ട്രെയിനിൽ മൊബൈൽ മോഷ്ടിച്ചതിന് പിടിയിൽ; ജില്ലാ ജയിലിൽ നിന്നും പ്രതി കടന്നുകളഞ്ഞു

ട്രെയിനിൽ മൊബൈൽ മോഷ്ടിച്ചതിന് പിടിയിൽ; ജില്ലാ ജയിലിൽ നിന്നും പ്രതി കടന്നുകളഞ്ഞു

കോട്ടയം: മോഷണക്കേസ് പ്രതി കോട്ടയം ജില്ലാ ജയിലിൽ നിന്നും രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുൾ ഇസ്ലാമാണ് ജയിൽ ചാടിയത്. തിങ്കളാഴ്ച വൈകിട്ടാണ് ജയിലിൽ നിന്നും പ്രതി രക്ഷപ്പെട്ടത്. രണ്ടു ദിവസം മുൻപാണ് ട്രെയിനിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അമിനുൽ ഇസ്ലാമിനെ കോട്ടയം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി എങ്ങനെ ജയിലിൽ നിന്നും രക്ഷപ്പെട്ടു എന്നതു സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

പ്രതിയെ പിടികൂടാൻ ജില്ലയിലുടനീളം വ്യാപക തിരച്ചിൽ നടത്തിവരികയാണ്. പ്രതി ജില്ല വിട്ടുപോകാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നു; വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് എംഎ ബേബി

മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നു; വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് എംഎ ബേബി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് എംഎ ബേബി പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വിഎസിനെ സന്ദർശിച്ചതിന് ശേഷമായിരുന്നു ബേബിയുടെ പ്രതികരണം.

തുടർച്ചയായ ഡയാലിസിസ് ഇന്നുമുതൽ തുടങ്ങും. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കൊണ്ട് ഈ ആരോഗ്യ അവസ്ഥയെ വിഎസ് മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, നേരത്തെ ഇറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം വിഎസിൻ്റെ ആരോ​ഗ്യാവസ്ഥ ​ഗുരുതരമായി തുടരുകയാണ്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘത്തിന്റെ വിലയിരുത്തൽ.

രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലല്ല. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് വിദഗ്ധ സംഘത്തിന്റെയും നിർദ്ദേശം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കടുത്ത ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വീണ്ടും കുതിപ്പ്; സ്വർണവില പവന് 840 രൂപ കൂടി

വീണ്ടും കുതിപ്പ്; സ്വർണവില പവന് 840 രൂപ കൂടി

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 72000 കടന്നു. 72,160 രൂപയാണ് ഏറ്റവും പുതിയ വില. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് ഇന്നത്തെ വര്‍ധന.

ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പശമൈലാറമിലുള്ള സിഗാച്ചി ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ റിയാക്ടർ സ്ഫോടനത്തിൽ മരണസംഖ്യ 42 ആയി ഉയർന്നു. രക്ഷാപ്രവർത്തനങ്ങൾക്കിടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെയാണ് മരണസംഖ്യ വർധിച്ചതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു. 31 മൃതദേഹങ്ങളാണ് ഇന്ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തത്. മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയും മരിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും അവസാന ഘട്ടത്തിൽ തുടരുകയാണ്,” പരിതോഷ് പങ്കജ് വ്യക്തമാക്കി.

സംഭവസ്ഥലത്ത് ഇന്ന് രാവിലെ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി സന്ദർശനം നടത്തി, പരുക്കേറ്റവരെ സർക്കാർ ആശുപത്രിയിൽ സന്ദർശിക്കുമെന്നും അറിയിച്ചു. സ്ഫോടനത്തിൽ 35 തൊഴിലാളികൾക്ക് പരുക്കേറ്റു, ഇതിൽ 11 പേരുടെ നില ഗുരുതരമാണ്. 27 തൊഴിലാളികളെ ഇപ്പോഴും കാണാതായിട്ടുണ്ട്, അവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി സംശയിക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), ഹൈദരാബാദ് ദുരന്ത നിവാരണ, ആസ്തി സംരക്ഷണ ഏജൻസി (HYDRAA), റവന്യൂ, പൊലീസ്, എൻഡിആർഎഫ്, തെലങ്കാന അഗ്നിശമന സേന എന്നിവർ രക്ഷാപ്രവർത്തനവും അവശിഷ്ടങ്ങൾ നീക്കം ചെയ്യലും തുടരുകയാണ്.

