നടി അന്‍സിബയുടെ പരാതി; ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം

നടി അന്‍സിബയുടെ പരാതി; ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: നടി അന്‍സിബ നല്‍കിയ പരാതിയില്‍ നടന്‍ ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. കോടതിയുടെ നിര്‍ദേശപ്രകാരം അടുത്തിടെയാണ് അന്‍സിബയുടെ പരാതിയില്‍ ടിനിക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയമായി അധിക്ഷേപിക്കല്‍ തുടങ്ങി ആറോളം വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരുന്നത്.

അന്‍സിബയെ ജിഹാദിയായും മതതീവ്രവാദിയായും ചിത്രീകരിക്കാൻ ടിനി ടോം ശ്രമിച്ചെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്. അന്‍സിബയ്‌ക്കെതിരെ പരസ്യമായി അശ്ലീല-ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതിയിലുള്ളത്.

ടിനി ടോം അന്‍സിബയെ ജിഹാദിയെന്ന് വിളിച്ചത് തമാശയ്ക്കാണെന്ന കടവന്ത്ര പൊലീസിന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതി ടിനി ടോമിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 13-ന് കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ അമ്മ കുടുംബയോഗത്തിന്റെ ഭാഗമായി നടന്ന റിഹേഴ്‌സലിനിടെയാണ് സംഭവം. ടിനി ടോം അന്‍സിബയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികച്ചുവയുള്ള വാക്കുകള്‍ സംസാരിക്കുകയും ചെയ്‌തെന്നാണ് കേസ്.

കോഴിക്കോട് നിർമാണത്തിലിരുന്ന മാലിന്യ ടാങ്കിൽ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

കോഴിക്കോട് നിർമാണത്തിലിരുന്ന മാലിന്യ ടാങ്കിൽ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മൂട്ടോളിയിൽ നിർമാണത്തിലിരുന്ന മാലിന്യ ടാങ്കിലെ പലകകൾ ഇളക്കാനിറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. പാലത്ത് സ്വദേശി സിറാജ് (40) ആണ് മരിച്ചത്. ടാങ്കിൽ കുടുങ്ങിയ സിറാജിനെ രക്ഷിക്കാൻ ഇറങ്ങിയ സമീപത്തെ കടയിലെ ജീവനക്കാരന് ദേഹാസ്വാസ്ഥ്യം തളർച്ചയും അനുഭവപ്പെട്ടു. ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മൂട്ടോളിയിലാണ് ദാരുണമായ സംഭവം.

ഓക്സിജൻ കുറവായിരുന്നതിനാൽ തളർന്നുവീണു; രക്ഷിക്കാനിറങ്ങിയയാൾക്കും ദേഹാസ്വാസ്ഥ്യം

മൂട്ടോളി കുരുവട്ടൂർ റോഡിലുള്ള മൂരിക്കര സ്വദേശി സാഹിദ് എന്ന വ്യക്തിയുടെ സലാഹ് പ്ലാസ എന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഈ കെട്ടിടത്തിലെ വാർപ്പ് കഴിഞ്ഞ മാലിന്യ ടാങ്കിലെ പലകകൾ ഇളക്കി മാറ്റുന്നതിനായി ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സിറാജ് ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ അടഞ്ഞുകിടന്ന ടാങ്കിൽ ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നതിനാൽ സിറാജ് പെട്ടെന്ന് തളർന്നുവീണു. ഇതോടെ കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഒച്ചവെച്ച് ബഹളം കൂട്ടി. ഈ സമയം സമീപത്തെ കടയിലെ ജീവനക്കാരനായ സുനിൽ എന്ന വ്യക്തി സിറാജിനെ രക്ഷിക്കുന്നതിനായി ഉടൻ തന്നെ ടാങ്കിലേക്ക് ഇറങ്ങിയെങ്കിലും സുനിലിനും ടാങ്കിനുള്ളിൽ വെച്ച് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഫയർഫോഴ്സ് എത്തി പുറത്തെടുത്തു; സുനിലിന്റെ ആരോഗ്യനില തൃപ്തികരം

