പുഴക്കരയിൽ ചെണ്ടുമല്ലിപ്പാടമൊരുക്കി പിരപ്പമൺകാട് കൂട്ടായ്മ

പുഴക്കരയിൽ ചെണ്ടുമല്ലിപ്പാടമൊരുക്കി പിരപ്പമൺകാട് കൂട്ടായ്മ

തരിശു നിലങ്ങൾ വീണ്ടെടുത്ത് നെൽകൃഷി പുനസ്ഥാപനം നടത്തി, പള്ളിക്കൂടങ്ങളെയും നാട്ടു കൂട്ടായ്മകളെയും വയൽ കൃഷിയിലേക്ക് എത്തിച്ച കൃഷി വിജയങ്ങൾക്കു ശേഷം പിരപ്പമൺകാട് പാടശേഖരക്കൂട്ടായ്മ പുഷ്പ ക്കൃഷിയിലേക്ക് കൂടി കടക്കുന്നു.

വയൽക്കരയിൽ, കാട് മൂടി കിടന്ന ഒന്നര ഏക്കർ വസ്തു വെട്ടിതെളിച്ച്, തടമൊരുക്കി പതിനായിരം തൈകൾ നട്ടുകൊണ്ടാണ് ഇവിടെ ചെണ്ടുമല്ലിപ്പാടം ഒരുക്കുന്നത്. ഓണക്കാലത്തെ നെല്ല് കൊയ്ത്തിനു ആവേശവും സൗന്ദര്യവും പകരും വിധമാണ് പുഷ്പകൃഷി വിഭാവനം ചെയ്തിരിക്കുന്നത്. ഓണക്കാലത്തെ പുഷ്പ വിപണി കൂടി ലക്ഷ്യമാക്കിയുള്ള ഈ പ്രവർത്തനത്തിന് വേണ്ട മുതൽമുടക്കായ മൂന്നുലക്ഷം രൂപ, തിരികെ കൊടുക്കുന്ന വ്യവസ്ഥയിൽ കർഷകർക്കിടയിൽ നിന്ന് ചെറുതും വലുതുമായ തുകകൾ മുൻകൂറായി സ്വീകരിച്ചുകൊണ്ടാണ് മുന്നേറുന്നത്.

ദിവസേന അനേകം സന്ദർശകർ കാണാനെത്തുന്ന ഏറുമാടവും വയൽ കാഴ്ചകളും ഒരുക്കുന്ന മനോഹാരിതയ്ക്ക് അപ്പുറത്തേക്ക് പുതിയ കാഴ്ച വിരുന്നൊരുക്കും വിധമാണ് ചെണ്ടുമല്ലി കൃഷി ആസൂത്രണം ചെയ്തിരിക്കുന്നത്. സമീപത്തെ പുഴയും, പുഴയിലെ 125 വർഷം പഴക്കമുള്ള കല്ലണയും കൽപ്പടവും കല്ലിറക്കുകളും സന്ദർശകരെ ആകർഷിക്കും വിധം വീണ്ടെടുത്തുകൊണ്ടാണ് പുഴക്കരയിൽ വയലോരത്ത് ഒന്നര ഏക്കറിൽ ജമന്തിപ്പാടം ഒരുങ്ങുന്നത്.

മുദാക്കൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പുഷ്പ കൃഷിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിസി ജയശ്രീ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, കൃഷി ഓഫീസർ എൻ ലീന പാടശേഖരസമിതി സൗഹൃദ സംഘം അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

പാടശേഖരത്തിലെ ഞാറു നടീലിന്റെയും വയൽക്കരയിലെ ജമന്തി നടീലിന്റെയും ആളും ആരവവുമായി ഗ്രാമമാകെ ഉത്സവ ഛായയിലാണ് ഇപ്പോൾ. മുൻകാല പാടശേഖര പ്രവർത്തനങ്ങളിലേതു പോലെ അധ്വാനത്തിന്റെ ഏറിയ പങ്കും ഇത്തവണയും സന്നദ്ധപ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കാൻ കഴിയുന്നു എന്നത് ഇവിടുത്തെ കൂട്ടായ്മയുടെ എടുത്തുപറയാവുന്ന പ്രത്യേകത തന്നെയാണ്.

