by Midhun HP News | Jun 24, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. മഹാത്മഗാന്ധിയുടെ പ്രതീകമാണ് പ്രധാനമന്ത്രി. മതഭേദങ്ങള്‍ക്കപ്പുറത്ത് നിന്ന് രാജ്യത്തെ കാണുന്നയാളാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഭാരതത്തില്‍ ഇങ്ങനെ ഒരു പ്രധാനമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു – മഹാത്മഗാന്ധി സമാഗമ ശതാബ്ദി ആഘോഷ ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രധാനനമന്ത്രി നരേന്ദ്രമോദി പരിപാടി ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണ ഗുരുവിന്റെയും മഹാത്മഗാന്ധിയുടെയും സംഭാവനകള്‍ മാതൃകാപരമാണെന്ന് മോദി പറഞ്ഞു. നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാഗാന്ധിയുടെയും കൂടിക്കാഴ്ച ഏറെ പ്രസക്തവും പ്രചോദനകരവുമാണ്. ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ മുഴുവന്‍ മാനവരാശിക്കും ഒരു വലിയ നിധിയാണ്. രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സേവനത്തിനായി സമര്‍പ്പിതരായവര്‍ക്ക്, ശ്രീനാരായണ ഗുരു ഒരു വഴികാട്ടിയായി വര്‍ത്തിക്കുന്നു. ശിവഗിരി മഠം എപ്പോഴും തന്നോടൊപ്പം നിന്നതില്‍ താന്‍ ഭാഗ്യവാനാണ്. മഠത്തിലെ സന്യാസിമാരുടെ സ്നേഹവം വാത്സല്യവും വലിയ അനുഗ്രഹമാണെന്നും അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം ഒരിക്കലും മറക്കില്ലെന്നും മോദി പറഞ്ഞു.
ജാതി മതഭേദചിന്തകള്‍ക്ക് അതീതമായി ലോകത്തെ മുഴുവന്‍ ഒന്നായി കണ്ടുകൊണ്ടുള്ള ഗുരുവിന്റെ വിശ്വദര്‍ശനം അതില്‍ അഭിമാനം കൊള്ളുകയും അതിന്റെ സാഫല്യതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുയും ചെയ്യുന്ന മഹാനാണ് മോദിയെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഒരു മന്ത്രിയുടെയോ, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ ശുപാര്‍ശയില്ലാതെയാണ്് ശ്രീനാരായണ ഗുരു – മഹാത്മഗാന്ധി സമാഗമ ശതാബ്ദി ആഘോഷ പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതെന്നും സച്ചിദാനന്ദ പറഞ്ഞു.
‘ഇങ്ങനെ ഒരു പ്രധാനമന്ത്രി നമ്മുടെ ഭാരതത്തില്‍ ഉണ്ടായിട്ടില്ല. നിരവധി പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിച്ചുവെങ്കില്‍ തുല്യമായ കാഴ്ചപ്പാടോടുകൂടി, തുല്യമായി ഭേദചിന്തകള്‍ക്ക് അതീതമായി അധസ്ഥിത പിന്നോക്ക ജനവിഭാഗങ്ങളെ സ്നേഹിച്ചുകൊണ്ടും രാജ്യത്തിന്റെ പുരോഗതിയാണ് വലുതെന്ന് മനസിലാക്കി കൊണ്ടും പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. മോദിജിയെ ഞങ്ങള്‍ കാണുന്നത് മഹാത്മഗാന്ധിയുടെ തന്നെ ആത്മപ്രതീകമായിട്ടാണ്’- സ്വാമി സച്ചിദാനന്ദ പറഞ്ഞു.
by Midhun HP News | Jun 24, 2025 | Latest News, ജില്ലാ വാർത്ത
വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവ് ജങ്ഷന് വികസനത്തിന്റെ പേരു പറഞ്ഞ് വ്യാപാരികളെ ഒഴിപ്പിച്ച സ്ഥലം കരാറുകാരന് കെട്ടിടങ്ങള്‍ പൊളിച്ച സാധന സാമഗ്രികളുടെ വില്‍പ്പന കേന്ദ്രമാക്കി മാറ്റിയതായി പരാതി.
വ്യാപാരികളെ ഒഴിപ്പിച്ച സ്ഥലം ഏറ്റെടുത്ത് രണ്ടരമാസക്കാലത്തോളമായിട്ടും എത്രയും വേഗം പുനരധിവാസം നടത്താതെ ഒഴിപ്പിച്ച സ്ഥലത്ത് കെട്ടിടങ്ങള്‍ പൊളിക്കുവാന്‍ കരാര്‍ എടുത്ത കരാറുകാരന് തന്നെ സാധന സാമഗ്രികള്‍ കച്ചവടത്തിനായി നിരത്തി വെച്ചിരിക്കുന്നതായാണ് ആക്ഷേപം. റോഡിന് വശത്തായി ഇരുമ്പ്-മര സാമഗ്രികള്‍ കൂട്ടിയിട്ടിരിക്കുന്നത് വാഹന യാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും തടസ്സമുണ്ടാക്കുന്നുണ്ട്. മണ്ണറക്കോണം-വട്ടിയൂര്‍ക്കാവ് റോഡില്‍ പതിവായി ഗതാഗതക്കുരുക്കുണ്ടാകാറുണ്ട്.