സംഭവമറിഞ്ഞ് വെള്ളിമാട്കുന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അടിയന്തരമായി സ്ഥലത്തെത്തിയാണ് ടാങ്കിൽ കുടുങ്ങിയ രണ്ടുപേരെയും പുറത്തെടുത്തത്. ഗുരുതരാവസ്ഥയിലായിരുന്ന സിറാജിനെ ഉടൻ തന്നെ കക്കോടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ പരിക്കേറ്റ സുനിലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സുനിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതെന്താണ് ഡീല്‍?, 219 കോടി പിഴ ഒഴിവാക്കിയത് പിണറായി സര്‍ക്കാര്‍; വിഴിഞ്ഞത്തില്‍ എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി

അതെന്താണ് ഡീല്‍?, 219 കോടി പിഴ ഒഴിവാക്കിയത് പിണറായി സര്‍ക്കാര്‍; വിഴിഞ്ഞത്തില്‍ എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കാന്‍ വൈകിയതിനു അദാനി പോര്‍ട്ട് സര്‍ക്കാരിനു നല്‍കേണ്ട 219 കോടി പിഴ പിണറായി വിജയന്‍ സര്‍ക്കാര്‍ ഒഴിവാക്കി കൊടുത്തുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. എന്നിട്ടാണ് ഈ സര്‍ക്കാരിനെ അധിക്ഷേപിക്കുന്നത്. കണ്‍സഷന്‍ കരാര്‍ ഭേദഗതി ചെയ്ത് അഞ്ചു വര്‍ഷത്തേക്കു നീട്ടിക്കൊടുത്തത് ഇടതു സര്‍ക്കാരാണ്. കേരളതാല്‍പ്പര്യം ഹനിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ 49 ശതമാനം ഓഹരികള്‍ എംഎസ്‌സിക്ക് കൈമാറാനുള്ള നിര്‍ദ്ദേശം ‘വലിയ ഇടപാടിന്റെ’ ഭാഗമാണെന്ന സിപിഎമ്മിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് (AVPPL) മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിക്ക് ഓഹരി കൈമാറാന്‍ നിര്‍ദ്ദേശിച്ച കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി വിഷയം പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതൊരു വലിയ ഇടപാടാണെന്നൊക്കെ സിപിഎം ഇപ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. ഞങ്ങള്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ല. കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ യഥാര്‍ത്ഥ സമയപരിധി കഴിഞ്ഞതിന് ശേഷം മുന്‍ സര്‍ക്കാര്‍ കണ്‍സഷന്‍ കരാറില്‍ ഭേദഗതി വരുത്തിയതായി വിഡി സതീശന്‍ ആരോപിച്ചു.

കണ്‍സഷന്‍ കരാര്‍ പ്രകാരം വിഴിഞ്ഞം പദ്ധതി 2019-ല്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ അത് പൂര്‍ത്തിയായില്ല. അത് 2024-ലെങ്കിലും പൂര്‍ത്തിയാക്കേണ്ടതായിരുന്നു. പകരം, ഇടതു സര്‍ക്കാര്‍ കണ്‍സഷന്‍ കരാറില്‍ ഭേദഗതി വരുത്തി അഞ്ച് വര്‍ഷത്തെ നീട്ടിനല്‍കല്‍ അനുവദിച്ചു. ആ നീട്ടി നല്‍കലിലൂടെ കണ്‍സഷന്‍ കാലാവധി 40 വര്‍ഷത്തില്‍ നിന്ന് 45 വര്‍ഷമായി വര്‍ദ്ധിച്ചു.’ മുഖ്യമന്ത്രി പറഞ്ഞു.

കണ്‍സഷന്‍ കരാര്‍ എന്താണ് പറയുന്നത്?

പദ്ധതി വൈകിപ്പിച്ചാല്‍ അവര്‍ പ്രതിദിനം 12 ലക്ഷം രൂപ വീതം നല്‍കണം എന്നാണ്. അഞ്ച് വര്‍ഷത്തെ കാലതാമസം കാരണം വ്യവസ്ഥ പ്രകാരം അദാനി കമ്പനി സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട തുക 219 കോടി രൂപയായിരുന്നു. അതിന്റെ ഒരു രൂപ പോലും ഇല്ലാാതെ മുഴുവന്‍ തുകയും എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തു. രണ്ട് ഘട്ടങ്ങളായാണ് അവര്‍ അത് ഒഴിവാക്കിയത്.’ മുഖ്യമന്ത്രി ആരോപിച്ചു.