സ്ഫോടനത്തിന്റെ വിശദാംശങ്ങൾ

ഇന്നലെ രാവിലെയാണ് പശമൈലാറമിലെ വ്യവസായ മേഖലയിൽ സ്ഥിതി ചെയ്യുന്ന സിഗാച്ചി കെമിക്കൽ ഫാക്ടറിയിലെ മൈക്രോക്രിസ്റ്റലിൻ സെല്ലുലോസ് (എംസിസി) ഡ്രൈയിംഗ് യൂണിറ്റിൽ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ശക്തി അത്ര ശക്തമായിരുന്നു, വ്യാവസായിക ഷെഡ് പൂർണമായും തകർന്നു. ചില തൊഴിലാളികൾ സ്ഫോടനത്തിന്റെ ആഘാതത്തിൽ അന്തരീക്ഷത്തിലേക്ക് തെറിച്ച് 100 മീറ്റർ അകലെ വീണതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവസമയത്ത് ഫാക്ടറിയിൽ ഏകദേശം 108 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ദാമോദർ രാജനരസിംഹ മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തം 15 ഫയർ എഞ്ചിനുകൾ ഉപയോഗിച്ചാണ് അണച്ചത്. സ്ഫോടനത്തിന്റെ ശബ്ദം അഞ്ച് കിലോമീറ്റർ വരെ ദൂരത്തിൽ കേൾക്കാമായിരുന്നു.

ഇരകളിൽ ഭൂരിഭാഗവും ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. ചില മൃതദേഹങ്ങൾ പൊട്ടിത്തെറിച്ചോ കത്തിക്കരിഞ്ഞോ തിരിച്ചറിയാൻ കഴിയാത്തവിധം നശിച്ചതിനാൽ, അവരുടെ ഐഡന്റിറ്റി സ്ഥാപിക്കാൻ ഡിഎൻഎ പരിശോധനകൾ നടത്തിവരികയാണ്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ, ഒരു രാസപ്രവർത്തനം മൂലമാണ് സ്ഫോടനം ഉണ്ടായതെന്ന് സംശയിക്കുന്നു. പ്രഥമദൃഷ്ട്യാ, റിയാക്ടർ സ്ഫോടനമല്ലെന്നും എയർ ഡ്രയർ സിസ്റ്റത്തിലെ പ്രശ്നമാണ് തീപിടിത്തത്തിനും സ്ഫോടനത്തിനും കാരണമെന്നും തൊഴിൽ മന്ത്രി ജി. വിവേക് ​​പറഞ്ഞു.

സർക്കാർ നടപടികൾ

സംസ്ഥാന സർക്കാർ ദുരന്തത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ ഒരു ഉന്നതാധികാര സമിതിയെ നിയമിച്ചു. ചീഫ് സെക്രട്ടറി, സ്പെഷ്യൽ ചീഫ് സെക്രട്ടറി (ദുരന്തനിവാരണം), പ്രിൻസിപ്പൽ സെക്രട്ടറി (തൊഴിൽ), പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം), അഡീഷണൽ ഡിജിപി (ഫയർ സർവീസസ്) എന്നിവർ ഉൾപ്പെടുന്ന ഈ സമിതി, ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശുപാർശകളും സമർപ്പിക്കും.

തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ്മ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച അദ്ദേഹം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. തൊഴിൽ, തൊഴിൽ പരിശീലന, ഫാക്ടറികൾ (എൽഇടിഎഫ്) പ്രിൻസിപ്പൽ സെക്രട്ടറി എം. ഡാൻ കിഷോറുമായി സംസാരിച്ച അദ്ദേഹം, ഇരകൾക്ക് എല്ലാ സഹായവും നൽകാൻ നിർദ്ദേശിച്ചു.

തെലങ്കാനയിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം

മൂന്ന് നില കെട്ടിടം തകർത്ത ഈ സ്ഫോടനം തെലങ്കാനയിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി; ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി; ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചു. ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങൾ എത്തിച്ചത്. ഡോ ഹാരിസിൻ്റെ തുറന്നുപറച്ചിൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.