ഇറാനിലെ യുഎസ് ആക്രമണം, യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ ജൂൺ 30വരെ നിർത്തിവെക്കും

ഇറാനിലെ യുഎസ് ആക്രമണം, യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ ജൂൺ 30വരെ നിർത്തിവെക്കും

ദുബൈ: ഇറാനിലുണ്ടായ യുഎസ് ആക്രമണത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചിട്ടതിനാൽ ചില വിമാന സർവീസുകൾ നിർത്തിവെക്കുന്നത് തുടരുമെന്ന് യുഎഇ വിമാനക്കമ്പനികൾ അറിയിച്ചു.

അമേരിക്കയുടെ ഇടപെടൽ പ്രാദേശിക സംഘർഷങ്ങൾ വർധിപ്പിക്കുമെന്നും സിറിയ, ഇറാഖ്, ഇറാൻ, ഇസ്രായേൽ, ജോർദാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന യാത്ര കൂടുതൽ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും വ്യോമയാന വിദഗ്ധർ മുന്നറിയിപ്പ് നൽകിരുന്നു. നിലവിലെ സംഘർഷാവസ്ഥ കുറയ്ക്കാനും സംയമനം പാലിക്കാനും യുഎഇയും മറ്റ് ​ഗൾഫ് രാജ്യങ്ങളും നിരന്തരമായി ആവശ്യപ്പെടുന്നുമുണ്ട്.

സൈനിക സംഘർഷം തുടരുന്നതിനാൽ അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേസ് ജൂലൈ 15 വരെ തെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചതായി അറിയിച്ചു. റദ്ദാക്കിയ സ്ഥലങ്ങളിലേക്ക് അബുദാബി വഴി യാത്ര ചെയ്യുന്ന യാത്രക്കാരെ യാത്ര ആരംഭിക്കേണ്ട വിമാനത്താവളങ്ങളിൽ നിന്ന് സ്വീകരിക്കില്ലെന്നും ബാധിക്കപ്പെട്ട യാത്രക്കാർക്ക് ഇതര യാത്രാ ക്രമീകരണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഇത്തിഹാദ് എയർവേസ് അധികൃതർ അറിയിച്ചു.

ഇറാൻ, ഇറാഖ്, സിറിയ, ഇസ്രായേൽ, സെന്റ് പീറ്റേഴ്‌സ്ബർഗ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ജൂൺ 30 വരെ താൽക്കാലികമായി നിർത്തിവച്ചതായി ഫ്ലൈദുബൈ വിമാനക്കമ്പനിയും പ്രഖ്യാപിച്ചു. കൂടാതെ ചില വിമാനങ്ങൾ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുമെന്നും ഫ്ലൈദുബൈ അധികൃതർ കൂട്ടിച്ചേർത്തു. ഇറാൻ (തെഹ്‌റാൻ), ഇറാഖ് (ബാഗ്ദാദ്, ബസ്ര) എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും ജൂൺ 30 വരെ താൽക്കാലികമായി നിർത്തിവച്ചതായി എമിറേറ്റ്സ് എയർലൈനും അറിയിച്ചിട്ടുണ്ട്.

‘ഈ പണിക്ക് യോഗ്യനല്ല, പോയി ചെരിപ്പ് കുത്തൂ’; ഇന്‍ഡിഗോയില്‍ ട്രെയിനി പൈലറ്റിന് ഉന്നത ഉദ്യോഗസ്ഥരുടെ അധിക്ഷേപം, കേസ്

‘ഈ പണിക്ക് യോഗ്യനല്ല, പോയി ചെരിപ്പ് കുത്തൂ’; ഇന്‍ഡിഗോയില്‍ ട്രെയിനി പൈലറ്റിന് ഉന്നത ഉദ്യോഗസ്ഥരുടെ അധിക്ഷേപം, കേസ്

ബംഗളൂരു: ഇന്‍ഡിഗോ വിമാന കമ്പനിയിലെ ട്രെയിനി പൈലറ്റിനെ മുതിര്‍ന്ന ജീവനക്കാര്‍ വംശീയമായി അധിക്ഷേപിച്ചതായി പരാതി. 35 കാരനായ പൈലറ്റിന്റെ പരാതിയില്‍ മൂന്ന് ഇന്‍ഡിഗോ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ബംഗളൂരു പൊലീസ് കേസെടുത്തു. എസ്‌സി /എസ്ടി അതിക്രമ നിരോധന നിയമ പ്രകാരമാണ് കേസ്. ‘നിങ്ങള്‍ വിമാനം പറത്താന്‍ യോഗ്യനല്ല, പോയി ചെരുപ്പ് കുത്തിയുടെ പണിയെടുക്കൂ – എന്ന് ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചെന്നാണ് പരാതിയിലെ ആരോപണം. ഇന്‍ഡിഗോ ഓഫീസര്‍മാരായ തപസ് ഡേ, മനീഷ് സാഹ്നി, ക്യാപ്റ്റന്‍ രാഹുല്‍ പാട്ടില്‍ എന്നിവര്‍ക്ക് എന്നിവര്‍ക്ക് എതിരെയാണ് പരാതി.