‘അത് എന്ത് തരത്തിലുള്ള ഇടപാടായിരുന്നു? 219 കോടി രൂപ സര്‍ക്കാരിലേക്ക് ലഭിക്കേണ്ടിയിരുന്ന നഷ്ടപരിഹാരമായിരുന്നു. കരാര്‍ വ്യവസ്ഥ പ്രകാരം, കാലതാമസത്തിന് പ്രതിദിനം 12 ലക്ഷം രൂപ വെച്ച് അഞ്ച് വര്‍ഷത്തേക്ക്, അതായത് 1,825 ദിവസത്തേക്ക് 12 ലക്ഷം രൂപ കൊണ്ട് ഗുണിച്ചാല്‍ അത് 219 കോടി രൂപയാകും. അവര്‍ ആ തുക സര്‍ക്കാരിന് നല്‍കേണ്ടതായിരുന്നു.’ മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട് ഡിജിപിക്ക് മുന്നിലാണ്

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിയില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ നടപടി വൈകുന്നതില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ സാങ്കേതിക വാദം നിരത്തി. റിപ്പോര്‍ട്ട് ഡിജിപിക്ക് മുന്നിലാണ്. സര്‍ക്കാരിന് മുന്നിലെത്തിയിട്ടില്ല. ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കിട്ടാത്ത റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും നടപടി എടുക്കാനാകില്ല. ‘എംആര്‍ അജിത് കുമാറിന്റെ കേസില്‍ പല കാരണം കൊണ്ടും പലര്‍ക്കും പല ധൃതിയും ഉണ്ടാകും. പക്ഷേ നടപടി ക്രമം തീരണം. അജിത് കുമാറിനെതിരെ നടപടി എടുക്കേണ്ടത് മാധ്യമങ്ങള്‍ അല്ല. മാധ്യമങ്ങള്‍ നടപടി എടുക്കുമ്പോള്‍ അറിഞ്ഞാല്‍ മതിയെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു.

കാലവര്‍ഷം ദുര്‍ബലം; ഇന്നും നാളെയും അഞ്ചു ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യത

കാലവര്‍ഷം ദുര്‍ബലം; ഇന്നും നാളെയും അഞ്ചു ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും (ജൂലൈ 15, 16 തീയതികളില്‍) കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ നാലു മുതല്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

അതിനിടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗ്ലാദേശിനും മുകളിലായി ഇന്നലെ നിലനിന്നിരുന്ന ചക്രവാതച്ചുഴി ഇന്ന് രാവിലെയോടെ വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരങ്ങള്‍ക്ക് മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാനും വടക്കന്‍ ഒഡിഷയ്ക്കും പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങള്‍ക്കും കുറുകെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. കേരളത്തില്‍ ഇന്നുമുതല്‍ മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഷെർലി ഡിക്രൂസ് (72) അന്തരിച്ചു

ഷെർലി ഡിക്രൂസ് (72) അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ അവനവഞ്ചേരി ഗ്രാമത്തുമുക്ക് സാനഡു വീട്ടിൽ ഷെർലി ഡിക്രൂസ് (72) അന്തരിച്ചു.

ഭർത്താവ്: റൊണാൾഡ് ഡിക്രൂസ് (മുൻ ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് അധ്യാപകൻ)
മക്കൾ: ഡോണ നോർബെർട്ട്, സോണ ജാക്സൺ
മരുമക്കൾ: നോർബർട്ട് ഫ്രാൻസിസ്, ജാക്സൺ ഗോമസ് (മുൻ ആറ്റിങ്ങൽ കെ എസ് ഇ ബി ഉദ്യോഗസ്ഥൻ)

ആദ്യ മാസ അനുസ്മരണ ബലി ഓഗസ്റ്റ് 12 നു ആറ്റിങ്ങൽ നല്ലയിടയൻ ദേവാലയത്തിൽ വെച്ച് രാവിലെ 11 മണിക്ക് നടക്കും.