by Midhun HP News | Jul 2, 2025 | Latest News, കേരളം
കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്‌റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ്, അഷ്‌റഫ് ജോലി ചെയ്യുന്ന സ്‌കൂള്‍ മാനേജര്‍ക്ക് നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് കത്തു നല്‍കിയത്.
അഷ്‌റഫിനെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടി 24 മണിക്കൂറിനകം സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം ടി കെ അഷ്‌റഫ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്ന് കത്തില്‍ പറയുന്നു. അഷ്‌റിന്റെ എഫ്ബി പോസ്റ്റും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ ടി കെ അഷ്‌റഫ് ആയിരുന്നു ആദ്യം പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്. പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് സംഗീതത്തിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാം. താന്‍ ഈ കാര്യത്തില്‍ പ്രാകൃതനാണെന്നും അഷ്‌റഫ് അഭിപ്രായപ്പെട്ടിരുന്നു.
സൂംബ പദ്ധതിയെ വിമര്‍ശിച്ചതിന് ടി അഷ്‌റഫിനെതിരെ നടപടി സ്വീകരിക്കാനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വിമര്‍ശിച്ചു. ജെന്‍ഡര്‍ സാമൂഹ്യ നിര്‍മ്മിതിയാണ്’ എന്ന ആശയം ലൈംഗിക അരാജകത്വങ്ങള്‍ക്കുള്ള ഒരു തുറന്ന വാതിലാണ് എന്നും സംഘടന കുറ്റപ്പെടുത്തി.
by Midhun HP News | Jul 2, 2025 | Latest News, കേരളം
തൃശൂർ: പുരസ്‌കാരം ലഭിച്ച തുക തിരികെ കൈമാറി റാപ്പര്‍ വേടന്‍ (ഹിരൺദാസ് മുരളി). തൃശൂര്‍ തളിക്കുളത്തെ പ്രിയദര്‍ശിനി വായനശാലയുടെ പ്രഥമ പ്രിയദര്‍ശിനി വായനശാല പുരസ്‌കാരം ആണ് സ്വീകരിച്ച ശേഷം പുരസ്‌കാരത്തുകയായ ഒരു ലക്ഷം രൂപ വായനശാലയ്ക്കു വേടന്‍ തിരികെ നൽകിയത്. ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപിയാണ് പുരസ്‌കാരം സമ്മാനിച്ചത്.
പുരസ്‌കാര തുക ലൈബ്രറി പ്രസിഡന്റ് ടിഎന്‍ പ്രതാപന് തിരികെ നല്‍കുന്നതായി വേടന്‍ പ്രഖ്യാപിച്ചു. “ഇത്രയും അവാര്‍ഡുകള്‍ക്ക് ഞാന്‍ അര്‍ഹനാണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ഒരു ലക്ഷം രൂപയും എനിക്ക് സമ്മാനമായി നല്‍കിയിട്ടുണ്ട്. ദയവ് ചെയ്ത് ആ കാശും വായനശാലയിലേക്ക് പുസ്തകങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കണം” എന്നാണ് വേടന്‍ പ്രതികരിച്ചത്.
വായനശാലയിലേക്ക് പുസ്തകങ്ങള്‍ വാങ്ങാനാണ് പുരസ്‌കാര തുകയായ ഒരു ലക്ഷം രൂപ തിരികെ നല്‍കിയതെന്നും വേടന്‍ പറഞ്ഞു. വായനശാലയിലേക്ക് സംഭാവന ചെയ്യാന്‍ കൊണ്ടുവന്ന പുസ്തകങ്ങളും തുകയോടൊപ്പം വേടന്‍ കൈമാറി. തുടര്‍ന്ന് താന്‍ പറയുന്ന ആളല്ല പാടുന്ന ആളാണെന്ന് പറഞ്ഞ വേടന്‍ മൂന്ന് റാപ്പ് ഗാനങ്ങളും പാടി.
by Midhun HP News | Jul 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആര്യനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ ഗുൽമോഹർ മരം ഒടിഞ്ഞു വീണു. കഴിഞ്ഞ ദിവസം രാവിലെ 11മണിക്കാണ് മരം ഒടിഞ്ഞു വീണത്. മരം വീണപ്പോൾ കുട്ടികൾ ആരും കെട്ടിടത്തിനു പുറത്ത് ഉണ്ടായിരുന്നില്ല. എല്ലാ കുട്ടികളും ക്ലാസ് മുറിയിൽ ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
by Midhun HP News | Jul 2, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ച് പ്രതി കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍ പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയും വിധിച്ച കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ കിരണ്‍ കുമാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് അനുവദിച്ച് കൊണ്ടാണ് സുപ്രീംകോടതി കിരണ്‍ കുമാറിന് ജാമ്യം നല്‍കിയത്.
വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം തുടങ്ങിയവയാണ് കിരണ്‍കുമാറിന്റെ ഹര്‍ജിയിലെ ആവശ്യം. നേരത്തെ ഇതേ ആവശ്യങ്ങളുമായി കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, രണ്ടുവര്‍ഷമായിട്ടും ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകാത്തതിനാലാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.
തനിക്കെതിരായ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയിലെ പ്രധാനവാദം. വിസ്മയയുടെ ആത്മഹത്യയില്‍ തന്നെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ല. തന്റെ ഇടപെടല്‍ കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കാനായില്ല. താന്‍ മാധ്യമവിചാരണയുടെ ഇരയാണെന്നും കിരണ്‍കുമാറിന്റെ ഹര്‍ജിയിലുണ്ട്. വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരണ്‍കുമാറിന് ശിക്ഷ വിധിച്ചത്. 2021 ജൂണിലാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃ വീട്ടില്‍ ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
by Midhun HP News | Jul 2, 2025 | Latest News, കേരളം
കോന്നി ആനക്കൊട്ടിലിലെ ആന ചരിഞ്ഞു. ആനക്കൊട്ടിലിലെ കൊച്ചയ്യപ്പൻ എന്ന ആനയാണ് ചരിഞ്ഞത്. ഇന്ന് രാവിലെ ആറരയോടെ പാപ്പാനാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. അഞ്ച് വയസായിരുന്നു കുട്ടിയാനയുടെ പ്രായം. അസുഖബാധിതനായിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കുമെന്നും കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി അറിയിച്ചു. രാവിലെ ആനയെ താമസിപ്പിച്ചിരുന്ന സ്ഥലത്ത് തന്നെ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.2021 ആഗസ്ത് 19ന് റാന്നി ഡിവിഷൻ ഗൂഡ്രിക്കൽ റെയ്ഞ്ച് കൊച്ചാണ്ടി കിളിയെറിഞ്ഞാൻകല്ല് ഭാഗത്തുനിന്നുമാണ് കൊച്ചയപ്പനെ ലഭിച്ചത്. അപ്പോൾ കൊച്ചയ്യപ്പന് ഡോക്ടർ കണക്കാക്കിയ ഏകദേശ പ്രായം ഒരു വയസായിരുന്നു. 2021 സെപ്തംബറിലാണ് കോന്നി ആനക്കൊട്ടിലിലേക്ക് കൊച്ചയ്യപ്പനെ എത്തിച്ചത്. വൈറസ് ബാധയാണ് മരണ കാരണമെന്നാണ് സംശയം.
Recent Comments