കടകളില്‍ സാധനം വാങ്ങാന്‍ എത്തുന്നവരുടെ വാഹനം കൂടെ റോഡിനു വശത്തായി പാര്‍ക്കുചെയ്യുന്നതിനാല്‍ വന്‍ഗതാഗതക്കുരുക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ എട്ടിന് നടന്ന ജനമൈത്രി യോഗത്തിൽ വ്യാപാരി-വ്യവസായികളും അസോസിയേഷനുകളും കരാറുകാരന്റെ നടപടിയെ എം.എല്‍.എ യുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത മണ്ണറക്കോണം പ്രദേശത്തെ സ്ഥലം കച്ചവട സ്ഥാപനങ്ങളില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് വാഹന പാര്‍ക്കിങ് ഏരിയ ആയി തുറന്നുകൊടുക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. മാസങ്ങളായി കടകള്‍ നഷ്ടപ്പെട്ട വ്യാപാരികള്‍ പട്ടിണിയിലും ദിരിതത്തിലുമാണ് കഴിഞ്ഞുകൂടുന്നത്. അവര്‍ക്ക് പുനരധിവാസത്തിനായുളള നടപടികള്‍ ആയിട്ടുമില്ല. കരാറുകാരന്റെ കയ്യേറ്റം ഉടനടി ഒഴിപ്പിക്കാത്ത പക്ഷം വ്യാപാരി സമൂഹം ഒറ്റക്കെട്ടായി പ്രക്ഷോപ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പു നല്കുകയുണ്ടായി.
by Midhun HP News | Jun 24, 2025 | Latest News, കേരളം
കഴക്കൂട്ടം: ഉയർന്ന വനിത പൊലീസ് ഉദ്യോഗസ്ഥരെയും വനിത ബറ്റാലിയൻ ഉദ്യോഗസ്ഥരെയും ഫോണിൽവിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ. കഴക്കൂട്ടം മേനംകുളം സ്വദേശി ജോസ് (35) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. വനിത ബറ്റാലിയനിൽ വിളിച്ച് അശ്ലീലം പറഞ്ഞതിനാണ് ജോസിനെ കഴക്കൂട്ടം പോലീസ് പിടികൂടിയത്.
പൊലീസ് യൂനിഫോമിട്ട വനിതകളുടെ നമ്പർ കിട്ടിയാൽ ജോസിന് പിന്നെ അടങ്ങിയിരിക്കാൻ കഴിയില്ല. ഇൻറർനെറ്റിൽ നോക്കി വനിത പൊലീസ്ലീസിന്റെയും ഉദ്യോഗസ്ഥരുടെയും നമ്പർ ശേഖരിച്ച് അശ്ലീലവും ലൈംഗിക ചുവയുള്ള വർത്തമാനവും പറയലാണ് ഇയാളുടെ പ്രധാന രീതി.
ഇൻറർനെറ്റിൽ പരതി ഐ.ജി യെന്നോ ഡിവൈ.എസ്.പി എന്നോ വ്യത്യാസമില്ലാതെ വനിത ഉദ്യോഗസ്ഥരുടെ നമ്പർ കണ്ടെത്തി ഫോൺ വിളിച്ച് പ്രതി അശ്ലീലം പറയും. പല ഉയർന്ന ഉദ്യോഗസ്ഥരും ശല്യം സഹിക്കാനാവാതെ പ്രതിയുടെ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ജോസ്. കഴക്കൂട്ടം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപെട്ട ജോസ് സമാനമായ 20 കേസുകളിൽ പ്രതിയാണ്. എറണാകുളത്തും തിരുവനന്തപുരത്തും മോഷണകേസുകളും ഇയാൾക്കെതിരെയുണ്ട്. രണ്ടുതവണ പോലീസ് പിടികൂടിയപ്പോഴും ഇയാൾ കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടതിനും കേസുണ്ട്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു.
by Midhun HP News | Jun 24, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ദിലീപ് ദോഷി അന്തരിച്ചു. 77 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ലണ്ടനിലായിരുന്നു അന്ത്യം. ഇടംകൈയൻ സ്പിന്നറായിരുന്നു. കുറച്ചു കാലമായി ലണ്ടനിലായിരുന്നു താമസം.
ഇന്ത്യക്കുവേണ്ടി 1979-83 കാലത്ത് 33 ടെസ്റ്റും 15 ഏകദിനവും ദിലീപ് ദോഷി കളിച്ചു. ടെസ്റ്റിൽ 114 വിക്കറ്റും ഏകദിനത്തിൽ 22 വിക്കറ്റും നേടിയിട്ടുണ്ട്.1979-ൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിലാണ് അരങ്ങേറ്റം കുറിച്ചത്.ഗുജറാത്തിലെ രാജ്കോട്ടിൽ ജനിച്ച ദിലീപ് ദോഷി സൗരാഷ്ട്ര ടീമിലൂടെയാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ശ്രദ്ധ നേടിയത്. ലോർഡ്സിൽ നടന്ന ബിസിസിഐ അവാർഡ് ദാന ചടങ്ങിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലും ദോഷി പങ്കെടുത്തിരുന്നു.
by Midhun HP News | Jun 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം:ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും മുഖ്യമന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വിഎസിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ചികിത്സയില്‍ തുടരുന്ന പട്ടം എസ്യുടി ആശുപത്രിയിലാണ് വി എസ് ചികിത്സയിലുള്ളത്. രാവിലെ 11.15 ഓടെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
‘ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ് യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലയില്‍ നേരിയ പുരോഗതി ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കാര്‍ഡിയോളജിസ്്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്’- മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്, എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവര്‍ ആശുപത്രിയിലത്തിയിരുന്നു.
Recent Comments