ക്ക് ലളിതമായ സംഖ്യാ എംപിന്‍, ബയോമെട്രിക് ലോഗിന്‍ ഓപ്ഷനുകള്‍ വഴി അവരുടെ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാം.
പുതിയ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ വിവരങ്ങള്‍ മാത്രം നല്‍കി റജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാം, അന്വേഷണങ്ങള്‍ക്ക്, മൊബൈല്‍ നമ്പര്‍/ഒടിപി കൊടുത്ത് അന്വേഷിക്കാം.
by Midhun HP News | Jul 2, 2025 | Latest News, കേരളം
ചടയമംഗലം: പോരേടം വെള്ളൂപ്പാറ സ്കൂളിന് സമീപം കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയതായി ഗുരുതരമായ പരാതി. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വെള്ളൂപ്പാറ ചിറക്ക് സമീപം, തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഒരു കാർ സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിക്കൊണ്ടിരുന്ന കുട്ടികളുടെ സമീപത്ത് നിർത്തിയ ശേഷം ബാഗിൽ പിടിച്ചു വലിക്കുകയും, കുട്ടികളെ വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുകയും ചെയ്തു.
കുട്ടികൾ ഉടൻ കുതിച്ചോടി നിലവിളി മുഴക്കിയതിനെ തുടർന്ന്, വാഹനം പള്ളിക്കൽ ഭാഗത്തേക്ക് ഓടിച്ചു പോയതായി നാട്ടുകാർ പറയുന്നു.
വിവരം ലഭിച്ചതോടെ ചടയമംഗലം പോലീസ് സംഘം അടിയന്തരമായി അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, കാറിലെത്തിയവർ കുട്ടികളുടെ ബാഗിൽ പിടിക്കുന്നത് വ്യക്തമായതായി പോലീസ് അറിയിച്ചു.
തുടർന്ന് നടന്ന അന്വേഷണത്തിൽ വാഹനം തമിഴ്നാട് സ്വദേശിയുടേതാണെന്നും, റെന്റ് എ കാർ സർവീസിലൂടെയാണ് ഉപയോഗിച്ചതെന്നും കണ്ടെത്തി. വാഹനത്തിന്റെ ഉടമയെ ഉടൻ ബന്ധപ്പെട്ടു വാടകയ്ക്ക് എടുത്തവരെയും പോലീസ് വർക്കല ഭാഗത്തുനിന്നും കണ്ടെത്തി. ഇവരെ തന്ത്രപൂർവ്വം ചടയമംഗലം പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായ ചോദ്യം ചെയ്യൽ ആരംഭിച്ചു.
പ്രാഥമിക അന്വേഷണത്തിൽ, ജടായുപ്പാറ സന്ദർശിക്കാൻ എത്തിയ സംഘമാണെന്നും, കാർ യാത്രക്കാർ മദ്യപിച്ചിരുന്നുവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിന്റെ എല്ലാ കോണുകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ് പോലീസ്.
പ്രദേശത്തെ രക്ഷിതാക്കളിലും കുട്ടികളിലും ഏറെ ആശങ്കയാണ് സംഭവത്തിന് പിന്നാലെ വ്യാപിച്ചത്. പോലീസ് സുരക്ഷ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
Recent Comments