ഏപ്രില്‍ 28 ന് ഇന്‍ഡിഗോയുടെ ഗുരുഗ്രാം ഓഫീസില്‍ നടന്ന യോഗവുമായി ബന്ധപ്പെട്ടാണ് പരാതി. 30 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാണ് പരാതിയുടെ ഉള്ളടക്കം. ‘നിങ്ങള്‍ വിമാനം പറത്താന്‍ യോഗ്യനല്ല, തിരികെ പോയി ചെരിപ്പുകള്‍ തുന്നുക. ഇവിടെ ഒരു വാച്ച്മാനായി ജോലി നോക്കാനുള്ള യോഗ്യത പോലും ഇല്ല’ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും പരാതിക്കാരന്‍ പറയുന്നു.

പട്ടികജാതിക്കാരനായ തന്റെ വ്യക്തിത്വത്തെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയത്. തന്നെ ജോലിയില്‍ നിന്ന് പുറത്താക്കുക എന്നതായിരുന്നു ഇവരുടെ നീക്കമെന്നും ട്രെയിനി പൈലറ്റ് ചൂണ്ടിക്കാട്ടുന്നു. ഈ സംഭവത്തിന് പുറമെ, അന്യായമായി ശമ്പളം വെട്ടിക്കുറയ്ക്കുക, നിര്‍ബന്ധിത പരിശീലന പരിപാടികള്‍, അനാവശ്യ കാര്യങ്ങള്‍ക്ക് താക്കീത് തുടങ്ങിയ നടപടിള്‍ക്കും താന്‍ തുടര്‍ച്ചയായി വിധേയമായെന്നും പൈലറ്റ് പരാതിയില്‍ ആരോപിക്കുന്നു. വിഷയം ചൂണ്ടിക്കാട്ടി ഇന്‍ഡിഗോ എത്തിക് പാനലിനെ സമീപിച്ചിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് പൊലീസില്‍ പരാതി നല്‍കുന്നത് എന്നും ട്രെയിനി പൈലറ്റ് പരാതിയില്‍ പറയുന്നു.

യുവാവ് ബംഗളൂരു പൊലീസില്‍ നല്‍കിയ പരാതി ഇന്‍ഡിഗോ ആസ്ഥാനമായ ഗുരുഗ്രാമിലേക്ക് കൈമാറി. കുറ്റകൃത്യം എവിടെ നടന്നാലും ഏത് പോലീസ് സ്റ്റേഷനിലും പരാതി ഫയല്‍ ചെയ്യാവുന്ന സീറോ എഫ്ഐആര്‍ ആണ് പരാതിയില്‍ ബംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

ഡോക്ടറേറ്റ് നേടിയ ഷബ്ന .ജെ. എസിനെ ആദരിച്ചു

ഡോക്ടറേറ്റ് നേടിയ ഷബ്ന .ജെ. എസിനെ ആദരിച്ചു

സാരംഗി റസിഡൻ്റ്സ് അസോസിയേഷൻ കേരള സർവ്വകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. ഷബ്ന .ജെ. എസിനെ ആദരിച്ചു.

ഈ കഴിഞ്ഞ എസ് എസ് എൽ സി, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് അനുമോദനവും വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണ കിറ്റുകളും വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് എം.ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗം പോത്തൻകോട് ഗ്രാമ പഞ്ചായത്തംഗം എം. ബീന ഉദ്ഘാടനം ചെയ്തു.

മംഗലപുരം ഗ്രാമ പഞ്ചായത്ത് അംഗം എസ്. ശ്രീലത മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ആർ.എസ്. വിനോദ് മണി, ട്രഷറർ എ.എം. സുധീർ, ഭാരവാഹി കളായ ബിന്ദു പ്രസന്നൻ, രാകേഷ് മോഹൻ, അംബിക, കെ.ദിവാകരൻ നായർ, ഷമി കുമാർ, രാജൻ പാറയിൽ തുടങ്ങിയവർ സംസാരിച്ചു.

രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ പത്തനംതിട്ടയിൽ എത്തിക്കും. സഹോദരന് പുറമെ അമ്മയുടെ ഡി എന്‍ എ സാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു.